Friday, September 16, 2011

ബൈക്കിനാല്‍ ഹോമിക്കപ്പെടുന്ന യൌവ്വനങ്ങള്‍ - ലേഖനം.


നമ്മുടെ കൊച്ച് കേരളത്തിൽ ബൈക്ക് അപകടങ്ങളിൽ  മരിക്കുന്നവരുടെ എണ്ണം ദൈനം ദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിൽ ഏറിയ കൂറും ജീവിതം ബലി കഴിക്കപ്പെടുന്നത് ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയില്‍ പ്രായം വരുന്ന ചെറുപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് കണക്കുകള്‍ പറയുന്നു. ചെത്ത് പ്രായക്കാരായ ആണ്‍ കുട്ടികള്‍ ബൈക്ക് കയ്യില്‍ ലഭിച്ചതിന്‍‌റേയും, പുതുതായി ലൈസന്‍സ് കിട്ടിയതിന്‍‌റേയും ഹൂങ്ക് കാണിക്കല്‍ അവസാനം ഒരു ജീവന്‍ തന്നെ നഷ്ടമാകുന്ന രീതിയിലാണു. 
ഇത്തരം ബൈക്ക് അപകടങ്ങള്‍ക്ക് കാരണം പൂര്‍ണ്ണമായും ഈ ചെറുപ്പക്കാരില്‍ വെച്ച് കെട്ടുന്നതില്‍ അര്‍ത്ഥമില്ല, നമ്മുടെ നാട്ടിലെ കുണ്ടും, കുഴിയും, നിറഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പലപ്പോഴും ബൈക്ക് യാത്രക്കാരെ കുണ്ടിലും കുഴിയിലും വീഴാതിരിക്കാന്‍ വേണ്ടി വളച്ചും പുളച്ചും ബൈക്ക് ഓടിക്കാന്‍ നിര്‍ബ്ബന്ധിതരാക്കും അങ്ങനേയും, വീതി കുറഞ്ഞതും ഇടുങ്ങിയതുമായ റോഡില്‍ അമിത വേഗതയില്‍ മത്സരിച്ച് ഓടി വരുന്ന ബസ്സുകളുടേയും അശ്രദ്ധമൂലം അനേകം ജീവനുകള്‍ ബലിയര്‍പ്പിക്കപ്പെടുന്നു.
  ഞാന്‍ ഇവിടെ പറയാന്‍ വരുന്നതു നിഷ്ക്കളങ്കനായ ഒരു ചെറുപ്പക്കാരന്‍‌റേ ദുരന്ത കഥയാണ്.
 കൊടുങ്ങല്ലൂര്‍ .. പി. വെമ്പല്ലൂരുള്ള എം.ഈ. എസ് അസ്മാബി കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്ന , കഥകളേയും, കവിതകളേയും അഗാധമായി മനസ്സിലേറ്റി കൊണ്ട് നടക്കുകയും, സ്വന്തം ഡയറിയില്‍ ആര്‍ക്കു മുന്‍പിലും അവതരിപ്പിക്കാതെ ഒരായിരം സ്വപ്നങ്ങളുമായി നടന്ന നല്ലൊരു ചെറുപ്പക്കാരന്‍ , കവിതകളെ താലോലിച്ച് കിടന്നുറങ്ങുന്ന ആ ചെറുപ്പക്കാരന്‍ തനിക്ക് വരാന്‍ പോകുന്ന ദുരന്തമറിയാതെ പലപ്പോഴും തന്‍‌റെ ഡയറിയില്‍ ബൈക്ക് അപകടത്തില്‍ മരിക്കുമെന്ന് പറഞ്ഞെഴുതിയ കവിതകള്‍ കണ്ട് എന്‍‌റെ ഹൃദയം പൊട്ടി.... ആ ചെറുപ്പക്കാരനെഴുതിയ ചില വരികള്‍ ഞാന്‍ താഴെ കുറിക്കുന്നു.

അകതാരിലെ കൂട്ടി കിഴിക്കലുമായി....
അയാള്‍ ബൈക്കില്‍ പാഞ്ഞു...
ഇന്നു ഞാനൊരു നേതാവ്...
നാളെ ഞാനൊരു മന്ത്രി..
മറ്റന്നാള്‍ തനിക്കായി...
അയാല്‍ തന്‍‌റെ മോഹങ്ങളുടേ ഭാണ്ഡവുമായി..
 അയാളെത്തിയത് ഒരു ഇലക്ട്രിക്ക് പോസ്റ്റില്‍...
 ഒടുവില്‍ എല്ലാ മോഹങ്ങളുമായ് ....
 അയാളുടെ ആത്മാവ് പറന്നകന്നു...
 ശേഷിച്ചത് കുറച്ച് ചോരപ്പാടുകള്‍..

 ഈ കവിത ആ ചെറുപ്പക്കാരന്‍ മരിക്കുന്നതിനു കുറച്ച് നാള്‍  മുന്‍പേ തന്‍‌റേ ഡയറിയില്‍ കുറിച്ചതാണു.
   ഈ യുവാവ് യാതൊരു വിധ അഹംഭാവവുമില്ലാത്ത നന്നായി പഠിക്കുമായിരുന്ന പയ്യനായിരുന്നെന്ന് അയാളുടെ പ്രൊഫസ്സറായിരുന്ന എന്‍‌റേ സഹോദര ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. ക്ലാസ്സില്‍ ചില സമയങ്ങളില്‍ കടലാസ്സില്‍ എന്തോ കുത്തിക്കുറിക്കുന്ന സ്വഭാവമൊഴികെ യാതൊരു ശല്ല്യവുമില്ലാതിരുന്ന പയ്യന്‍, അവന്‍‌റെ മരണശേഷമാണു അവന്‍ അന്ന് ക്ലാസ്സില്‍ കുത്തികുറിച്ചതെല്ലാം കവിതകളായിരുന്നെന്ന് ഈ അദ്ധ്യാപികമാര്‍ക്ക് മനസ്സിലായത്. നദീറെന്ന പേരിനു അര്‍ത്ഥം മുന്നറിയിപ്പ് എന്നായത് പോലെ ജീവിതത്തിലും കവിതകളിലൂടെ തന്‍‌റേ മരണ മുന്നറിയിപ്പ് നടത്തിയിരുന്നോയെന്ന് ഈ യുവാവിന്‍‌റേ കവിതയും സാക്ഷ്യം വഹിക്കുന്നു.
 പ്രവാസിയായ ഒരു പിതാവു, മാതാവു രോഗിയായതിനാല്‍ മൂത്തമകനായ നദീറായിരുന്നു, വീട്ടിലെ അടുക്കള പണികള്‍ ചെയ്തിരുന്നത്, കൂട്ടത്തില്‍ താഴെ ക്ലാസ്സില്‍ പഠിക്കുന്ന അനുജന്‍‌റെ കാര്യങ്ങള്‍ നോക്കല്‍ നദീറിന്‍‌റെ ചുമലിലായതിനാല്‍, കോളേജിലേക്ക് പോകും മുന്‍പ് നദീര്‍ തനിക്കും അനുജനും, മാതാവിനുമുള്ള ഭക്ഷണം എല്ലാം പാചകം ചെയ്ത് അനുജനെ സ്കൂളിലയക്കുന്നു. പിന്നീട്, തന്‍‌റെ കൂട്ടുകാരനുമായാണു കോളേജില്‍ നിത്യവും പോയിരുന്നത്.
 ആ കറുത്തദിനത്തില്‍ നദീര്‍  അല്പം വൈകിയാണു കോളേജിലേക്ക് പുറപ്പെട്ടത് ,കൂട്ടുകാരനു പനിയായതിനാല്‍ അവന്‍‌റേ കൂടെ അന്ന് അയാള്‍ കോളേജിലേക്ക് പോയിരുന്നില്ല, ക്ലാസ്സില്‍ വൈകിയെത്തുമെന്ന ഭയത്താല്‍ അല്പം വേഗത കൂട്ടിയാകണം ബൈക്ക് ഓടിച്ചിരുന്നത്. കോളേജിനു തൊട്ടുമുന്‍പുള്ള സ്റ്റോപ്പ് ഇടുങ്ങിയ റോഡ് പെട്ടെന്നാണു ആ റൂട്ടില്‍ ഓടിയിരുന്ന ബസ്സ് ആ വഴി വന്നതും നദീറിനെ തട്ടിതെറിപ്പിച്ചതു, വീണ നദീര്‍ ഒരു നിമിഷം എഴുന്നേറ്റ് നിന്നെങ്കിലും വീണ്ടും ബോധക്ഷയനായി വീഴുകയായിരുന്നു. പിന്നെ, അങ്ങോട്ടുള്ള മൂന്ന് ആഴ്ചകള്‍ ബോധക്ഷയനായി ആശുപത്രി കിടക്കയില്‍, പിതാവ് നാട്ടിലെത്തി അയാളുടെ  പ്രവാസ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. കവിതകള്‍ സ്വപ്നം കണ്ടിരുന്ന ആ ചെറുപ്പക്കാരന്‍ ഈ ലോകത്തോട് വിട പറഞ്ഞു. ആ ചെറുപ്പക്കരന്‍‌റെ മറ്റൊരു കവിതാ ശകലം കൂടി താഴെ കുറിക്കുന്നു.
 “ ഒരു കയ്യില്‍ മോബൈലുമായി ബൈക്കില്‍....
 അയാള്‍ കുതിച്ചു പാഞ്ഞു....
 ആക്രോശ സംസാരങ്ങള്‍ക്കിടയില്‍ നേരെ വന്ന...
 ബസ്സിനെ അയാള്‍ കണ്ടില്ല.... ഒടുവില്‍..
 ചോരയില്‍ കുളിച്ച് പിടഞ്ഞു....
 പക്ഷേ അപ്പോഴും അയാളുടെ മോബൈല്‍...
 റിംഗ് ചെയ്യുന്നുണ്ടായിരുന്നു... കാരണം...
 അത് ലൈഫ് ടൈം വാലിഡിറ്റി ഉള്ളതായിരുന്നു....

ഇത്തരം കവിതകള്‍ ഒരു അറം പറ്റുന്നതരത്തിലെഴുതിയ കവിതകളായിരുന്നുവോ?

ഇത്തരം ബൈക്ക് അപകടങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നു.
അകാലത്തിൽ നമ്മേ വിട്ട് പോയ നദീറെന്ന ചെറുപ്പക്കാരൻ അങ്ങകലെ നീല വിഹായസ്സിൽ നമ്മേ നോക്കി കവിതകൾ മിനയുകയാണോ. നദീറിൻറെ ദുഖാർത്ഥമായ കുടുംബാംങ്ങൾക്ക് മുൻപിൽ ഞാൻ ലേഖനം സമർപ്പിക്കുന്നു.


Abk Mandayi Kdr

Create your badge

No comments: