Thursday, June 23, 2011

നാം എങ്ങോട്ട് ? - ലേഖനം

ഈ ആധുനിക യുഗത്തിൽ ജീവിക്കുന്ന ചെറുപ്പക്കാർ പലരും സുഖലോലുപതയുടെ അത്യുന്നതിയിലാണോയെന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. കാരണം അവർക്കിന്ന് ഭാവിയെ കുറിച്ച് പലർക്കും ആശങ്കളില്ലാതെയാണു ജീവിക്കുന്നതെന്ന് തോന്നും വിധമാണു നടപ്പ്. 
പണ്ട് എന്നെ പോലുള്ള മധ്യവയസ്ക്കർ സ്കൂളുകളിൽ പഠിക്കാൻ പോയിരുന്നത് കാലിലൊരു ചെരിപ്പു പോലുമില്ലാതെ പുസ്തകങ്ങൾ തോളിലേന്തി നടന്ന് പോകുകയും, ഉച്ചക്ക് ഉച്ച ഭക്ഷണ സമയത്ത് ഒന്നും രണ്ടും കിലോ മീറ്ററുകൾ നടന്ന് വീട്ടിൽ വന്ന് ആഹാരം കഴിച്ച് തിരിച്ച് സ്കൂളിൽ എത്തിയതിനു ശേഷവും പത്ത് മിനിറ്റോളം കളിക്കാൻ സമയം കണ്ടെത്തിയിരുന്നു. അത് പോലെ ഞങ്ങൾക്കെല്ലാം സ്കൂൾ തുറക്കുമ്പോൾ ഒരു ജോഡി ഉടുപ്പ് തയ്ച്ച് തന്നാൽ പിന്നെ, ഉടുപ്പ് വാങ്ങി തരുന്നത് ഏതെങ്കിലും ഒരു പെരുന്നാളിനായിരുന്നു. പുസ്തകങ്ങൾ മിക്കവാറും വാങ്ങുക തൊട്ടടുത്ത് മുതിർന്ന ക്ലാസ്സിൽ പഠിച്ച കുട്ടി ജയിച്ചാൽ അവരുടെ പുസ്തകം വാങ്ങിയായിരുന്നു. അന്നെല്ലാം ആ പുസ്തകം യാതൊരു അഴുക്കും പുരളാതെ സൂക്ഷിച്ച് വെക്കാനും കുട്ടികൾ ശ്രമിച്ചിരുന്നു. അന്ന് ഞാനെല്ലാം പഠിക്കുന്ന സമയത്ത് എനിക്ക് പാഠങ്ങൾ പറഞ്ഞ് തരാൻ ആരുമില്ലായിരുന്നു. എനിക്ക് മുതിർന്നവർ അവരവരുടെ പാഠങ്ങൾ പഠിക്കുന്ന തിരക്കിൽ ആയിരിക്കും എന്നിട്ടും ഞാൻ ജീവിതത്തിൽ ട്യൂഷൻ എന്ന ഏർപ്പാടില്ലാതെ തന്നെ ഒരു ക്ലാസ്സിലും തോൽക്കാതെ പഠിച്ചിരുന്നു. അന്ന് ഇന്നത്തെ പോലെ പോഷകാഹാരങ്ങളൊന്നും ലഭിക്കാതെ പഠിച്ചിരുന്ന മുതിർന്ന തലമുറ വളർന്നത്. ഇന്നോ.. ജനിച്ച് വീഴുമ്പോൾ മുതൽ പോഷക സമ്പുഷ്ടമായ ആഹാരം, ഇട്ടാലും ഇട്ടാലും തീരാത്തത്ര വസ്ത്രങ്ങൾ, കാലിൽ വസ്ത്രത്തിനനുസരിച്ച് മാറാൻ ചെരിപ്പുകൾ ഷൂകൾ, സ്കൂളിൽ ചേരുന്നതിനു മുൻപ് കളിച്ചും മതിച്ചും അക്ഷരങ്ങൾ പഠിക്കാനുള്ള അവസരം സൃഷ്ടിച്ചു കൊണ്ട് കിൻറർഗാർട്ടനുകൾ, പിന്നെ, സ്കൂളിൽ പോകാൻ വീടിൻറെ മുൻപിൽ നിന്ന് വാഹനം, സ്കൂളിൽ എത്തിയാൽ കഴിക്കാൻ ബിസ്ക്കറ്റ് പൊതി വേറെ, തൊട്ടടുത്ത് സ്കൂൾ ആയാലും ഉച്ചക്ക് ഒരു അഞ്ച് മിനിട്ട് നടന്ന് വരാനുള്ള ദൂരമായാലും സ്കൂളിൽ തന്നെ ഉച്ച ഭക്ഷണം എല്ലാം. പിന്നെ, സ്കൂൾ വിട്ടാൽ അവിടെ പഠിച്ചത് മതിയാകാതെ ട്യൂഷൻ , ഇതെല്ലാ സൌകര്യങ്ങളും ഒരുക്കി കൊടുക്കുന്നു. പണ്ട് ഒട്ട് മിക്ക വീടുകളിലെ പെൺക്കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ പിടിപ്പത് ജോലികൾ അവരെ കാത്തിരിക്കുമായിരുന്നു, കാരണം അന്ന് ഒരു കുടുംബത്തിൽ മിനിമം അഞ്ചും ആറും കുഞ്ഞുങ്ങൾ കാണും ഇവരെ നോക്കാൻ ഒട്ട് മിക്ക വീടുകളിലും വേലക്കാരികൾ കാണാറില്ല. അമ്മമാർ തന്നെയാണു അതെല്ലാം ചെയ്തിരുന്നത് അതിനാൽ പെൺ കുട്ടികൾക്ക് സ്കൂൾ വിട്ട് വന്നാൽ പാത്രങ്ങൾ മോറാനും, മിറ്റം തൂക്കാനുമെല്ലാം ഉണ്ടാകുമായിരുന്നു. അന്നത്തെ കാലത്ത് മിക്കവാറും വീടുകളിൽ പൈപ്പ് സൌകര്യങ്ങളില്ലായിരുന്നു, ഓരൊ വീടിൻറെ പറമ്പിൽ രണ്ട് കുളങ്ങൾ കാണും ഒന്ന് കുളിക്കാനും, മറ്റൊന്ന് കുടിക്കാനും. ഇത്തരം കുളത്തിൽ നിന്ന് കുടങ്ങളിൽ വെള്ളം കൊണ്ട് വന്ന് വേണം വീട്ടിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ കഴുകാനും, പിന്നെ പാചകാവശ്യത്തിനു ഉപയോഗിക്കാനും. ഇത് പെൺക്കുട്ടികളുടെ കാര്യമാണെങ്കിൽ ആൺകുട്ടികൾക്കും ജോലി കുറവില്ലായിരുന്നു. അവർക്ക് വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ പശു, എരുമ, ആട് എന്നിവക്ക് വേണ്ട പുല്ലും, പ്ലാവിലയും ശേഖരിക്കൽ അവരുടെ ജോലികളായിരുന്നു, ഇന്നത്തെ പോലെ ട്യൂഷനുകൾ ഇല്ലാതിരുന്നതിനാൽ സ്കൂൾ വിട്ടാൽ ആൺക്കുട്ടികൾ അതിനായി പോയിരുന്നാലും വിരുതന്മാർ ഇതെല്ലാം കഴിഞ്ഞും സമയം കണ്ടെത്തി പമ്പരം കൊത്തി കളിക്കാനും , ഗോലി കളിക്കാനും പോകുമായിരുന്നു, എന്നിട്ട് പലരും പഠിച്ച് വളരെ നല്ല നിലയിലായി. എന്നാൽ, ഇന്നുള്ള കുട്ടികൾക്ക് ഒന്നിനും സമയമില്ല. വീട്ടിൽ ഇപ്പോൾ അണുകുടുംബങ്ങളായതിനാൽ രണ്ട്, ഏറ്റവും കൂടിയാൽ മൂന്ന് അത് അപൂർവ്വം ആണു, ഇവർക്ക് ഭക്ഷണം ഉണ്ടാക്കാൻ സമയമില്ലെന്ന് വീട്ടമ്മമാർക്ക് പരാതി, കുട്ടികൾക്ക് ട്യൂഷനുണ്ട് അവരെ ഇരുത്തി പഠിപ്പിക്കാൻ സമയം കണ്ടെത്തേണ്ടതില്ല. കുട്ടികൾക്കും അത് പോലെ തന്നെ ഒരു സംശയം വന്നാൽ ഇൻറർ നെറ്റ് ഉള്ള വീടുകളാണെങ്കിൽ സംശയം തീർക്കാൻ വിക്കി പീഡിയയും, ഗൂഗിളും കൈക്കുമ്പിളിൽ ഓച്ഛാനിച്ച് നിൽക്കുന്നു. എന്നിട്ടും കുട്ടികളോട് ചോദിച്ചാൽ സമയമില്ലെന്നു പരാതി. 
കുറച്ച് മുതിർന്ന ആൺ കുട്ടികളാനെങ്കിൽ ബൈക്കിൻറെ മുകളിലാണു എപ്പോഴും, ഈ പെട്രോളിനു പൊന്നും വില കൊടുക്കുമ്പോഴും പെട്രോൾ അടിച്ച് ചുറ്റി തിരിയുന്നു, പോരാഞ്ഞിട്ടോ കയ്യിൽ ഒരു മോബൈൽ ഫോണും, ഇതിനെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മാതാപിതാക്കന്മാർ തെറ്റുകാർ തന്നെയാണു. മോബൈലും, ബൈക്കും അത്യാവശ്യത്തിനു ഉപയോഗിച്ചാൽ പോരെ, കുടുംബ ബജറ്റിൻറെ വലിയൊരു ഭാഗവും ഈ അന്തരീക്ഷ മലിനീകരണം നടത്തുന്ന ബൈക്കും, മൊബൈലും നാം വിചാരിച്ചാൽ ഒഴിവാക്കി കൂടെ. ഇതിനേക്കാൾ വളരെ അപകടം പിടിച്ച ഒരു വസ്തുവാണു ടെലിവിഷൻ മനുഷ്യനെ എങ്ങനെയെല്ലാം നശിപ്പിക്കാമെന്ന നിലയിൽ കുറേ ചാനൽ കച്ചവടക്കാരും സന്ധ്യമയങ്ങിയാൽ പണ്ടെല്ലാം വീടുകളിൽ നിന്ന് നാം ശ്രവിച്ചിരുന്നത് അമ്മൂമ്മമാരും, കൊച്ച് മക്കളും ചേർന്നിരുന്ന് നടത്തുന്ന ഭക്തി സാന്ദ്രമായ നാമ ജപങ്ങൾ  അന്നെല്ലാം നട വഴിയിലൂടെ സന്ധ്യക്ക് പോകുന്നവർക്ക് അത് കേൾക്കാനും എന്ത് ഇമ്പമായിരുന്നു. എന്നാൽ ഇന്ന് ആ നാമ ജപങ്ങൾക്ക് പകരം കുറേ സീരിയൽ നടിമാരുടെ കണ്ണീരുകളും, കിന്നാരങ്ങളും കാണാൻ ഈ അമ്മമാരും അമ്മൂമ്മമാരും നിരക്കുന്നു. ഇതിൽ താല്പര്യമില്ലാത്ത ചെറുപ്പക്കാർ ആൺ കുട്ടികൾ ബൈക്കിൽ ചുറ്റി തിരിയുകയും , മോബൈൽ വഴി അവനു താൽക്കാലിക സുഖം ലഭിക്കുന്ന മാർഗ്ഗത്തിലേക്ക് തിരിയുകയും ചെയ്യുന്നു.  കുടുംബ നാഥൻ അയാൾ ജോലി കഴിഞ്ഞ് ക്ഷീണിതനായി വീട്ടിൽ വരുമ്പോൾ ഭാര്യ ഒരു കപ്പ് ചായ പോലും നൽകാതെ ടിവിക്ക് മുൻപിൽ ഇത് അരോചകമാകുന്ന ഭർത്താവു അയാളും പിന്നെ, വീട്ടിൽ ജോലി കഴിഞ്ഞെത്തുന്നതിനു പകരം അല്പം മിനുങ്ങാൻ തുടങ്ങുന്നു, ഇത് ഇന്നു കേരളത്തിലെ ഒരു പതിവു കാഴ്ചയാണു.  ഇത് കൊണ്ടൊക്കെ തന്നെയല്ലേ നമ്മുടെ നാട് വിലക്കയറ്റത്തിലേക്കും , അരാജകത്തിലേക്കും നീങ്ങുന്നത്? കിട്ടുന്ന സമയം മുഴുവൻ ടിവിക്ക് മുൻപിൽ കുടുംബ നാഥയും, ജോലി കഴിഞ്ഞാൽ മദ്യത്തിൽ സുഖം കാണുന്ന കുടുംബ നാഥനും എങ്ങനെയാണു മകൻ/മകൾ തൻറെ പെൺ/ആൺ സുഹൃത്തുമായി കിന്നാരം പറയുന്നത് തടയാൻ കഴിയുക. വീട്ടിലെ പ്രാരാബ്ദം തീർക്കാൻ കഴിയുക. ഇതിനൊരറുതി വന്നാലെ നമ്മുടെ നാട് നന്നാകൂ. ടിവി കാണലും, മറ്റു വിനോദങ്ങളും വേണ്ട എന്ന നിലപാടല്ലെനിക്ക് എന്നാൽ, നമ്മൾ അദ്ധ്വാനം ചെയ്ത് വന്നതിനു ശേഷം വിശ്രമ സമയത്ത് ഈ വിനോദം നല്ലതാണു, എന്നാൽ, ജോലി ചെയ്ത് ക്ഷീണിച്ച് വരുന്ന ഭർത്താവിന് ഒരു കപ്പ് കാപ്പി നൽകാതെ, മക്കളെ ശ്രദ്ധിക്കാതെയുള്ള മാതാപിതാക്കന്മാരുടെ ഈ നിരുത്തരവാദിത്തം വരും തലമുറയെ വെറും യന്ത്രങ്ങളാക്കീ തീർക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മറിച്ച് കുട്ടികളെ അദ്ധ്വാനിക്കാനും, നല്ല നിലയിൽ പഠിപ്പിക്കാനും തയ്യാറാകാതെയിരുന്നാൽ ആൺകുട്ടികൾ ബൈക്കിൽ യാത്രയും, പെൺക്കുട്ടികൾ മോബൈലിലൂടെ ആൺ സുഹൃത്തുക്കളുമായുള്ള കിന്നാരങ്ങളും തുടർന്ന് കൊണ്ടേയിരിക്കും.
Abk Mandayi Kdr

Create your badge