Thursday, March 1, 2012

സ്വവർഗ്ഗരതിയും ഭാരത സർക്കാരും - ലേഖനം

ലോകത്ത് ഏറ്റവും നിന്ദ്യമായ ഒരു ലൈംഗിക പ്രക്രിയ ഏതെന്ന് ചോദിച്ചാൽ ആരും കണ്ണുമടച്ച് പറയും സ്വവർഗ്ഗ രതിയാണെന്ന്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും, നൂറ്റി ഇരുപത് കോടിയിൽ പരം ജനം അധിവസിക്കുന്നതുമായ  ഇന്ത്യ ഭരിക്കുന്ന സർക്കാരിന് സ്വവർഗ്ഗ രതി ഒരു കുറ്റമായി കാണാൻ പറ്റില്ലെന്ന് പറഞ്ഞാൽ, ആ ഭരിക്കുന്ന സർക്കാരും അത്തരം ഒരു വൈകൃതം കാണിക്കുന്ന പ്രതീതിയാണു ജനങ്ങളിൽ സൃഷ്ടിക്കുന്നത്.
     എന്നാൽ, ഭാരതത്തിൻറെ പരമോന്നത നീതിപീഠം കേന്ദ്ര സർക്കാരിൻറെ ഈ കരണം മറിച്ചിലിനെ വിമർശ്ശിച്ചത് അല്പമെങ്കിലും ജനങ്ങൾക്ക് ആശ്വാസമേകുന്നു.
      സ്വവർഗ്ഗരതി കുറ്റകൃത്യമായി കാണരുതെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞതിനെ അനുകൂലിച്ച് കൊണ്ടാണു കേന്ദ്രസർക്കാരിൻറെ ഈ നിലപാട്.
      സ്വവർഗ്ഗരതി മൂലം അനേകം മാരക രോഗങ്ങൾ ഉണ്ടാകുമെന്ന് വൈദ്യശാസ്ത്രവും, മതഗ്രന്ഥങ്ങളും അനേകം പ്രാവശ്യം ഉത്ഭോതിപ്പിച്ചിട്ടുണ്ടെങ്കിലും അതിനേയെല്ലാം കാറ്റിൽ പറത്തി ഭാരതത്തിലെ മതേതര സർക്കാരെന്ന് പറയുന്ന സർക്കാർ സ്വവർഗ്ഗ രതിയെ അനുകൂലിച്ച് പ്രസ്താവന ഇറക്കിയത് മതവിശ്വാസികളോടുള്ള ഒരു വെല്ലുവിളിയായി കാണാനേ കഴിയു.
     പാശ്ചാത്യരാജ്യങ്ങളിൽ ഇതിനു വിലക്കില്ലെന്ന് കരുതി ആർഷഭാരത സംസ്ക്കാരം ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യത്ത് ഇത്തരം അനുകൂല നിലപാട് ഭാവിയിൽ നാടിനെ നശിപ്പിക്കാനേ ഉതകൂ.
        പുരാതന കാലം മുതൽ പല മതങ്ങളും സ്വവർഗ്ഗ രതിയെന്ന ഈ വൈകൃത കൃത്യത്തെ എതിർത്തിരുന്നു. പ്രവാചകനു മുൻപ് ജീവിച്ച് പോയ സ്വവർഗ്ഗരതിയെ പ്രാപിച്ചിരുന്ന ഒരു സമൂഹത്തെ പറ്റി പരിശുദ്ധ ഖുർ ആൻ  7 - 80-84,, 26- 165-166, 11-82-83 ല് പല പ്രാവശ്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതായി കാണാം.
    ഖുർ ആൻ - 7- 80-82 വരെ യുള്ള വചനങ്ങളിങ്ങനെ പറയുന്നു” ലൂത്തിനേയും നാം പ്രവാചകനായി നിയമിച്ചു,അദ്ദേഹം സ്വജനത്തോടായി പറഞ്ഞതോർക്കുക. “ നിങ്ങൾ ഇത്ര നാണമില്ലാത്തവരായോ? നിങ്ങൾക്ക് മുൻപ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ വഷളത്തരം ചെയ്യാൻ?” , ലൈംഗികാസക്തി ശമിപ്പിക്കുന്നതിനു നിങ്ങൾ സ്ത്രീകളെ വെടിഞ്ഞ് പുരുഷന്മാരെ സമീപിക്കുന്നു, സത്യത്തിൽ നിങ്ങൾ അതിരുകൾ ലംഘിച്ച് ജനം തന്നെ. 

 പ്രവാചകൻ ലൂത്തിൻറെ ഉപദേശം ആ ജനത തള്ളിക്കളയുകയും, അദ്ദേഹത്തേയും, കുടുംബത്തേയും ( അദ്ദേഹത്തിൻറെ ഭാര്യയൊഴികെ - കാരണം അവർ സ്വവർഗ്ഗരതിക്കാർക്കൊപ്പമായിരുന്നു) നാട് വിട്ട് പോകാനുമായിരുന്നു ആ ജനത പറഞ്ഞത്. അങ്ങനെ അവരെ ആ നാട്ടിൽ നിന്ന് രക്ഷിച്ചതിനു ശേഷം ദൈവം ആ നാട്ടിൽ വൻ പേമാരി പെയ്യിച്ച് കൊണ്ട് ആ നാടിനെ നശിപ്പിക്കുകയും ചെയ്തു.
    ലൂത്ത് സമുദായത്തിനു ശാശ്വതമായ ഈ കുപ്രസിദ്ധി നേടി കൊടുത്ത നീച കൃത്യത്തിൽ നിന്ന് ജനങ്ങൾ വിട്ട് നിന്നില്ലെന്ന് മാത്രമല്ല,  ഈ അധാർമ്മികതക്ക് ധാർമ്മികതയുടെ പരിവേഷം നൽകാൻ ശ്രമിക്കുകയും ചെയ്തു. ഈ അധാർമ്മികതക്ക് ധാർമ്മിക പരിവേഷം നൽകാൻ ശ്രമിച്ചതോ യവനതത്വ ചിന്തകരായിരുന്നെത്രേ!!! ചില രാജ്യങ്ങളിലെ നിയമ നിർമ്മാണ സഭകൾ വരെ ഇതിനു നിയമാനുവാദം നൽകിയിരുന്നു.
   എന്നാൽ , സ്വവർഗ്ഗരതി പ്രകൃതി വിരുദ്ധ പ്രവർത്തനമാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സന്താനോല്പാദനവും, ജീവൻറെ നിലനിൽപ്പിനുമാണു സകലമാന ജീവജാലങ്ങളുടെ സൃഷ്ടിപ്പിന്നാധാരം. പുരുഷ വർഗ്ഗവും, സ്ത്രീ വർഗ്ഗവും ചേർന്ന് ഒരു കുടുംബം നിലവിൽ വരികയും, അതിൽ നിന്ന് സമൂഹവും, നാഗരികതയും സൃഷ്ടിക്കപ്പെടുന്നു. എന്നാൽ, ഈ പ്രകൃതി വ്യവസ്ഥയെ മറി കടന്ന് സ്വവർഗ്ഗ ഭോഗത്തിൽ കാമ പൂർത്തി വരുത്തുമ്പോൾ അയാൾ ഒന്നിലധികം  തെറ്റുകളാണു ചെയ്യുന്നത്. ഒന്നാമതായി തൻറേയും, താൻ വിധേയനാക്കുന്നയാളുടേയും ശാരീരിക, മാനസിക ഘടനയോട് പോരാട്ടം നടത്തുന്നു. തന്മൂലം ഇരുവരുടേയും സദാചാരത്തിലും, ശരീരാത്മാക്കളിലും അത്യന്തം ഗുരുതരമായ ദുഷ്ഫലങ്ങൾ ഉണ്ടാക്കുന്നു. രണ്ടാമതായി അയാൾ പ്രകൃതിയോട് ധിക്കാരവും, വഞ്ചനയും ചെയ്യുന്നു, കാരണം, പ്രകൃതി കനിഞ്ഞരുളിയ ആനന്ദഭോഗത്തെ ഉപയോഗിക്കാതെ അതിനു കടകവിരുദ്ധമായി വർത്തിക്കുന്നു. അങ്ങനെ, വർഗ്ഗത്തിൻറേയും, കുടുംബത്തിൻറേയും സേവനത്തിനു തികച്ചും അനർഹനെന്ന് സ്വയം തെളിയിക്കുകയും,  ചുരുക്കം ചില സ്ത്രീകൾക്കെങ്കിലും സദാചാര ലംഘനത്തിനു പ്രേരകമാക്കി തീർക്കുകയും ചെയ്യുന്നു.
    സ്വവർഗ്ഗരതിക്കനുകൂലമായ കേന്ദ്രസർക്കാരിൻറെ നയം വരും കാലങ്ങളിൽ നമ്മുടെ നാട്ടിൽ ദൂരവ്യാപകമായ ദുഷ്ഫലങ്ങൾ ഉണ്ടാക്കുകയെന്ന് മാത്രമല്ല, എയിഡ്സ് പോലുള്ള മാരകരോഗങ്ങൾ പടരാൻ സ്വവർഗ്ഗ രതി ഇടവരുത്തുമെന്നും പറയേണ്ടതില്ലല്ലോ. ഒരു ജനാധിപത്യ സർക്കാരെന്നാൽ ജനങ്ങളുടെ നന്മക്ക് പ്രവർത്തിക്കുന്ന ഒരു ഭരണകൂടമായിരിക്കണം. അതിനെതിരിൽ പ്രവർത്തിക്കുന്നവരെ ജനങ്ങൾ നേരിടണം.Abk Mandayi Kdr

Create your badge