Thursday, November 10, 2011

എനിക്ക് അനുഭവ പാഠങ്ങൾ നൽകിയ ഇരുപത്തിനാലു ദിനരാത്രങ്ങൾ - അനുഭവ കഥ.

എല്ലാവർക്കും ജീവിതത്തിൽ പല ദുരന്തങ്ങളേയും നേരിടേണ്ടി വരിക സ്വാഭാവികമാണു. എന്നാൽ, ആർക്കും അത്തരം ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു. ദുരന്തങ്ങൾ വിവിധ രൂപത്തിലും ഭാവത്തിലും പല വിധമായിരിക്കും, ചിലരെ വളരെ ആഴങ്ങളിൽ അതു ബാധിക്കുമ്പോൾ മറ്റ് ചിലർക്ക് ഗുണപാഠങ്ങൾ നൽകിക്കൊണ്ട് അത് പിൻ വാങ്ങും എന്നാൽ, അപൂർവ്വം ചിലരെ ദുരന്തങ്ങൾ പിൻ തുടർന്ന് വേട്ടയാടി കൊണ്ടിരിക്കും. എനിക്ക് എൻറെ ഇരുപത്തിയാറ് വർഷത്തിനിടയിലെ തൊഴിൽ സേവനത്തിനിടയിൽ സംഭവിച്ച ഒരു ദുരന്തം എന്നെ ഏറെ കഷ്ടപ്പെടുത്തിയെങ്കിലും ഞാൻ ആശുപത്രി കിടക്കയിൽ നിർവ്വികാരനായി കൈകൾ ബന്ധിക്കപ്പെട്ട് ഒരു അനങ്ങാപാറ പോലെ സർവ്വതാ സജീവമായ എനിക്ക് ഒന്നും ചെയ്യാനില്ലാതെ ഇരുപത്തി നാലു ദിനരാത്രങ്ങൾ നഷ്ടപ്പെട്ടെന്ന് പറയാമെങ്കിലും, ഞാൻ ഒരു നിലക്ക് പലതും അവിടെ കിടന്ന് കൊണ്ട് കാണാനും പഠിക്കാനും, എന്നേക്കാൾ വേദന അനുഭവിക്കുന്നവർ, അവരെ യാതൊരു വെറുപ്പും കൂടാതെ ശുശ്രൂഷിക്കുന്നവർ, സ്നേഹ സമ്പന്നരായ മറ്റു ജീവനക്കാർ അവർ നമ്മോട് കാണിക്കുന്ന, ലാളിത്യം കരുണ, സഹജീവികളോട് മനുഷ്യർക്കുള്ള അനുകമ്പ എല്ലാം ഞാൻ അനുഭവിക്കുകയും പലതും ജീവിതത്തിൽ പകർത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ദിനരാത്രങ്ങൾ, വിശപ്പ് ശരിക്കും മനസ്സിലാക്കിയ ദിനങ്ങൾ, ഒരിക്കലും കണ്ടിട്ട് പോലുമില്ലാത്തവർ, ഒരിക്കൽ പോലും ഒന്ന് ഫോണിലൂടെ പോലും സംസാരിച്ചിട്ടില്ലാത്തവർ എന്നെ തേടി വന്നപ്പോഴുള്ള എൻറെ മാനസിക സന്തോഷം , സ്വന്തം കൂടെ പിറപ്പുകളിൽ നിന്ന് പോലും അനുഭവിച്ചിട്ടില്ലാത്ത ആ കൂട്ടായ്മ , താൻ ഒരിക്കലും ഒറ്റക്കല്ലെന്ന ആത്മസുരക്ഷിതത്തം ഇതെല്ലാം അനുഭവിക്കാൻ കഴിയുക ഒറു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധം എനിക്ക് ലാഭകരമായ ഒരു കച്ചവടമായി തോന്നിച്ചു, മറ്റൊരു വിധത്തിൽ എൻറേ വേദനകളെക്കാൾ കൂടുതൽ മനസ്സ് നൊന്തത് മറ്റൊരുവൻറെ വേദന കാണുമ്പോഴായിരുന്നു. ഇതെല്ലാം നല്ലൊരു ഗുണപാഠം തന്നെ എനിക്ക് നൽകിയതിനാലാണു എനിക്ക് നഷ്ടപ്പെട്ട ഇരുപത്തി നാലു ദിനരാത്രങ്ങളെന്ന് തലക്കെട്ട് നൽകാതെ എനിക്ക് അനുഭവ പാഠങ്ങൾ നൽകിയ ഇരുപത്തിനാലു ദിനരാത്രങ്ങളെന്ന് തലക്കെട്ട് നൽകിയതു.  ഇനി സംഭവ ബഹുലമായ ആ കഥയിലേക്ക് കടക്കും മുൻപ് ഒരു ഇടവേള..... 

  ഭാഗം - രണ്ട്.......
ജൂലൈ 10- 2011 : അന്ന് പതിവുപോലെ ഞാൻ ഉണർന്നത് ഒരൽപ്പം ഉറക്കച്ചടവോടെയായിരുന്നു. തലേന്ന് രാത്രി എനിക്കനുഭവപ്പെട്ട ഭീകരസ്വപ്നത്തിൻറെ ഭയാനകതയിൽ എൻറെ സാധാരണ ഉറക്കം കൃത്യം ആറുമണിക്കൂറിൽ നിന്ന് അല്പം ഭംഗം വന്നതിലുള്ള ഒരു വിമ്മിഷ്ടം ഉണ്ടെങ്കിലും എൻറെ പതിവ് ഒരിക്കലും ഭംഗം വരാറില്ല. ഞാൻ പതിവായി പ്രഭാത പ്രാർത്ഥനക്കായി ഉണരാൻ മോബൈൽ ഫോണിൽ അലാറം സെറ്റ് ചെയ്ത് വെക്കാറുണ്ടെങ്കിലും മിക്കവാറും ഞാൻ ഉണർന്നിട്ടേ എൻറെ മോബൈൽ ഉണരാറുള്ളു. അന്നും പതിവ് തെറ്റിയില്ല, ഞാൻ ശരീര ശുദ്ധിവരുത്തി പ്രാർത്ഥനക്ക് ശേഷം രണ്ട് ഗ്ലാസ് തണുത്ത വെള്ളം കുടിക്കുക പതിവാണു, അതിനു ശേഷം പതിവ് പോലെ മുക്കാൽ മണിക്കൂറോളം യോഗയും ചെയ്യുക പതിവാണു, ആദ്യം മനസ്സിനെ ഏകാഗ്രമാക്കാൻ സാധാരണ ചെയ്യാറുള്ളത് അല്പ നേരം വജ്രാസനത്തിലും, പിന്നെ പത്മാസനത്തിലും ഇരുന്ന് കൊണ്ട് ധ്യാനം ചെയ്യുക പതിവാണു എന്നാൽ അന്ന് പതിവിനു വിരുദ്ധമായി ഞാൻ എത്ര ശ്രമിച്ചിട്ടും ധ്യാനത്തിൽ ഏകാഗ്രത പുലർത്താൻ കഴിയാതെ തലേന്നാൽ നടന്ന ഭീകര സ്വപ്നത്തിൻറേ ഭയാനകമാം ആ രൂപങ്ങൾ എൻറെ മനസ്സിനെ വല്ലാതെ ഉലക്കുന്നുണ്ടായിരുന്നു, ഒരു വിധം ധ്യാനം കഴിഞ്ഞ് മറ്റ് ആസനമുറകളിലേക്ക് യാന്ത്രികമായി ഒരു വിധം ചെയ്ത് തീർത്തു. പിന്നെ, പതിവ് പോലെ പ്രാതൽ , നാട്ടിലേക്ക് ഫോൺ ചെയ്യൽ , സ്ഥിരം മുഖപുസ്തക സന്ദർശ്ശനം എന്നിവക്ക് ശേഷം ഓഫീസിലേക്ക് പിന്നെ പതിവ് പോലെ ഓഫീസിലെ തിരക്കുകളുമായി അലിഞ്ഞു ചേർന്നതിനാൽ തലേന്നാൾ നടന്ന ഭീകരസ്വപ്നങ്ങളെല്ലാം മറന്നിരുന്നു. അന്ന് വൈകീട്ട് മൂന്ന് മണിക്കു ഒരു ടെസ്റ്റിംങ്ങും, കമ്മീഷനിംങ്ങിനും പോകേണ്ടതിനാൽ കൃത്യം രണ്ടേ മുപ്പതിനേ ഓഫീസിൽ നിന്നിറങ്ങി ലക്ഷ്യം ടൊർണാഡോ ബിൽഡിംങ്ങായിരുന്നു, പേരിനെ പോലെ തന്നെ വൻ ടവറായിരുന്നത്. നേരത്തെ ഉദ്ദേശിച്ചിരുന്ന പോലേ ബിൽഡിംങ്ങിലെ ഉടമകളുടെ ഭാഗത്ത് നിന്ന് രണ്ട് ആസ്ത്രേലിയക്കാരായ വൈദ്യുതി സാങ്കേതിക വിദ്ഗദ്ധർ, ഒരു സുരക്ഷിത ഉദ്ധ്യോഗസ്ഥൻ എൻറെ ഭാഗത്ത് നിന്ന് ഞാനടക്കം മൂന്ന് വൈദ്യുതി സാങ്കേതിക വിദ്ഗദ്ധർ, കൂടെ ഒരു വൈദ്യുതി വിദഗ്ദ്ധൻ എന്നിവർ നേരത്തെ ഉദ്ദേശിച്ച പോലെ അവിടെ സ്ഥാപിച്ചിരുന്നു വർദ്ദിത ശക്തി പ്രവഹിക്കുന്ന ഉപകരണങ്ങളുടെ പരിശോധനകൾ നടത്തുകയും ഏകദേശം പകുതിയിൽ കൂടുതൽ പരിശോധനകൾ കഴിഞ്ഞു അവസാന ഭാഗമായി പതിനോരായിരം വൈദ്യുതി ചാലകതയുള്ള ഒരു കേബിളായിരുന്നു പരിശോധിക്കേണ്ടിയിരുന്നതു. അതിനു മുൻപായി പരിശൊധിക്കാനുദ്ദേശിക്കുന്ന ഭാഗങ്ങളിൽ ഒരു സുരക്ഷിതത്തിൻറെ ഭാഗമായി വൈദ്യുതി ഒഴുകുന്ന ഭാഗങ്ങളെ ഭൂമിയുമായി ബന്ധിക്കുക എന്ന ഒരു പരിപാടിയുണ്ട് ഞാനതിനായി ഒരു ഭാഗം ഭൂമിയുമായി ബന്ധിക്കുന്ന വയറും അതിനെ ബന്ധിക്കുന്ന ഫൈബറാൽ നിർമ്മിച്ച ഒരു നീളമുള്ള വടിയാൽ അതിനെ ഒന്ന് തൊടുകയാണു ലക്ഷ്യം , ഒരു നിമിഷത്തിൻറെ പതിനായിരത്തിലൊരംശം ഞാനതിൽ തൊട്ടതും ഒരു തീഗോളം എന്നെ പൊതിയുകയും എന്തെന്ന് കണ്ണ് ചിമ്മും മുൻപ് എല്ലാം സംഭവിച്ചിരുന്നു, തലയിൽ സുരക്ഷക്കായി വെക്കുന്ന ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ തലയും കണ്ണും രക്ഷപ്പെട്ടു, ഇട്ടിരുന്ന ഷർട്ട് ഉരുകി പോയിരുന്നു, അരകൈയ്യൻ കുപ്പായമായതിനാൽ രണ്ട് കൈതണ്ടകൾ പൂർണ്ണമായും തീ പൊതിഞ്ഞിരുന്നു. ഞാൻ മെല്ലെ പിന്നിലോട്ട് മാറിയപ്പോൾ കണ്ടത് എൻറെ തൊട്ട് പിന്നിൽ നിൽക്കുന്ന വ്യക്തിയുടെ മുഖം ആകെ കരിഞ്ഞിരിക്കുന്നു, കൈയ്യുടെ പല ഭാഗവും കരിഞ്ഞിരിക്കുന്നു. എനിക്ക് ഇത്തരം പല അനുഭവങ്ങളും എൻറെ കൺ മുൻപിൽ പലപ്പോഴും കണ്ടിട്ടുള്ളതിനാൽ, മനഃസം‌യമനം പാലിക്കുകയും പുറത്തേക്ക് വരികയും ചെയ്തു, എന്നാൽ, മുഖം അല്പ്മ് പൊള്ളിയിരുന്ന വ്യക്തി അയാളറിയാതെ തന്നെ തൂവാലയാൽ മുഖം തുടച്ചതിനാൽ കരിഞ്ഞ് തൊലി മുഴുവൻ ഇളകി പോകാനും രക്തമൊലിക്കാനും തുടങ്ങി. അല്പ നിമിഷത്തിനകം ആംബുലൻസ് വരികയും എന്നേയും മറ്റേ വ്യക്തിയേയുമായി അശുപത്രിയിലേക്കു പാഞ്ഞു, അവിടെ ക്യാഷ്യാലിറ്റിയിൽ എത്തി പ്രാഥമിക ചികിത്സ നൽകിയപ്പോഴാണു ഞാൻ ശരിക്കും എനിക്ക് പറ്റിയ പരിക്കിൻറെ ആഴം തിരിച്ചറിഞ്ഞത് തന്നെ ഇടത് കൈ, വലത് കൈ, ഇടത് കാൽ മുട്ട് , ഇടത് ചുമൽ എന്നിവക്ക് ശരിക്കും പൊള്ളലേറ്റിരുന്നു.  അന്ന് വേദന സംഹാരിയാൽ കഴിഞ്ഞതിനാൽ ഒന്നുമറിഞ്ഞില്ല. എന്നെ ക്യഷ്യാലിറ്റിയിൽ നിന്ന് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് നീക്കുന്നതായി പാതി മയക്കത്തിൽ ഞാനറിഞ്ഞു. അന്ന് മുതൽ തുടർന്ന് ഇരുപത്തിനാലു ദിനരാത്രങ്ങൾ ഞാൻ കിടക്കയിൽ തളക്കപ്പെടുകയായിരുന്നു. അതിനെ കുറിച്ച് ഒരു ഇടവേളക്ക് ശേഷം പറയാം.

ഭാഗം മൂന്ന്.........
  എന്നെ ഖത്തറിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഹമദ് ആശുപത്രിയിൽ നിന്ന അതിൻറെ തന്നെ മറ്റൊരു വിഭാഗമായ റുമൈല ആശുപത്രിയിലേക്ക് നീക്കം ചെയ്തു. ഹമദ് മെഡിക്കൽ സെൻററിൽ നിന്ന് പ്രവിശാലമായ ഒരേ വളപ്പിൽ തന്നെയാണെങ്കിലും അവിടെ എത്താൻ ഏകദേശം ഒരു കിലോമീറ്ററോളം വരും പൊള്ളലേൽക്കുന്നവരേയും മറ്റും ചികിത്സിക്കുന്ന വിഭാഗമായ റുമൈലാ ആശുപത്രിയിലെത്താൻ, അതിനരുകിലായി അമൽ ആശുപത്രി ഹൃദയ സം മ്പന്ധമായ അസുഖങ്ങൾക്കും ചികിത്സ നൽകുന്നതും സ്ഥിതി ചെയ്യുന്നതു. എല്ലാം ഹമദ് മെഡിക്കൽ കോർപ്പറേഷനു കീഴിലാണ്. ആധുനികമായ എല്ലാ സൌകര്യങ്ങളോട് കൂടിയ ആശുപത്രി സ്വദേശികളേയും , വിദേശികളെയും ഒരു പോലെ സൌജന്യമായി ചികിത്സ നൽകുന്നതിൽ ഖത്തർ സർക്കാർ നൽകുന്ന മഹാമൻസ്ക്കത സ്തുത്യർഹം തന്നെ, ചികിത്സയും, പരിചരണവും, മരുന്നുകളും, എല്ലാ വിധ ആധുനിക പരിശോധനയും അവിടെ അത്യാഹിത വിഭാഗം വഴി വന്ന് ചേരുന്ന ഒരാൾക്കും ഡിസ്ചാർജ്ജ് ആകുന്നത് വരെക്കും മരുന്ന്, ചികിത്സ, മറ്റു സേവനങ്ങൾ, സ്പെഷ്യൽ ചെക്കപ്പുകൾ, എന്തിനധികം മേജർ ഓപ്പറേഷനുകൾ വരെക്കും ഒരു നയാപൈസ ചിലവില്ല. ഒരു ഇൻഷുറൻസിൻറേയും തണലും ആവശ്യമില്ല. എൻറെ അറിവിൽ അവിടെ ഹൃദയ സം മ്പന്ധമായി ഒരു മലയാളി ചികിത്സക്ക് വന്നിരുന്നു. അയാളുടെ ബൈപാസ് ശസ്ത്രക്രിയ അടക്കം, നാട്ടിൽ മുപ്പത് ലക്ഷത്തിലേറെ ചെലവു വരുന്ന ചികിത്സക്ക് അയാൾക്കു ഒരു പൈസ പോലുമാകാതെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിഞ്ഞു. അയാൾ ഇവിടത്തെ സർക്കാരിനും, അമീർ കുടുംബത്തിനും പ്രാർത്ഥിക്കുന്നത് നിറകണ്ണുകളോടെ എൻറെ പല സുഹൃത്തുക്കളും കണ്ടിട്ടുണ്ട്. നാട്ടിൽ പോയിരുന്നെങ്കിൽ ഈ ചികിത്സയെല്ലാം ചെയ്യാനാകാതെ ഒരു പക്ഷേ അദ്ദേഹം ഈ ഭൂമുഖത്ത് തന്നെ കാണുമായിരുന്നില്ല. ഞാൻ രണ്ട് മൂന്ന് അറബ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് അവിടെയെല്ലാം വിദേശികൾക്ക് സർക്കാർ ആശുപത്രികൾ പണം വാങ്ങുന്നതായി കണ്ടിട്ടുണ്ട്. യു.എ.ഇ യിൽ വിദേശികൾക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബ്ബന്ധമായതിനാൽ ചുരുങ്ങിയ പണമേ വരികയുള്ളു. മസ്ക്കറ്റിൽ അങ്ങനെ നിർബ്ബന്ധമില്ലാത്തതിനാൽ ആശുപത്രിയിൽ ഇൻഷുറൻസിൽ ഇല്ലാത്തവർ എത്തപ്പെട്ടാൽ നാട്ടിൽ നിന്ന് ഭൂമി വിറ്റ് കാശ് കൊണ്ട് വരേണ്ടി വരും, അതിനാൽ അവിടെ പ്രൈവറ്റ് ക്ലിനിക്കുകളേയാണു അന്യരാജ്യക്കാർ ഭൂരിഭാഗവും ആശ്രയിക്കുക. ഖത്തറിൽ ഔട്ട് പേഷ്യൻസായി വരുന്നവർക്ക് സർക്കാർ ആശുപത്രി മെഡിക്കൽ ഹെൽത്ത് കാർഡ് എടുത്താൽ ആകെ ചെലവിൻറെ പത്ത് ശതമാനമേ അടക്കേണ്ടതുള്ളു. എന്നാൽ, കിടത്തി ചികിത്സിക്കേണ്ടി വരേണ്ടവർ അത്യാഹിത വിഭാഗം വഴി വന്നാൽ ( ആശുപത്രിയുടെ ആംബുലൻസ് സഹായത്തിലൂടേ) ഒരു പൈസയും ചെലവില്ലാതെ കിടന്ന് ചികിത്സിച്ച് പോകാവുന്നതാണു. അതിനു ഹെൽത്ത് കാർഡിൻറെ ആവശ്യവും വരുന്നില്ല. എന്നാൽ അത് അത്യാഹിത വിഭാഗം വഴിയാകണമെന്ന് നിർബ്ബന്ധമുണ്ട്, അതിനായി ആശുപത്രി വക ആംബുലൻസ് സദാ സമയവും നഗരത്തിൽ റൊന്ത് ചുറ്റുന്ന് നമ്മൾ ചെയ്യെണ്ടത് ഇത്ര മാത്രം 999 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക രോഗി തലവേദനയായലും ആംബുലൻസിൽ അത്യാഹിത വിഭാഗം വഴി പ്രവേശനം നേടുക അത്ര മാത്രം . സർക്കാർ ആശുപത്രിയെ ആശ്രയിക്കേണ്ട എന്ന് കരുതുന്നവർ പ്രൈവറ്റ് ക്ലിനിക്കുകളിൽ പോയാൽ നോട്ടിൻറെ ഭാണ്ഡവുമായി പോകണം എന്ന് മാത്രമല്ല എല്ലാ ആധുനിക സൌകര്യങ്ങളും ഒരിടത്ത് ലഭ്യമായെന്ന് വരികയും ഇല്ല. ഉദാഹരണം ഒരു അഫ്ഗാനിസ്ഥാനിയുടെ കഥ പറയാം, അയാൾ പിന്നീട് ഞാൻ കിടന്ന വാർഡിൽ എത്തപ്പെട്ടപ്പോൾ അയാളിൽ നിന്ന് അറിഞ്ഞ കാര്യമാണിതു. അയാൾ ഒരു ഹെവി വണ്ടിയുടെ ഡ്രൈവറും , മെക്കാനിക്കു കൂടിയാണു, വണ്ടിക്ക് ഓവർ ഹീറ്റിനാൽ ചൂടായി നിന്നപ്പോൾ എഞ്ചിനെ തണുപ്പിക്കുന്ന വാട്ടർ പമ്പ് ശരിക്കും പ്രവർത്തിക്കുന്നുണ്ടോ, റേഡിയേറ്ററിൽ വെള്ളമുണ്ടോ എന്ന് ചൂടായ വണ്ടിയിൽ ഓർക്കാതെ റേഡിയേറ്റർ തുറന്നു. തിളച്ച വെള്ളം അയാളുടെ ഇടത് തോളീനേയും, മാറിനേയും ആഴത്തിൽ പൊള്ളലേൽപ്പിച്ചു അയാൾ ഒരു പ്രൈവറ്റ് ക്ലിനിക്കിനെ ആശ്രയം പ്രാപിച്ചു അവിടത്തെ ഡോക്ടർ ഏതൊ മരുന്ന് നൽകി പുരട്ടാനും, കഴിക്കാനും, 3,4 ദിവസം കഴിഞ്ഞ് ചെല്ലാനും, 3 ദിവസം കൊണ്ട് വേദന സഹിക്കതെ അവിടെ ചെന്നപ്പോഴേക്കും കൈയ്യും, മാറും പഴുത്ത് ഒരു പരുവമായിരുന്നു. അവിടത്തെ ഡോക്ടർ കൈ മലർത്തി ഇവിടെ ഇതിന്നിനി ചികിത്സയില്ല, നിങ്ങൾ റൊമേല്ല ആശുപത്രിയിൽ പോകാൻ പറഞ്ഞ് വിട്ടു, ഈ കാര്യം അയാൾക്ക് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ, പണത്തിനു ആർത്തി പൂണ്ട ഇത്തരം ഡോക്ടർമാരാണു ഖത്തറുടനീളം ക്ലിനിക്കുമായീരിക്കുന്നതു. ഒരു തലവേദന വന്നാൽ നാലു സ്ക്കാനിംഗ് ഒരു സ്കാനിംഗിനു 175 റിയാൽ ( ഇന്ത്യൻ രൂപ 2500 നു മുകളിൽ. ഇതാണു പ്രൈവറ്റിലെ സ്ഥിതി, സർക്കാർ ആശുപത്രിയെന്ന് കേട്ടാൽ നാട്ടിലുള്ളവർ നെറ്റി ചുളിക്കേണ്ട ഇവിടത്തെ സർക്കാർ ആശുപത്രി സമം നമ്മൂടെ നാട്ടിലെ സൂപ്പർ സ്പെഷ്യാലിറ്റിക്കു തുല്ല്യം. ഇങ്ങനെയൊക്കെ യാണെങ്കിലും നമ്മൂടെ ആളുകൾക്ക് സൌജന്യം കിട്ടിയാലും അതിനെ പഴിക്കാനും നൂറ് നാവായിരിക്കും വിവരമില്ലായ്മ എന്നെല്ലാതെ എന്ത് പറയാൻ. അതിനെ കുറിച്ച് ഞാൻ പിന്നെ വിശദമാക്കാം. പ്രൈവറ്റിൻറെ കാര്യം ഞാൻ അഫഗാനിയുടെ കഥയിലൂടെ ഒരു അനുഭവ പാഠമാക്കി, ഞാൻ കഴിഞ്ഞ് മൂന്ന് വർഷമായി ഖത്തറിൽ ജീവിക്കുന്നെങ്കിലും ദൈവ കൃപയാൽ ഒരിക്കലൊഴികെ ഒരു ക്ലിനിക്കിലും പോകേണ്ടി വന്നിട്ടില്ല. ഞാൻ പോയത് ഒരിക്കൽ മാത്രം അന്നെനിക്ക് 465 റിയാൽ പൊടിഞ്ഞു കമ്പനി തന്നതിനാൽ ശരീരത്തിൽ അതു പറ്റിയില്ല. എന്നാലും എൻറ് ഹൃദയം നൊന്തു, അന്നറിയില്ലായിരുന്നു സർക്കാർ ആശുപത്രിയിൽ ഹെൽത്ത് കാർഡുള്ളവർക്ക് പത്ത് ശതമാനം മതിയെന്ന്. ഞാൻ മസ്ക്കറ്റിലെ അറിവു വെച്ചാണു അന്ന് സ്വകാര്യ ക്ലിനിക്കിനെ ആശ്രയിച്ചത്, എൻറെ ഈ അറിവില്ലായ്മ ഒരു പക്ഷേ ഇതു വായിക്കുന്ന അനേകം ഖത്തർ നിവാസികൾക്ക് ഒരു മുതൽ കൂട്ടാകട്ടെയെന്ന് കരുതിയാണു ഇത്രയും വിശദമായി എഴുതുന്നത്. അത് കൊണ്ട് തന്നെയാണു ഞാൻ എൻറെ ആമുഖകുറിപ്പിൽ പറഞ്ഞത് എനിക്ക് ഇരുപത്തിനാലു ദിനരാത്രങ്ങൾ നഷ്ടപ്പെടുന്നതിനു പകരം പല അറിവും ലഭിക്കുകയും, പഠിക്കാനും അവസരം ലഭിച്ചെന്ന് പറയുകയും ചെയ്തതു.
അങ്ങനെ ഹമദ് അത്യാഹിത വിഭാഗത്തിൽ നിന്ന് ഞാൻ റുമൈല പൊള്ളൽ വിഭാഗം ( ബേൺസ് സെക് ഷൻ) അതിൻറെ മുറിവുകൾ വെച്ച് കെട്ടുന്ന വിഭാഗത്തിൻറെ ഡസ്ക്കിൽ കിടത്തപ്പെട്ടു, വേദന സംഹാരിയുടെയും , ഡ്രിപ്പ്സിൻറെയും, മറ്റ് പല ഇഞ്ചക്ഷനുകളുടേയും ആലസ്യത്തിൽ അർദ്ധബോധാവസ്ഥയിലും, തന്നെയുമല്ല പൊള്ളിയ ഭാഗങ്ങളിൽ അത്യാഹിത വിഭാഗത്തിൽ വെച്ച് പുരട്ടിയ അതി ശീതളമായ മരുന്നിൻറെ കഴിവു കൊണ്ട് ചുട്ട് പൊള്ളിയ ഭാഗം അധികം വേദന തൽക്കാലം അനുഭവപ്പെട്ടിരുന്നില്ല. എൻറെ മുഖം ഞാൻ കാണാത്തതിനാൽ ഞാൻ കൈകളിലുള്ള പരിക്കിൽ ആശ്വാസം കൊണ്ടിരുന്നു. ഞാൻ സ്ട്രെക്ക്ച്ചറിൽ നീക്കം ചെയ്യപ്പെടുമ്പോൾ എൻറെ കൂടെയുള്ള എൻറെ കമ്പനി മറ്റൊരു എഞ്ചിനീറും, സൂപ്പർ വൈസറും എൻറെ മുഖത്തിലെ കരിഞ്ഞ ഭാഗത്തെ ഭീകരത എന്നെ അറിയിക്കാതിരിക്കാൻ പാട് പെടുന്നതു ഞാൻ അറിഞ്ഞതുമില്ല. രോഗികളെ സന്ദർശ്ശിക്കാനായി പൊയും വന്നു കൊണ്ടിരുന്ന സന്ദർശ്ശകർ എൻറെ മുഖത്ത് നോക്കി ദോശ ചട്ടിയിൽ മാവെഴിക്കുന്ന് ശൂ.... ശബ്ദവും പുറപ്പെടുവിക്കുന്നത് എൻറെ മുകളിലേക്ക് ഉയർത്തപ്പെട്ട ഇരു കൈകളും കണ്ടിട്ടാണെന്നു ഞാനും ധരിച്ചു അതും, കോട്ടൻ തുണി( ആശുപത്രി ഭാഷയിൽ ഗൌസ് സ്വാബ് എന്ന് ഞാൻ .ഇതു അണു വിമുക്തമാക്കിയതാണെന്നും ഞാൻ പഠിച്ചു) മുഖവും , കൈകളും മറച്ചിരുന്നെങ്കിലും മൂക്കും, ചുണ്ടുകളും കണ്ണുകളും പുറമേ കാണാമായിരുന്നു.) . എൻറെ കൂടെ വന്നവരെ പുറത്താക്കി എന്നെ ഡ്രസ്സിംഗ് മേശയിലേക്ക് കിടത്തപ്പെട്ടു, ചിരിച്ച മുഖവുമായി ഒരു പുരുഷ നേഴ്സും, മറ്റൊരു വനിതാ നേഴ്സും എന്നെ അബ്ദുൽ എന്ന സബോധനയോടെ അടുത്ത് വന്നു, പുരുഷൻ ഒരു അറബ് വംശനാണെന്ന് അയാളുടെ താടി കണ്ടപ്പോൾ മനസ്സിലായി, കരിഞ്ഞ മുഖാമാണെങ്കിലും ഞാൻ സ്വതസിദ്ധമായി ആരെ കണ്ടാലും ഒരു പുഞ്ചിരിയോടെ കാണുക പതിവാണു ഇവിടെയും ഞാൻ അത് തന്നെ പ്രവർത്തിച്ചു വേദനയുണ്ടെങ്കിലും അത് മറച്ച് വെക്കുക എൻറെ മറ്റൊരു ശീലം അത് അവരിൽ എന്നോട് മതിപ്പുളവാക്കിയോ ആവോ, പുരുഷൻ എൻറെ മുഖത്തെ കെട്ട് മാറ്റി അറബിയിൽ ക്യഫാലക്ക് എന്ന് ചോദിച്ചു ഞാൻ ഖുവൈസ് എന്ന് ഉത്തരവും നൽകി , അടുത്തത് വനിതാ നേഴ്സ് ഹൌ ആർ യൂ എന്ന സംബോധന നോട്ടത്തിലെ കണ്ണുകൾ തന്നെ അവർ ഒരു ഇന്തോനേഷ്യക്കാരിയെന്ന് എൻറെ പ്രവാസ ജീവിതത്തിലെ പരിചയം ചൂണ്ടിക്കാട്ടി. അവർ ഒരിഞ്ചക്ഷൻ എടുക്കാൻ സോറി പറഞ്ഞ് കൊണ്ട് എന്നെ സമീപിച്ചു അതിനു അനുമതി  നൽകി കൊണ്ട് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു. അതിനു ശേഷം എൻറെ കൈയ്യിലും മുഖത്തിലും, തോളിലും, കാൽ മുട്ടുകളിലും നേരത്തെ നൽകിയതിലും അതി ശീതളമായ ക്രീമുകളാൾ പൊതിഞ്ഞു, ഞാൻ നല്ല തണുപ്പേറ്റ് കൂടുതൽ അവരോട് സഹകരിച്ചു. അതിനു ശേഷം അവർ വീണ്ടും ഗൌസിനാൽ പൊതിഞ്ഞു. എന്നെ ഒരു വാർഡിലേക്ക് ആനയിക്കപ്പെട്ടു , കൂടെ വന്നവരെ സ്നേഹപൂർവ്വം ഇനി പ്രവേശനമില്ലെന്ന് വിലക്കി. അവരോട് പറഞ്ഞു ആശുപത്രി ഭക്ഷണ സമയം ഏഴുമണിക്ക് മുൻപേ തീർന്നതിനാൽ രോഗിക്ക് എന്തെങ്കിൽ കഴിക്കാൻ അവരെ വിട്ടു, കൂടെ പേസ്റ്റും, ബ്രഷം കൂടി വാങ്ങുന്ന കാര്യം അതിനകം മയക്കത്തിലേക്ക് വഴുതി വീഴുന്ന ഞാൻ അർദ്ധബോധത്തിൽ കേട്ടു. എന്നെ രണ്ട് കിടക്കകളുള്ള ഒരു മുറിയിലേക്ക് പ്രവേശിപ്പിക്കപ്പെട്ടു., മുറി ശൂന്യമായിരുന്നു, എന്നെ അതിലൊന്നിൽ കിടത്തി, പൊള്ളിയിടത്തെ നല്ല ശീതളിമിയിലുള്ള ഒരു സുഖവും, ഡ്രിപ്പ്സ് നൽകുന്ന ചെറിയ വല്ലായ്മയിലും നേരത്തെ വേദന സംഹാരികളാലുള്ള ഉപബോധത്താലും ഞാൻ ശീതികരണ യന്ത്രത്തിൻറെ നനുത്ത തണുപ്പിലും നന്നായി മയങ്ങി. കുറേ കഴിഞ്ഞ് ഒരു മൃദുലമായ സ്പർശ്ശനമേറ്റ് ഞാൻ ഞെട്ടിയുണർന്നപ്പോൾ മുന്നിൽ പുഞ്ചിരിയുമായി വെളുത്ത് ഉയരം കൂടിയ ഒരാൾ പരിക്കേൽക്കാത്ത കാലിൽ രക്തസമ്മർദ്ദമളക്കുന്നതാണു കണ്ടത്, ഉണർന്ന എന്നോട് ഇംഗ്ലീഷിൽ എന്നാൽ അറബ് കലർന്നതിൻറെ ഒരു ഒഴുക്ക് ഞാൻ മനസ്സിലാക്കി ഞാൻ മറുപടി പറഞ്ഞു, ഞാൻ അറബ് അറിയുന്ന വ്യക്തിയാണെന്ന് നേരത്തെയുള്ള പുരുഷ നേഴ്സിൽ നിന്ന് അറിഞ്ഞതിനാലാകാം അയാൾ കലർപ്പില്ലാതെ എന്നോട് അറബ് സംസാരിച്ചു തുടങ്ങി , ഓരോ നേഴ്സുമാരും അവരുടെ ഡ്യൂട്ടി മാറി വരുമ്പോൽ ആദ്യം അഭിവാദ്യം ചെയ്തതിനു ശേഷം അവർ സ്വയം പരിചയപ്പെടുത്തുകയും, നമ്മുടെ പേരു അറിയാമെങ്കിലും നമ്മിൽ നിന്ന് അവർക്ക് കേൾക്കുകയും വേണമെന്ന് ആശുപത്രി നിയമമുള്ളതിനാൽ ഓരൊ പ്രാവശ്യം വരുമ്പോഴും ഇങ്ങനെ പതിവാണു, ഞാൻ അതു മനസ്സിലാക്കിയത് മുതൽ പിന്നെ അവർ പറയും മുൻപേ അവരുടെ പേരു ഞാൻ പറയുമായിരുന്നതിനാൽ എൻറടുത്ത് വരുന്നവർ പിന്നെ ചോദ്യങ്ങൾ വേണ്ടെന്ന് വെക്കുമായിരുന്നു. എന്നാലും,, ഡോക്ടർ റൌണ്ട്സിനു വരും മുൻപ് ഒരിക്കൾ കൂടി അവർ അവരുടെ പേരുകൾ നമ്മെ പറഞ്ഞ് പഠിപ്പിക്കുമായിരുന്നു, ഇന്ത്യക്കാരനും, മലയാളിയുമായ എനിക്ക് മലയാളികളായ നേഴ്സുമാരുടെ പേരുകൾക്ക് നാവു വഴങ്ങുന്ന പോലെയല്ല, മറ്റു നാട്ടുകാർക്ക് അവർക്ക് എഴുതി പഠിപ്പിച്ചാലും ആ പേരുകൾ വഴങ്ങില്ല. എന്റെ രക്തസന്നർദ്ദം അളന്ന പുരുഷ നേഴ്സ് ഒരു ജോർദ്ദാനിയായിരുന്നു. അയാളുമായി ഒഴുകുന്ന അറബ് പറയുന്ന എന്നോട് അല്പസമയത്തിനകം നല്ല കമ്പനിയായി , നേരത്തെ എൻറെ സുഹൃത്ത് വാങ്ങി കൊടുത്തിരുന്ന സാൻറ് വിച്ച് എൻറെ വായിലേക്കയാൽ തിരുകി കാരണം എനിക്ക് കൈവിരലുകൾ അടക്കം കെട്ടപ്പെട്ടിരുന്നതിനാൽ ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായവസ്ഥ. ഉച്ചക്ക് ഒരു മാമ്പഴവും, ഒരു കുക്കുമ്പറും ഒരു ഓറഞ്ച് ജ്യൂസിലുമാണു എൻറെ അന്നത്തെ ഭക്ഷണം, ഞാൻ സാധാരണ ചോറ് കഴിക്കുക ആഴ്ചയിൽ ഒരു ദിവസം മാത്രം, ബാക്കിയെല്ലാ ദിവസവും ഉച്ചക്ക് ഫ്രൂട്ട്സ്, കുക്കുമ്പർ, ക്യാരറ്റ് എന്നിവയും മിനറൽ വാട്ടറോ, ഷുഗർ ചേരാത്ത ഫ്രഷ് ജ്യൂസുമാണു പതിവു, രാത്രികളിൽ ചപ്പാത്തി പോലുള്ളതു, പ്രവാസികൾ ദിനചര്യയാക്കിയ കുബുസ്സ് ഞാൻ നിരോധിച്ച ഭക്ഷണമായതിനാൽ ഞാൻ തന്നെ തയ്യാറാക്കുന്ന അസ്സൽ ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങളാണു പതിവു, ബിരിയാണി പോലുള്ളതു എൻറെ ചെറുപ്പകാലം മുതൽ എനിക്കിഷ്ടമില്ലാത്ത വസ്തുവാണു, ചില മലബാർ കല്ല്യാണങ്ങൾക്ക് പോയിട്ട് പലപ്പോഴും ഞാൻ പട്ടിണി ആയിട്ടുമുണ്ട്, എന്നാൽ, അത് വർജ്ജിത വസ്തുവെന്ന് എനിക്ക് പക്ഷമില്ല, ഞാൻ അത് കഴിക്കാൻ ഇഷ്ട്പ്പെടുന്നില്ലെന്നേയുള്ളു. ഞാൻ കൂടുതലും വെജിറ്റേറിയൻ പ്രിയനാണു. ഖുബുസിനാൽ പൊതിഞ്ഞ സാൻറ്വിച്ചായതിനാൽ വിശപ്പുണ്ടായിട്ടും ഞാൻ പകുതിയിൽ നിർത്തി അയാൾ എൻറെ വായ കഴുകിച്ചു, അതിനിടെ എൻറെ ഫോൺനിർത്താതെ മണി മുഴക്കുന്നത് കണ്ട് അയാൾ ഫോൺ അറ്റൻറ് ചെയ്തു, അയാൾ പറഞ്ഞ് മുദീർ മൽ ഇന്തെ, ഉരീദ് ശൂഫ്... ഞാൻ പറഞ്ഞു വേണമെന്നു. അങ്ങനെ എന്നെ സൂചികലും മറ്റു സജ്ജീകരണങ്ങൾ വഹിച്ച് കൊണ്ട് വിസിറ്റിംഗ് മുറിയിലേക്ക് കൊണ്ട് പോയി അവിടെ എൻറെ സഹഎഞ്ചിനീറും, കമ്പനി മാനേജറുമുണ്ടായി, അദ്ദേഹത്തെ കണ്ട് ഞാൻ ചിരിച്ചു അയാൾ എൻറെ ഉയർത്തപ്പെട്ട കൈയ്യും, കയ്യിലെ സൂചികളും കെട്ടിവെച്ച മുഖവും കണ്ട് ഒന്നു ഞെട്ടിയെന്നും, എൻറെ ആത്മധൈര്യത്തെ മറ്റ് കമ്പനി സ്റ്റാഫുമായി സംസാരിച്ചിരുന്നെന്ന് പിന്നീട് ഞാൻ അറിഞ്ഞു. അദ്ദേഹത്തിൻറെ മുഖഭാവത്തിൽ നിന്ന് അദ്ദേഹം വല്ലാതെ വിഷമിക്കുന്നെന്ന് കണ്ട ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു, സാർ, ഇറ്റ്സ് എ പാർട്ട് ഓഫ് മൈ ജോബ് ... എനി ടൈം ഇറ്റ് മേ ഹാപ്പൻ... അദ്ദേഹം ആശ്വസിച്ചൊ എന്തോ... കൂടുതൽ സമയം ചെലവഴിക്കാതെ ഞാൻ വിശ്രമിക്കട്ടേയെന്ന് അദ്ദേഹം നേഴ്സിനോട് പറഞ്ഞു, ഞാൻ തിരിച്ച് മുറിയിലെത്തി എന്തെങ്കിലും ആവശ്യത്തിനു നേഴ്സ്മാരുടെ സഹായത്തിനു കൈക്കരികിൽ വെക്കുന്ന ബെൽ അദ്ദേഹം വലത് കാലിനരുകിൽ വെച്ച് കൊണ്ട് പറഞ്ഞ് എന്ത് വേണമെങ്കിലും ഇതിൽ കാൽ വിരലാൽ അമർത്താൻ പറഞ്ഞു, മുറിയിൽ സജ്ജീകരിച്ച എൽ.സി.ഡി ടിവിയുടെ ബട്ടൻ അമർത്തി ഹിന്ദി ചാനലുകൾ വെച്ചു, സത്യത്തിൽ അവശനായ ഞാൻ പറഞ്ഞു ഇന്ന് ടി.വി വേണ്ടെന്ന് അദ്ദേഹം അത് ഓഫ് ചെയ്തു മുറി വീട്ട് പോയി... ഞാൻ ഉറക്കത്തിലേക്കും ആഴ്ന്ന് പോയി...... സംഭവ ബഹുലമായ ബാക്കി വിവരണം അല്പം ഇടവേളക്ക് ശേഷം.......

ഭാഗം നാല്....
    അഗാധമായ ഉറക്കത്തിനിടക്ക് അതിനു അല്പം ഭംഗം വരുത്തിക്കൊണ്ട് ഇടക്കിടെ എന്നെ പരിചരിച്ചിരുന്ന മെയിൽ നേഴ്സ് എൻറേ ശരീരോഷ്മാവ് അളക്കാൻ വന്നിരുന്നതുകൊണ്ട് ഉറക്കത്തിനു പലപ്പോഴും തടസ്സമായെങ്കിലും എൻറെ ശരീരത്തിലേക്ക് കയറ്റി കൊണ്ടിരുന്ന പൊട്ടാസ്യവും, സലൈനും കലർന്ന മരുന്ന് കയറുന്ന തളർച്ച്യിൽ വീണ്ടും മയക്കത്തിലേക്ക് വഴുതി വീണീരുന്നു. ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണു ഞാൻ പിന്നെ ഉണർന്നതു, എൻറെ കിടക്കക്ക് എതിർവശമായി സ്ഥാപിച്ചിരുന്ന ക്ലോക്കിൽ ആറ് മണിയെന്ന് കാണിച്ചു, ബാത്ത് റൂമിൽ നിന്നു നീല കുപ്പായമിട്ട ഒരു കുറിയ മനുഷ്യൻ ഇറങ്ങി വന്നു, എന്നെ നോക്കി കൊണ്ട് ചോദിച്ചു ഉറക്കം കഴിഞ്ഞോന്ന്, കയ്യിലും കാലിലും കെട്ടുകളിൽ നിന്ന് അല്പാല്പമായി വേദന അരിച്ചിറങ്ങാൻ തുടങ്ങി, അയാൾ അടുത്ത് വന്നു എനിക്കിരുവശമായി കൈകൾ ഉയർത്തി വെക്കാൻ വെച്ചിരുന്ന തലയിണകൾ കുറച്ച് കൂടി മേലോട്ട് കയറ്റി വെച്ചു കൊണ്ട് പറഞ്ഞു, കൈകൾ പരമാവധി ഉയർത്തി പിടിക്കുകയും, സമീപത്തിരുന്ന മിനറൽ വാട്ടർ എടുത്ത് എനിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു ധാരാളം വെള്ളം കുടിച്ചാലെ പൊള്ളിയിടത്ത് നിന്നു ഉണ്ടാകുന്ന നീർ വീക്കം മൂത്രത്തിലൂടെ പോകാനാണു നിങ്ങൾക്ക് ഡ്രിപ്പ്സ് തരുന്നതും, വെള്ളം ധാരാളമായി കുടിപ്പിക്കുന്നതും, 250 മില്ലിയുടെ ഒരു കുപ്പി കുടിപ്പിച്ച് കൊണ്ടയാൾ പറഞ്ഞു, ഞാൻ അബ്ദുള്ള, കണ്ണൂരാണു സ്ഥലം നിങ്ങൾക്ക് രാവിലെ കുളിക്കാനുള്ള വെള്ളം ബാത്ത് ടബ്ബിൽ നിറക്കാനാണു വന്നത് കുറച്ച് കഴിഞ്ഞാൽ വെള്ളം ചൂടാകും തന്നെയുമല്ല, അതിൽ ഉപ്പ് ചേർത്താണു നിങ്ങൾ അഞ്ച് മിനിട്ട് കുളിക്കുക, അതിനു ശേഷം സാധാരണ കുളിയും, പിന്നെ, ഡോക്ടർ വന്ന് നോക്കിയിട്ട് നിങ്ങൾക്ക് ബാൻഡേജ് ചെയ്യും, ഏഴു മണിക്ക് സിസ്റ്റർ വരും ഒമ്പതു മണിക്ക് കുളിക്കണം. പോകും മുൻപ് അദ്ദേഹം ഒരിക്കൽ കൂടി മുന്നറിയിപ്പ് തന്നു വെള്ളം ആവശ്യം തോന്നിയാലും ഇല്ലെങ്കിലും കുടിക്കണം, നിങ്ങൾക്ക് എടുക്കാൻ കഴിയില്ലെന്നറിയാം , കാലുകൊണ്ട് ബെല്ലമർത്തിയാൽ സിസ്റ്റർ വരും ഇത് പറഞ്ഞ് ലൈറ്റ് അണച്ചു കൊണ്ട് അദ്ദേഹം ഇറങ്ങി പോയി, സ്ഥിരമായി അതി രാവിലെ ഉണരുന്ന എനിക്ക് അപ്പോൾ എഴുന്നെൽക്കാൻ മോഹമുണ്ടായെങ്കിലും ആകെ ബന്ധനസ്ഥനായതിൻറെ വിഷമവും, കൈകളിലും മുഖത്തും വല്ലാത്ത വേദനയും അനുഭവപ്പെട്ടു ഞാൻ വീണ്ടും അല്പം മയങ്ങി, തൊട്ടടുത്ത് വീണ്ടും രക്തസമ്മർദ്ദമളക്കാനും , ബ്ലഡ് എടുക്കാനുമായി  സിസ്റ്റർ അരികിലെത്തി,  വലതു കൈമുട്ടിനു മുകളിൽ ബാഡേജില്ലാത്ത ഭാഗത്ത്  വീണ്ടും സൂചികൾ കയറിയിറങ്ങി, കുറേ രക്തം പല ടെസ്റ്റ് ട്യൂബുകളിൽ പകർന്നു. അവർ പോയതിനു പിറകെ, മറ്റൊരു നേഴ്സ് കടന്നു വന്നു, അവർ പറഞ്ഞു, ഞാൻ ഫാത്തിമ്മ, കോഴിക്കൊടാണു സ്ഥലം, അവർ തലേന്ന് രാത്രി വാങ്ങി വെച്ചിരുന്ന ബ്രഷിൽ പേസ്റ്റെടുത്തു എന്നെ പല്ലു തേപ്പിച്ചു, പലപ്പോഴും ഞാൻ അത് ചെയ്യാമെന്ന് മോഹിച്ചെങ്കിലും എനിക്കെൻറെ കൈകൾ ഒരൽപ്പം പോലും അനക്കാൻ കഴിയാത്തത്ര ബുദ്ധിമുട്ടിലായിരുന്നു. അവർ പറഞ്ഞു വിഷമിക്കേണ്ട രണ്ട് ദിവസത്തിനകം വിരലുകളിലെ നീരു കുറയും അത് വരേക്കും ഞങ്ങൾ തന്നെ ഇതെല്ലാം ചെയ്ത് തരുന്നതാണു. പിന്നീടവർ വെള്ളവും ചായയും കുടിപ്പിച്ചു, അരമണിക്കൂറിനകം ഞങ്ങൾ ഒരു കുടുംബത്തിലെ അംഗം പോലെയായി അവരുടെ കുടുംബകാര്യങ്ങൾ വരെ നിരത്തി ഭർത്താവും അതേ ആശുപത്രിയിലെ ജീവനക്കാരനാണെത്രേ! കൂട്ടത്തിൽ അവരുടെ മകളുടെ ബ്ലോഗെഴുത്ത് വരെ ചർച്ചാ വിഷയമായി. എട്ട് മണിയോടേ രാവിലെ വന്ന അബ്ദുല്ല വീണ്ടും എൻറെ അരികിലെത്തി, പറഞ്ഞു, ഒമ്പത് മണിക്കു കുളിയുണ്ടാകും, അതിനു മുൻപ് രോഗിയോട് പറയേണ്ട ചിലത് പറയാനാണു വന്നത് ,“ നിങ്ങൾ രോഗികൾ കുളിക്കുമ്പോൾ നഗ്നനാക്കപ്പെടും അത് ചെയ്യുന്നത് മെയിൽ നേഴ്സും, പുരുഷനേഴ്സുമായിരിക്കും രോഗിയുടെ എല്ലാ അവയവങ്ങളും ഞങ്ങളുടെ കണ്ണിൽ ഒരു പോലെയാണു അതു കൊണ്ട് നാണം എന്ന ഒരു അവസ്ഥ ഉണ്ടാകരുതു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, രോഗികളുടെ അവസ്ഥകൾ എനിക്കറിയാം എന്നാൽ, എനിക്ക് എൻറെ മറക്കപ്പെടേണ്ട അവയവങ്ങളിൽ പരിക്കില്ലാത്തതിനാൽ അവ മറക്കണമെന്ന് നിർബ്ബന്ധമുണ്ടെന്ന് ,അദ്ദേഹം ആദ്യം അത് സമ്മതിച്ചില്ലെങ്കിലും ചില ഹദീസുകളുടെ സഹായം കൊണ്ട് ഞാൻ അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തി. ഒമ്പത് മണിയായി നേഴ്സും ,മെയിൽ നേഴ്സായ അബ്ദുള്ളയും എന്നെ എഴുന്നേക്കാൻ സഹായിച്ചു വേച്ച് വേച്ചാണെങ്കിലും നടക്കാൻ എനിക്ക് കഴിഞ്ഞു, ഞാൻ ബാത്ത് റൂമിലെത്തി തലേന്ന് മുഖത്തും കൈകളിലും ഇടത് കാലിലും ഉണ്ടായിരുന്ന കെട്ടുകൾ നീക്കം ചെയ്തു, ഇരു കൈകളിലെ കെട്ടുകൾ മാറ്റിയപ്പോഴാണു ഞാൻ തലേന്ന് സംഭവിച്ച പൊള്ളലിൻറെ രൌദ്ര ഭാവം ശരിക്കും കണ്ടത് തലേന്ന് വെച്ച് കെട്ടപ്പെട്ട മരുന്നിൽ കരിഞ്ഞ തൊലികൾ കുതിർന്നിരുന്നു. സിസ്റ്റർ കത്രികയാൽ അതെല്ലാം വെട്ടി മാറ്റി ശരിക്കും ഞാൻ ചുവന്ന മാംസഭാഗങ്ങൾ കണ്ട് ഞെട്ടി ഇരുകൈകലിലും മുട്ട് മുതൽ കൈപത്തി വരേക്കും ഒരല്പം പോലും തൊലി ഇല്ലാത്ത അവസ്ഥ............. എന്നെ ഉപ്പ് കലർന്ന വെള്ളത്തിലേക്ക് കിടത്തി, ഈ ഉപ്പ് വെള്ളത്തിൽ കിടക്കുമ്പോൽ നീറ്റൽ അനുഭവിക്കാതിരിക്കാനായി നേരത്തെ ഇഞ്ചക്ഷൻ തന്നിരുന്നതിനാൽ ഒന്നും അറിഞ്ഞില്ല, അവർ എൻറെ മുഖവും ശരീരവും തേച്ചുരച്ച് വൃത്തിയാക്കി ബെഡ്ഡിലേക്കെത്തിച്ചു, ഉടനെ ഡോക്ടർ വന്നു മരുന്ന് വെച്ചു വീണ്ടും കൈകാലുകൾ കെട്ടപ്പെട്ടു. മരുന്നിൻറെ ശീതളിമയിൽ വീണ്ടും മയക്കം. അന്നത്തെ ദിനം ഉറങ്ങി തീർന്നു. അടുത്ത ദിവസം രാവിലേ സിസ്റ്റർ അറിയിച്ചു താങ്കളെ മറ്റൊരു വാർഡിലേക്ക് മാറ്റുന്നു, അവിടെ സംസാരിക്കാൻ ആളുകളുണ്ട് ഇവിടെ ഒരു ഖത്തറി വരുന്നുണ്ട്, അങ്ങനെ എന്നെ അവിടെക്ക് മാറ്റപ്പെട്ടു, അന്ന് കുളിയില്ലാത്തതിനാൽ വീണ്ടും ഉറക്കം, അതിനിടയിൽ പലരും ഫോണിൽ  ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടായിരുന്നു, എന്നാൽ വിരലുകൾ കെട്ടപ്പെടുകയും, ചെരിഞ്ഞ് കിടക്കാൻ രണ്ട് കവിളുകളും ചെവികളും പൊള്ളിയിരുന്നതിനാൽ ഒന്ന് തിരിയാൻ പോലുമാകാത്ത അവസ്ഥ എങ്കിലും ഉയർത്ത പെട്ട തലയിണയിൽ മോബൈൽ ഉയർത്തി വെച്ച് കെട്ടിവെച്ച് ഇടത് കൈ വിരലുകൾ പണിപ്പെട്ട് അതിൽ കുത്തും ഭാഗ്യം ഉണ്ടെങ്കിൽ ഞാൻ ഉദ്ദേശിച്ചിടത്ത് കൊള്ളും അങ്ങനെ പല ഫോണുകളും എടുക്കാൻ പറ്റാതേയും എടുത്തതു ലൌഡ്സ്പീക്കറിൽ ഇട്ടാലും ശബ്ദം ഉദ്ദേശിക്കുന്നത്ര ക്ലിയർ ആവാത്ത് അവസ്ഥയിലാണു നമ്മുടെ നജീബ് മൂടാടിയുടെ വിളി , നമ്പർ ഭാഗ്യത്തിനൂ കിട്ടിയെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. അങ്ങനെ ആ ദിവസത്തിനും തിരശ്ശീല വീഴുകയായിരുന്നു. ഇതിനിടയിൽ സിസ്റ്റർമാർ വന്ന് മുഖത്തിലും, കഴുത്തിലും, കാതുകളിലും വെളുത്ത ക്രീമുകളാൾ മുക്കുമായിരുന്നു, അതും നാലു നേരം, ഓരോ പ്രാവശ്യവും ക്രീം പുരട്ടും മുൻപ് ക്രീമിൻറെ ശക്തിയാൽ മുഖത്തെ കരിഞ്ഞ് തൊലികൾ അവർ സലൈനിൽ മുക്കിയ പഞ്ഞിയാൽ ഒപ്പിയെടുക്കുമായിരുന്നു. ഞാൻ ഇതൊന്നും കാണാൻ സാധിക്കാത്തതിനാൽ തൊട്ടടുത്ത കട്ടിലുള്ളവർ പറയും അവിടെ കുറച്ച് ശരിയായി, മറ്റേ ഭാഗത്ത് കുറച്ച് ശരിയായെന്നെല്ലാം. ഒരു കണക്കിനു അത് കാണാതിരുന്നതു നന്നായെന്നു ഒരാഴ്ച കഴിഞ്ഞ് ഷേവ് ചെയ്യാൻ സിസ്റ്റർ കണ്ണാടി കാണിച്ചപ്പോൾ മനസ്സിലായി. തുടർന്നുള്ള ദിനങ്ങളിലെ കുളികൾ മുതലാണു യഥാർത്ഥ വേദനയെന്തെന്ന് ഞാൻ മനസ്സിലാക്കിയത്. അത് പിന്നെ പറയാം ഒരു ഇടവേളക്ക് ശേഷം...

ഭാഗം - അഞ്ച്....
     രണ്ടാം ദിവസത്തെ വൈകുന്നേരം വരെയുള്ള ഉറക്കത്തിനു വിരാമമിടുവിച്ച് കൊണ്ട് ഫിലിപ്പിനോ പെണ്ണ് സായാഹ്നത്തിലെ ചായയുമായി അരുകിലെത്തി , എന്നാൽ, ചായ എങ്ങനെ കുടിക്കും കൈകളിൽ ബാൻഡേജ്, പുറമേ മരുന്നുകൾ കുത്തികയറ്റുന്ന സൂചികൾ രണ്ട് കൈകളിൽ, അതു മനസ്സിലാക്കിയിട്ടാകാം, ഫിലിപ്പിനോ പെണ്ണ് എനിക്ക് ചായ പകർന്ന് തന്നു, സാധാരണ അവർ അങ്ങനെ ചെയ്യാറില്ലെന്ന് പറഞ്ഞ് കേട്ടത്, അവർ വെക്കുന്ന ചായ നേഴ്സുമാരാണു രോഗിക്കു കൊടുക്കുക പതിവു, എൻറെ നിസ്സഹായാവസ്ഥയിൽ അല്പം കരുണ തോന്നിയോ ആവാം. അങ്ങനെ ഒരു ഭാഗ്യവും എനിക്ക് ലഭിച്ചു. ചായ കുടി കഴിഞ്ഞപ്പോൽ നേഴ്സ് വന്നു, തീരാറായ ഡ്രിപ്പ്സ് എടുത്ത് മാറ്റി മറ്റൊന്നു ഘടിപ്പിക്കാനൊരുങ്ങിയപ്പോൾ ഞാൻ അപേക്ഷിച്ചു അല്പം കഴിഞ്ഞ് ഘടിപ്പിച്ചു കൂടെ ഞാൻ ബാത്ത് റൂം വരെയെങ്കിലും ഒന്ന് നടക്കട്ടെ എന്ന്, അവരത് സമ്മതിച്ചു ശരീരത്തിൽ ഘടിപ്പിച്ച പൈപ്പുകൾ എല്ലാം മാറ്റി സൂചികൾ നിലനിർത്തി, ഞാൻ മെല്ലെ ബാത്തുറൂമിനെ ലക്ഷ്യമാക്കി നടക്കാൻ ശ്രമിച്ചു. ഇടതു കാൽ മുട്ടിലെ പരിക്ക് എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നെങ്കിലും ഞാൻ വേച്ച് വേച്ച് ഒരു വിധം ബാത്തു റൂമിലെത്തി , തിരിച്ച് വന്നു, കൈകൾ 90 ഡിഗ്രിയിൽ താഴോട്ട് കൊണ്ടുവരുവാൻ ഒരിക്കലും സാധിച്ചിരുന്നില്ല, പലപ്പോഴും ഹാൻസ് അപ്പ് മോഡലിലും, പിന്നെ, എൽ മോഡലിലും മാത്രം കൈകൾ കൊണ്ട് വരാം, കിടക്കുമ്പോൾ ഒന്നുകിൽ തലക്ക് മുകളിൽ അല്ലെങ്കിൽ ഉയർത്തി വെക്കപ്പെട്ട തലയിണകളിൽ ഒന്ന് തിരിയാനൊ, മറിയാനോ, മുഖവും ചെവികളും അനുവദിച്ചില്ല, വല്ലാത്ത മരവിപ്പ്, ഞാൻ കട്ടിലിനെ ചാരി ഇരിക്കാൻ പരുവത്തിലാക്കി ഇടത് കാൽ നിവർത്തി വെച്ച് കൊണ്ടും, വലത് കാൽ മടക്കി വെച്ചു കൊണ്ടും വേദന കടിച്ച് പിടിച്ച് ഋഷിമാർ ഇരിക്കുന്നതു പോലെ അവർ ഒരു കൈയ്യാണെങ്കിൽ ഞാൻ രണ്ട് കൈയ്യും എൽ പൊലെയാക്കി പതിവു ധ്യാനനിരതനായി, കുറെ നേരമിരുന്നപ്പോൾ കൈകളുടെ വേദനകൾ മറന്നു, ശരീരത്തിന്ന് ഒരു ഉന്മേഷമെല്ലാം ലഭിച്ച അനുഭൂതിയിൽ ലയിച്ചു, ശരീരത്തിൽ തട്ടിവിളിക്കുന്നതറിഞ്ഞ് കണ്ണു തുറക്കുമ്പോൾ അടുത്ത് നേഴ്സ് നിന്നെന്നെ അത്ഭുതത്തോടെ ചോദിച്ചു എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ, എന്താ ഇങ്ങനെയിരിക്കുന്നാതു പെയിൻ കില്ലർ ഇഞ്ചക്ഷൻ വേണൊയെന്ന് ചോദിച്ചു ഞാൻ പറഞ്ഞു വേദനസംഹാരിയായി ഞാൻ ധ്യാനം ചെയ്യുകയാണു അതിനാൽ ഇനി ഒരു ഇഞ്ചക്ഷൻ വേണ്ടെന്നു, അവർ ചിരിച്ച് കൊണ്ട് അങ്ങനെയെങ്കിൽ നിങ്ങൾ എതിർ കട്ടിലിൽ കിടക്കുന്ന ബംഗാളിയെ ചൂണ്ടി ഇവനാണു അതു പഠിപ്പിക്കേണ്ടത് അവനു നാലു നേരം പെയിൻ കില്ലർ വേണമെന്ന് പറയുന്നു, രണ്ട് നേരത്തിൽ കൂടുതൽ കൊടുക്കാൻ പാടില്ല, എന്നിട്ടും അവൻ രാത്രി മുഴുവൻ കരയുന്നു, ഇന്നലെ വന്ന നിങ്ങൾ  ഇത്രയും സഹിക്കുന്നു പെയിൻ കില്ലർ വേണ്ടെന്ന് പറയുന്നു.  അവർ അത്ഭുതം കൂറി, അവർ പഴയ പോലെ പൈപ്പുകൾ സൂചിയിലേക്ക് ഘടിപ്പിച്ചു, ഞാൻ ചോദിച്ചു എത്ര ദിവസം ഇങ്ങനെ വേണം സിസ്റ്റർ ? അവർ പറഞ്ഞു നാളെ രാവിലെ വരെ, കുളിക്കും മുൻപ് മാറ്റാമെന്നു, ഞാൻ, വീണ്ടും അനങ്ങാ പാറ പോലെ ബെഡ്ഡിലേക്ക് മലർത്തികിടത്തപ്പെട്ടു, ഒന്നു തിരിയാൻ പോലും കഴിയാതെ, മുഖത്ത് ക്രീമിട്ടിടത്ത് അത് ഉരുകി ഒലിക്കുമ്പോൾ ഉറുമ്പിഴയുന്ന അസ്വസ്ഥത , തുടക്കാൻ വിരലുകളിൽ കെട്ട് എങ്കിലും ചില സമയം ശ്രമപ്പെട്ട് ഞാൻ മുഖത്തും ചെവിയിലൂം വരെ കനമേറിയ വിരലുകളാൽ  ഒന്നു തൊടും, തൊടുന്തോറും അത് മുഖത്തിൻറെ മറ്റു ഭാഗങ്ങളിലേക്കു ഉറുമ്പിഴയുന്ന പ്രതീതി, അതിനും ഞാൻ വഴി കണ്ടെത്തി കണ്ണുകൾ മുറുക്കിയടച്ച് പ്രാർത്ഥനകളിൽ മുഴുകി ആ ചിന്തയെ മറപ്പിച്ചു. ആറ് മണികഴിഞ്ഞപ്പോൾ ഫിലിപ്പിനോ പെണ്ണ് രാത്രിയിലെ ഭക്ഷണവുമായെത്തി നേഴ്സ് വന്നു, ഭക്ഷണം സ്പൂണിൽ നൽകി , വീണ്ടും കുറച്ച് നേരം പഴയ പോലെ ധ്യാനനിരതനായി കുറച്ച് നേരം, അതു കഴിഞ്ഞ് മുറിയിൽ ഉള്ളവർ , എൻറെ വാർഡിൽ ആകെ ആറ് ബെഡ്ഡുകൾ, ഒന്നാമത്തെ ബെഡ്ഡിൽ ഞാൻ രണ്ട് കാലി, മൂന്നിൽ ബംഗാളി, നാലും അഞ്ചും കാലി, ആറിൽ ഒരു നേപ്പാളി അയാൾ 45 ദിവസമായി അവിടെയാണു, പിറ്റേന്ന് ഡിസ്ചാർജ്ജ് ആകുന്ന സന്തോഷത്തിൽ, അയാളുടെ കാലിൽ ഗ്യാസ് സ്റ്റൌവിൽ നിന്ന് തീപടർന്ന് പൊള്ളിയിരുന്നു, അയാൾക്ക് പ്ലാസ്റ്റിക്ക് സർജ്ജറിയെല്ലാം നടത്തി ഇപ്പോൾ ഭേദമായ സന്തോഷം, അയാൾ വേദനയുടേയും, മറ്റും കഥകൾ വാ തോരാതെ പറഞ്ഞു. കമ്പനി ഇൻഷുറൻസ് കിട്ടിയാലും തരില്ലെന്നും മറ്റും പരിവേദനം പറഞ്ഞു, എൻറെ വിദ്യാഭ്യാസ യോഗ്യതയറിഞ്ഞ് കൂടുതൽ നിയമപരമായ കാര്യങ്ങൾ അറിയാൻ എൻറെ അരികിൽ വന്നു, ഞാൻ അറിയാവുന്നതെല്ലാം, ഖത്തർ ലേബർ ലോയിലുള്ളത് പറഞ്ഞ് കൊടുത്തു. ഈ സംഭാഷണം കേട്ട് ബംഗാളിയും തൻറെ കഥയുടെ കെട്ടഴിക്കാൻ തുടങ്ങി, അയാളും  മണ്ണെണ്ണ സ്റ്റൌവ്വിൽ നിന്നു തീപിടിച്ച് രണ്ട്കാലിൻറെ പെരുവിരൽ മുതൽ അരക്കെട്ട് വരെ ബാൻഡേജിലാണു എഴുന്നേൽക്കാൻ വയ്യ, വിവസ്ത്രനാണു, ഒരു ഫ്രെണ്ട് ഓപ്പൻ ഗൌണിൻറെ മറമാത്രം, കൈകൾക്ക് നിസ്സാര പരിക്കുണ്ട് അതു മാറിയിട്ടുണ്ട്, അയാളും ബെഡ്ഡിൽ ചാരി കിടന്ന് കൊണ്ട് സ്വതസിദ്ധമായ ബംഗ്ലാദേശി ചുവയിൽ ഹിന്ദി സംസാരിച്ച് തുടങ്ങി, ബംഗ്ലാദേശികളുമായി ധാരാളം ഇടപ്പെട്ടിട്ടുള്ളതിനാൽ ചില ബംഗ്ല വാക്കുകളും എനിക്കറിയാം, എന്നാലും അയാൾ ഹിന്ദിയിൽ, സംസാരിച്ചു, ആദ്യമായി കേൾക്കുന്നവർക്ക് ചിലതു പിടികിട്ടില്ല ചാർ സൌ എന്ന് പറയുന്നത് ശ്യാർഷോ എന്നെല്ലാം വരും എന്നാലും എനിക്കവരെ ഇഷ്ടമാണു ഒരു പാട് കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് വരുന്ന പാവങ്ങൾ ,കറികളിൽ ഏറ്റവും അധികം മഞ്ഞൾ ചേർത്ത് കറി വെക്കുന്നവരാണു അതു കൊണ്ട് തന്നെ അവർക്ക് ക്യാൻസർ പോലുള്ളതു വരാൻ സാദ്ധ്യത് കുറവുമായിരിക്കാം. പിന്നെ, ചില തരികിടകളെല്ലാം ചെയ്യുമെങ്കിലും അടുത്താൽ നല്ല അടുപ്പം കാണിക്കുന്നവർ. അവനും അവൻറെ ആപത്തിൻറെ കഥ പറഞ്ഞു, അതിനിടയിൽ സിസ്റ്റർന്മാർ വരികയും രാത്രി കഴിക്കാനുള്ള ടാബ് ലറ്റുകൾ തരികയും, വീണ്ടും മലർത്തി കിടത്തപ്പെടുകയും മുഖം മേക്കപ്പ് ചെയ്യും പോലെ തുടച്ച് വൃത്തിയാക്കുകയും ചെയ്യുന്നു, അവർ വൃത്തിയാക്കനുപയോഗിക്കുന്ന സലൈനിൽ മുക്കിയ പഞ്ഞി ട്രേയിലേക്ക് മാറ്റുമ്പോൾ ഞാൻ ശ്രദ്ധിച്ചു മുഖത്ത് നിന്നും, ചെവി, കഴുത്ത് എന്നീ ഭാഗങ്ങളിൽ നിന്നു കരിഞ്ഞ തോലുകൾ ഒപ്പി മാറ്റുന്നത്, ഓരൊ പ്രാവശ്യം ഒപ്പുമ്പോഴും കുറേശ്ശെ ഇളകി മാറിക്കൊണ്ടിരുന്നു, ഞാൻ എൻറെ മുഖം ഒന്നു സങ്കൽപ്പിച്ചു നോക്കി ഒരു ഭാഗം വെള്ളപാണ്ഡ് പിടിച്ച പോലെയായിരിക്കുമെന്നു. അതിനു ശേഷം വീണ്ടും അവർ ക്രീമിൽ മുഖം മുക്കി, ഇനി കിടക്കാതെ ഒരു നിവൃത്തിയുമില്ല, പകലിലെ ഉറക്കം എന്നെ നിദ്രയിൽ നിന്ന് അടർത്തി മാറ്റി, കിടന്നു കൊണ്ട് എതിർ വശത്തുള്ള ടി.വി യിൽ ഷാരൂഖാൻറെ പടം തകർക്കുന്നു, അത് കണ്ട് അന്നത്തെ രാത്രിയിലെപ്പോഴൊ ഒന്നുറങ്ങി.
രാവിലെ പതിവു പടി അന്ന് നേഴ്സ്മാർക്കു പിടിപ്പതു പണിയുള്ള ദിനം, കാരണം രോഗികളെ കുളിപ്പിക്കുന്ന ദിവസം അവർക്ക് ഒരു റെസ്റ്റും കിട്ടില്ല, പതിനൊന്നു വരേക്കും, ചില ദിവസങ്ങളിൽ പാവങ്ങൾ പ്രാതൽ പോലും കഴിക്കാൻ അവസരം ലഭിക്കാറില്ല, എന്നാലും, അവർ അവരുടെ തൊഴിലിനോട് ഒരിക്കലും കൂറ് പുലർത്താതിരുന്നിട്ടില്ല. അവരെ പറ്റി പറഞ്ഞാൽ ലോകത്ത് ഏറ്റവും ക്ഷമയുള്ള ഒരു വർഗ്ഗമാണവർ, രോഗികളുടെ എല്ലാ കാര്യങ്ങളും ചെയ്യുകയും വേണം ചില വിവരമില്ലാത്ത രോഗികൾ ചിലപ്പോൾ വേദന സഹിക്കവയ്യാതെയാകാം കോപിച്ച് അവരെ ചീത്ത പറഞ്ഞാലും അതെല്ലാം സഹിക്കുന്നവർ (നാട്ടിലല്ല കേട്ടോ), അവരെ നമിക്കണം. അവരെ ചീത്ത പറഞ്ഞതും, കോപിച്ചതുമായ സംഭവം ഞാൻ കണ്ടു അതിനെ കുറിച്ച് ഞാൻ പിന്നെ വിവരിക്കാം. കുളിക്ക് മുൻപു പ്രാതൽ കഴിപ്പിക്കുക, പിന്നെ, മരുന്നുകൾ, അതിനു ശേഷം കുളിക്കുമ്പോൾ ഉപ്പ് വെള്ളം തട്ടി നീറ്റൽ അനുഭവപ്പെടാതിരിക്കാൻ വേദന സംഹാരി ഇഞ്ചെക്ഷനായും, ഗുളിക രൂപത്തിലും, ഞാനെന്നും ഗുളികയാണു എടുത്തിട്ടുള്ളത്, ഇഞ്ചക്ഷൻ വൃക്കക്ക് നേരിട്ട് പരിക്കേൽപ്പിക്കുന്നതിനാൽ അല്പം സാവകാശം വേദന ശമിച്ചാൽ മതിയെന്ന് ഞാൻ കരുതി. ഈ കാര്യം നേഴ്സുമാർ രോഗിയോട് ചോദിക്കും ഇഞ്ചക്ഷൻ വേണൊ, ഗുളിക വേണോയെന്നു, സൈഡ് ഇഫക്റ്റ് അവർ വിവരിക്കാറില്ല. എന്റെ കുളി ഊഴമായി ഞാൻ കുളിച്ചു പഴയപോലെ തന്നെ കൈകളിൽ ശേഷിച്ചിരുന്ന കരിഞ്ഞ തൊലികൾ നീക്കം ചെയ്തു , തലേന്നാൾ തൊലി മാറ്റിയ ഇടങ്ങൾ മരുന്നിൽ കുളിച്ചിരുന്ന ഭാഗം വൃത്തിയാക്കിയപ്പോൾ കൂടുതൽ രക്തം വരാനും, നല്ല ചുവന്ന മാംസം ദൃശ്യമാകുകയും ചെയ്തു, എന്നാൽ വേദന അറിഞ്ഞില്ല, എന്നെ ബെഡ്ഡിലേക്ക് ആനയിക്കപ്പെട്ടു, അടുത്ത നേഴ്സും ,മെയിൽ നേഴ്സും അടുത്ത ബെഡ്ഡിലെ ബംഗാളിയെ ബാത്ത് റൂമിൽ കയറ്റി ഇവരെല്ലാം കുളിച്ച് വന്നാലെ ഡോക്റ്റർ റൌണ്ടിനു വരൂ, അതിനിടയിൽ ഒരോ രോഗിയുടെ നേഴ്സ്മാരും തൻറെ രോഗിയെ ഡ്രസ്സ് ചെയ്യിക്കാനും ഉടുപ്പിക്കാനുമുള്ള പൈജാമയും. ഷർട്ടും, മരുന്നുകളും എല്ലാ സജ്ജീകരിക്കും, ഡോക്റ്റർ വരുന്നതോടൊപ്പം, അവിടത്തെ ആശുപത്രി മാനേജർ, നേഴ്സ് സൂപ്പർ വൈസർ, ജൂനിയർ ഡോക്റ്റർ എല്ലാം കാണും അതിനാൽ നേഴ്സുമാരെല്ലാം വളരെ ജാഗ്രതയിലായിരിക്കും നേഴ്സിൻറെ പേരുകൾ രോഗിയുടെ ഡോക്ടറുടെ പേരുകളെല്ലാം രോഗിയെ പറഞ്ഞ് പഠിപ്പിക്കണം കാരണം മാനേജർ, നേഴ്സു സൂപ്പർവൈസർമാർ എല്ലാം രോഗിയോട് ചോദിക്കുക പതിവുണ്ട്, സത്യത്തിൽ എന്നോട് ഒരിക്കലേ ചോദിച്ചിട്ടുള്ളു, ഒരു പക്ഷെ, എൻറേ വാർഡിൽ ഡോക്റ്ററോട് നേരിട്ട് സംസാരിക്കുകയും, മാനേജറോടും, സൂപ്പർവൈസറോടൂം കാര്യങ്ങൾ എൻറെ രോഗത്തിൻറെ വിവരങ്ങൾ, ഞാൻ നേരത്തെ എടുത്തിരുന്ന മരുന്നിൻറെ വിവരങ്ങളെല്ലാം ഞാൻ അവരോട് വ്യക്തമാക്കിയതിനാലാകാം അങ്ങനെ സംഭവിച്ചതെന്ന് ഞാൻ അനുമാനിക്കുന്നു.
ഡോക്ടർ വരുന്നതിനു അല്പം മുൻപ് ഫിസിയോതെറാപ്പിസ്റ്റിനു മറ്റൊരു ഡോക്ടർ വരും, വിരലുകൾ കെട്ടിൽ നിന്നെല്ലാം ഫ്രീയായിരിക്കും കുളിച്ച് വരുമ്പോൾ, അല്പം കഴിയുമ്പോൾ ചർമ്മം വരളാൻ തുടങ്ങും ആ സമയത്താണു ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാത്ത വേദന നമ്മുക്ക് അനുഭവപ്പെടുക, സിസ്റ്ററോട് ചിലപ്പോൾ വേദന സംഹാരി ഇഞ്ചക്ഷൻ പത്തെണ്ണം തരാൻ പറയാൻ മടി തോന്നാത്ത നിമിഷങ്ങൾ, വേദനയാൽ പുളയുമ്പോഴും ഞാൻ ശബ്ദം വരാതെ ശ്രദ്ധിച്ചിരുന്നു, കാലുകൾ  കിടക്കയിൽ വേദനായാൽ പുളയുമ്പോൾ നാം അറിയാതെ ചെമ്മീൻ ആകൃതിയിൽ പുളയും, കണ്ണിൽ നിന്ന് ധാരയായ് ഒഴുകും, സിസ്റ്റർമാർ അതു കണ്ട് സമാധാനിപ്പിച്ചു കൊണ്ടിരിക്കും ഇപ്പോൾ ഡോക്ടർ വരുമെന്ന് അതിനിടയിലാണു ഫിസിയോ തെറാപ്പിസ്റ്റ് വരുന്നത്, ഈ വേദന കൊണ്ട് പുളയുന്ന രോഗിയോട് പറയും നിവരാത്ത വിരലുകൾ, കാൽ മുട്ടുകൾ, കൈമുട്ടുകൾ, പിന്നെ മുഖം, ചുണ്ടുകൾ, എല്ലാം തിരിച്ചും വളച്ചും ആയാസം വരുത്താൻ, സത്യത്തിൽ രോഗിക്ക് അത് അത്യന്താപേക്ഷിതമാണു കാരണം, നാം വിരലുകൾ അനക്കാതിരുന്നാൽ അവിടെ വന്ന് കൂടുന്ന തൊലികൾക്ക് ആയാസം ലഭിക്കാതെ വന്നാൽ അതു ഉറക്കുകയും പിന്നെ വിരലുകൾ അനങ്ങാതെ വരും,വിരലുകളുടെയും, മുട്ടിൻറേയും ഓരോ മടക്കുകളിൽ തൊലി ആയാസകരമായി വരണം അതിനാൽ പുതിയ തൊലി ആയാസപ്പെടുത്തി കൊണ്ടിരിക്കണം സംഗതി അത് ശരിയാണെങ്കിലും വേദനയിൽ പുളയുന്ന രോഗിക്ക് അപ്പോൾ കലി വരും, അവിടേയും നാം ക്ഷമാശീലം സ്വായത്തമാക്കിയേ തീരു, എൻറെ അരികിൽ വന്ന ഫിലിപ്പിനോ വിരലുകൾ മടക്കാനും കൈമുട്ടും കാൽ മുട്ടും  മടക്കനും പറഞ്ഞു, ഞാൻ വേദന സഹിച്ചുകൊണ്ട് തന്നെ പല വട്ടം മടക്കാൻ ഒരു പാഴ്ശ്രമം നടത്തി കണ്ണിൽ നിന്നു കുടുകുടാ വെള്ളം ഒഴുകുന്നത് കണ്ട അയാൾ പറഞ്ഞു ഇന്നു മൂന്നാം ദിവസമല്ലെ നാളെ മുതൽ കൂടെ കൂടെ ഇങ്ങനെ ചെയ്യുകയും, മുഖം എസ്കസർസൈസ് ചെയ്യുന്ന വിധം കാണിച്ചു തന്നു അടുത്ത ബെഡ്ഡിലേക്ക് നീങ്ങി, ഡോക്ടർ വരും വരെ വീണ്ടും വേദനയുടെ അഗാധങ്ങളിലേക്ക്., അല്പം കഴിഞ്ഞ് ഡോക്ടർ വന്നു,പോയ ഉടനെ പഴയ പോലെ വളരെ ശീതളമായ ക്രീമിനാൽ കൈകൾ വീണ്ടും ബന്ധിക്കപ്പെട്ടു അത്രയും നേരം അനുഭവിച്ച വേദനക്ക് സമാപ്തിയായപ്പോൾ ആ സുഖം വിവരണാതീതം തന്നെ, താനെ ഉറക്കത്തിലേക്കു വഴുതി വീണു. ബാക്കി സംഭവ ബഹുലമായ അനുഭവങ്ങൾ ഒരു ഇടവേളക്ക് ശേഷം പറയാം.

ഭാഗം ആറ്:....
  അന്ന് ഉച്ചയോടെ ഒരു മിസിറിയെ ഞങ്ങളുടെ മുറിയിലേക്ക് ആനയിക്കപ്പെട്ടു, ഇടത് തോളും, ഇടത് ഭാഗം നെഞ്ചും തിളച്ച വെള്ളം വീണു വളരെ ആഴത്തിൽ പൊള്ളിയിരിക്കുന്നു, വളരെ മാംസളമായ ശരീരമുള്ളയാളുടെ ഇടത് നെഞ്ചിൻറെ ഭാഗങ്ങൾ ശരിക്കും വെന്തിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. തുണിയിൽ പൊതിഞ്ഞ ആ ഭഗങ്ങളിലെ ചിലയിടം മാത്രം കണ്ട എനിക്ക് ഞെട്ടലുണ്ടായെങ്കിലും മിസിറി വലിയ വേദന അനുഭവിക്കുന്നതായി അന്ന് തോന്നിയില്ല. വൈകീട്ട് ആശുപത്രി നൽകുന്ന ഭക്ഷണം അയാൾ കഴിക്കാൻ വിസമ്മതിക്കുകയും നേഴ്സ്മാരോടും തട്ടി കയറുകയും ചെയ്തപ്പോൾ ഡോക്ടർ വന്ന് അയാളെ സമാധാനിപ്പിക്കുകയും ഭക്ഷണം കഴിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തിട്ടും അയാൾ അതിനു വഴങ്ങുന്നുണ്ടായില്ല. അവസാനം ഡോക്ടർ തന്നെ പണം കൊടുത്ത് പുറത്ത് നിന്നും ആഹാരം വാങ്ങി കൊടുത്തു. പൊള്ളലേറ്റവർക്ക് പ്രോട്ടിൻ കലർന്ന ആഹാരം ധാരാളം നൽകിയില്ലെങ്കിൽ മുറിവുകൾ ഉണങ്ങുകയില്ലെന്ന ഡോക്ടറുടെ ക്ലാസ് എനിക്ക് പുതിയൊരു അറിവായി. ഞാൻ അനുസരണയുള്ള കുട്ടിയെ പോലെ ആശുപത്രി നൽകിയ ഭക്ഷണം അരുചിയോടെ കഴിക്കാൻ നിർബ്ബന്ധിതനായി. അവർ നൽകുന്ന ഭൂരിഭാഗം ഭക്ഷണവും പുഴുങ്ങിയ നിലയിലായിരുന്നു. വിശപ്പ് സഹിക്കാൻ കഴിയാത്തതിനാൽ എല്ലാവരും കഴിച്ച് പോകും. ഇത്രയും ജാഗ്രതയോടെ എല്ലാം സൌജന്യമായി നൽകുന്ന ഈ സർക്കാരിനോട് ഒരിക്കലും വെറുപ്പ് തോന്നിയിരുന്നില്ല.
  അന്ന് വൈകുന്നേരത്തോടെ ഒരു ശ്രീലങ്കൾ അതിഥി കൂടി ഞങ്ങളുടെ മുറിയിൽ സ്ഥാനം പിടിച്ചു, അയാളുടെ കൈകാലുകൾ, മുഖം , മറ്റു ശരീരമാസകലം പൊള്ളിയിരുന്നു.
രാത്രിയായതിനാൽ കൂടുതൽ പരിചയപ്പെടലിനു മുതിരാതെ ഞാൻ നിദ്രയിലേക്ക് വഴുതി വീണു. രാവിലെ പതിവു പോലെ കുളിക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ തൊട്ടടുത്ത കട്ടിലിലിലെ മിസിറി വീണ്ടും നേഴ്സുമായി വാക്കേറ്റം, തലേന്ന് കെട്ടിയിരുന്ന ഡ്രസ്സിംഗ് അഴിക്കുമ്പോൾ വേദനിക്കുന്നതിനാലും, പ്രാതൽ ഇഷ്ടപ്പെടാത്തതിനാൽ പുറത്ത് പോയി കഴിക്കണമെന്ന പിടിവാശിയിലുമാണു. ആശുപത്രിയിലെ ഒരു രോഗി പുറത്ത് പോയി ഭക്ഷണം കഴിക്കണമെന്ന് പറയുന്നതേ നിയമ വിരുദ്ധമാണു അഥവാ രോഗി നേഴ്സുമാർ അറിയാതെ മുങ്ങിയാൽ ആ സമയത്തുള്ള ഡ്യൂട്ടി നേഴ്സ് സമാധാനം പറയുകയും, ഒരു പക്ഷേ അവരുടെ ജോലി പോലും പോകാൻ സാദ്ധ്യതയുണ്ടെന്നിരിക്കെ, നമ്മേ പോലെ ഈ കാര്യത്തിൽ പരിജ്ഞാനമില്ലാത്ത മിസിറി ബഹളം വെച്ചില്ലെങ്കിലെ അത്ഭുതമുള്ളു.  കൂടാതെ മിസിറിയുടെ അറബി ഭാഷാ പദങ്ങൾ ശരിക്കും വ്യക്തമാകാത്തതിനാൽ നേഴ്സ്മാർ ഇടക്കിടെ എന്നെ നോക്കി പറയുന്നത് കേൾക്കാം ഇവൻ എന്തുവാ ഈ പറയുന്നതെന്നു. മിസിറികളുടെ സംഭാഷണ ശൈലി ഭൂരിഭാഗവും എനിക്ക് മനസ്സിലാകുന്നതിനാൽ ഞാൻ തർജ്ജുമ ചെയ്ത് കൊടുത്തിരുന്നതിനാൽ പിന്നെ, മിസിറി എന്നോടായി അയാളുടെ ആവശ്യങ്ങൾ പറച്ചിൽ . പലപ്പോഴും ഞാൻ ക്ഷീണിതനായി കിടക്കുമ്പോഴും എന്നെ ഉണർത്തി പറയാൻ തുടങ്ങിയതോടെ തജ്ജുമ ചെയ്യൽ ഞാൻ നിർത്തി. എങ്കിലും ഭാക്ഷ അറിയാത്ത ശ്രീലങ്ക പയ്യൻ തമിഴ് വംശജനായതിനാൽ അയാൾക്ക് ഡോക്ടർമാരുമായി സംസാരിക്കാൻ നിർബന്ധിതനായി. അതിൻറെ സ്നേഹവും, ബഹുമാനവും അയാൾ എനിക്ക് തന്നിരുന്നു.
ദിവസവും, കുളി കഴിഞ്ഞാൽ ഒരു മണിക്കൂർ നേരം ഫിസിയോതെറാപ്പി ചെയ്യണം അതിനായി തെറാപ്പിസ്റ്റ് ദിവസവും മുറിയിൽ വന്ന് തെറാപ്പി മുറിയിലേക്ക് കൂട്ടി കൊണ്ട് പോകും, ഒന്ന് രണ്ട് ദിവസമേ എന്നെ കൂട്ടികൊണ്ട് പോകാൻ അവസരം നൽകിയുള്ളു, പതിവായി ഡ്രസ്സിംഗ് കഴിഞ്ഞാൽ ഞാൻ സ്വയം അവിടെക്ക് പോകുമായിരുന്നു. എന്നാൽ, ശ്രീലങ്കൻ പയ്യൻ പോകാത്തതിനാൽ തെറാപിസ്റ്റ് എന്നോട് പറയുമായിരുന്നു, ഞാൻ ചെല്ലുമ്പോൾ കൂട്ടി കൊണ്ട് ചെല്ലാൻ, എന്നാൽ, പല ദിവസങ്ങളിലും അയാൾ വരാൻ കൂട്ടാക്കിയില്ല. അതിനു കാരണവുമുണ്ട് കാലത്തെ കുളി കഴിഞ്ഞുള്ള വേദന സഹിക്കാതെ ഉച്ചത്തിൽ കരഞ്ഞിരുന്ന അയാൾക്ക് ഡ്രസ്സിംഗ് ചെയ്യുമ്പോൾ പുരട്ടുന്ന ക്രീമിൻറെ ശീതളിമയിൽ നന്നായി മയങ്ങി പോകുക പതിവായിരുന്നു.
   ദിനങ്ങൾ പൊഴിഞ്ഞ് കൊണ്ടിരുന്നു, എൻറെ വലത് കരത്തിലെ ഭൂരിഭാഗവും ഉണങ്ങി കഴിഞ്ഞിരുന്നതിനാൽ ഭാഗികമായി ആ കെട്ടുകൾക്ക് മോചനം നൽകി, മുഖത്തെ കരിഞ്ഞ തൊലികൾ പോയി , ഒരു കുഞ്ഞിൻറെ മാർദ്ദവമുള്ള തൊലി പ്രത്യക്ഷപ്പെട്ടു, ക്രീം ഉപയോഗം നിർത്തി എങ്കിലും വളരെ മാർദ്ദവമേറിയ തൊലിയായതിനാൽ തുണിയുപയോഗിച്ചൊന്നും തുടക്കാൻ അനുവദിച്ചിരുന്നില്ല, തന്നെയുമല്ല ഡിസ്ചാർജ്ജ് ആയാൽ തന്നെ ഒരു മാസക്കാലം സൂര്യ പ്രകാശം തട്ടാനും പാടില്ല എന്ന് കൂടി നിഷ്ക്കർഷ നൽകി. എന്നാൽ, ഇടത് കരം ആഴത്തിലുള്ള പൊള്ളലായതിനാൽ കെട്ടുകൾക്ക് മോചനം ലഭിക്കാത്തതോ പോകട്ടെ, ഫിസിയോ തെറാപ്പി കഴിഞ്ഞാൽ വീണ്ടും വിരലുകൾ അടക്കം പൊതിഞ്ഞിരുന്നു. അത് കുറച്ച് ദിവസം തുടർന്നു, അങ്ങനെ ഇരുപത്തി നാലു ദിനങ്ങൾക്ക് ശേഷം ഡോക്ടർ എനിക്ക് ആശുപത്രിയിൽ നിന്ന് വിടുതൽ നൽകുമ്പോഴേക്കും അവിടെയുള്ള ഇന്തോനേഷ്യ, ഫിലിപ്പിനോ, ഫലസ്തീനി, മഹാരാഷ്ടാ, കർണ്ണാടക, കേരളം, തമിഴ് നാട് എന്നിവിടങ്ങളിലെ നല്ല വരായ നേഴ്സുമാർ എൻറെ നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. കൂടാതെ പൊള്ളൽ ചികിത്സാ വിദഗ്ദ്ധൻ മിസിറി ഡോക്ടർ അടക്കം എല്ലാ സ്റ്റാഫുകളും എന്നോട് നല്ല സൌഹൃദം തന്നെ കാണിച്ചു, സത്യത്തിൽ അവിടം വിടുമ്പോൾ കഴിഞ്ഞ നാളുകളിൽ അനുഭവിച്ച വേദനയേക്കാൾ ഒരു വിങ്ങൽ തന്നെ അനുഭവപ്പെട്ടിരുന്നെങ്കിലും ആശുപത്രി വാസം വെടിയുമ്പോൾ ഉള്ള സന്തോഷവും ഉണ്ടായിരുന്നു.
ഇടത് കയ്യിൽ കെട്ട് നില നിൽക്കേ തന്നെ മുഖം സൂര്യ പ്രകാശം താട്ടാത്ത രൂപത്തിലുള്ള മുഖമറയുമായി പിന്നെ, എൻറെ വാസസ്ഥലത്തേക്ക്, അവിടേയും ഏകനായി ഇരുപത്തിനാലു ദിനങ്ങൾ,  ഒന്നിടവിട്ട ദിനങ്ങളിൽ ആശുപത്രിയിൽ പോയി ഇടത് കൈ ഡ്രസ്സിംഗിനു മാത്രം പുറം ലോകം കാണൽ, ഇടക്കിടെ വന്നെത്തുന്ന സുഹൃത്തുക്കൾ, ബന്ധുക്കൾ  എന്നിവരുടെ സാന്നിദ്ധ്യം, പിന്നെ, യുവ കൂട്ടായ്മയിലെ കൂട്ടുകാരുമായുള്ള ചർച്ചകൾ സം‍വാദങ്ങളെല്ലാം എൻറെ മുഷിപ്പിനെ അകറ്റി നിർത്തി, പിന്നെ, പ്രവാസം വിട്ടുള്ള ജന്മനാട്ടിലേക്കുള്ള യാത്രയിലും ഇടത് കരം പൂർണ്ണമായും ഭേദമാകാതെ തന്നെയായിരുന്നു. നാട്ടിലും ഏതാനും ദിവസങ്ങളിലെ ഡ്രസ്സിംഗ്ഗും, പിന്നെ, പ്രിയതമയുടെ സാമീപ്യവും നൽകിയ ആശ്വാസത്താൽ എല്ലാ മുറിവുകളും ഉണങ്ങുകയും, സാധരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു. യാതൊരു ബുദ്ധിമുട്ടുകളും വരുത്താതെ എന്നെ ഇത് വരെ എത്തിച്ച സർവ്വശക്തനു അകമഴിഞ്ഞ സ്തുതി അർപ്പിക്കുന്നതോടൊപ്പം, എൻറെ ശയ്യാവസ്ഥയിൽ എന്നെ നേരിലും ടെലിഫോൺ വഴിയും വന്ന് ആശ്വസിപ്പിക്കുകയും സഹായം നൽകുകയും ചെയ്ത എല്ലാവർക്കും നന്ദീ അർപ്പിക്കുകയും ചെയ്യുന്നു. യുവധാരയിലെ ബഹുമാന്യ അംഗമായ ശ്രീ. ശിഹാബുദ്ദീനെ ഞാൻ ഇത്തരുണത്തിൽ നന്ദി പൂർവ്വം സ്മരിക്കുന്നു, അദ്ദേഹം ഇടക്കിടെ ഫോനിൽ വിളിക്കുകയും, എന്നെ നേരിൽ വന്ന് കാണുകയും ചെയ്ത ആദ്യത്തെ യുവധാര അംഗവുമാണദ്ദേഹം. നന്ദി... നന്ദി.. , എന്നെ ആശുപത്രിയിൽ വളരെ സ്നേഹപൂർവ്വം പരിചരിച്ച എല്ലാ നേഴ്സിംഗ് സ്റ്റാഫിനും , ഡോക്ടർന്മാർക്കും നന്ദി അറിയിക്കുന്നു. ഞാൻ വീട്ടിലെത്തിയതിനു ശേഷം എൻറെ മുറിയിൽ കുടുംബവുമായി വന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും , സഹായ വാഗ്ദാനങ്ങൾ നലകാൻ സന്നദ്ധത കാണിച്ച എൻറെ പ്രിയ അനുജ സഹോദരൻ അബ്ദുൽക്കാദർ അറയ്ക്കലിനേയും ഞാൻ ഇത്തരുണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.





Abk Mandayi Kdr

Create your badge