Tuesday, January 17, 2012

മദ്യപാനം വരുത്തുന്ന വിനകൾ - ലേഖനം.

ഇന്ന് ലോകം മുഴുവനും മദ്യപാനികളുടെ പറുദീസയാണു, അല്പം മദ്യം അകത്താക്കാത്തവൻ എന്തിനു കൊള്ളാമെന്ന് വരെ ആയിട്ടുണ്ട് നമ്മുടെ സമൂഹത്തിൽ. പാശ്ചാത്യരിൽ ഭൂരിഭാഗവും മദ്യപിക്കുന്നവരാണു, അതിനെ പിൻ പറ്റുന്ന നമ്മളും അവരും തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ടെന്ന് ഭൂരിഭാഗം മദ്യപാനികളും മനസ്സിലാക്കിയിട്ടില്ലെന്നതാണു സത്യം. പാശ്ചാത്യരിൽ ഭൂരിഭാഗവും കഴിക്കുന്ന മദ്യത്തിൻറെ അളവ് വളരെ കുറവും, ഏറ്റവും വീര്യം കുറഞ്ഞതുമായ വൈൻ വർഗ്ഗത്തിൽ പെട്ട മദ്യമാണു, അതിൽ ആൾക്കൊഹോളിൻറെ അംശം തുലോം കുറഞ്ഞതിനാൽ കൂടുതൽ കിക്കുണ്ടാകുന്നില്ലെന്ന് മാത്രമല്ല, ആരോഗ്യത്തിനു കൂടുതൽ ഹാനികരമാകുന്നുമില്ല, തന്നെയുമല്ല അവർ മദ്യപിക്കുന്നത് പലപ്പോഴും ഒന്നോ രണ്ടോ പെഗ്ഗിൽ ഒതുങ്ങുമ്പോൾ, നമ്മൂടെ കേരളീയർ കഴിക്കുന്ന മദ്യത്തിൽ ഭൂരിഭാഗവും കൂടുതൽ അളവും, ഏറ്റവും അധികം ആൾക്കഹോൾ അടങ്ങിയിട്ടുള്ളതുമാണു, നമ്മുടെ നാട്ടിൽ വിദേശ മദ്യം എന്ന് പറഞ്ഞ് വിൽക്കുന്ന മദ്യത്തിൽ 70% ആൾക്കഹോൾ ആണടങ്ങിയിട്ടുള്ളത്, അതും പോരാഞ്ഞിട്ടു കൂടുതൽ കിക്ക് കിട്ടാൻ വേണ്ടി സിഗരറ്റിൻറെ പുകയില പോലും കലക്കി കഴിക്കുന്നവരെ കാണാം. കേരളീയ മദ്യപാനികൾക്ക് കിക്കാണു മുഖ്യം കൊടുക്കുന്ന പണത്തിനു കൂടുതൽ വീര്യം എന്നതാണവരുടെ നിലപാട്. 
    യുവാക്കൾ ഇന്നു കൂടുതൽ പേരും മദ്യപാനത്തിലേക്ക് കടന്ന് വരുന്നത് വിദ്യാഭ്യാസ കാലഘട്ടത്തിലാണു, ആദ്യമെല്ലാം ഒരു രസത്തിനായി തുടങ്ങുന്ന മദ്യപാനം, നാളുകൾ കഴിയുമ്പോൾ മദ്യത്തിൻറെ അളവുകൾ വർദ്ദിച്ച് സ്ഥിരം മദ്യപാനത്തിലേക്ക് കൂപ്പ് കുത്തുന്നു. മറ്റൊരു കൂട്ടർ പാർട്ടികളിൽ അല്പം സൊസൈറ്റി മൂല്യം കൂട്ടുകയെന്ന് ലക്ഷ്യത്തോടെ തുടങ്ങുന്ന മദ്യപാനം , പിന്നെ, ക്ലബ്ബുകളിൽ രാവുകൾ ഏറും വരെ തുടരുന്നു, ആ ശീലം വർദ്ദിച്ച് പിന്നെ, മദ്യം വീടുകളിലെത്തുകയായി, ഇനിയൊരു കൂട്ടർ എന്നും രാത്രികളിൽ വീട്ടിലിരുന്ന് അല്പം മദ്യം കഴിക്കുന്നവരാണു, ഇവർ തുടക്കത്തിൽ ഒന്നിലും, രണ്ടിലും അവസാനിപ്പിക്കുമ്പോൾ ഭാര്യമാർ അതിൽ വലിയ കുറ്റമാരോപിക്കുന്നില്ല, അവർ നട്ട്സും മറ്റു ഭക്ഷ്യ സാധനങ്ങളും മദ്യപാന മേശയിൽ എതിർപ്പില്ലാതെ എത്തിക്കുന്നു, നാളുകൾ കഴിയുമ്പോൾ ചിലപ്പോൾ അത് സുഹൃത്തുക്കളുമായി ആകുന്നു, അത് പിന്നീട് , വലുതായി കുടുംബം തന്നെ തകരുന്ന നിലയിലേക്ക് പോകുന്നുമുണ്ട്.
     പുരാതന കാലങ്ങളിൽ മദ്യപാനം (സുരപാനം) വളരെ നല്ലതായി കണക്കാക്കപ്പെട്ടിരുന്നു, പിന്നെ, ജൂത ക്രിസ്ത്യൻ മതങ്ങളിലും മസ്തുണ്ടാക്കുന്ന പാനീയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. അതിൻറെ പിന്തുടർച്ചയായി വന്ന അറബ് വംശജരിലും കടുത്ത മദ്യപാന ശീലരായിരുന്നു. മദ്യാസക്തി വർദ്ദിച്ച് രോഗാതുരനായി മരണക്കിടക്കയിൽ കിടക്കുമ്പോൾ മക്കളോടെ തൻറെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിങ്ങനെ “ താൻ മരണപ്പെട്ടാൽ തൻറെ മൃദശരീരം മറവു ചെയ്യുന്നിടത്ത് ഒരു മുന്തിരി വള്ളി നടണം അതിൻറെ വേരുകൾ ഇറങ്ങി വന്ന് തൻറെ ശരീരത്തിൽ പിണയുമ്പോൾ അതിൻറെ വീര്യം നുകരണമെന്ന് പോലും പറയപ്പെട്ടതായി” പുരാതന അറബി കവി പാടിയിട്ടുണ്ട്.
    എന്നാൽ, ഈ മദ്യപാന ശീലം അവസാനിപ്പിച്ച് കൊണ്ട് പ്രവാചകൻ (സ,അ) ഹിജ്റ വർഷം അഞ്ചിനു (എൻറെ ഓർമ്മ ശരിയാണെങ്കിൽ) മദ്യം നിരോധിച്ച് കൊണ്ട് പ്രഖ്യാപനം നടത്തി, അതോടെ കൊടും മദ്യപാനികളായിരുന്ന മുസ്ലീം സമൂഹം അറേബ്യയിൽ മദ്യപാനത്തിൽ നിന്ന് പിന്മാറിയെങ്കിലും, നിർഭാഗ്യകരമെന്ന് തന്നെ പറയട്ടെ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ മദ്യം കഴിക്കുന്നവർ അവരാണെന്ന് തന്നെ പറയാം.
      ഒരാളുടെ ശാരീരികാരോഗ്യത്തേയോ, തൃപ്തികരമായി ജോലി ചെയ്യാനുള്ള കഴിവിനേയോ സാമൂഹികബന്ധങ്ങളേയോ ഏതെങ്കിലും തരത്തിൽ മദ്യം ദോഷകരമായി ബാധിക്കുന്നുവെങ്കിൽ അയാളെ തീർച്ചയായും മദ്യപാനിയെന്ന് വിളിക്കാം. ലോകാരോഗ്യ സംഘടന നിർവ്വചിക്കുന്നതിങ്ങനെയാണു. ഒരു പ്രാവശ്യം മദ്യം കഴിച്ചാൽ അത് പോലുള്ള എന്തും മദ്യത്തിൻറെ ജാരണ പ്രക്രിയയിലെ ഉപോൽപ്പന്നമായ ത്വിക്ക് തലച്ചോറിൽ കയറി കൂടുന്നു, ഇതാണു ആജീവനാന്തം മദ്യപാനാസക്തരാക്കുന്ന മദ്യപാന രോഗം. അതിൻറേ മറ്റ് പ്രശ്നങ്ങൾ താഴെ പറയും പ്രകാരമാണു.
 1. തലച്ചോറിലെ സെറിബല്ലത്തെ ബാധിച്ച് സന്തുലനാവസ്ഥ നഷ്ടപ്പെടുകയും നടത്തം വേച്ച് പോകുകയും, മദ്യപൻ വീഴുകയും ചെയ്യുന്നു.

 2. തലച്ചോറിലെ ശ്വസന കേന്ദ്രത്തിലെ പ്രവർത്തനം തകരാറിലാക്കും.
 3. വിവേചന ശക്തി നഷ്ടപ്പെടുത്തുന്നു.
 4. സം വേദന ക്ഷമത കുറഞ്ഞ് വേദനയറിയാതെ അപകടങ്ങളിൽ പോയി ചാടുന്നു.
 5. പേശികളുടെ പ്രവർത്തനം താറുമാറാകുന്നു.
 6. ആമാശയത്തെ ബാധിച്ച് ഗാസ്റ്റ്രായിറ്റിസ് അലങ്കോലപ്പെടുന്നു.
 7. ആഗ്നേയ ഗ്രഹ്നിയെ തളർത്തുന്നു.
 8. ഹൃദയ പേശികൾ ദുർഭലമായി തീരുന്ന് നാഡികൾക്ക് ബലക്ഷയമുണ്ടാകുന്നു,
 9. വൃക്കകളുടെ പ്രവർത്തനം തകരാറിലായി ദേഹത്ത് നീർക്കെട്ട് വരുന്നു.
 10. കരൾ വീക്കം ഉണ്ടായി ശരീരത്തിൻറെ പ്രതിരോധ ശേഷി നക്ഷ്ടമാകുന്നു.
 11. ആത്മ ബലം കുറയുക, ഭയം, വിഷാദം, അപകർഷതാ ബോധം, ആത്മനിന്ദ എന്നിവയും സാമൂഹിക ഒറ്റപ്പെടൽ, അക്രമാസക്തി, നശീകരണ പ്രവണത, ലൈംഗിക ശേഷിക്കുറവ്, വന്ധ്യത എന്നിവയുണ്ടാകുന്നു.
 12. ആൾക്കഹോളീക്ക് ഡെമൻഷ്യ അഥവാ കാലകാലത്തേക്കും സ്ഥലകാല ബോധം, ഓർമ്മ ശക്തി എന്നിവ നഷ്ടമാകുന്നു.
 13.കോർസാച്ചോസ് സൈക്കൊസിസ് എന്ന രോഗം , ചിത്സയിൽ ഇരിക്കുമ്പോൾ മദ്യം കഴിക്കുമ്പോൾ ശരീരത്തിനു പല വിധ ദോഷങ്ങൾ ചെയ്യും. മദ്യത്തിൽ അടങ്ങിയിട്ടുള്ള ഈതൈൽ ആൾക്കഹോളും, ഔഷധങ്ങളും തമ്മിൽ പ്രതിപ്രവർത്തിക കൂടി ചെയ്താൽ കൂടുതൽ രോഗം മൂർച്ഛിക്കുകയും ജീവനു തന്നെ അപകടം വന്നേക്കാം.
     നമ്മുടെ കേരളത്തിലെ കാൻസർ രോഗികളുടെ കണക്ക് നോക്കിയാൽ 60% പുരുഷ കാൻസറിനു കാരണം മദ്യപാനവും, പുകയില ഉപയോഗവുമാണെന്ന് കാണാം. കരൾ വീക്കം വന്ന് മരിക്കുന്ന ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു.
 ഇത്രയൊക്കെ ബോധവത്ക്കരണം നടത്തിയിട്ടും, മദ്യ പാനം ജനങ്ങളിൽ വർദ്ധിച്ചു വരുന്നു, അതിനു പ്രധാനമായൊരു കാരണം പലരും തൻറെ ദുഃഖങ്ങൾ മറക്കാമെന്ന വ്യാമോഹത്തോടെ മദ്യപാനം ശീലമാക്കുന്നു, എന്നാൽ, അവരറിയാതെ മദ്യത്തിൻറെ കരാള ഹസ്തത്തിലേക്ക് ചെന്നെത്തിപ്പെടുകയാണെന്ന് മനസ്സിലാക്കാതെ പോയതാണു.
   ഇതിനു അല്പമെങ്കിലും പരിഹാരം കാണാൻ നമ്മുടെ ഒരു സർക്കാരും മുൻ കയ്യെടുക്കുന്നില്ലെന്നതാണു ദാരുണമായ സത്യം. മദ്യത്തിൻറെ ടാക്സുകൾ വർദ്ദിപ്പിച്ച് മദ്യപാനത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാമോയെന്ന് ഒരു ശ്രമം നടത്താവുന്നതാണു, അധികമായി ലഭിക്കുന്ന നികുതി പണം ഉപയോഗിച്ച് മദ്യാസക്തരായവരെ മദ്യവിമുക്തമാക്കാനുള്ള ഒരു കേന്ദ്രം തുടങ്ങാവുന്നതേയുള്ളു. മദ്യപരിൽ നിന്ന് വാങ്ങുന്ന അധിക പണം അങ്ങനെ അവർക്ക് തന്നെ ചെലവഴിച്ച് മാതൃക കാട്ടാവുന്നതേയുള്ളു. ബാറുകളിൽ അമിതമായി മദ്യപിക്കുന്നവർക്ക് മദ്യം അധികമായി നൽകരുതെന്ന് നിയമം കൊണ്ട് വരാം, ബീവറേജസിൽ നിന്ന് മദ്യം വിൽക്കുമ്പോൾ ഒരാൾക്ക് ഒരു കുപ്പിയിൽ അധികം നൽകാതിരിക്കുക. ഇത്തരം നിയമങ്ങൾ നടപ്പാക്കിയാൽ ഒരു പരിധി വരെ മദ്യപാനം നിയന്ത്രിക്കാമെന്നാണു ഞാൻ അനുമാനിക്കുന്നത്.


<a href='http://www.cyberjalakam.com/aggr/refresh_feed.php?bid=6635' target='_blank'><img border='0' alt='?????' src='http://www.cyberjalakam.com/aggr/jalakam.png' /></a>

Abk Mandayi Kdr

Create your badge

No comments: