Saturday, February 11, 2012

മരണമൊന്ന് വന്നെങ്കിൽ !!!!!!!!! - അനുഭവങ്ങളിലൂടെ

കുറേ കാലങ്ങൾക്ക് ശേഷമാണു ഞാൻ ഇന്നലെ ഒരു കാൻസർ രോഗിയെ കാണുന്നത്, പല കാൻസർ രോഗികളെ ഞാൻ കാണാറുണ്ടെങ്കിലും അവരുടെ വേദനകൾ പലപ്പോഴും ആഴങ്ങളിലേക്കിറങ്ങി ചെന്ന് കാണാറില്ല, തന്നെയുമല്ല ഇത്തരം രോഗികൾക്ക് കുറേ കാലങ്ങളായി ഡോക്ടർന്മാർ നല്ല പോലെ വേദന സംഹാരികൾ നൽകാറുണ്ടെന്നതാണു സത്യം. ജീവനിൽ പ്രതീക്ഷകളില്ലെങ്കിലും  വേദന അധികമില്ലാത്തതിനാൽ അവർ  നമ്മോട് പലപ്പോഴും പുഞ്ചിരിച്ച് കൊണ്ട് സംസാരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഒന്ന് രണ്ട് സം‍വത്സരങ്ങളായി കാണുന്ന കാൻസർ രോഗികൾ ഒരു സുപ്രഭാതത്തിൽ കാലയവനികയിൽ മറയുന്ന കാഴ്ചയാണു കാണുന്നതും, ആ വിരഹം ഒന്നോ രണ്ടോ ദിനങ്ങളിലൊതുങ്ങുന്നതുമാണു അനുഭവം. എന്നാൽ, മൂന്ന് പതിറ്റാണ്ട് മുൻപ് ഞാൻ കണ്ട ഒരു കാൻസർ രോഗിയെ കുറിച്ച് ഇന്നലെ എന്ത് കൊണ്ടോ ഞാൻ കണ്ട കാൻസർ രോഗിയെ കണ്ടപ്പോൾ മനസ്സിൽ തികട്ടി വന്നു. അതും യുവത്വത്തിലേക്ക് കാലുകുത്തിയ ഒരാളുടേതാകുമ്പോൾ കൂടുതൽ മനോവിഷമത്തിനു ഹേതുവാകുമല്ലോ!!!...
    ഞാൻ പഠനകാലം കഴിഞ്ഞ് ട്രൈനിംങ്ങിനായി ഒരുങ്ങുന്ന കാലം, എൻറെ ഒരു സുഹൃത്ത് , ( അദ്ദേഹവും കാൻസർ ബാധിച്ച് 2010 ല് മരണമടഞ്ഞിരുന്നു) ഞങ്ങൾ ഒരു യാത്രാമധ്യേ, അവൻറെ സുഹൃത്തായ ആനന്ദ് ആശുപത്രിയിൽ പനി ബാധിതനായി കിടക്കുന്നെന്ന് പറഞ്ഞതിനാലാണു  ആസുപ്രത്രിയിൽ കയറിയത് . സുഹൃദ് സംഭാഷണത്തിനിടയിൽ ഞാനും ആനന്ദുമായി സൌഹൃദമായി, ആനന്ദ് പറഞ്ഞു, ഇടക്കിടെ പനി വരുന്നു, അതു കൊണ്ട് ഒരു ചെക്കപ്പിനായാണു ആശുപത്രിയിൽ ചേർന്നതെന്നും, സാമ്പത്തികമായി പിന്നോക്കമായതിനാൽ ഉയർന്ന് വിദ്യാഭ്യാസത്തിനു പോകാൻ കഴിയാതെ, ഇപ്പോൽ വീട്ടിലിരിപ്പാണെന്നും, ജോലിക്കായി ശ്രമിക്കുന്നെന്നുമെല്ലാം പറഞ്ഞു.
     ഞാനും വിദ്യാഭ്യാസം കഴിഞ്ഞു വറുതിയുടെ കാലമായതിനാൽ ആനന്ദിനെ സാമ്പത്തികമായി സഹായിക്കാൻ ത്രാണിയില്ലെങ്കിലും ഞങ്ങൾ ഇടക്കിടെ പരസ്പരം കാണുമായിരുന്നു, മറ്റേ സുഹൃത്തിനെ പോലെ തന്നെ ഞങ്ങളും സൌഹൃദം പങ്കിടുവാൻ തുടങ്ങി. മാസത്തിലൊരിക്കലോ മറ്റോ എൻറെ സമയമനുസരിച്ച് പരിചയം പുതുക്കാനും മറന്നില്ല.
      ആയിടക്ക് ഞാൻ ഒരിടത്ത് ട്രൈനിയായി ജോലി തുടങ്ങിയതിനാൽ പിന്നീട്, മൂന്ന് നാലു മാസത്തേക്ക് കാണുവാൻ കഴിഞ്ഞില്ല. അന്ന് ഇന്നത്തെ പോലെ ആശയവിനിമയത്തിനായി ലാൻറ് ഫോണുകൾ പോലും ഞങ്ങൾക്കില്ലാത്ത കാലം. ഞാൻ ഒരു ദിവസം ആദ്യസുഹൃത്തുമായി കാണുകയും ആനന്ദിനു സുഖമില്ലാതെ വീട്ടിൽ കിടപ്പിലാണെന്നും പറഞ്ഞു ഞങ്ങൾ ആനന്ദിൻറെ വീട്ടിൽ പോയി, ഞങ്ങളെ കണ്ട ഉടനെ കട്ടിലിൽ നിന്ന് തലയിണയിലേക്ക് അല്പം ചാരി വിളറിയ മുഖവുമായി ഇരിക്കുന്ന ആനന്ദ് വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കൊണ്ട് ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
     ഞങ്ങൾ സൌഹൃദമായതിനു ശേഷം ഞങ്ങളെ പലപ്പോഴും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചിരുന്ന ആനന്ദിനെയല്ല അന്ന് കണ്ടത്. അവൻ വല്ലാതെ ക്ഷീണിതനാണു. കാരണം തിരക്കിയപ്പോൾ, മുൻപ് ആശുപത്രിയിൽ കിടന്നപ്പോൾ പല ടെസ്റ്റുകളും ചെയ്ത കൂട്ടത്തിൻറേ തൻറെ അസുഖം ആമാശയ കാൻസർ ആണെന്ന് ഡോക്ടർന്മാർ വിധിയെഴുതിയിരുന്നുവത്രേ.... ! ഞങ്ങൾ അന്ന് യാത്ര പറഞ്ഞ് മടങ്ങുമ്പോൾ എല്ലാം ഭേദമാകുമെന്ന് പറഞ്ഞാണു ഇറങ്ങിയത്.
 പിന്നീട് ഞാൻ , ആനന്ദിനെ കാണുന്നത് ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണു. അന്ന് ഞാൻ മുംബൈയിലേക്ക് പോകുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു യാത്ര ചോദിക്കൽ കൂടിയാകാമെന്ന് കരുതിയാണു അവൻറെ വീട്ടിലെത്തിയത്, വരാന്തയിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവൻറെ അമ്മ , എന്നെ കണ്ടപ്പോൾ കണ്ണിൽ അശ്രുക്കൾ പൊടിഞ്ഞു , വേദനയോടെ ആ അമ്മ പറഞ്ഞു, ആനന്ദിൻറെ മുറിയിലേക്ക് കയറേണ്ട അവനെ കാണണമെങ്കിൽ തൊട്ടടുത്ത ജനലിലൂടെ കാണുക. ഞാൻ ചോദ്യരൂപേണ ആ അമ്മയുടെ മുഖത്തേക്ക് നോക്കി, വിങ്ങികൊണ്ടവർ പറഞ്ഞു, ആ മുറിയാകെ അഴുകിയ രൂക്ഷഗന്ധമുണ്ട് മക്കൾക്കത് സഹിക്കാൻ പറ്റില്ല. അത് കൊണ്ടാണു കടക്കരുതെന്ന് പറഞ്ഞത്. അത് കാര്യമാക്കതെ ഞാൻ ആനന്ദിൻറെ മുറിയിലേക്ക് കടന്നു, അമ്മ പറഞ്ഞത് അത്രയും സത്യം തന്നെയായിരുന്നു. ആനന്ദ് തീരെ അവശനാണു, കണ്ണുകൾ പൂട്ടിയടച്ചിരിക്കുന്നു, വല്ലാതെ അവൻ വേദന അനുഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി, അല്പസമയം ഞാൻ അവനരുകിലേക്ക് നീങ്ങി നിന്ന് നെറ്റിയിൽ തലോടി, വയറിൻറെ ഭാഗത്ത് നിന്ന് പഴുപ്പ് വല്ലാതെ ചാടുന്നു രൂക്ഷഗന്ധവുമുണ്ട്, ഈ ഗന്ധം നിമിത്തം പലരും മുറിയിലേക്ക് അടുക്കുന്നുമില്ല. അവൻറെ അമ്മ മാത്രമാണു അവനെ പരിചരിക്കുന്നത്.
     ഒരു അമ്മയുടെ വാത്സല്യം എത്ര വലുതാണെന്ന് ഞാൻ കൂടുതൽ അറിഞ്ഞത് അവരുടെ പ്രവർത്തിയിലൂടെയാണു. അവരുടെ ഹൃദയം നുറുങ്ങിയായിരിക്കാം എന്നോടവർ സ്വന്തം മകൻറെ മുറിയിൽ കയറരുതെന്ന് വിലക്കിയത്. ആനന്ദിൻറെ വിളറിയ മുഖം എന്നും എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. മുബൈയിലേക്ക് പോകുന്നന്ന വിവരം പറയാതെയാണു ഞാൻ അവിടെ നിന്നിറങ്ങിയത്. അന്ന് ഞാൻ ദൈവത്തോട് അകമഴിഞ്ഞ് പ്രാർത്ഥിച്ചു ആനന്ദിനെ ഈ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്ന്, അത് കേട്ടതിനാലാണാവോ, രണ്ടാം ദിനം എൻറെ സുഹൃത്തെ എന്നെ വിളിച്ചുണർത്തിയത് അവൻറെ മരണവാർത്തയുമായാണു. സത്യത്തിൽ ഞാൻ ആദ്യമായി ഒരാൾ മരിച്ചതിൽ സന്തോഷിച്ചത് അന്നാദ്യമായിരുന്നു. (പിന്നീട് പലപ്പോഴും ഉണ്ടായിട്ടുണ്ട്) . ആനന്ദ് വേദനകളില്ലാത്ത ഒരു ലോകത്ത് എത്തിയതിൽ അവൻറെ അമ്മയും മനസ്സാ സന്തോഷിച്ചിരിക്കാം...
     ആ സംഭവം നടന്നിട്ട് മുപ്പത് വർഷം തികഞ്ഞിരിക്കുന്നു, ആ സന്ദർഭത്തിലാണു ഇന്നലെ ഞാൻ വേദന തിന്നുന്ന മറ്റൊരു കാൻസർ രോഗിയെ അടുത്തറിയുന്നത്. എങ്കിലും, മുപ്പത് കൊല്ലം മുൻപ് ആനന്ദ് അനുഭവിച്ച വേദന ഇയാൾക്കുണ്ടോയെന്നറിയില്ലെങ്കിലും എന്നെ വല്ലാതെ അത് നൊമ്പരപ്പെടുത്തി.
    അന്നും, ഇന്നും എൻറേ പ്രാർത്ഥനകൾ ഇത്തരം വേദനകൾ തിന്നുന്നവരെ അധികം ജീവൻ നീട്ടി വെക്കാതെ അങ്ങ് വിളിക്കണമേയെന്നാണു. എന്നാൽ, എന്നെ പോലുള്ളവർക്ക് ചിന്തിക്കാൻ ഏറെ അവസരം നൽകാനായിരിക്കാം ദൈവം അവർക്ക് ജീവനു ദൈർഘ്യം നൽകുന്നത്.








Abk Mandayi Kdr

Create your badge