Thursday, February 2, 2012

പുലരുന്നത് വെള്ളി - ചെറുകഥ

പള്ളിയിലേക്ക് അസർ നമസ്ക്കാരത്തിനായി വിശ്വാസികൾ കൂട്ടമായെത്തുന്നു. അങ്ങകലെ നിന്നും ഒരു പറ്റം കുട്ടികളുടെ അകമ്പടിയോടെയാണു ആരോഗ്യദൃഢഗാത്രനായ ഒരു മനുഷ്യൻ പള്ളി മുറ്റത്തേക്ക് കടന്ന് വന്നത്, സകലരുടേയും ശ്രദ്ധയാകാർഷിച്ചു. വേഷം ഒറ്റ മുണ്ടും, ഫുൾകൈ ഷർട്ടും, തൻറേതല്ലെന്ന് വിളിച്ചറിയിക്കുന്ന ഓവർ കോട്ടും, തലയിൽ പച്ചകമ്പിളിയാൽ ചുറ്റിക്കെട്ടിയ വികൃതമായ കോലവും, മൈലാഞ്ചിയാൽ ചുവപ്പിച്ച വട്ട താടിയും എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു.
      പള്ളിയിൽ നിന്നുയർന്ന ഇക്കാമത്ത് വിളിയുടെ ശബ്ദം കേട്ട എല്ലാ വിശ്വാസികളും നമസ്ക്കാരത്തിനായി നിരന്നു നിന്നു, എന്നാൽ, പുതുതായി വന്ന വട്ടതാടിക്കാരനെ നമസ്ക്കാരത്തിനായി കണ്ടില്ല.
നമസ്ക്കാരം കഴിഞ്ഞിറങ്ങിയ ആളുകൾ കണ്ടത് അങ്ങ് ഖബർസ്ഥാനിൽ ഒരു കശുമാവിൻ ചുവട്ടിൽ മരത്തെ ചാരിയിരിക്കുന്ന അദ്ദേഹത്തെയാണു, വിദൂരതയിലേക്ക് ദൃഷ്ടി പായിച്ച് കൈവിരലുകൾ കൊണ്ട് മുദ്രകാണിക്കുന്നത് കണ്ട ചില കാഴ്ചക്കാർ പറഞ്ഞു. “അയാൾക്ക് തികഞ്ഞ വട്ടാണെന്ന്”
 മറ്റൊരാൾ പറഞ്ഞ് “ അസ്തഹ്ഫിറുള്ളാഹ് , അങ്ങനെ പറയരുത് മക്കളെ.... അദ്ദേഹമൊരു ഔലിയ അല്ലെന്ന് ആർക്കറിയാം”.
  “ ദൂരെ നിന്ന ഒരു ചെറുപ്പക്കാരൻ ആത്മഗതം ചെയ്തു തെല്ലുറക്കെ തന്നെ  “ ഉലക്ക  ... ഔലിയ ആണെത്രേ!!! നിങ്ങൾക്കീ വിശ്വാസം മാറ്റാനായില്ലേ അഹമ്മദ് കുട്ടിക്കാ?”
 “ എടാ മോനെ നിൻറെയൊക്കെ തലയിൽ ഇപ്പോ ചിലതൊക്കെ കയറി കൂടിയിരിക്കയല്ലേ, പിന്നെ , എങ്ങനെ നേരേയാകും, അഹമ്മദ് കുട്ടിക്കയും വിട്ടില്ല. കൂട്ടത്തിലൊരാൾ  ഇടപ്പെട്ടുകൊണ്ട് പറഞ്ഞു, നിങ്ങളുടെ തർക്കം പള്ളിമുറ്റത്ത് വേണ്ട, അങ്ങോരു ആരുമാകട്ടെ.. നമ്മുക്ക് നമ്മുടെ വഴി.. അയാൾക്ക് അയാളുടെ വഴി, അതോടെ അവരുടെ തർക്കത്തിനു ശമനമായി. എല്ലാവരും പിരിഞ്ഞ് പോകുകയും ചെയ്തു. എന്നാൽ, അഹമ്മദ് കുട്ടി മാത്രം അവിടെ ചുറ്റിപറ്റി നിന്നു. ഒടുവിൽ എല്ലാവരും പോയി കഴിഞ്ഞപ്പോൾ ആ മനുഷ്യൻറേ അടുത്തേക്ക് മെല്ലെ നടന്നു.
      പിറ്റേദിവസം രാവിലെ അഹമ്മദ് കുട്ടി പ്രദേശത്തെ പ്രധാന വ്യക്തിയും, പൌരപ്രധാനിയുമായ കോയാക്കുട്ടി സാഹിബ്ബിനേയും കൂട്ടിയാണു പള്ളി മുറ്റത്തെത്തിയത്. ഇവരെ പ്രതീക്ഷിച്ചിരുന്ന പോലെ ദിവ്യനെന്ന് വിളിക്കപ്പെട്ട മനുഷ്യനും പള്ളിമുറ്റത്തുണ്ടായിരുന്നു.  
   കോയാക്കുട്ടി സാഹിബ്ബ് സലാം പറഞ്ഞു കൊണ്ട് ദിവ്യൻറെ കൈക്ക് പിടിച്ച് കുലുക്കി, ഹോ ..എന്ത് മാർദ്ദവമേറിയ കൈ കോയക്കുട്ടി സാഹിബ്ബ് ആത്മഗതം ചെയ്തു തന്നെയുമല്ല മുഖത്തിനും എന്തൊരു കാന്തി.
     അവർ തമ്മിൽ വിശദമായി സംസാരിച്ചു, കോയക്കുട്ടി സാഹിബ്ബ് അഹമ്മത് കുട്ടിയോട് പറഞ്ഞു “ അഹമ്മദ് കുട്ടി പറഞ്ഞെതെത്ര ശരിയാണു , അദ്ദേഹം ഔലിയ തന്നെ , അദ്ദേഹം പറഞ്ഞത് കേട്ടില്ലേ, ഇന്ന് ളുഹർ നമസ്ക്കാരം മക്കത്തെ പള്ളിയിൽ നടത്തി ദുആ ചെയ്തപ്പോൾ ഒരു സ്വപ്നം പോലെ ഒരു അറിയിപ്പ് എനിക്ക് കിട്ടി, ഉടനെ ഈ മസ്ജിദ് അബൂബക്കറിൽ എത്തി ചേരണമെന്നും, എന്നെ പ്രതീക്ഷിച്ച് ധാരാളം രോഗികൾ ഇവിടെ നിൽക്കുന്നെന്നും.” അൽഹംദുലില്ലാഹ് , പിന്നെ, സമയം പഴാക്കിയില്ല നേരെ ഇങ്ങോട്ട് തിരിച്ചു. ഇവിടെ വന്നപ്പോൾ കുറച്ച് പേർ നമസ്ക്കാരത്തിനുണ്ടായിരുന്നു, ആരും എന്നെ ശ്രദ്ധിച്ചില്ല, ഞാൻ ഖബർസ്ഥാനിൽ പോയിരുന്നപ്പോൾ ഈ മനുഷ്യൻ ദിവ്യൻ അഹമ്മദ് കുട്ടിയെ ചൂണ്ടിക്കൊണ്ട് വന്ന് വിവരങ്ങൾ തിരക്കി.
    അൽഹംദുലില്ലാഹ്, അതെത്ര നന്നായി ഇല്ലായിരുന്നെങ്കിൽ പുത്തൻ കൂറ്റുകാർ അങ്ങയെ ഓടിച്ച് കളയുമായിരുന്നു, കോയാക്കുട്ടി സാഹിബ്ബ് മൊഴിഞ്ഞു.
    അങ്ങനെയൊന്നും ഓടി പോകുന്നവനല്ല ഈ ഫഹർ മുസ്ല്യാർ, കോയാക്കുട്ടി സാഹിബ്ബിനെ തറപ്പിച്ച് നോക്കിക്കൊണ്ട് ദിവ്യൻ ചോദിച്ചു.” അല്ലാ... നിങ്ങൾക്ക് കാര്യമായി എന്തോ രോഗമുണ്ടല്ലേ?
   ഉണ്ട് മുസ്ല്യാരെ... കോയക്കുട്ടി സാഹിബ്ബ് പറഞ്ഞു.”
ഹും... ഒന്നിരുത്തി മൂളി കൊണ്ട് ദിവ്യൻ മൊഴിഞ്ഞു, “ നമ്മുക്കത് മാറ്റിയെടുക്കാം, വയറിനല്ലേ അസുഖം? എന്താ അങ്ങനെ തന്നെയല്ലേ?
  “ അതെ” കോയക്കുട്ടി സാഹിബ്ബ്..
നമ്മുക്ക് ഒന്ന് വിശദമായി പരിശോധിക്കണം , അതിനു പറ്റിയ ഒരിടം കണ്ടെത്തണം, ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഒരു രൂപം കിട്ടിയിട്ടുണ്ട്.
“ സിഹിർ“ ........... ആദ്യ ഭാര്യയുടെ വീട്ടുകാർ ചെയ്ത മാരണങ്ങളാണു നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് ദിവ്യൻ സംശയലേശമന്യേ തറപ്പിച്ചു പറഞ്ഞു.
    കോയക്കുട്ടി സാഹിബ്ബ് സ്തബ്ദനായി പോയി, ഇദ്ദേഹം ആരാണു!!!! വർഷങ്ങൾക്ക് മുൻപ് താൻ ഉപേക്ഷിച്ച ഭാര്യയേയും, അവളുടെ വീട്ടുകാരേയും കുറിച്ച് ഇത്ര വ്യക്തവും, സൂക്ഷ്മമായും അറിയണമെങ്കിൽ ഇദ്ദേഹം ചില്ലറക്കാരനായിരിക്കില്ല. കോയക്കുട്ടി സാഹിബ്ബ് നെടുവീർപ്പോടെ ചിന്തിച്ചു.
     കോയക്കുട്ടി സാഹിബ്ബ് അറിയുന്നുണ്ടോ, ദിവ്യൻ പറഞ്ഞ കാര്യങ്ങളെല്ലാം അഹമ്മദ് കുട്ടിയിൽ നിന്ന് ചോർത്തിയതാണെന്ന്.
   അങ്ങനെ കോയക്കുട്ടി സാഹിബ്ബും, ദിവ്യനും തമ്മിലുള്ള ബന്ധം സുദൃഢമായി, കോയക്കുട്ടി സാഹിബ്ബിൻറെ മനോഹരമായ മണിസൌധത്തിൽ  ദിവ്യൻ താമസവും തുടങ്ങി. ദിവസങ്ങൾ , ദിവ്യൻറെ ദിവ്യത്ത്വത്തിൽ പ്രദേശവാസികളും വിശ്വസിച്ച് തുടങ്ങി, എല്ലാ രോഗങ്ങൾക്കും മന്ത്രിച്ചൂതിയ വെള്ളവും, അരി മഷിയിൽ അറബി ലിപികളാൽ എഴുതിയ വെള്ള പിഞ്ഞാണങ്ങളും, തുണികളിൽ പൊതിഞ്ഞ് കൊണ്ട് പോകുന്ന സ്ത്രീകളാലും കോയക്കുട്ടി സാഹിബ്ബിൻറെ മന്ദിരത്തിൽ ഒരു സ്ഥിരം കാഴ്ചയായതോടെ , ദിവ്യനായ ഫഹർ മുസ്ല്യാരുടെ തുകൽ പെട്ടിയിൽ സ്വർണ്ണാഭരണങ്ങളാലും, നോട്ടുകൾക്കൊണ്ടും നിറഞ്ഞത് നാട്ടുകാരാരും അറിഞ്ഞില്ല.
    സ്ത്രീകളുടെ അടുത്ത് വേണ്ടെത്ര പ്രചാരണങ്ങൾ എത്തിക്കാൻ അഹമ്മദ് കുട്ടിയുടെ ഭാര്യ സുഹറയുടെ സഹായങ്ങൾ കൂടിയായതോടെ കച്ചവടം പൊടി പൊടിച്ചു, നക്കാപിച്ചകൾ നൽകി അഹമ്മദ് കുട്ടിയും ദിവ്യൻറെ ചെയ്തികൾക്ക് കൂട്ട് നിന്നു.
   അന്ന് രാത്രി ദിവ്യനും, കോയക്കുട്ടി സാഹിബ്ബും ചേർന്ന് അടച്ചിട്ട മുറിയിൽ രഹസ്യ സംഭാഷണത്തിലേർപ്പെട്ടു. പണത്തിനോട് ആർത്തിയുള്ള കോയക്കുട്ടി സാഹിബ്ബിൻറെ മനസ്സ് തൊട്ടറിഞ്ഞ ദിവ്യൻ പണം വേണ്ടുവോളമുണ്ടാക്കാനുള്ള വിദ്യ കോയക്കുട്ടി സാഹിബ്ബിനു പഠിപ്പിച്ച് കൊടുക്കാമെന്നുണർത്തി. ഇത് കേട്ട് കോയക്കുട്ടി സാഹിബ്ബിൻറെ മനം കുളിർത്തു, ശരീരം ഉത്ക്കണ്ഠയാൽ  വിറ പൂണ്ടു. എന്ത് വിദ്യയാണു ദിവ്യൻ തന്നെ പഠിപ്പിക്കാൻ പോകുന്നതെന്ന് ആകാംഷയോടെ നിമിഷങ്ങൾ തള്ളി നീക്കി. അപ്പോഴാണു ദിവ്യൻറെ ചോദ്യമുയർന്നത്... ഇന്നെന്താഴ്ചയാണു?...
    വളരെ ഭവ്യതയോടെ കോയക്കുട്ടി സാഹിബ്ബ് മറുപടി പറഞ്ഞു, “ ഇന്ന് ചൊവ്വാഴ്ച”
   ദിവ്യൻ അല്പം ആലോചനയിൽ മുഴുകി, അല്പം നിമിഷം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു.
  “ ചൊവ്വാഴ്ച നല്ല ദിവസമല്ല, വ്യാഴാഴ്ചയാകട്ടെ, വെള്ളിയാഴ്ച രാവ് നല്ല ദിവസമാണു. തുടർന്ന് ദിവ്യൻ കോയക്കുട്ടി സാഹിബ്ബിനോട് പറഞ്ഞു.” ഈ രഹസ്യം ഒരു കാരണ വശാലും ആരും അറിയരുത്, അറിയിച്ചാൽ നിങ്ങൾക്കത് ദോഷമാണു. ഇരുമ്പു കഷണങ്ങളും, പാറക്കല്ലുകളേയും വെള്ളിയാക്കുന്ന വിദ്യയാണു ഞാൻ പഠിപ്പിക്കുന്നത്, അത് കൊണ്ട് വലിയ വാർപ്പുകൾ ഒരു മുറിയിൽ വെച്ച് നിറയെ വെള്ളം ഒഴിച്ച് വെക്കണം, സഹായത്തിനു അഹമ്മദ് കുട്ടിയും, ഭാര്യ സുഹറയും മാത്രമേ പാടൊള്ളു. രണ്ട് ദിവസത്തിനുള്ളിൽ വേണ്ട പാറക്കല്ലുകളും, ഇരുമ്പ് കഷണങ്ങളും മുറിയിൽ എത്തിച്ചിരിക്കണം, ദിവ്യൻ ഓർമ്മിപ്പിച്ചു.
   വ്യാഴാഴ്ച സന്ധ്യക്ക് ശേഷം താഴത്തെ മുറിയിൽ മൌലീദ് പാരായണവും, തുടർന്ന് റാത്തീബും നടത്തണം അതിനുള്ള ഏർപ്പാടുകൾ ഉടനെ ചെയ്യണം വിശ്വാസികളല്ലാത്ത ആരേയും ആ മുറിയിൽ കയറ്റരുത്, മറിച്ച് സംഭവിച്ചാൽ നമ്മുടെ പ്രവർത്തനങ്ങൾക്ക് ദോഷമുണ്ടാകും.
വ്യാഴാഴ്ച രാവിലെ തന്നെ മരുന്നിനും, മറ്റുമായി ദിവ്യൻ ആവശ്യപ്പെട്ട അഞ്ച് ലക്ഷം രൂപ തികഞ്ഞ സംതൃപ്തിയോടെ കോയക്കുട്ടി സാഹിബ്ബ് ദിവനെ ഏൽപ്പിച്ചു.
   വ്യാഴാഴ്ച ഉച്ചയായി, തകൃതിയായി പണികൾ നടക്കുന്നു, സന്ധ്യക്ക് മുൻപായി എല്ലാം ഒരുക്കി കഴിഞ്ഞു മഗ് രിബ് നമസ്ക്കാരത്തിനു ശേഷം, ദർസ്സ് കുട്ടികളും, ഉസ്താദുന്മാരും എത്തി, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ചില നാട്ടുകാരും എത്തി ചേർന്നു, തുടർന്ന് മൌലീദ് പാരായണവും തുടങ്ങി.
   ദിവ്യനും, കോയക്കുട്ടി സാഹിബ്ബും, അഹമ്മദ് കുട്ടിയും, ഭാര്യ സുഹറയും അടച്ചിട്ട മുറിയിലെ വാർപ്പുകളിൽ ഇരുമ്പ് കഷണങ്ങളും, പാറകഷ്ണങ്ങലും നിറച്ച് വെച്ചു. അത് കഴിഞ്ഞയുടനെ ദിവ്യൻ തൻറെ ബാഗിൽ നിന്നും ഒരു കുപ്പിയെടുത്ത് ധ്യാനിച്ച ശേഷം വാർപ്പുകളിൽ കുറേശ്ശേ ഒഴിച്ചു, എന്നിട്ട് വാർപ്പുകൾ ഭദ്രമായി അടച്ച് വെച്ച് കൊണ്ട് പറഞ്ഞു, “ നമ്മൾ നാലു പേർ മാത്രമേ ഇതറിയാൻ പാടുള്ളു, മറ്റൊരാൾ ഇതറിഞ്ഞാൽ ഇവയെല്ലാം വെള്ളിയാകില്ലെന്ന് മാത്രമല്ല, പുറത്ത് പറയുന്നയാൽ മുഴു ഭ്രാന്തനായി തീരുകയും ചെയ്യും. ഇത് കേട്ട് എല്ലാവരും തലക്കുലുക്കി സമ്മതിച്ചു.
      മുറി ഭദ്രമായി പൂട്ടി പുറത്തിറങ്ങിക്കൊണ്ട് ദിവ്യൻ പറഞ്ഞു,“ ഈ മുറിക്ക് ശക്തനായ ഒരാൾ കാവൽ നിൽക്കണം, അതിനു പറ്റിയത് അഹമ്മദ് കുട്ടി തന്നെ, കോയക്കുട്ടി സാഹിബ്ബ് റാത്തീബിൽ പങ്കെടുത്തോളു, ആർക്കും ഒരു സംശയവും തോന്നരുത്, ഈ രാത്രി എനിക്കുറക്കമില്ലാത്ത ധ്യാനത്തിൻറെ രാത്രിയാണു, സുഹറ ഒരു സാധാരണ സ്ത്രീയാണു അത് കൊണ്ട് രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ല അത് കൊണ്ട് അവളെ എൻറെ സ്വലാത്തിലും, ദുആയിലും ഇരുത്തിക്കോളാം.”
     അങ്ങനെ എല്ലാവരും ഓരോർത്തരെ ഏൽപ്പിച്ച ജോലിയിലേപ്പെടാൻ പിരിഞ്ഞു.
    നേരം പുലർന്നു, കോയക്കുട്ടി സാഹിബ്ബിനു വരാൻ പോകുന്ന അളവറ്റ സ്വത്തിനെ കുറിച്ചോർത്ത് ഉറക്കമില്ലാത്ത രാവായിരുന്നത്. അദ്ദേഹം, അഹമ്മദ് കുട്ടി കാവൽ നിൽക്കുന്ന മുറിയിലേക്ക് അതിവേഗം നടന്ന് ചെന്നു. അഹമ്മദ് കുട്ടി നല്ല ഉറക്കത്തിലായിരുന്നു, അയാളെ തട്ടി വിലിച്ച് കൊണ്ട് കോയക്കുട്ടി സാഹിബ്ബ് വാതിൽ തുറപ്പിച്ചു. അയാൾ സ്തംബ്ധനായി പോയി, തലേന്ന് രാത്രി നിറച്ച് വെച്ച ഇരുമ്പു കഷണങ്ങളും, പാറക്കഷണങ്ങളും അതേ പടി വാർപ്പിലെ വെള്ളത്തിൽ ഇരിക്കുന്നു.
     റബ്ബുൽ ആലമിനായ തമ്പുരാനെ ചതി പറ്റിയല്ലോയെന്ന് ഉച്ചത്തിൽ വിളിച്ച് കൊണ്ട് കോയക്കുട്ടി സാഹിബ്ബ് ദിവൻറെ മുറിയെ ലക്ഷ്യമാക്കിയോടി, ദുവ്യൻറേ തുറന്നിട്ട മുറി ശൂന്യമായിരുന്നു. കട്ടിലിൽ ഒരു തുണ്ട് കടലാസ് മാത്രം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. കോയക്കുട്ടി സാഹിബ്ബ് ആ കുറിപ്പെടുത്ത് അഹമ്മദ് കുട്ടിയുടെ നേർക്ക് നീട്ടി കൊണ്ട് വായിക്കാൻ പറഞ്ഞു. വിറയാർന്ന കൈകളോടേ അഹമ്മദ് കുട്ടി അതിങ്ങനെ വായിച്ചു.
 “ ഹേ... പണത്തിനു ആർത്തി പൂണ്ട മനുഷ്യാ... നിങ്ങളുടെ പണത്തിനോടുള്ള ഒടുങ്ങാത്ത ആഗ്രഹത്തിനു ഒരു ചെറിയമരുന്നായിരുന്നു ഇന്നലെ നടത്തിയ നാടകം.”
   വ്യാഴാഴ്ച രാത്രി മരുന്ന് വെള്ളത്തിൽ ഇരുമ്പും, പാറകഷണങ്ങളും ഇട്ട് വെച്ചാൽ പുലരുന്നത് വെള്ളിയാണെന്നാണു ഞാൻ താങ്കളെ ധരിപ്പിച്ചിരുന്നത്. അത് അപ്രകാരം തന്നെ നടത്തിയിട്ടുണ്ട്. എന്നാൽ, പാറകഷണങ്ങളും, ഇരുമ്പുകഷണങ്ങളും വെള്ളിയാകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല.
      പിന്നെ, ഒരു കാര്യം കൂടി, മൂന്ന് നാലു ദിവസം എൻറെ ശിക്ഷ്യയായി വർത്തിച്ച സുഹറ എൻറെ കൂടെ പോരുന്നുണ്ട്, തുടർന്നും അവളെൻറെ ശിക്ഷ്യയായി തന്നെ തുടരുന്നതായിരിക്കും. അമ്മഹമ്മ് കുട്ടി മോഹാലസ്യപ്പെട്ട് വീണത് കോയക്കുട്ടിയുടെ ദേഹത്തേക്കായിരുന്നു.

 (പ്രത്യേക കുറിച്ച് ഈ ചെറുകഥ ഒരു മതവിഭാഗത്തേയും ഇകഴ്ത്തുവാനല്ലെന്നും, സമൂഹത്തിൽ  വിശ്വാസികളെ അവരുടെ വിശ്വാസത്തെ മറയാക്കി വഞ്ചിക്കുന്ന ഒട്ടേറെ കള്ളദിവ്യന്മാർക്കെതിരെ മാത്രമുള്ള മുന്നറിയിപ്പാണു. ഇത്തരം ദുഷ്ടന്മാർ യഥാർത്ഥ ദിവ്യന്മാരെ കരിവാരി ത്തേച്ച് കൊണ്ടിരിക്കുന്നു.അത്തരം ഒരു ദിവ്യനെ കുറിച്ച് മാത്രമാണെന്ന് പ്രത്യേകം വായനക്കാരെ ഉണർത്തുന്നു.)








Abk Mandayi Kdr

Create your badge