Monday, February 13, 2012

ജന്മദിനങ്ങൾ ആഘോഷിക്കുമ്പോൾ - ലേഖനം

ജന്മദിനാഘോഷങ്ങൾ അഥവാ പിറന്നാൾ ആഘോഷങ്ങളെന്ന് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം അലയടിക്കും, പ്രത്യേകിച്ച് കൊച്ച് കുട്ടികളുടേ ജന്മദിനങ്ങൾ വളരെ ഏറേ സന്തോഷമേകുന്നതാണു. കാരണം തൻറെ കുഞ്ഞ് വളർന്ന് കാണുവാൻ ആഗ്രഹിക്കാത്ത ഒരു മാതാവും, പിതാവും ഭൂമുഖത്തുണ്ടാകുമെന്ന് കരുതുക വയ്യ തന്നെ. അതു പോലെ നാം സ്നേഹിക്കുന്നവരുടെ ജന്മദിനം വരുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ലാദവും, ഉന്മേഷവും ഉണ്ടാകും.
         നാമിൽ പലരും ജന്മദിനങ്ങൾ മറന്ന് പോകുന്നവരുമുണ്ട്, ആരെങ്കിലും ഒരു ഗ്രീറ്റിംങ്ങ് കാർഡോ, അല്ലെങ്കിൽ ടെലിഫോണിലൂടെ ആശംസകൾ അറിയിക്കുമ്പോഴും മാത്രമായിരിക്കും അവൻറേ/അവളുടെ പിറന്നാളാണെന്ന വിവരം അറിയുക തന്നെ. എന്നാൽ ചിലരുണ്ട് തൻറേ പിറന്നാൽ കൃത്യമായി ഓർത്ത് ആഘോഷിക്കുന്നവരുണ്ട്. ഹൈന്ദവ സമൂഹം ജന്മനാളാസ്പദമാക്കിയാണു പിറന്നാൽ ( കൊല്ലവർഷത്തിലെ ജന്മമാസത്തിലെ നക്ഷത്രത്തെ ആസ്പദമാക്കി ) ആഘോഷിക്കുന്നതും, അന്നേ ദിവസം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും എല്ലാം നടത്തുന്നത് കാണാം. ഇത്തരം ചിന്തകൾ തന്നെ വളരെ നല്ലതായി എനിക്ക് തോന്നിയിട്ടുണ്ട്, കാരണം അവൻ/അവൾ ഈ പ്രത്യേകദിനത്തിൽ തനിക്ക് ജന്മമേകിയ ദൈവത്തെ ആ ദിവസമെങ്കിലും നന്ദിയോടെ സ്മരിക്കുന്നു.
     ചില വിഭാഗങ്ങൾ ജന്മദിനം ആഘോഷിക്കുന്നതിനെ എതിർക്കുന്നവരുണ്ട്. അവരുടെ ലക്ഷ്യം എന്താണെന്നു എനിക്കിതുവരെ മനസ്സിലായിട്ടില്ല.  എന്നാൽ, ഭൂരിഭാഗം ആളുകളും മുതിർന്ന് കഴിഞ്ഞാൽ ജന്മദിനമാഘോഷിക്കാറില്ലെന്നതും ഒരു കാഴ്ചയാണു.
     ഞാൻ ഇവിടെ പ്രതിപാദിക്കാനുദ്ദേശിക്കുന്ന വിഷയം ഇതൊന്നുമല്ല. ജന്മദിനങ്ങൾ പൊടിപ്പനായി ആഘോഷിക്കുന്ന പലരും ഭൂരിഭാഗമെന്ന് തന്നെ പറയാം, അവരിൽ ഭൂരിഭാഗവും ഈശ്വര വിശ്വാസികളാണെന്ന് തന്നെ പറയാം. ഇവർ അവരുടെ ജന്മദിനങ്ങളിൽ പൊടി പൊടിക്കുന്ന പണത്തിനു ഒരു കണക്കുമില്ല, കുറേ കേക്കുകൾ മുറിച്ചും, മെഴുകുതിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നവർ ഒരു കാര്യം വിസ്മരിച്ച് കൊണ്ടാണു അത്തരം ആഘോഷങ്ങൾ നടത്താറുള്ളത്.
      ജന്മദിന കേക്കുകൾ മുറിക്കുമ്പോൾ പാശ്ചാത്യരെ അനുധാവനം ചെയ്ത് കൊണ്ട് ഹാപ്പി ബെർത്ത് ഡേ ടു യൂ.... എന്ന് പറഞ്ഞ് കയ്യടിക്കുന്നവർ മഹാഭൂരി പക്ഷവും എത്ര അടുത്തവരായാലും ശരി മനസ്സിൽ പോലും ഈ ജന്മദിനമാഘോഷിക്കുന്ന കുട്ടിക്കോ/ മുതിർന്നവർക്കോ ദീർഘായുസ്സും, ക്ഷേമത്തിനായും പ്രാർത്ഥിക്കുന്നില്ലെന്നതാണു നഗ്ന സത്യം. ഇത് വായിക്കുന്നവർ ജന്മദിനം ആഘോഷിക്കുന്ന കൂട്ടത്തിലുള്ളവരാണെങ്കിൽ സ്വയം വിലയിരുത്തുക, നിങ്ങൾ ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരാണെങ്കിൽ എന്നെങ്കിലും ജന്മദിനം ആഘോഷിക്കുന്ന വ്യക്തിക്ക് ക്ഷേമത്തിനായി പ്രാർത്ഥിച്ചിട്ടുണ്ടോയെന്ന്...!!!
    പലരും ഈ ചിന്തകൾക്ക് പകരം ഗ്ലാസ്സുകളിൽ നുരയുന്ന മദ്യത്തിൻറേ ലഹരിയിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ഒരിക്കലും ജന്മദിനമാഘോഷിക്കുന്ന വ്യക്തിക്ക് നന്മകൾക്കായി പ്രാർത്ഥിക്കുന്നില്ലെന്നത് സത്യമാണു.
     സത്യത്തിൽ അത്തരം ജന്മദിനാഘോഷങ്ങളാണോ നാം മനസ്സാ ആഗ്രഹിക്കുന്നത്. തൻറെ സുഹൃത്ത്/കുഞ്ഞ്/ഭാര്യ അല്ലെങ്കിൽ മറ്റുടുത്ത ബന്ധുക്കൾ അവർക്ക് നന്മക്കായി പ്രാർത്ഥിക്കുന്നതല്ലേ യഥാർത്ഥമായ കറകളഞ്ഞ ജന്മദിനാഘോഷം. അല്ലാത്തത് വെറും പ്രഹസനവും, ആളുകൾക്ക് മുൻപിൽ ആളാകാൻ വേണ്ടിയുള്ളതാണെന്നുമാണു എൻറേ പക്ഷം.
      ജന്മദിനം ആനന്ദിക്കാനും, ആഘോഷിക്കുന്നതിനും ഞാൻ ഒരിക്കലും എതിരല്ല. ഞാൻ എൻറെ ജന്മദിനത്തിലും കേക്ക് മുറിച്ചും, മദ്യപിച്ചും ആഘോഷിക്കുന്നതിനു പകരം എനിക്ക് ഈ ഭൂമുഖത്ത് എല്ലാം  കാണാനും, കേൾക്കാനും, സഞ്ചരിക്കാനും മറ്റെല്ലാത്തിനും അവസരം നൽകിയ സർവ്വശക്തനോട് നന്ദി അറിയിക്കാനാണു ശ്രമിക്കുക, ഇത് കുട്ടികളുടേതാണെങ്കിൽ അവർക്കും മുകളിലെ പ്രാർത്ഥനകൾക്ക് പുറമേ അവർക്ക് ദീർഘായുസ്സിനും പ്രാർത്ഥിക്കുകയും അവരെ സന്തോഷിപ്പിക്കാനായും ഞാൻ ശ്രമിക്കാറുള്ളത്. അല്ലാതെ മനസ്സിൽ ഒരു ചലനവും സൃഷ്ടിക്കാതെയുള്ള പാശ്ചാത്യ രീതിയിലെ ജന്മദിനാഘോഷങ്ങളോട് എനിക്ക് വിയോജിപ്പാണുള്ളത്. അത് കൊണ്ട് ജന്മദിനത്തിനവകാശിക്കോ, മറ്റാർക്കുമോ യാതൊരു പ്രയോജനവും ചെയ്യുകയുമില്ല.
                   























Abk Mandayi Kdr

Create your badge