നമ്മുക്കെല്ലാവർക്കും യക്ഷിയെന്ന് കേൾക്കുമ്പോൾ അല്പം ഭയം പിറവിയെടുക്കുന്നത് കാണാം, ഭൂരിഭാഗം കേരളീയ സങ്കല്പങ്ങളിലും യക്ഷി വേഷം മുടിയഴിച്ചിട്ട്, വെളുത്ത സാരിയുടുത്ത കൈവിരലുകളിൽ മനോഹരമായി ചെത്തി കൂർപ്പിച്ച നഖങ്ങളും, മിഴിയിൽ ചില നേരങ്ങളിൽ രൌദ്രഭാവങ്ങളും, ചില നേരങ്ങളിൽ ലാസ്യഭാവും കാണിച്ച് കാലുകൾ നിലത്തുറക്കാതെ യൌവ്വനയുക്തരായ പുരുഷന്മാരെ മാത്രം ലക്ഷ്യമിട്ട് രാവുകളുടെ അന്ത്യയാമങ്ങളിൽ ശ്വാനന്മാരുടേയും, കരിമ്പൂച്ചകളുടേയും ശബ്ദസമ്മിശ്രണം ചെയ്തും, കോടമഞ്ഞോടൊപ്പം വീശിയടിക്കുന്ന കാറ്റിലും, വേണമെങ്കിൽ അല്പം മധുര സംഗീതത്തോടേയുമാണു പൊതുവേ യക്ഷികളെ കുറിച്ചുള്ള സങ്കല്പങ്ങൾ, എന്നാൽ, ഇത്തരം യക്ഷികളെ ആരെങ്കിലും കണ്ടിട്ടുണ്ടോ... !!! അത് മാത്രം ചോദിക്കരുത് കാരണം , യക്ഷിയെ കണ്ടവരാരും കാണില്ല എന്നാൽ, യക്ഷിയെ എല്ലാവർക്കും ഭയമാണു. ഇത്രയും ലാവണ്യവതി രൂപത്തിൽ വരുന്ന യക്ഷി പൌരുഷമുള്ള പുരുഷന്മാരെന്തിനു ഭയക്കണം? എന്നെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള ഒരു വസ്തുതയാണിത്. ഞാൻ പലപ്പോഴും ഇത്തരം യക്ഷികളെ ഒന്ന് കാണാൻ അത്ഥാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.
ഞാൻ ചില സമയങ്ങളിൽ മറിച്ചും ചിന്തിച്ചിട്ടുണ്ട് യക്ഷിയെന്ന് പറയുന്നത് എന്ത് കൊണ്ട് പുരുഷനായ ഒരു യക്ഷൻ ആകാത്തതെന്ന്, എങ്കിൽ പുരുഷന്മാർക്ക് കായികമായ ബലപരീക്ഷണത്തിലൂടെ മാത്രമേ ഉപദ്രവിക്കാൻ കഴിയൂ എന്ന് കരുതാം, നിർഭാഗ്യമെന്ന് പറയട്ടെ ആരും യക്ഷനെ കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.
ഇനി ചില യക്ഷി കഥകൾ പറയാം... ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം , എൻറെ സ്കൂളിലെത്താൻ റോഡീലൂടെ പോയാൽ തന്നെ ഒന്നര കിലോ മീറ്ററുണ്ടാകും, എന്നാൽ, അക്കാലത്ത് ഇടവഴിയിലൂടെ പോകുമ്പോൾ വേഗമെത്തുമെന്ന ചിന്തയായിരുന്നു. സത്യത്തിൽ ദൂരം അളന്ന് തിട്ടപ്പെടുത്തിയാൽ ഒരേ ദൂരം തന്നെയായിരിക്കും, എന്നാലും ഇടവഴിയുള്ള പോക്ക് ആനന്ദദായകമായിരുന്നതിനാൽ ദൂരം ഒരിക്കലും ഒരു പ്രശ്നമായി ഭവിച്ചിട്ടില്ല, അതിനു കാരണം ഇടവഴിയിലൂടെയുള്ള യാത്രയിൽ പറങ്കിമാവുകളും, മറ്റു വൃക്ഷലതാദികളും, നെൽ വയലുകളും , കുയിലുകളുടെ കളകൂജനങ്ങളാലും നിറഞ്ഞതായിരുന്നതിനാൽ യാത്ര വളരെ സുഖം നൽകിയിരുന്നു. ഈ യാത്ര വഴി മധ്യേയെന്ന് തന്നെ പറയാം, ചുറ്റും കാടും, ഇരുട്ടും നിറഞ്ഞ വഴിയിൽ ഒരു ചെറിയ അമ്പലമുണ്ടായിരുന്നു, അതിപ്പോഴുണ്ടോയെന്ന് തന്നെ അറിയില്ല കാരണം അന്നേ ആ അമ്പലത്തിൽ ആരും പോകുന്നതായി ഞാൻ കണ്ടിട്ടില്ല, എല്ലാ സന്ധ്യാനേരത്തും ഒരു എമ്പ്രാന്തിരി വന്ന് വിളക്ക് തെളിയിച്ച് പോകുന്നതല്ലാതെ അവിടെ ആരും പോകുന്നതായി അറിവില്ല, ഒന്നാമത് ഇരുട്ട് നിറഞ്ഞതും, കാടുകളും നിറഞ്ഞ ആ ഭാഗങ്ങളിൽ ഇഴജന്തുക്കൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണു. എങ്കിലും ഞങ്ങൾ കുട്ടികൾ ഈ കരിയിലകൾക്കിടയിലൂടെയുള്ള നേർത്ത വഴികളിലൂടെ നടന്ന് പോകുന്നതിനു മറ്റൊരു കാരണമുണ്ട്, അമ്പലത്തിനരിൽ ഒരു മഞ്ചാടി മരമുണ്ട് ധാരാളം മഞ്ചാടിക്കുരുക്കൾ അത് കുട്ടികൾക്ക് നൽകുമെന്നതിനാൽ എത്ര പാമ്പുകൾ ഉണ്ടായാലും അത് കരസ്ഥമാക്കാൻ ഞങ്ങൾ കുട്ടികൾ മത്സരമായിരുന്നു. എന്തോ മഹാഭാഗ്യം എൻറെ ഓർമ്മയിൽ ഒരു കുട്ടികൾക്കും ഒരു പാമ്പിൻറെ ദ്വംസനം ഏൽക്കേണ്ടി വന്നിട്ടില്ല. എന്നാൽ, ഞങ്ങളെ ഭയചകിതരാക്കുന്ന ഒന്നുണ്ടവിടെ നിറയെ പൂത്തുല്ലസിച്ച് നിൽക്കുന്ന ഒരു പാല മരമുണ്ട്, ഈ പാല തന്നെ അറിയപ്പെടുന്നതും യക്ഷി പാല എന്ന പേരിലാണല്ലോ. സുഗന്ധം പരത്തി നിൽക്കുന്ന പൂക്കൾ നിറഞ്ഞ പാലക്കരികിൽ പാമ്പുകൾക്ക് ഏറെ ഇഷ്ടമുള്ള ഗന്ധമായതിനാൽ പാമ്പ് അവിടെ ഇല്ലാതിരിക്കില്ല, എങ്കിലും ഞങ്ങൾ ഭയന്നത് വീട്ടിൽ നിന്നും, മറ്റു മുതിർന്നവരും പകർന്ന് തന്ന പൊടിപ്പും തൊങ്ങലും കലർത്തിയ യക്ഷിക്കഥകളാണു. അതിനാൽ ഞാൻ മാത്രമല്ല ഒരാളും ഒറ്റക്ക് ആ വഴി സ്കൂൾ വിട്ട് വരാറില്ല. അമ്പലത്തിനു കുറച്ച് ദൂരെ മാറി താമസിക്കുന്ന ആളുകളും കുട്ടികൾ ആ വഴി പോകുമ്പോൾ ഉപദേശിക്കാറുണ്ട് അതിലെ പോകരുതെന്ന്, ആരു കേൾക്കാൻ മനസ്സിൽ നിറയെ മഞ്ചാടിക്കുരുവുമായി പോകുന്ന കുട്ടികൾ അത് വകവെക്കാറില്ല. ഇത് യക്ഷിപാലയും അമ്പലക്കഥയുമാണെങ്കിൽ ഞാൻ കേട്ട മറ്റൊരു യക്ഷിക്കഥയിതാ....
അന്നും ഞാൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു, എൻറേ മൂത്ത സഹോദരീ ഭർത്താവു പാലക്കാട് ഹോട്ടൽ ബിസിനസ്സും, ബേക്കറിയും എല്ലാം നടത്തുന്ന കാലം, ഹോട്ടൽ ജീവനക്കാർക്കും, ബേക്കറി തൊഴിലാളികൾക്കും താമസിക്കാനായി അളിയനു ഒരു ഒഴിഞ്ഞ വീട് കിട്ടി, നല്ല സൌകര്യങ്ങളോട് കൂടിയ വീട് കുറേ കാലങ്ങളായി അവിടെ ആരും താമസിക്കാറില്ലത്രേ, കൂട്ടാത്തിൽ യക്ഷിയുടെ ഉപദ്രവം ഉള്ളതിനാൽ ആരും അത് വാടകക്ക് എടുത്തതുമില്ലാത്തതിനാൽ വാടക വളരെ കുറവ്. അളിയൻ അതെടുത്തു നന്നായി വൃത്തിയാക്കി തൊഴിലാളികൾ താമസിച്ച് തുടങ്ങി, വീടിനോട് ചേർന്ന് ഒരു അലക്ക് കല്ലുണ്ട് അതിൽ അധികമാരും അലക്കില്ലാത്തതിനാൽ ആ ഭാഗം ശ്രദ്ധിക്കാതെ കിടക്കാറാണു പതിവു. രാത്രി സമയങ്ങളിൽ ഹോട്ടൽ ജോലി കഴിഞ്ഞ് പലരും പല സമയങ്ങളിലാണു മുറിയിൽ എത്തുക പതിവ്, ഒരു ദിവസം ചന്ദ്രേട്ടൻ വന്നപ്പോൾ അലക്ക് കല്ലിൽ ഒരു സ്ത്രീ വെള്ള വസ്ത്രം ധരിച്ച് ഇടതൂർന്ന മുടിയുമായിരുന്ന് അത് കോതികെട്ടുകയാണു, നേരത്തെ കേട്ട യക്ഷി കഥകൾ അറിയാവുന്ന ചന്ദ്രേട്ടൻ അവിടെ ബോധം കെട്ട് വീണെന്നാണു കഥ, അതിനു ശേഷം തൊഴിലാളികൾ അവിടെ താമസിച്ചിട്ടില്ലെത്രേ!!!!!!! സാമൂഹിക ദ്രോഹികളുടെ ഒരു ഭാഗ്യമേ.....
ഇത്തരം അനേകം കഥകൾ മുതിർന്നവരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്, ഒരാൾ മരിച്ചാൽ അത് ആത്മഹത്യയോ , അപകടമരണമോ ആയാൽ പ്രത്യേകിച്ച് ഭയപ്പെടുത്തലുകളാണു... അവിടെ പുളിമരം കുലുക്കും, പിന്നിൽ നിന്ന് തീ ചോദിക്കും, ചുണ്ണാമ്പ് ചോദിക്കും തിരിഞ്ഞ് നോക്കിയാൽ ആളെ കാണില്ല. ഇത്തരം കഥകൾ ഇന്നത്തെ തലമുറക്ക് പുതുമ തന്നെ... അവർക്ക് വീട്ടിനകത്താണു ഭയം, പുറത്തിറങ്ങി നടക്കാൻ ഒരു ഭയവും കാണുന്നില്ല, ഇതിൻറെ മനഃശാസ്ത്രം എന്താണെന്ന് ഇനിയും കണ്ട് പിടിക്കേണ്ടിയിരിക്കുന്നു.
Abk Mandayi Kdr
Create your badge