Sunday, June 5, 2011

Pathfinder: ഒരു ഓട്ടോഗ്രാഫ് കഥ - എൻറെ സ്മരണകൾ

Pathfinder: ഒരു ഓട്ടോഗ്രാഫ് കഥ - എൻറെ സ്മരണകൾ: "ചില നേരങ്ങളിൽ ഞാൻ പഴയ കാലങ്ങളെ താലോലിക്കാറുണ്ട്, ജീവിതത്തിൽ ഉണ്ടായ പല രസകരങ്ങളായ സംഭവങ്ങളും ആലോചിക്കുമ്പോൾ തന്നെ മനസ്സിനു പലപ്പോഴും എന്തെന..."

Abk Mandayi Kdr

Create your badge

ഒരു ഓട്ടോഗ്രാഫ് കഥ - എൻറെ സ്മരണകൾ

ചില നേരങ്ങളിൽ ഞാൻ പഴയ കാലങ്ങളെ താലോലിക്കാറുണ്ട്, ജീവിതത്തിൽ ഉണ്ടായ പല രസകരങ്ങളായ സംഭവങ്ങളും ആലോചിക്കുമ്പോൾ തന്നെ മനസ്സിനു പലപ്പോഴും എന്തെന്നില്ലാത്ത ഒരു നിർവൃതി ലഭിക്കാറുണ്ട്. അക്കൂട്ടത്തിലൊന്നാണിത്.
   ഞാൻ പത്താം തരം പഠിക്കുന്ന കാലം, ക്ലാസ്സിൽ പേരിൻറെ അക്ഷരമാല ക്രമത്തിലാണു അക്കാലത്ത് (ഇപ്പോഴും അങ്ങനെയാണെന്ന് തോന്നുന്നു) ബഞ്ചിൽ ഇരുത്താറ് പതിവ്. അതിനാൽ ഞാൻ ബഞ്ചിൽ ഏറ്റവും മുന്നിലെ നിരയിൽ ആദ്യമാണു വരിക. ആൺക്കുട്ടികളും പെൺക്കുട്ടികളും ഉൾപ്പെടുന്ന സമ്മിശ്ര ക്ലാസ്സായിരുന്നു. പതിനെട്ട് ആൺകുട്ടികളും പന്ത്രണ്ട് പെൺക്കുട്ടികളും അടങ്ങുന്ന ചെറിയ മുറിയിലായിരുന്നു ക്ലാസ്, ഞാൻ മുൻ ബെഞ്ചിലിരുന്നാലും ഏറ്റവും പിന്നിൽ  അറ്റത്തിരിക്കുന്ന പെൺക്കുട്ടികളെ തിരിഞ്ഞ് നോക്കാനും സംസാരിക്കനും തക്ക വിധത്തിലുള്ളതായിരുന്ന മുറിയെന്ന് പറയാം, അക്കൂട്ടത്തിൽ സീനത്തെന്ന് പേരുള്ള ഒരു തട്ടമിട്ട നല്ല നീല മിഴിയുള്ള ഒരു കുട്ടിയുണ്ടായിരുന്നു, എല്ലാ ആൺകുട്ടികളും പെൺക്കുട്ടികളും പരസ്പരം അടുത്തിട പഴകുക പതിവാണെല്ലൊ, എന്നാൽ അവരിൽ എല്ലാവരേക്കാളും എനിക്കിഷ്ടം ആ നീല മിഴിയുള്ള തട്ടക്കാരിയെയായിരുന്നു. ആരും തെറ്റിദ്ധരിക്കേണ്ട, അന്ന് ഇന്നത്തെ പോലെ കാണുമ്പോഴേക്കും നീയെൻറെ കരളാണെന്നും പറഞ്ഞ് എസ്.എം.എസ് അയക്കുന്ന കാലമല്ല. നിശ്ബ്ദമായ മനസ്സിനുള്ളിൽ നിന്നു വരുന്ന ഒരു തരം വിവരിക്കാനാകാത്ത ഒരു ഇഷ്ടം എന്നല്ല ഒരിത് എന്ന് തന്നെയെന്ന്  പറയാം.
അന്ന് ക്ലാസിൽ മലയാളത്തിൽ ഏറ്റവും മിന്നി നിന്നിരുന്നത് ഞാനായിരുന്നു. ഒരു ദിവസം മലയാളം ക്ലാസിൽ അദ്ധ്യാപകൻ പാഠഭാഗത്തിൻറെ ഭാഗമായി “ സൌദാമിനി എന്ന പദത്തിൻറെ  അർത്ഥം ചോദിച്ചു , അന്ന് ക്ലാസിൽ സൌദാമിനിയെന്ന ഒരു പെൺക്കുട്ടിയും ഉണ്ടായിരുന്നതിനാൽ ആ കുട്ടിയോടു തന്നെ ചോദ്യവും ആരംഭിച്ചു ആ കുട്ടിക്ക് ഉത്തരം കിട്ടിയില്ല ,  അടുത്തതു സീനത്തിനോടായിരുന്നു അവൾ നിന്ന് പരുങ്ങുന്നത് വലങ്കണ്ണിട്ട് ഞാൻ വീക്ഷിക്കുന്നുണ്ടായിരുന്നു, ആ കുട്ടിക്കും കിട്ടാൻ സാധ്യതയില്ലെന്ന് അവളുടെ മിഴികളിലൂടെ ഞാനറിഞ്ഞു, ഞാനൊരു കൊച്ച് കടലാസ്സിൽ അർത്ഥം കുറിച്ച് മാഷ് ബ്ലാക്ക് ബോർഡിനരുകിലേക്കു നീങ്ങുന്നതിനിടെ അവൾക്കെറിഞ്ഞ് കൊടുത്തു ലക്ഷ്യസ്ഥാനത്ത് തന്നെ അതെത്തുകയും  അതെടുത്തവൾ ഉടനെ ഉത്തരം പറയുകയും ചെയ്തു  (അർത്ഥം - ഇടിമിന്നൽ) അങ്ങനെ ഇമ്പോസിഷനിൽ നിന്ന് അവൾ ഒഴിവായി, സൌദാമിനിക്ക് 50 പ്രാവശ്യം ഇമ്പോസിഷൻ കിട്ടിയെങ്കിലും അവൾ എന്നെ മാഷിനു ഒറ്റു കൊടുത്തില്ല, കാരണം, മലയാളത്തിൽ എൻറെ നോട്ട് ബുക്കിൽ നിന്നും വൃത്തവും സമാസവും നോക്കി എഴുതിയിട്ടുള്ളവരാണു ഒട്ടുമിക്കവരും.
ഈ സംഭവത്തിനു ശേഷം നീല മിഴിക്കാരിക്ക് എന്നെ വളരെ ഇഷ്ടവും ബഹുമാനവുമായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയടുത്തു, എല്ലാവരും സ്കൂൾ ജീവിതം വിടുന്നതിൻറെ ഒരുക്കം കുറിച്ച് കൊണ്ട് ഓട്ടോഗ്രാഫുകൾ എഴുതാൻ തുടങ്ങി, പലരും പലതും എൻറെ ഓട്ടോഗ്രാഫിൽ കുറിച്ച് ചക്കയാണു നമ്മൾ ചുക്കാണു നമ്മൾ, നമ്മൾ ഒരിക്കലും പിരിയില്ല എന്നെല്ലാം എഴുതി വീട്ട് പേരും വിലാസവും തന്നു, അക്കാലത്ത് ലാൻറ് ഫോണുകൾ കണികാണാൻ തന്നെ വിരളമായിരുന്നു, ഉള്ളതു തന്നെ 3 അക്ക നമ്പറുള്ള കറുത്ത ആമയെ പോലുള്ളതു. ഇന്നായിരുന്നെങ്കിൽ മോബൈൽ ഫോൺ നമ്പറ് തന്നെ ഒരു ഓട്ടോഗ്രാഫ് നിറയെ എഴുതാൻ കാണുമായിരുന്നേനെ. എന്തായാലും നീല മിഴിയുടെ ഊഴമായി അവൾ എൻറെ ഓട്ടോഗ്രാഫിൽ വടിവൊത്ത കൈയ്യക്ഷരം കൊണ്ടിങ്ങനെയെഴുതി “ ഞാൻ നിൻറെ മലയാളത്തേയും നിന്നേയും ഇഷ്ടപ്പെടുന്നു”  അന്ന് ഞാനതിനെ കുറിച്ച് കാര്യമായെടുത്തില്ല അത് വെറുമൊരു സാധാരണ ഓട്ടോഗ്രാഫ് എന്ന നിലയിലെ കരുതിയിരുന്നുള്ളു., അങ്ങനെ പരീക്ഷ കഴിഞ്ഞു , റിസൽട്ടും വന്നു ,അന്ന് ഇന്നത്തെ പോലെ ഉയർന്ന റിസൽറ്റു ഉണ്ടായിരുന്ന കാലമല്ല, മോഡാറേഷൻ അടക്കം വെറും പതിനാറ് ശതമാനം മാത്രം, എസ്.എസ്.എൽ.സി ജയിക്കുക ഒരു വൻ കടമ്പ തന്നെയായിരുന്നു, എങ്കിലും  ഞാനും അവളും ജയിച്ചു. ആ വർഷമായിരുന്നു ആദ്യഗ്രൂപ്പ് സിസ്റ്റം വന്നതു, എനിക്ക് 90 ല് 86 മാർക്കായിരുന്നെ എനിക്ക് മലയാളം വിഷയത്തിനു , മറ്റു വിഷയങ്ങൾക്കിതു പോലെ ആയിരുന്നെങ്കിൽ ഞാൻ റാങ്ക് കാരൻ ആകുമായിരുന്നു, എങ്കിലും കുഴപ്പമില്ലാതെ ഞാനും, നീല മിഴിക്കാരിയും വിജയിച്ചു, അവളുടെ നീല മിഴികൾ അപ്പോഴും എന്നോട് പറഞ്ഞോ നിൻറെ മലയാളം എനിക്കിഷ്ടമാണെന്ന് അതിന്നും അജ്ഞാതം ആയി തുടരുന്നു.  ഒരു പക്ഷേ നീല മിഴിയുടെ മനസ്സിലെ ആശയുടെ ആഴം കൊണ്ടായിരിക്കാം എനിക്ക് ഇത്രയും മാർക്ക് ലഭിക്കാനിടയായത് . വലിയ യാത്ര പറച്ചിലുകൾ ഞങ്ങൾ തമ്മിലുണ്ടായില്ല മാർക്ക് ലിസ്റ്റും, ടിസിയും വാങ്ങാൻ വരുമ്പോൾ കാരണം അന്നുള്ള മാതാപിതാക്കൾ അന്യ ആൺക്കുട്ടിയും , പെൺക്കുട്ടിയും തമ്മിലുള്ള പരസ്പര അടുപ്പത്തെ ഇന്നത്തെ പോലുള്ളവരുടെ അത്രയും അംഗീകരിക്കുന്ന കാലമല്ലായിരുന്നല്ലോ അത്. എങ്കിലും അവളുടെ നീലമിഴികൾ എന്നോട് “നിൻറെ മലയാളവും നിന്നേയും ഞാൻ സ്നേഹിക്കുന്നെന്ന് പറഞ്ഞിരിക്കാം, അന്ന് ഞാൻ അതു ശ്രദ്ധിച്ചില്ലായിരുന്നു, എന്നാൽ, ഇന്ന് ഞാനവളുടെ കണ്ണുകൾ അറിയുന്നു, ഒരു ചെറുനൊമ്പരത്തോടെ.  നീല മിഴിയാൾ വേറെ കോളേജിൽ ചേർന്നു, ഞാൻ മറ്റൊന്നിലും അതോടെ ആ ഇഷ്ടം അവസാനിച്ചു, ഇന്നവൾ ചിലപ്പോൾ ഒരു പാട് കുട്ടികളുടെ അമ്മയും, അമ്മൂമ്മയുമായി വസിക്കുന്നുണ്ടാകാം ഭൂമിയുടെ ഏതെങ്കിലും കോണിൽ, ഞാൻ ഒരു പ്രവാസിയായി കഴിയുന്നു. ഒരു പക്ഷേ, അവളും ആധുനികയുഗത്തിലെ വെബ് ലോകവുമായി അവളും പെരുത്തപ്പെട്ടിട്ടുണ്ടെങ്കിൽ എൻറെ ഈ എഴുത്ത് കാണാനിടയായാൽ അവൾ തീർച്ചയായും എന്നോട് ഒരിക്കൾ കൂടി പറയുമോ “ നിൻറെ മലയാളത്തേയും നിന്നെയും ഞാൻ ഇഷ്ടപ്പെടുന്നെന്ന് “ ഞാനിന്നും അന്ന് മനസ്സിലാകാതിരുന്ന ആ വാക്കുകളുടെ ആഴം ആ നീല മിഴികളിൽ കാണുന്നു ഒരു നൊമ്പരത്തോടെ..............................









Abk Mandayi Kdr

Create your badge