Saturday, February 18, 2012

ഇൻസുലിനിനെ കുറിച്ചുള്ള തെറ്റിദ്ധാരണ - ലേഖനം

സാധാരണക്കാരായ പല പ്രമേഹ രോഗികൾക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണു, പ്രമേഹ രോഗികൾ ഉപയോഗിക്കുന്ന ഇൻസുലിൻ പ്രമേഹത്തിൻറെ അന്ത്യദിശയിൽ മാത്രം പ്രയോഗിക്കുന്ന ചികിത്സയാണെന്ന്. പല ഡോക്ടർന്മാരും പൊതുവേ പ്രമേഹ രോഗികൾക്ക് ഗുളികകളാണു നൽകുന്നതും. അത് കൊണ്ട് സാധാരണക്കാർ ഇൻസുലിൻ ഉപയോഗിക്കുന്നതിനെ ഭയക്കുന്നു. ശരീരം ശോഷിക്കുമെന്നും ഭയക്കുന്നു.
   നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ദിക്കുന്ന അവസ്ഥയാണു പ്രമേഹമെന്ന് പറയുന്നത്. പ്രമേഹം പല തരത്തിലുണ്ട് ടൈപ്പ് ഒന്ന്, ടൈപ്പ് രണ്ട്, ഗർഭ കാലത്തുണ്ടാകുന്ന പ്രമേഹം , മറ്റു ചില അവസരങ്ങളിൽ ഉണ്ടാകുന്ന പ്രമേഹം എന്നിങ്ങനെ നാലായി തിരിക്കാം. ഇതിൽ ടൈപ്പ് ഒന്ന്, ഗർഭകാല പ്രമേഹം എന്നിവക്ക് ഇൻസുലിൻ നിർബ്ബന്ധമാണു , ഇത്തരം അവസ്ഥയുള്ളവർ ഇൻസുലിൻ ഉപയോഗിച്ചില്ലെങ്കിൽ പല നിർണ്ണായമായ സങ്കീർണ്ണതകൾക്കും അത് കാരണമായേക്കാം.
   സാധാരണ ടൈപ്പ് രണ്ട് പ്രമേഹ രോഗികൾ ആദ്യത്തെ പത്ത് പതിനഞ്ച് വർഷം ഇൻസുലിൻ പൊതുവേ ഉപയോഗിച്ച് കാണാറില്ല. അതിനു ശേഷം മിക്ക പ്രമേഹ രോഗികൾക്കും കഴിക്കുന്ന മരുന്നിനു പുറമേ ഇൻസുലിൻ കൂടെ എടുത്ത് തുടങ്ങുന്നു.
    ഇൻസുലിൻ പതിവായി ഉപയോഗിക്കുന്നവരുടെ ശരീരം മെലിഞ്ഞ് പോകുമെന്ന് പലർക്കും ധാരണയുണ്ട്. അത് തെറ്റായ ധാരണയാണു. യഥാർത്ഥത്തിൽ ഇൻസുലിൻ ശരീരത്തിൻറേ വണ്ണം കൂട്ടുകയാണു ചെയ്യുന്നത്. പ്രമേഹം മൂർച്ഛിച്ച ഒരാളുടെ ശരീരം കാലക്രമേണ മെലിഞ്ഞ് അവശനാകും. ഈ അവസരത്തിൽ ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നതോടെ ശരീരം പുഷ്ടിപ്പെട്ട് സാധാരണ നിലയിൽ എത്തിച്ചേരുന്നത് കാണാം.
  ചില ആളുകൾക്ക് പ്രമേഹ രോഗം കണ്ട് പിടിക്കുന്ന ഘട്ടത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടന്മാർ അവർക്ക് ഇൻസുലിൻ നൽകുന്നു അതിൽ ഭയക്കാനൊന്നുമില്ല, പിന്നീട്, ഷുഗർ നിയന്ത്രണമായാൽ ഗുളികകൾ നൽകുന്നു.
   ടൈപ്പ് രണ്ട് രോഗികൾ ശസ്ത്രക്രിയക്ക് വിധേയരാകുന്ന സന്ദർഭങ്ങളിൽ താൽക്കാലികമായി ഗുളികകൾ നിർത്തുകയും, പകരം ഇൻസുലിൻ നൽകുകയും ചെയ്യുന്നുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് ഒന്ന് രണ്ട് ആഴ്ചകൾക്കകം പഴയ പോലെ ഗുളികകളിലേക്ക് തിരികെ പോകുന്നവരും ഉണ്ട്.
    ശരീരത്തിൽ മുറിവുകളോ, പഴുപ്പോ വരുമ്പോഴും ഇൻസുലിൻ ചികിത്സ വേണ്ടി വരാറുണ്ട്. അത് പോലെ ചില മരുന്നുകൾ നൽകുമ്പോൾ പ്രമേഹ രോഗം മൂർച്ഛിപ്പിക്കുന്നതായി കണ്ട് വരുന്നു. ഉദാഹരണം  ആസ്മയുടെ സ്റ്റിറോയിഡുകൾ, മാനസിക രോഗികൾക്ക് നൽകുന്ന ചില മരുന്നുകൾ ഇത്തരം അവസരങ്ങളിലും ഇൻസുലിൻ ചികിത്സ നൽകി വരുന്നു.
    പ്രമേഹം വൃക്കകളെ ബാധിക്കുന്ന ഒരു രോഗമാണല്ലോ, ഇത്തരത്തിൽ ഒരു പ്രമേഹരോഗിക്ക് വൃക്ക രോഗം പിടിപെട്ടാലും ഇൻസുലിൻ ചികിത്സയായിരിക്കും ഉത്തമം.
  ക്ഷയം , എയിഡ്സ് എന്നീ രോഗികൾക്കും ഇൻസുലിൻ ചികിത്സ താൽക്കാലികമായി വേണ്ടി വന്നേക്കാം.
   പ്രമേഹ രോഗികൾ ഇൻസുലിനെ ഭയക്കുന്നു, സത്യത്തിൽ അവർക്ക് താങ്ങും തണലുമായി നിൽക്കുന്ന ഒരു യഥാർത്ഥ കൂട്ടുകാരനെ പുറത്താക്കി വാതിൽ കൊട്ടിയടക്കുന്നത് അറിവില്ലായ്മയാണു. ഈ അവസ്ഥ മാറണം ആവശ്യമായി വന്നാൽ ഇൻസുലിനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയാണു വേണ്ടത്.

(കടപ്പാട് : മാധ്യമം)



Abk Mandayi Kdr

Create your badge