Tuesday, February 21, 2012

ഒരു തരി ദാഹജലം - ചെറുകഥ

ഒരു മിഥുനമാസ പുലരി പ്രകൃതി രാത്രിമുഴുവൻ മഴചൊരിഞ്ഞു കൊണ്ടിരുന്നു, നനുത്ത പ്രഭാതത്തിൽ ഉണർന്ന് പത്രം കയ്യിലെടുത്ത് മറിച്ച് കൊണ്ടിരുന്നപ്പോഴാണു, പിറകിൽ നിന്ന് ഭാര്യയുടെ വിളി, അത് കേട്ടപ്പൊഴെ മാസവസാനമായെന്ന് അയാൾക്ക് ഓർമ്മ വന്നു. 
എല്ലാ മാസവും അവസാനമാകുമ്പോഴാണു അതിരാവിലെ തൻറെ പത്രം വായനക്കിടയിൽ പ്രിയതമ വരാന്തയിലേക്ക് എത്തി നോക്കാറുള്ളത്, എല്ലാ ദിവസവും അടുക്കളയിലെ പ്രാതൽ തയ്യാറാക്കുന്ന തിരക്കിനിടയിൽ എവിടെ വരാന്തയിലേക്ക് എത്തി നോക്കാൻ കഴിയുക. ഈ പതിവറിയാവുന്ന അയാൾ നീരസത്തോടെ കണ്ണടക്കിടയിലൂടെ ഭാര്യയെ ചോദ്യരൂപേണ നോക്കി.
   ഭാര്യ ഒരു വീട്ട് സാധങ്ങൾക്കായുള്ള നീണ്ട ലിസ്റ്റുമായ് ഉള്ള വരവാണെന്ന് കണ്ടപ്പോഴേ അയാൾക്ക് മനസ്സിലായി, പത്ത് മുപ്പത് കൊല്ലമായി അവളെ ശരിക്കും മനസ്സിലാക്കിയവനല്ലേ അയാൾ. ഭർത്താവിൻറെ വഴക്ക് കേൾക്കാനുറച്ച് കൊണ്ട് ഭാര്യ വാതിലിനരികൽ വന്ന് നിന്ന് കൊണ്ട് പറഞ്ഞു. “ വീട്ട് സാധനങ്ങളെല്ലാം തീർന്നു, കറിവെക്കാൻ ഇനി ഒരു തരി പരിപ്പ് പോലുമില്ലിവിടെ, ഈ മാസം അതിഥികൾ ഉണ്ടായതിനാൽ പതിവിലും നേരത്തെ സാധനങ്ങൾ തീർന്നത് മനസ്സിലാക്കാതെ അയാൾ പരുഷമായ് ഭാര്യയെ നോക്കി കൊണ്ട് പറഞ്ഞു. ശമ്പളം കിട്ടാൻ ഇനിയും ആറു ദിവസം ബാക്കിയാണു കയ്യിൽ വിഷം വാങ്ങാൻ പോലും കാശില്ല, അയാൾ പിറുപിറുത്തു. അത് മനസ്സിലാക്കിയ ഭാര്യ കൂടുതൽ തർക്കിക്കാൻ നിൽക്കാതെ അടുക്കളയിലേക്ക് മടങ്ങി. ഇനി കൂടുതൽ സംസാരിച്ചാൽ അദ്ദേഹത്തിൻറെ വായിൽ നിന്ന് വഴക്ക് കേൾക്കുമെന്ന് ഭയമുള്ളതിനാൽ അവർ നിശബ്ദയായി. പത്ത് മുപ്പത് കൊല്ലം ഒരുമിച്ച് ജീവിച്ചതിനിടയിൽ ഒരിക്കൽ പോലും അദ്ദേഹം തന്നെ ചീത്ത പറഞ്ഞിട്ടില്ല. എന്നാൽ, പണം കയ്യിലില്ലാതെ വിഷമിക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ പ്രയാസം ഒന്നു കാണേണ്ടത് തന്നെയാണു. ആരിൽ നിന്നും ഇന്ന് വരെ ഒരു നയാ പൈസ പോലും കടം വാങ്ങാൻ ഇഷ്ടപ്പെടാത്തതിനാൽ കിട്ടുന്ന ശമ്പളം കൊണ്ട് ഒതുങ്ങി കൂടുകയാണു പതിവു. എന്നിട്ടും തനിക്കിത് വരെ ഒരു കുറവും വരുത്തിയിട്ടില്ല.
എന്നിരുന്നാലും, വീട്ട് സാധനങ്ങൾ തീർന്നത് അദ്ദേഹത്തെ അറിയിക്കാതിരിക്കാൻ കഴിയില്ലല്ലോ.!!!!
       പുറത്ത് മഴക്കാറായതിനാൽ അരണ്ട വെളിച്ചമായിരുന്നു, അയാൾ വീണ്ടും പത്രതാളുകളിലേക്ക് മുഖം തിരിച്ചു.
അപ്പോഴാണു അല്പം തുരുമ്പിച്ച ഗൈറ്റ് തുറക്കുന്ന ഞരക്കം കേട്ട് അയാൾ പത്രത്തിൽ നിന്ന് കണ്ണെടുത്ത് ഗൈറ്റിലേക്ക് നോക്കി. ഒരു ഭിക്ഷക്കാരിയാണു, ശരീരമാസകലം കീറിയ പുതപ്പ് കൊണ്ട് മൂടിയിരിക്കുന്നു, എങ്കിലും ചില സ്ഥലങ്ങളിൽ കീറിയഭാഗത്തിലൂടെ തണുത്ത കാറ്റേൽക്കുമ്പോൾ മറ്റു ഭാഗങ്ങളിൽ നിന്ന് പുതപ്പ് വലിച്ചിടുന്നുണ്ടായിരുന്നു. വടിയും കുത്തി പിടിച്ച് വേച്ച് വേച്ച് വരുന്ന അവരെ കണ്ട് അയാൾ നീരസത്തോടെ പത്രതാളുകളിലേക്ക് കണ്ണു നട്ട് കൊണ്ട് പിറുപിറുത്തു, ഭിക്ഷ തെണ്ടാൻ കണ്ട സമയം. അയാൾ അനങ്ങാതിരുന്നു. പ്രായമായ അവർ അയാളെ ശല്ല്യപ്പെടുത്തേണ്ടെന്ന് കരുതിയാകാം, കാളിംങ്ങ് ബെല്ലിൽ വിരലമർത്തി, എന്നിട്ടും അയാൾ അനങ്ങിയില്ല,
അടുക്കളയിൽ നിന്ന് ബെല്ലടി കേട്ട് ഭാര്യ മുൻ വശത്തേക്ക് വന്നു. അദ്ദേഹം കസേരയിൽ ഉണ്ടല്ലൊ എന്നിട്ടെന്തേ വന്നയാളിനെ സ്വീകരിക്കാത്തത്. അവർ മനസ്സിൽ പറഞ്ഞു “ ഇല്ലെങ്കിലും അദ്ദേഹം അങ്ങനെയാണു, അല്പം മനസ്സിൽ വിഷമമുണ്ടായാൽ മതി പിന്നെ, മൌനവ്രതമായിരിക്കും ഏറെ നേരം.
    അവർ ഗ്രില്ലിനിടയിലൂടെ പുറത്ത് നിൽക്കുന്ന ഭിക്ഷക്കാരിയെ കണ്ടു, അവരെ ദയനീയമായി നോക്കി കൊണ്ട് ആ ഭിക്ഷക്കാരി പറഞ്ഞു, “അമ്മാ അല്പം ചൂട് ചായ കുടിക്കണമെന്നുണ്ട് തണുത്തിട്ട് വയ്യ എന്തെങ്കിലും തരണേ.... അവരുടെ ഭാവവും, മട്ടും കണ്ട് മനസ്സലിഞ്ഞ അവർ അകത്തേക്ക് പോകുന്നത് കണ്ട ഭർത്താവ് പരുഷമായി ഭാര്യയോട് പറഞ്ഞു, ഒന്നുമില്ലെന്ന് പറഞ്ഞയക്കൂ. ഭിക്ഷക്കാരി അയാളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു, സാറെ, അല്പം ചൂട് വെള്ളമെങ്കിലും തരുമോ.... അയാൾ അവരെ ആട്ടിയോടിച്ചു....
 അവർ വേച്ച് വേച്ച് ഗൈറ്റ് കടന്ന് പോയി.. അയാൾ പത്രതാളുകളിലേക്ക് കണ്ണ് നട്ടെങ്കിലും മനസ്സിനെ ഏകാഗ്രമായി പിടിച്ച് കെട്ടാൻ കഴിഞ്ഞില്ല. താൻ ഒരിക്കലും ഇത്തരം ക്രൂരമായി ആരോടും പെരുമാറിയിട്ടില്ല, രാവിലെ ഭാര്യ വന്ന് വീട്ട് സാധനങ്ങൾ വാങ്ങണമെന്ന് പറഞ്ഞപ്പോൾ കയ്യിൽ കാശില്ലാത്തതിൻറേ പ്രയാസവും, ഭാര്യയോട് അനാവശ്യമായി കയർത്തതിൻറെ വിഷമിച്ചിരുന്ന സന്ദർഭത്തിൽ മനമറിയാതെ വൃദ്ധയായ ആ ഭിക്ഷക്കാരിയോട് പെരുമാറിയതിലൂടെ താനൊരു മനുഷ്യത്തമില്ലാത്തവനായി മാറിയതിൽ അയാളുടെ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു. അയാൾ വായിച്ചിരുന്ന പത്രം മടക്കി എഴുന്നേറ്റു, അകത്ത് പോയി ഷർട്ട് ധരിച്ചു, കീശയിൽ പരതിയപ്പോൾ കിട്ടിയത് ഒരു അമ്പതിൻറെ നോട്ടായിരുന്നു. അതുമായി അയാൾ ഗൈയറ്റ് കടന്നു ആ വൃദ്ധയെ തേടി ,അവരെ അവിടെയെങ്ങും കണ്ടില്ല, അയാൾ, ലക്ഷ്യമില്ലാതെ മുന്നോട്ട് അവരെ തേടി നടന്നു, കുറച്ചലെയുള്ള പീടികത്തിണ്ണയിൽ വിറച്ചിരിക്കുന്ന അവരെ കണ്ടു, നടന്നതിൻറേയും, തണുപ്പിനാലും അവർ വല്ലാതെ ക്ഷീണിതയായി തോന്നിയിരുന്നു. അയാൾ ഒന്നും പറയാതെ കീശയിൽ നിന്നും അമ്പതിൻറേ നോട്ട് അവരുടെ കൈകളിൽ ചുരുട്ടി വെച്ചു, അമ്പരപ്പോടെ അവരത് വാങ്ങുമ്പോൾ അവർ തന്നെ ശ്രദ്ധിച്ചുവോ ആവോ താനാണോ അല്പം മുൻപ് അവരെ ആട്ടിയിറക്കിയതെന്ന്. അയാൾ, ഒന്നും പറയാതെ നടന്ന് നീങ്ങി.
            വീട്ടിൽ വന്ന് കുളിച്ചൊരുങ്ങി പ്രാതൽ കഴിക്കുമ്പോഴും അയാളുടെ മനസ്സ് വിങ്ങി അയാളുടെ മനസ്സിൽ ആ പാവം വൃദ്ധയുടെ ദാഹിക്കുന്ന ദയനീയ രൂപമായിരുന്നു. ഭാര്യ തൊട്ടുണർത്തിയപ്പോഴാണു അയാൾ ആ മായിക സ്വപ്നത്തിൽ നിന്ന് ഉണർന്നത്. ഭക്ഷണം കഴിച്ചെന്ന് വരുത്തി അയാൾ എഴുന്നേറ്റു ഭാര്യയിൽ നിന്ന് വീട്ട് സാധങ്ങൾ വാങ്ങാനുള്ള ചീട്ടും, സഞ്ചിയും വാങ്ങിയതെല്ലാം യാന്ത്രികമായിരുന്നു. ടൂവീലർ സ്റ്റാർട്ട് ചെയ്ത് വണ്ടി മുന്നോട്ട് പോയപ്പോൾ അയാളുടെ കണ്ണുകൾ വൃദ്ധയെ തേടി, അല്പമകലെ പീടിക വരാന്തയിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട അയാൾ വാഹനം അങ്ങോട്ട് അടുപ്പിച്ച് ഒരരികൈൽ വണ്ടി വെച്ച് കൊണ്ട് ജനങ്ങളെ വകഞ്ഞ് മാറ്റി മുന്നോട്ട് കയറി, വൃദ്ധ ചരിഞ്ഞു കിടക്കുന്നു, വായിൽ നിന്നും അല്പം രക്തം പീടിക ത്തിണ്ണയിൽ പടർന്നിട്ടുണ്ട്, ജനങ്ങൾ പരസ്പരം പറഞ്ഞു, അല്പനേരമായിട്ടുള്ളു മരിച്ചിട്ട്, ചില സന്നദ്ധസേവകർ പോലീസിനു ഫോൺ ചെയ്യുന്നുണ്ടായിരുന്നു. അയാൾ വൃദ്ധകിടന്നതിനരികെ ഒരു നിമിഷം നിന്നു ..... ആ കൈകുമ്പിളിൽ അപ്പോഴും താൻ നൽകിയ അമ്പത് രൂപ ചുരുട്ടിയ നിലയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു.
     അയാളോർത്തു താൻ ഒരിത്തിരി ചൂട് വെള്ളം അവർക്ക് നൽകിയിരുന്നെങ്കിൽ ഒരു പക്ഷേ ഇവരിന്ന് മരിക്കില്ലായിരുന്നു. അയാളുടെ കണ്ണിൽ നിന്ന് കണ്ണീർ ധാരയായ് ഒഴുകിയത് ആരും കണ്ടില്ല.









Abk Mandayi Kdr

Create your badge