മഴക്കാലമെന്ന് കേൾക്കുമ്പോഴെ എൻറെ മനസ്സിൽ ചേക്കേറുന്നത് ഒരായിരം ഗതകാല സ്മരണകളാണു. മഴയെ നിരൂപിക്കുക തന്നെ വളരെ പ്രയാസകരമാണു കാരണം , മഴ ദുഃഖസാന്ദ്രമോ, വിരഹ സാന്ദ്രമോ, സന്തോഷമോ, പ്രണയമോ, വിരഹമോ എല്ലാമാണെന്ന് തന്നെ പറയാം, മഴ വരുന്നത് ഐശ്ചര്യത്തിൻറെ ലക്ഷണമായും, ദുസ്സൂചനകൾ നൽകുന്ന മുന്നറിയിപ്പായോ പണ്ട് കാലം മുതൽ കണക്കാക്കി പോന്നിരുന്നു. എല്ലാം സന്ദർഭാനുസരം മാറ്റി മറിക്കാവുന്നതാണെന്ന് വേണമെങ്കിൽ മഴയെ പറ്റി പറയാം. എന്നാൽ, എന്നിലെ ഓർമ്മകൾ മഴയെ പറ്റി തികച്ചും വിഭിന്നമാണെന്ന് തന്നെ പറയാം.
മഴ ഇരച്ച് വരുമ്പോൾ എൻറെ മനസ്സിലോടിയെത്തുന്നത് എൻറെ ചെറുപ്പക്കാലത്ത് എൻറെ മൂത്ത സഹോദരങ്ങൾ സ്കൂളിൽ പഠിച്ചിരുന്ന പദ്യത്തിൻറെ ഈരടികളാണു.
“മലവെള്ളം പൊങ്ങിയ മാടത്തിൻ മുറ്റത്ത്....
മഴ വന്ന നാളൊരു വാഴ നട്ടു.
ഈ പദ്യത്തിൻറെ വരികൾ എന്നും നാവിൽ വരുമ്പോഴെല്ലാം എൻറേ മനോമുകുരത്തിൽ തെളിയുന്ന ഒരു മുഖമുണ്ട്, എൻറെ വീട്ടിൽ കൃഷി പണിക്കായി വന്നിരുന്ന വേലായുധനെ കുറിച്ച്. കറ പിടിച്ച മുട്ട് വരെ എത്തുന്ന തോർത്ത് ചുറ്റി, അരയിൽ കവുങ്ങിൻ പാളയാൽ ബെൽറ്റുണ്ടാക്കി, മറ്റൊരു പാളകൊണ്ട് കൂർത്ത തൊപ്പി ധരിച്ച , ആ തൊപ്പിക്കുള്ളിൽ മഴ നനയാതിരിക്കാനായി പ്ലാസ്റ്റിക്ക് ഉറയിൽ ഒരു പൊതി ദിനേശ് ബീഡിയും, തീപ്പെട്ടിയും ഒപ്പം വെറ്റില മുറുക്കാനുള്ള അടയ്ക്ക വെറ്റില, ചുണ്ണാമ്പ്, പുകയില എന്നിവയും ഉണ്ടാകും. മഴ കാലമാകുമ്പോൾ വാഴക്ക് മൺകൂനയുണ്ടാക്കി സം രക്ഷിക്കുന്ന ചുമതല വേലായുധനാണു. നല്ല മഴയിലും ശരീരത്ത് ഒരു ഷർട്ട് പോലുമിടാതെ ഇരച്ച് വരുന്ന ഏറെ കുറേ മഴ തൊപ്പിപ്പാളയുടെ സം രക്ഷണയിൽ കൊള്ളുകയും, നഗ്നശരീരം തണുപ്പ് കൊണ്ട് വിറകൊള്ളുമ്പോൾ സിമൻറ് തറയിലേക്ക് കയറിയുരുന്ന്, തൊപ്പി പാളയുടെ മൂർത്ത ഭാഗത്ത് പ്ലാസ്റ്റിക്ക് കവറിൽ ഒളിപ്പിച്ച ദിനേശ് ബീഡി ഒരെണ്ണം ആഞ്ഞ് വലിക്കുന്നതിനിടയിൽ വെറ്റിലയിൽ നൂറ് പുരട്ടി അതിനിടയിൽ അടക്ക ചവച്ചു കൊണ്ട് എനിക്ക് കുറേ കൃഷി പാട്ടുകൾ പാടുന്നതിനിടയിൽ ഹരം കൊണ്ടിരിക്കെ പാട്ടൊന്ന് നിർത്തി നൂറു തേച്ച വെറ്റില വായിലൊതുക്കി പിന്നേയും അല്പം നൂറ് (ചുണ്ണാമ്പ്) പല്ലിൽ തേച്ച് കൊണ്ട് വീണ്ടും പാട്ടു തുടങ്ങുമെങ്കിലും ഇടക്ക് വായിലേക്ക് തിരുകുന്ന പുകയില ശബ്ദ തടസ്സമുണ്ടാക്കിയാലും നല്ല ഈണത്തോടേ തൻറെ പാട്ട് ഭംഗിയായി പാടുന്ന വേലായുധനു തണുപ്പകറ്റാൻ എൻറെ ഉമ്മ കട്ടൻ ചായയും , കപ്പ പുഴുങ്ങിയതും നൽകുന്നതോടെ ആഹ്ലാദ ചിത്തനായി ഒരായിരം വെച്ച് കെട്ടി പാട്ടുകൾ പാടി തരുമായിരുന്ന വേലായുധൻ ജീവിതത്തിലൊരിക്കലും വിദ്യാലയത്തിൻറെ ചവിട്ട് പടി പോലും കാണാതിരുന്നിട്ടും, ഭംഗിയായി പ്രാസമൊപ്പിച്ച് പാടുമായിരുന്നു, ചില നേരങ്ങളിൽ ഉമ്മ കേൾക്കാതെ എന്നെ കളിയാക്കി കൊണ്ട് അശ്ലീലചുവയുള്ള ചില ഗാനങ്ങളും വേലായുധനിൽ നിന്ന് വരുമായിരുന്നു, എങ്കിലും ഇന്നത്തെ പോലെ അരസികത അത്തരം പാടലുകൾക്കില്ലായിരുന്നു.
മറ്റൊരു രസകരമായ ഓർമ്മ മഴക്കാലത്ത് പാടങ്ങളും , കുളങ്ങളും നിറഞ്ഞ് കവിയുമായിരുന്ന കാലത്ത് കടുത്ത മഴക്കാലങ്ങളിൽ തീരപ്രദേശങ്ങളിലെ കടലോരത്ത് താമസിക്കുന്നവർ സ്കൂളിൽ അഭയം പ്രാപിക്കുന്ന കുറച്ച് ദിവസങ്ങൾ സ്കൂളുകൾക്ക് അവധിയായിരിക്കും, അതിനാൽ കടുത്ത മഴവെള്ളം പൊങ്ങിയിരുന്ന പുലർക്കാല വേളകളിൽ കുളങ്ങളിൽ നിന്ന് കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ കരിപ്പിടി, ബ്രാൽ പോലുള്ള മത്സ്യങ്ങൾ പറമ്പുകളിൽ കയറുകയും രാവിലെ മഴ അല്പം ശമിക്കുമ്പോൾ മത്സ്യങ്ങളെ ചെറിയ കുട്ടയിൽ പെറുക്കി കൂട്ടിയിരുന്ന ഒരു കാലം, ഈ വെള്ളപാച്ചിലിനിടയിൽ ഇടക്കിടെ വലിപ്പമേറിയ പച്ച നിറത്തിലുള്ള തവളകളുടെ ചാട്ടം കണ്ട് ഭയന്ന് ഓടുന്നതും, സ്കൂളിൽ വെള്ളം നിറഞ്ഞ് അതിൽ തെങ്ങിൻറെ കൊതുമ്പു വള്ളങ്ങളാക്കി തുഴഞ്ഞിരുന്നതും, മഴ കഴിഞ്ഞ് വെള്ളം തങ്ങി നിൽക്കുന്ന മരച്ചുവടുകളിൽ സതീർത്ഥ്യരെ അറിയാതെ ക്ഷണിച്ച് വരുത്തി കൊമ്പു കുലുക്കി നനയിക്കുന്നതും,
മഴപ്പെയ്യുന്ന രാവുകളിൽ പുതപ്പിന്നടിയിൽ രണ്ടും, മൂന്നും പേർ ചേർന്ന് ഉറങ്ങുന്നതും ആധുനിക യുഗത്തിൽ കുട്ടികൾക്ക് ലഭിക്കാതെ പോകുന്ന സൌഭാഗ്യങ്ങളാണു.
കൊടും മഴയിലും ഇന്ന് ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ നാടിൻറെ ശാപം തന്നെയാണു. നിറഞ്ഞ് കിടക്കുന്ന കുളങ്ങളും, പോക്രോം .... പോക്രോം ശബ്ദിക്കുന്ന തവളകളുടെ സ്വരങ്ങളും കുഞ്ഞുങ്ങൾക്ക് നഷ്ടം തന്നെയാണു.
ഓരോ മഴ തുള്ളികൾ ഭൂമിയിൽ പതിക്കുമ്പോഴും എൻറെ മനസ്സിൽ തത്തിക്കളിക്കുന്നത് ഇത്തരം മായാത്ത നൊമ്പരങ്ങളുടെ സ്മരണകളാണു. ഇനിയും ഒരു കുട്ടിക്കാലം എനിക്ക് കിട്ടിയിരുന്നെങ്കിൽ എൻറെ പഴയ കുട്ടിക്കാലവും, വേലായുധനും പുനർജ്ജനിക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു.
Abk Mandayi Kdr
Create your badge
1 comment:
വര്‍ഷസ്മരണകള്‍..അല്ലേ
Post a Comment