Friday, January 7, 2011

മണ്ടായിപ്പുറത്ത് കുടുംബ ചരിതം -

 ആമുഖം:-
മലപ്പുറം ജില്ലയിലെ കല്പകഞ്ചേരിയിൽ നിന്നാരംഭിച്ചു, എറണാകുളം ജില്ലയിലെ ഏലൂരിലൂടെ പരമ്പര തുടർന്ന് ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ തീരദേശമായ കൊടുങ്ങല്ലൂരിലും എത്തി നിൽക്കുന്ന ഒരു കുടുംബ പരമ്പര ഇസ്ലാം മതം ആശ്ലേഷിച്ചിട്ട് അധികകാലം ആയെന്നു പറയാൻ കഴിയില്ല, ഏറിയാൽ ഇരുന്നൂറ് വർഷത്തിലധികം പഴക്കമില്ലായെന്നാണു ചരിത്രത്തിൽ നിന്നു മനസ്സിലാകുന്നതെങ്കിലും ഇവർക്ക് ചരിത്രത്തിൽ ഉന്നത സ്ഥാനം ഉണ്ടായിരുന്നതായി ഇവരുടെ പഴയകാല ചരിതത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നതു.
 ചരിത്രത്തിലെ പല കോണുകളിലൂടേയും ലഭിച്ച ആ ചുരുങ്ങിയ അറിവു പുതിയ തലമുറക്ക് അറിയിച്ചു കൊടുക്കുക എന്ന ദൌത്യം ഞാൻ ഏറ്റെടുക്കുമ്പോൾ ഈ കുറിപ്പിൽ വരുന്ന പാകപിഴകൾ വായനക്കാർ സദയം ക്ഷമിക്കണമെന്നും, ഇതെഴുതാൻ എനിക്ക് പ്രധാന സഹായി ആയി ഭവിച്ച കൊച്ചുണ്ണി മൂപ്പൻ സ്മരണികയാണു. അതിലൂടെ ലഭിച്ച പരിമിതമായ മണ്ടായിപ്പുറത്ത് ചരിത്രം ഇവിടെ അവതരിപ്പിക്കുന്നു. ഇതിൽ എന്തെങ്കിലും തിരുത്തുകൾ വേണമെന്ന് ഏതെങ്കിലും ഈ പരമ്പരയിലെ ആളുകൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ ദയവായി തെളിവുകൾ നിരത്തി അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.
    കല്പകഞ്ചേരിയെ കുറിച്ചൊരൽപ്പം ‍:-
    കൽപ്പവൃക്ഷം അഥവാ തെങ്ങ് തിങ്ങി നിറഞ ഒരു പ്രദേശമാണെന്നാണു കൽപ്പകഞ്ചേരിയെ കുറിച്ച് പരക്കെ അറിയപ്പെടുന്നതെങ്കിലും അതിനു ശക്തമായ ചരിത്ര പിന്തുണയില്ലെന്നാണു പൂർവ്വ ചരിത്രങ്ങൾ പറയുന്നതെത്രേ, അവിടം കാടുകളും പൊന്തകളും നിറഞ കുന്നും ചരിവുകളുമായിരുന്നെത്രേ, രണ്ട് നൂറ്റാണ്ടുകൾക്കു മുൻപ് വരേക്കും നെൽകൃഷിയും മറ്റു ഇടവിളകളും ചെയ്തിരുന്ന അവിടെ കാട്ടുമൃഗങ്ങളെ വിരട്ടിയകറ്റാനായി കാവൽ പുരകൾ ഉണ്ടായിരുന്നതായി പറയുന്നു. കക്കയം,പെരുവണ്ണാമുഴി എന്നീ പ്രദേശങ്ങളിൽ ഇന്നും കണ്ട് വരുന്ന കല്പൈൻ, പൈൻ എന്നീ വൃക്ഷങ്ങളിൽ കല്പൈൻ എന്ന വൃക്ഷം ഇടതൂർന്ന് വളർന്നിരുന്ന ഒരു ചേരി പ്രദേശമായിന്നെത്രേ പഴയകാലത്ത് കല്പകഞ്ചേരി എന്ന് ചരിത്രം പറയുന്നു.  കല്പൈൻ + ചേരി ഒത്ത് ചേർന്നു കല്പകഞ്ചേരി ആയി, ഇന്നും പഴയ ആളുകളിൽ ചിലർ കല്പൈൻ ചേരി എന്ന് പറയുന്നുണ്ടെന്നു പറയപ്പെടുന്നു. തന്നെയുമല്ല അക്കാലത്ത് അവിടെ കൂടുതലും സംസാരിച്ചിരുന്ന ഭാഷയും കന്നടയും, തമിഴും ഇടകലർന്നതായിരുന്നു അതു കൊണ്ട് തന്നെ കൽപ്പ വൃക്ഷം എന്ന് അറിയപ്പെടാൻ ഒരു സാധ്യതയും കാണുന്നുമില്ല.

കൊച്ചുണ്ണി മൂപ്പൻ ( 1904 -1999)
  പഴയ കാലത്തെ കൽപ്പകഞ്ചേരി പ്രദേശത്തെ ഭൂസ്വത്തുക്കൾ മണ്ടായപ്പുറം (പിന്നീട് മണ്ടായിപ്പുറം എന്നായി മാറിയതാണു) മൂപ്പന്മാർ, കിഴക്കെ കോവിലകം പൂമുള്ളി മനക്കാർ, പാക്കത്ത് മന , കേരളാധീശ്വരം, ഊട്ട് ബ്രഹ്മസ്വം എന്നീ ജന്മികളുടെ അധീനത്തിലായിരുന്നു. അതിൽ പൊന്നാനി താലൂക്കിൽ ഏറ്റവും പ്രബല ജന്മി കൊച്ചുണ്ണി മൂപ്പൻ എന്നവരായിരുന്നു. ഇവിടെ വിഷയം അതെല്ലെങ്കിലും കൊച്ചുണ്ണി മൂപ്പനെന്ന വ്യക്തിയെ അവസരോചിതമായി അനുസ്മരിച്ചെന്നേയുള്ളു.
മണ്ടായപ്പുറം ചരിത്രവും ഇസ്ലാം ആശ്ലേഷണവും  ഒരു തിരിഞു നോട്ടം:-
വള്ളുവനാട് താലൂക്കിലെ മുള്ളിയാങ്കുർശ്ശി അംശത്തിൽ മണ്ടായപ്പുറം എന്നൊരു നായർ വീടുണ്ടായിരുന്നു. അവിടത്തെ സഹോദരിമാരായ രണ്ട് സ്ത്രീകളെ പൊന്നാനി താലൂക്കിലെ അച്ചിപ്ര ദേശത്തുള്ള സഹോദരങ്ങളായ രണ്ട് നമ്പൂതിരിമാർ വിവാഹം ചെയ്തു. അവർ അവിടെ ഒരു വീട് വെക്കുകയും, അവർ ഒരുമിച്ച് താമസിച്ചിരുന്ന വീടിനും മണ്ടായപ്പുറം എന്ന് തന്നെ പേരിടുകയും ചെയ്തു. മേൽ പറഞ രണ്ട് സ്ത്രീകൾക്കു ഒരൊരുത്തർക്കും ഓരോ ആൺകുഞുങ്ങൾ ജനിക്കുകയും അതിൽ മൂത്ത് സ്ത്രീയുടെ മകനു തേവിരുതെന്നും, ഇളയ സ്ത്രീയുടെ മകനു കൃഷണനെന്നും പേരിട്ടു. അതിബുദ്ധിയും, സാമർത്ഥ്യവും ഒത്ത് ചേർന്ന ഇവരെ ഒരിക്കൽ ആ വഴി വന്ന വെട്ടത്ത് രാജാവു കണ്ടു. യുക്തിശാലികളായ കുട്ടികളിൽ ഇളയവനായ കൃഷ്ണമേനോനെ കോവിലകത്തേക്കയക്കണമെന്നും അവനു ജോലി നൽകാമെന്നും അറിയിച്ചു. അപ്രകാരം കൃഷ്ണമേനോനെ കോവിലകത്തേക്കയക്കുകയും അവൻറെ സത്യസന്ധതയും, സാമർത്ഥ്യവും കണ്ട രാജാവ് അയാളെ തൻറെ പ്രധാനമന്ത്രിയായി നിയമിക്കുകയും, ഉന്നതസ്ഥാനീയനായതോടെ മേനോനും കുടുംബത്തിനും താമസിക്കാനായി അവർക്ക് അനുയോജ്യമായ ഒരു വീടു നിർമ്മിക്കാനായി സ്ഥലം കണ്ടെത്താനും രാജാവു കൽപ്പിച്ചു. അത് പ്രകാരം, ഓലകെട്ടി പുല്ലു മേയാൻ ഉതകുന്ന വിധം ഓലയും, പുല്ലും ലഭിക്കുന്ന പ്രദേശം അന്വേഷിച്ചു അവസാനം കല്പകഞ്ചേരി പ്രദേശമാണു കൃഷ്ണമേനോൻ തിരഞെടുത്തത്. ഈ സ്ഥലം ഇന്ന് മണ്ടായപ്പുറം തെക്കേതിൽ വീടു നിൽക്കുന്ന പറമ്പായിരുന്നു. അവിടെ വീട് നിർമ്മിച്ച് ജേഷ്ട്നായ തേവിരുത് (ഗോവിന്ദമേനോൻ) രണ്ട് പേരുടെ അമ്മമാരേയും, പെങ്ങന്മാരേയും അവിടെ താമസിപ്പിച്ചു.  ഇടക്കാലത്ത് അമ്മമാർ മരിച്ചതോടെ കൃഷ്ണമേനോൻ സ്ഥിരതാമസം വെട്ടം രാജാവിൻറെ കോവിലകത്തേക്കു മാറ്റിയെങ്കിലും, ഇടക്കിടെ കല്പകഞ്ചേരിയിലെ മണ്ടായപ്പുറം വീട്ടിൽ താമസിക്കാറുണ്ടായിരുന്നു.

 ബാല്യത്തിലെ ബിംബാരാധനയിൽ അർത്ഥമില്ലെന്നു മനസ്സിലാക്കിയിരുന്ന കൃഷ്ണമേനോൻ ഒരിക്കൽ മുസ്ലീങ്ങൾ ഒരുമിച്ച് നിന്ന് നമസ്ക്കരിക്കുന്നത് കാണുവാനിടയായി. താൻ അന്വേഷിക്കുന്ന സത്യമാർഗ്ഗം ഇതാണെന്നും അതിഭക്തിയോടേയും, അടുക്കും ചിട്ടയോടേയും, ഒരാളുടെ കീഴിൽ , ജാതി,വർണ്ണ , കുബേര,പാമര വ്യത്യാസമില്ലാതെ അണിനിരന്ന് ദൈവത്തെ ആരാധിക്കുന്ന വ്യവസ്ഥയിൽ തന്നെയാണു വിശ്വസിക്കേണ്ടതെന്ന് അദ്ദേഹം പറയാൻ തുടങ്ങി. കൃഷ്ണമേനൊൻറെ ഈ മനം മാറ്റം കൂടെയുള്ളവർ രാജാവിനെ അറിയിച്ചു. രാജാവു മേനോനെ വിളിച്ച് കാരണമാരാഞു.  മുഹമ്മത് പ്രചരിപ്പിച്ച വേദമാണു സത്യവേദമെന്ന് തനിക്കു നിസംശയം ബോധ്യപ്പെട്ടെന്നാണു കോവിലകത്തെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിരുന്ന കൃഷ്ണമേനോൻ പ്രതികരിച്ചതു. തൻറെ വിശ്വസ്ഥനും, കാര്യശേഷിയുള്ളവനുമായ മേനോൻറെ കാഴ്ചപ്പാട് രാജാവിനു അതിശയം ഉളവാക്കി.
കൃഷ്ണമേനോനെ അയാളുടെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കൽ അസാദ്ധ്യമാണെന്നും, അയാളെ പിണക്കുന്നതു കോവിലകത്തിനു ദോഷമേ വരുത്തൂ എന്ന് മനസ്സിലാക്കിയ രാജാവ് മേനോനോട് അനുകൂല ഭാവം പുലർത്തുകയും ചെയ്തു.
കൃഷ്ണമേനോൻ പിന്നീട് പോയത് തൻറെ മണ്ടായപ്പുറം വീട്ടിലേക്കായിരുന്നു, അവിടെയെത്തിയ അദ്ദേഹം തൻറെ താല്പര്യം സഹോദരൻ ഗോവിന്ദമേനോനേയും, സഹോദരിമാരേയും അറിയിച്ചു, അനന്തരം അവരും കൃഷ്ണമേനോനൊപ്പം ഇസ്ലാം ആശ്ലേഷിക്കുവാൻ തീരുമാനിക്കുകയാണുണ്ടായതു. എല്ലാവരും കോവിലകത്തെത്തി അന്നാപ്രദേശത്തുള്ള മഖ്ദൂം തങ്ങളെ വരുത്തിയ ശേഷം അദ്ദേഹം മുഖേനെ രാജാവിൻറെ സാന്നിദ്ധ്യത്തിൽ ഇസ്ലാം ആശ്ലേഷിക്കുകയാണുണ്ടായതു.
 തൻറെ മന്ത്രിയും കുടുംബവും മുസ്ലീം ആയതോടെ ആ പ്രത്യേക സാഹചര്യത്തിൽ രാജാവ് അവർക്കു പുനർനാമകരണം ചെയ്തു. മൂത്തവനായ ഗോവിന്ദമേനോനു “ മുഹമ്മദെന്നും”, കൃഷ്ണമേനോനു “മൊയ്തീൻ“ എന്നും നാമകരണം ചെയ്യുകയും കൂടാതെ ഇവരുടെ പരമ്പരക്ക് “മൂപ്പൻ “ എന്ന സ്ഥാനപ്പേരു നൽകുകയും, ജനങ്ങൾ അവരെ അങ്ങിനെ വിളിക്കാൻ കൽപ്പിക്കുകയും ചെയ്തു. തുടർന്നും ദീർഘകാലം കൃഷ്ണമേനോനെ പ്രധാനമന്ത്രിയായി വാഴിക്കുകയും ചെയ്തു.
          കാലങ്ങൾ കഴിഞപ്പോൾ, രാജാവു നാടു നീങ്ങുകയും, അനന്തരാവകാശികളില്ലാതെ അന്യാധീനപ്പെടുമായിരുന്ന നാട് പെടുന്നനെ ടിപ്പു സുൽത്താൻ കൈവശപ്പെടുത്തി പ്രധാന മന്ത്രിയായിരുന്ന മൊയ്തീൻ മൂപ്പൻറെ കഴിവും, മികവും അറിഞ ടിപ്പു സുൽത്താൻ ഏറനാട്, വള്ളുവനാട്, വെട്ടത്ത് നാട്, പാലക്കാട് തുടങ്ങിയ താലൂക്കുകൾ ഭരിക്കാൻ മൊയ്തീൻ മൂപ്പനെ ചുമതലപ്പെടുത്തുകയും, വർഷം തോറും നിശ്ചിത സംഖ്യ ടിപ്പുവിനു നൽകന്ന വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു. നാടിൻറെ സ്ഥിതി മാറിയതോടെ കൂടുതൽ ഉണർന്ന് പ്രവർത്തിച്ച മൊയ്തീൻ മൂപ്പൻ രാജ്യം മുഴുവൻ സഞ്ചരിച്ച് നികുതി പിരിച്ച് നിശ്ചയിച്ചത് പ്രകാരം തന്നെ ടിപ്പുവിനു കൊടുത്തു കൊണ്ടിരുന്നു, എന്നാൽ പിന്നെ തുടർച്ചയായി മൂന്ന് വർഷം അതിനു കഴിയാതിരുന്നപ്പോൾ ക്രുദ്ധനായ ടിപ്പു പല കല്പനകളും അയച്ചെങ്കിലും, എന്ത് തന്നെ സംഭവിച്ചാലും ഇനിയും പിരിച്ച് നൽകാൻ കഴിയില്ലെന്നു ഉറച്ച മൊയ്തീൻ മൂപ്പൻ ടിപ്പുവിൻറെ ഭീഷണിയെ പതറാതെ നേരിട്ടു.
പെട്ടെന്നുണ്ടായ ടിപ്പുവിൻറെ ഭീഷണിയെ കുറിച്ച് മൊയ്തീൻ മൂപ്പൻ തിരുവനന്തപുരത്തുള്ള പൊന്നുരാജാവിനെ അറിയിച്ചു. “ താൻ ക്ഷത്രിയരാജാവായിരുന്ന വെട്ടത്ത് രാജാവിൻറെ പ്രധാന മന്ത്രിയായിരുന്നെന്നും ഇപ്പോൾ ടിപ്പുവിൻറെ കീഴിൽ അകപ്പെട്ടിരിക്കയാണെന്നും അദ്ദേഹവുമായി യോജിച്ചു പോകാൻ പ്രയാസമാണെന്നും അതിനാൽ ഈ വിപത്ത്ഘട്ടത്തിൽ തന്നെ കൈയ്യൊഴിയരുതെന്നുമുള്ള മൊയ്തീൻ മൂപ്പൻറെ അഭ്യർത്ഥന തിരുവനന്തപുരം രാജാവു സ്വീകരിക്കുകയും തിരുവനന്തപുരത്തെത്തിയാൽ സഹായിക്കാമെന്നുമേറ്റു.
ഇതിനിടയിൽ മൊയ്തീൻ മൂപ്പനെ പിടിച്ച് കൊണ്ട് പോകാനായി ടിപ്പുവിൻറെ പട്ടാളം മണ്ടായപ്പുറത്തെത്തി. പട്ടാളത്തിൻറെ നീക്കം മനസ്സിലാക്കിയ മൊയ്തീൻ മൂപ്പൻ “ തൻറെ ശരീരം മാത്രം കൊണ്ട് പോയതു കൊണ്ട് പ്രയോജനമില്ലെന്നും, നൽകാനുള്ള പണം സ്വരൂപിക്കാനായി താൻ ഒരു കല്ല്യാണം കഴിക്കാൻ നിശ്ചയിച്ചിരിയാൽ അത് കഴിഞു എന്നെ പണത്തോടൊപ്പം കൊണ്ട് പോകാം എന്നു പട്ടാളത്തെ അറിയിച്ചു. അത് കേട്ട പട്ടാളം അങ്ങിനെയാകട്ടെ എന്നു തീരുമാനിക്കുകയും, മണ്ടായപ്പുറത്തിനടുത്ത നടൊലക്കുന്ന് പറമ്പിൽ താമഷിക്കുകയും ചെയ്തു.
      ഈ സാഹചര്യം മുതലെടുത്ത് മുഹമ്മദു മൂപ്പനും, മൊയ്തീൻ മൂപ്പനുമൊഴികെ കുടുബത്തിലുള്ളവരെയെല്ലാം രഹസ്യമായി തിരുവനന്തപുരത്തേക്കയച്ചു. കല്ല്യാണക്കുറി വിവരം നാടാകെ വിളംബരം ചെയ്തു. നാലുഭാഗത്തും നാലു പന്തലുകളും അലങ്കരിച്ചു. അസംഖ്യം ജനങ്ങൾ പങ്കെടുത്ത കുറിക്കല്ല്യാണത്തിൽ ഒരു വൻ തുക തന്നെ പിരിവായി ലഭിച്ചു. കല്ല്യാണത്തിനെത്തിയ പല യോഗ്യന്മാരോടും ഏതു പന്തലാണു നല്ലതെന്നു ചോദിച്ചെങ്കിലും പലരും പലതും പറഞു, എന്നാൽ മൂപ്പൻറെ മനമറിഞ വെട്ടത്ത് രാജാവിൻറെ മന്ത്രിയായിരുന്ന കോഴിപ്പറമ്പിൽ കോന്തി മേനോൻ മാത്രം പറഞു ഇപ്പോൾ നല്ലതു തെക്കു ഭാഗത്തേതാണെന്നും തൻറെ ചിന്തയും അതു തന്നെയായിരുന്നെന്നു മൊയ്തീൻ മൂപ്പൻ പറഞു. അന്ന് രാത്രി തന്നെ കുറിക്കല്ല്യാണത്തിനു പിരിഞു കിട്ടിയ പണവുമായി മുഹമ്മദ് മൂപ്പനും, മൊയ്തീൻ മൂപ്പനും തിരുവനന്തപുരത്തേക്കു പോയി. തിരുവനന്തപുരം പൊന്നു തമ്പുരാൻ നേരത്തെ നൽകിയ സഹായവാഗ്ദാനമനുസരിച്ചായിരുന്നു യാത്ര.
   നേരം പുലർന്ന് മണ്ടായപ്പുറത്ത് വന്ന് നോക്കിയ പട്ടാളം കണ്ടതു ആളൊഴിഞ ഭവനമായിരുന്നു. ഈർഷ്യ മൂത്ത പട്ടാളം വീടിനു തീവെച്ചു കൊണ്ട് തിരികെ പോയി. ഈ വിവരം അറിഞ ടിപ്പു തിരുവനന്തപുരം പൊന്നു തമ്പുരാനോട് മൊയ്തീൻ മൂപ്പനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടു. എന്നാൽ, തന്നിൽ അഭയം തേടി വന്നവനെ വിട്ട് കൊടുക്കില്ലെന്നറിയിച്ചതോടെ കോപിതനായ ടിപ്പു സുൽത്താൻ തൻറെ വൻ സേനയുമായി യുദ്ധത്തിനായി പുറപ്പെട്ടു, ശക്തനായ ടിപ്പു സുൽത്താൻറെ സൈന്യം യുദ്ധത്തിൽ വിജയത്തോടടുത്തപ്പോഴാണു ടിപ്പുവിനെ തൻറെ പിതാവു ഹൈദരാലിയുടെ മരണവാർത്ത തേടിയെത്തിയത്. അതിനാൽ, ടിപ്പുവിനു യുദ്ധമുപേക്ഷിച്ച് തിരീച്ച് പോകേണ്ടി വന്നു.
ഹൈദരാലിയുടെ മരണശേഷം , ഇംഗ്ലീഷുകാരുമായി നടന്ന യുദ്ധത്തിൽ ടിപ്പു സുൽത്താനും മരണമടയുകയാണുണ്ടായതു. അതിനു ശേഷം ഈ എല്ലാ നാടുകളും ബ്രിട്ടീഷ് കാരുടെ കൈയ്യിൽ അകപ്പെടുകയും ചെയ്തു. പിന്നീട്, പൊന്ന് തമ്പുരാൻറെ സമ്മതപ്രകാരം മുഹമ്മദു മൂപ്പനും, മൊയ്തീൻ മൂപ്പനും എറണാകുളം ജില്ലയിലെ വരാപ്പുഴക്കടുത്തുള്ള ഏലൂരിൽ വീടുണ്ടാക്കി താമസിച്ചു. ആദ്യം മൊയ്തീൻ മൂപ്പനും, പിന്നീട് മുഹമ്മദ് മൂപ്പനും കാലയവനികയിൽ മറഞു. മുഹമ്മദു മൂപ്പനു - മൊയ്തു മൂപ്പൻ, ആലി മൂപ്പൻ എന്നീ രണ്ടു പുത്രന്മാരും, മൊയ്തീൻ മൂപ്പനു - വീരാവുണ്ണി മൂപ്പൻ എന്ന ഒരു മകനുമാണുണ്ടായിരുന്നത്. അവരിൽ വീരാവുണ്ണി മൂപ്പൻ ഏലൂരിൽ തന്നെ താമസിക്കുകയും , മൊയ്തു മൂപ്പനും, ആലി മൂപ്പനും കല്പകഞ്ചേരിക്ക് തിരികെ പോയി മണ്ടായപ്പുറം വീട്ടിൽ താമസമാരംഭിക്കുകയും ചെയ്തു. ഈ കൽപ്പകഞ്ചേരിയിൽ താമസിച്ചിരുന്ന മൊയ്തു മൂപ്പൻറേയും, ആലി മൂപ്പൻറേയും പിൻ തലമുറയിൽ പെട്ട ബാവുണ്ണി മൂപ്പൻറെ അഥവാ മമ്മദ്ക്കുട്ടി മൂപ്പൻറെ മകനാണു ഞാൻ നേരത്തെ സൂചിപ്പിച്ച കൊച്ചുണ്ണി മൂപ്പൻ 1904 - 1999.
    ഏലൂരിൽ താമസമാക്കിയ വീരാവുണ്ണി മൂപ്പൻറെ പിൻ തലമുറക്കാർ ഏലൂരിലും, അവിടെ നിന്നു ചിലർ കൊടുങ്ങല്ലൂരിലും എത്തിചേരുകയാണുണ്ടായതു. അങ്ങിനെയാണു കൊടുങ്ങല്ലൂരിലും മണ്ടായപ്പുറത്ത്കാർ  ഇപ്പോൾ മണ്ടായിപ്പുറത്ത് എന്ന പേരിൽ മൂപ്പൻ സ്ഥാനം നൽകാതെ കഴിഞു വരുന്നതെന്ന് ചരിത്രം പറയുന്നു.
        ഈ ചരിത്രം ചുരുക്കി പുതു തലമുറക്കു പകർന്ന് നൽകാൻ കഴിഞതിൽ ഞാൻ ഏറെ സന്തോഷവനാണു കൂട്ട് കുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കു വഴി മാറിയ ഇന്നത്തെ തലമുറക്കു ഇതു ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ എനിക്കു ഒരു സംശയവുമില്ല. ഈ ചരിത്രം വായിക്കുന്ന ഓരോ വ്യക്തിയും ഇതിവിടെ കുറിച്ച ഈ എളിയവനേയും എന്നെന്നും ഓർക്കുമെന്നത് ഒരു സൌഭാഗ്യമായി ഞാൻ കരുതുന്നു. ഇത്തരുണത്തിൽ ലോകത്തിൽ അറിയപ്പെട്ടിരുന്ന ഒരു ഇംഗ്ലീഷ്ചിത്രകാരൻ വിൻസെൻറ് ബാംഗോഗിൻറെ  വാക്കുകൾ പ്രസക്തമാണെന്ന് തോന്നുന്നു, അദ്ദേഹം ചിത്രകല കഴിഞ് ഗോതമ്പ് വയലിൽ ചെന്ന് തൻറെ തോക്കിനാൽ സ്വയം നിറയൊഴിച്ച് രക്തത്തിൽ കുളിച്ച് വന്നതു കണ്ട സഹോദരി അദ്ദേഹത്തോട് ചോദിച്ച് എന്തിനിത് ചെയ്തെന്ന് ? കലാകാരൻ മരിച്ചാലും അവൻറെ പേരു മരിക്കുന്നില്ലെന്ന്.”