പണ്ട് കാലത്ത് മുഖസൌന്ദര്യം അല്പം വർദ്ധിപ്പിക്കാൻ അധികം പണചെലവൊന്നും ഇല്ലായിരുന്നു. അധികവും, വിവാഹം, മറ്റ് പ്രധാന ആഘോഷങ്ങളിൽ കൈ കാലുകൾക്ക് അല്പം ഭംഗി കൂട്ടാൻ സ്ത്രീകൾ മൈലാഞ്ചി അണിഞ്ഞിരുന്നു. കണ്ണുകൾക്ക് ഭംഗിയേകാൻ സുറുമയോ, കണ്മഷിയോ ഉപയോഗിക്കും, മുഖത്തിനു അല്പം വെള്ളനിറം പകരാൻ പൌഡർ മുതലായവയും ഉപയോഗിച്ചിരുന്നു. അന്നതിനു കാര്യമായ പണം മുടക്കില്ലാതെ വീട്ടുമുറ്റത്തുള്ള മൈലാഞ്ചിയിൽ നിന്ന് ഇലകൾ പറിച്ച് അമ്മിയിൽ അരച്ച് തേക്കാൻ അല്പം കായിക ശക്തി മാത്രം ആവശ്യമേയുണ്ടായിരുന്നുള്ളു. എന്നാൽ, ഇന്ന് അതേ മൈലാഞ്ചി പാക്കറ്റുകളിൽ നിറച്ച് മാർക്കറ്റിൽ എത്തിയതോടെ സ്ത്രീ സൌന്ദര്യം വിലക്ക് വാങ്ങാമെന്നായി.
കാലം പിന്നേയും മുന്നോട്ട് കുതിച്ചപ്പോൾ സൌന്ദര്യം വർദ്ധിപ്പിച്ച് നൽകാൻ ബ്യൂട്ടിഷ്യന്മാരായി, കസേരയിൽ രണ്ട് കണ്ണുമടച്ച് ഇരുന്ന് കൊടുത്താൽ മുഖകാന്തി ക്കൂടും പക്ഷേ, പോക്കറ്റിൽ കുറച്ച് പച്ച നോട്ടുകൾ കരുതണമെന്ന് മാത്രം. പഴയ കാലങ്ങളിൽ സ്ത്രീകളുടെ വിവാഹം, പ്രസവം മുതലായ അവസരങ്ങളിൽ മുടി മുറിച്ച് ഭംഗി കൂട്ടാൻ ക്ഷുരകകൾ ഉണ്ടായിരുന്നു. അവരായിരുന്നു പെൺക്കുട്ടികൾക്ക് മുടി ചീകി അല്പം മുറിക്കുകയും, ഭംഗി വരുത്തുകയും ചെയ്തിരുന്നത് അവരെ അന്ന് സമൂഹം ഒരു മൂന്നാം കിടതൊഴിലായി കണ്ടിരുന്നതെങ്കിൽ ഇന്ന് അതേ തൊഴിൽ തന്നെ അല്പം പ്രൊഫഷനൽ ആയി ചെയ്ത് തുടങ്ങിയപ്പോൾ ബ്യൂട്ടിഷ്യനായി. എന്നാൽ, ആധുനിക സൌന്ദര്യം പകർന്ന് നൽകുന്നവർക്ക് ഒരു വ്യക്തിക്ക് ഏതാനും മണിക്കൂറുകൾക്ക് നാലക്കമായി മാറി.
ആധുനിക ബ്യൂട്ടിഷ്യൻ തലമുടി മുറിക്കൽ മാത്രമല്ല, പ്രകൃതി കനിഞ്ഞ് നൽകിയ പുരികത്തെ പ്ലക്ക് ചെയ്യലും, കൈകാലുകളിൽ വളർന്ന് വരുന്ന രോമങ്ങളെ പറിക്കലും, മുഖത്ത് കാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ പല കെമിക്കലുകളും കലർന്ന് ക്രീമുകൾ വാരി പൊത്തി മിനുക്കിയെടുക്കുന്നു. ഒരിക്കൽ ഇത് ചെയ്താൽ ഒരാഴ്ചയോളം ഈ തിളക്കം നിലനിൽക്കുമെങ്കിലും പിന്നീട്, മുഖചർമ്മങ്ങൾ സങ്കോചിക്കുകയും ചുരുങ്ങാൻ തുടങ്ങുകയും ചെയ്യുന്നു. അതിനാൽ ഒരിക്കൽ ബ്യൂട്ടിഷ്യനു കീഴ്പ്പെടുന്നവർ തുടർന്നും മുഖകാന്തി നിലനിർത്താൻ പാർലറുകളിൽ കയറിയിറങ്ങേണ്ടി വരുന്നു.
ഈ ഒരു അവസ്ഥ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരും അനുഭവിക്കുന്നു. സിനിമ, സീരിയൽ നടീ നടന്മാർ ദിനവും മുഖകാന്തി വർദ്ദിപ്പിക്കുകയും, ലൈറ്റുകളുടെ കടുത്ത ചൂടിൽ നിൽക്കുന്നതിനാലും അവരുടെ മുഖചർമ്മങ്ങൾ വല്ലാതെ ചുളുങ്ങുന്നു. അഭിനയിക്കുമ്പോൾ അവരുടെ സൌന്ദര്യം നിലനിർത്തേണ്ടതിനാൽ അവർ ദിനവും അത് ചെയ്ത് കൊണ്ടിരിക്കുന്നു. അത് കാണുന്ന നാം ആ സൌന്ദര്യം തങ്ങൾക്കും നിലനിർത്തണമെന്ന് കരുതി അവരും ബ്യൂട്ടീഷ്യന്മാർക്ക് കീഴടങ്ങുന്നു. ഈ സിനിമ, സീരിയൽ നടീനടന്മാർ ഒറിജിനൽ ജീവിതത്തിലേക്ക് മടങ്ങിയാൽ ക്യാമറക്ക് മുന്നിലെല്ലാതെ ഒന്നു നേരിട്ട് കാണാൻ ശ്രമിക്കുമ്പോഴാണു അവരുടെ മുഖവൈകൃതം കാണാനിടയാകുന്നത്. ഇതെ അവസ്ഥ തന്നെയാണു സാധാരണ ജീവിതം നയിക്കുന്നവരും നിത്യജീവിതത്തിൽ ബ്യൂട്ടി പാർലറുകളിൽ കയറിയിറങ്ങിയാലുള്ള അവസ്ഥ.
നമ്മുക്ക് ദൈവം കനിഞ്ഞരുളിയ സൌന്ദര്യം പാടെ തുടച്ച് മാറ്റി കൃത്രിമസൌന്ദര്യം എത്ര ഉണ്ടാക്കിയെടുത്താലും അതു നിലനിൽക്കുകയില്ലെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല. അതിൻറെ പരിണത ഫലമാണു ബ്യൂട്ടിഷ്യനു നൽകുന്ന ഭാരിച്ച തുക.
നമ്മുടെ നാട്ടിൽ കുറേ കാലമായി വിവാഹ ചടങ്ങുകൾക്ക് ബ്യൂട്ടീഷ്യൻ ഒരു ഒഴിച്ച് കൂടാൻ വയ്യാത്ത ഒന്നായി മാറിയിരിക്കുന്നു. മുഖകാന്തി കൂട്ടാൻ മുഖസൌന്ദര്യം വർദ്ദിപ്പിക്കുന്നതിനു പുറമേ, സാരി മുതലെല്ലാം ഉടുപ്പിക്കാനും വരെ ബ്യൂട്ടിഷ്യൻ ഇല്ലെങ്കിൽ സാരി ഉടുക്കില്ല എന്ന അവസ്ഥ വരെയായി. മുല്ലപ്പൂ മുടിയിൽ അണിയാനും അവർ തന്നെ അഭയം. നിർഭാഗ്യത്തിനു വിവാഹത്തിനുടുക്കുന്ന അമിത ഭാരമുള്ള സാരിയുടെ പിന്നൊന്ന് ഇളകിയാൽ എല്ലാം കഴിഞ്ഞു. പിന്നെ, പെൺക്കുട്ടിയുടെ ബന്ധുക്കളോ, കൂട്ടുകാരികളോ വലിച്ച് വാരി കുത്തി കൊടുക്കുന്ന സാരിയുമായായിരിക്കും മണവാട്ടി നടക്കുക. പഴയ കാലത്ത് വിവാഹിതയാകുന്ന ഏത് പെൺക്കുട്ടിക്കും സാരിയുടുക്കാനുള്ള പ്രാവീണ്യം വിവാഹത്തിനു മുൻപ് സ്വായത്തമാക്കിയിരിക്കും. ചുരിദാർ മുതലായതിൻറെ വരവോടെ ആ പ്രാവീണ്യം അവർക്കില്ലാതെയാകുകയും, ബ്യൂട്ടിഷ്യന്മാർ അത് ഏറ്റെടുക്കുകയും ചെയ്തതോടെ മണവാട്ടിക്ക് എല്ലാം ലളിതം പണം കൊടുക്കാൻ മാതാപിതാക്കൾ ഉണ്ടായാൽ മാത്രം മതി.
മുൻപെല്ലാം വിവാഹത്തിനു പുരുഷന്മാർക്കും, പെൺക്കുട്ടികൾക്കും അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ അണിയിച്ചൊരുക്കുകയെന്നത് ഒരു ചടങ്ങ് പോലെയായിരുന്നു, അത് ആനന്ദദായകവും, അല്പം തമാശക്ക് വധൂ,വരന്മാരെ കളിയാക്കാനും ചിരിക്കാനും അവസരം ലഭിച്ചിരുന്നു, ഇന്നത് എല്ലാം ഓർമ്മയായി ഒതുങ്ങിയിരിക്കുന്നു. ഈ അവസരം ശരിക്കും മുതലെടുത്ത് കൊണ്ട് തന്നെ ബ്യൂട്ടീഷ്യന്മാർ അണിയിച്ചൊരുക്കാൻ ചുരുങ്ങിയത് നാലായിരം, മുതൽ മുകളിലോട്ട് ചാർജ്ജ് ചെയ്യുന്നത്. അവർക്കാകെ ചെലവാകുന്നത് അല്പം ക്രീമുകളും, കുറച്ച് കളർ പൌഡറുകളും മാത്രം, അത് തന്നെ ഭൂരിഭാഗം വീട്ടുകാരെ കൊണ്ട് തന്നെ വാങ്ങുന്നതായിരിക്കും. ഈ സൌന്ദര്യം വർദ്ധിപ്പിക്കൽ വിവാഹദൂർത്തിലെ ഒരു മുഖ്യ ഇനമായി മാറിയിരിക്കുന്നു. നമ്മൾ അല്പം ശ്രമിച്ചാൽ ഒഴിവാക്കാവുന്നതെയുള്ളു ഈ ധൂർത്ത്.
Abk Mandayi Kdr
Create your badge
No comments:
Post a Comment