Saturday, February 4, 2012

ലോകത്തിനു കാരുണ്യവനായ പ്രവാചകൻ - എൻറെ നബിദിന ചിന്ത - ലേഖനം

നബി ദിനം എന്ന് കേൾക്കുമ്പോൾ തന്നെ എൻറെ മനസ്സിലേക്ക് ഓടിയണയുന്നത് റബീഉൽ അവ്വൽ മാസമാണു, ഹിജറാ വർഷത്തിലെ മൂന്നാം മാസം, പണ്ടെല്ലാം ആ മാസം പിറക്കുന്ന ദിനം മുതൽ വീട്ടിൽ സന്തോഷവും, ഭക്തിയോടേയും എൻറെ മാതാപിതാക്കൾ മൌലീദ് പാരായനവും, പ്രവാചകനെ(സ)പ്രകീർത്തിച്ച് കൊണ്ട് ആ മഹാനു സ്വലാത്ത് ( രക്ഷക്കായി സർവ്വശക്തനോട് പ്രാർത്ഥിക്കൽ) ചൊല്ലല്ലും, ഞങ്ങൾ കുട്ടികളെ അതിനായി പ്രേരിപ്പിക്കുമ്പോൾ ഇതിൻറെ മഹത്വത്തെ കുറിച്ചൊന്നും അറിയാതിരുന്നൊരു കാലം, അന്ന് എന്നെ സന്തോഷിപ്പിച്ചിട്ടുള്ളത് ഏറെയും എനിക്ക് അന്ന് പായസവും, ശർക്കര കൊണ്ട് ഉണ്ടാക്കുന്ന ചോറ് ( ശർക്കര ചോറെന്നു പറയും) എനിക്കെന്നും ഇഷ്ടവിഭവമാണു പായസവും, ഇത്തരം ശർക്കര ചോറുമെല്ലാം. ഏതായാലും റബീഉൽ അവ്വൽ പന്ത്രണ്ട് വരേക്കും ഇങ്ങനെ പോയാൽ, പന്ത്രണ്ടായാൽ അന്ന് മിഠായിയുടെ ബഹളമാണു മദ്രസകളിൽ നിന്ന് ഓരോ വീട്ടുകാരുടെ വകയായും അന്ന് ലഭിക്കുന്ന മിഠായിക്ക് ഒരു കണക്കുമില്ലായിരുന്നു. അന്ന് എല്ലാ മുസ്ലീം വീടുകളിലും സന്തോഷവും മൌലീദ് പാരായണങ്ങൾ മുഖരിതമായിരിക്കും, അന്ന് വിഭവ സമൃദമായ ഭക്ഷണങ്ങൾ കൊണ്ടും നിറഞ്ഞിരിക്കും വീടുകളെല്ലാം. അന്നത്തെ ദിനം കഴിഞ്ഞാലും ആ മാസം അവസാനിക്കും വരേയ്ക്കും മൌലീദ് പാരായണങ്ങളും വിഭങ്ങളൊരുക്കി സദ്യകളും നാട്ടിൽ പതിവായിരുന്നു. അന്നെല്ലാം ഇതിൻറെ പൊരുൾ മനസ്സിലാകാതിരുന്ന കാലം. പിന്നീട്, ഞാൻ മദ്രസകളിലൂടേ മഹാനായ അന്ത്യ പ്രവാചകനെ (സ) കുറിച്ച് പഠിച്ചുതുടങ്ങി, വളർച്ചയുടെ പടവുകൾ താണ്ടിയപ്പോഴേക്കും പഴയ കാല മൌലീദ് പാരായണങ്ങൾ പലയിടത്തും കാണാതായി. പുത്തൻ വാദികളുടെ ദുഷ്പ്രചരണങ്ങൾ നിമിത്തം ചിലരുടെയെങ്കിലും മനസ്സുകളിൽ വിഷം നിറക്കാൻ ആ പുത്തൻ വാദികൾക്കായെന്ന് തന്നെ പറയാം. എന്നാൽ, ലോകത്തിനു തന്നെ കാരുണ്യവാനായി എ.ഡി 570 ഏപ്രിൽ 20 ( ആഗസ്റ്റ് 20 എന്നും പറയുന്നു) എന്തായാലും അറബ് മാസമായ റബീഉൽ അവ്വൽ (അക്കാലത്ത് ഹിജറ വർഷം തുടങ്ങിയിട്ടില്ലെങ്കിലും മാസത്തിൻറെ പേരുകൾ അത് തന്നെയായിരുന്നു) പന്ത്രണ്ടിനു സർവ്വലോകങ്ങൾക്കും കാരുണ്യവാനായും, ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽ പരം അമ്പിയാക്കൾക്ക് അവസാനം കുറിച്ച് കൊണ്ട് അവസാന പ്രവാചകൻ ജന്മം കൊണ്ടതും, ആ മഹാനെ കുറിച്ചുള്ള ചരിത്രങ്ങലും ഗഹനമായി പഠിച്ച ഒരാൾക്കും ഈ സുദിനത്തേയും, ആ മഹാനെ പുകഴ്ത്തി പാടാതിരിക്കാനും കഴിയില്ല. ആ വിഷയം അവിടെ നിൽക്കട്ടെ ... വിമർശ്ശകർക്ക് അവരുടെ വഴി എന്നാൽ, ആ മഹാനെ സ്വന്തം മാതാപിതാക്കളേക്കാളും, സ്വന്തം ജീവനേക്കാളും, സ്വപത്നിയേക്കാളും, മക്കളേക്കാളും, സമ്പത്തിനേക്കാളും സ്നേഹിക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇന്നും ഭൂമിയിൽ ജീവിക്കുന്നുണ്ട്, അതിനു കാരണം, പ്രവാചകൻ (സ) ഭൂമിയിൽ  മനുഷ്യകുലത്തിനു നൽകിയ പാഠങ്ങളും സ്നേഹവും ഒന്ന് കൊണ്ട് മാത്രം.
    ഭൂവിൽ സർവ്വലോക രക്ഷിതാവ് ജീവൻറെ നാമ്പിനു തുടക്കം കുറിക്കും മുൻപ് തന്നെ അവസാനം ഭൂവിൽ പിറക്കാൻ പോകുന്ന ഈ മഹാൻറെ വെളിച്ചമാണു സൃഷ്ടിച്ചതും, അതിനു ശേഷമാണു ആദ്യ പിതാവായ ആദം നബി (അ)യെ സൃഷ്ടിച്ചത് തന്നെ, തുടർന്ന് വന്ന എല്ലാ പ്രവാചകരും മനുഷ്യരെ പഠിപ്പിച്ചതും അവസാനമായി ഒരു പ്രവാചകൻ വരും ആ മഹാൻ ഭൂമിയിലുള്ള സർവ്വദിനെക്കുറിച്ചും നിങ്ങളെ പഠിപ്പിക്കുമെന്നും, ആ മഹാൻ സ്വയം ഒന്നും പറയുകയുമില്ല എല്ലാം സർവ്വശക്തൻ പറയുന്നതിനെ നിങ്ങളോട് പറയുന്നവനുമായിരിക്കുമെന്നും. അവസാനം അത് തന്നെ സംഭവിച്ചു, വിശുദ്ധ ഖുർ ആൻ വചനങ്ങളിലൂടേ പ്രവാചകൻ മുഹമ്മദ് (സ) നമ്മെ ഭൂമിയിലുള്ള സർവ്വ ചരാചരങ്ങളേയും, ജീവിത ചര്യകളേയും, ഭൂമിയിൽ മനുഷ്യർ എങ്ങനെ ജീവിക്കണം, മരണശേഷം എന്ത് സംഭവിക്കും, ഭൂമിയിലെ ജീവിതം താൽക്കാലികവും, ശാശ്വതമായ മറ്റൊരു ലോകമുണ്ടെന്നും , ഭൂമിയിലെ ജീവിതം ഒരു കൃഷിയിടം മാത്രമാണെന്നും, കൃഷി ഭൂമിയിലെ ഫലങ്ങൾ കൊയ്യുന്നത് പരലോകത്താണെന്നും നമ്മെ പഠിപ്പിച്ചു.
     കാരുണ്യത്തിൻറെ പ്രവാചകനായ മുഹമ്മദ് നബി ( സ) പരലോകത്ത് വെച്ച് ഭൂമിയിൽ ജനങ്ങളെ നല്ലത് മാത്രം പഠിപ്പിക്കുകയും അവരുടെ മാർഗ്ഗത്തിൽ കൊണ്ട് വരുകയും ചെയ്തവരും, ആ മാർഗ്ഗം സ്വീകരിച്ചവരേയും പരലോകത്ത് ചോദ്യം ചെയ്യൽ കഴിഞ്ഞ് ശിക്ഷാ സമയത്ത് കൈവെടിയുമ്പോൾ അവർ പറയുന്നു ഞങ്ങൾ ഭൂമിയിൽ നിങ്ങളോട് പറയേണ്ടതെല്ലാം പറഞ്ഞ് തന്നു കഴിഞ്ഞു ഇനി ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കയ്യൊഴിയുമ്പോഴും അന്ത്യപ്രവാചകനായ മുഹമ്മദ് (സ) സർവ്വശക്തനെ സാഷ്ടാംഗം പ്രണമിച്ച് കൊണ്ട് അവർക്കായി കേഴും. ഈ ഒറ്റ കാരണം മതിയല്ലോ ഈ പ്രവാചകൻറെ മഹത്വം വെളിവാകാനും, സർവ്വ ലോകത്തിനും കാരുണ്യവാനുമാണെന്ന് വിശ്വസിക്കാൻ. ഈ മഹാനെ മഹത്വപ്പെടുത്തി കൊണ്ട് തന്നെ സർവ്വശക്തനും, അവൻറെ മാലാഖമാരും ഉന്നതിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം മനുഷ്യരോടും ആ മഹാനുഭാവനു വേണ്ടി രക്ഷക്കായി പ്രാർത്ഥിക്കാൻ വിശുദ്ധ ഖുർ ആനിലൂടെ നമ്മെ പഠിപ്പിക്കുന്നു. ഇത് കേട്ട് ചില നിരീശ്വര വാദികൾ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്, സർവ്വശക്തൻറേ സൃഷ്ടിയായ കേവലം ഒരു മനുഷ്യനു ദൈവം ഉന്നതിക്കായി എങ്ങനെ പ്രാർത്ഥിക്കുന്നു എന്ന്, നമ്മൾ മനുഷ്യർ പ്രാർത്ഥിക്കുന്നതിനു തുല്ല്യമല്ല ദൈവത്തിൻറെ മുന്നിൽ തൻറെ സൃഷ്ടിക്ക് നൽകുന്ന ബഹുമാനമെന്ന് ഇവർക്ക് അജ്ഞാതം തന്നെ ഇതിനു കാരണം. അതു കൊണ്ടാണല്ലൊ അവർ പറയുന്നത് മനുഷ്യൻ മരിച്ച് കഴിഞ്ഞാൽ എങ്ങനെ വീണ്ടും പുനർജ്ജനിക്കുന്നതെന്ന്!!! എന്നാൽ, ഇവർ ചിന്തിക്കാതെ പോകുന്ന മറ്റൊന്നാണു വെറും ശൂന്യതയിൽ നിന്നും എല്ലാം ഉണ്ടാക്കിയ സർവ്വശക്തനു ഇതിനു കഴിയാതെ വരുമോ?
      ഈ മഹാനായ പ്രവാചകൻ ജനിച്ച് കേവലം ഏഴ് വയസ്സായപ്പോഴും മക്കയിലെ പ്രബല വംശമായ ഖുറൈശി ഗോത്രങ്ങൾക്കിടയിൽ വിശ്വസ്തൻ ( അൽ അമീൻ) എന്ന ഖ്യാതി നേടി. അറബ് സമൂഹം അക്കാലത്ത് ജീവിച്ചിരുന്നത് കച്ചവടവും, ആടുകളെ വളർത്തിയുമായിരുന്നു. ചെറുപ്പത്തിൽ കാലികളെ മേയ്ച്ചും, പിന്നീട് കച്ചവടങ്ങളിലും വ്യാപൃതനായ അദ്ദേഹത്തിൻറെ വിശ്വസ്തത കണ്ട പ്രബല കുടുംബ ക്കാരിയായ കച്ചവടക്കാരിയായ ഖദീജ( റ) അദ്ദേഹത്തെ കച്ചവടത്തിൻറെ ചുക്കാൻ ഏൽപ്പിക്കുകയും, കാലക്രമേണ ഈ മഹതി തന്നെ ഈ പ്രവാചകൻറെ ആദ്യ പത്നിയാകുകയും ചെയ്തു, നാല്പത് വയസ്സിലാണു അദ്ദേഹത്തിനു ഹിറാ ഗുഹയിൽ വെച്ച് പ്രവാചക പദവി ലഭിക്കുന്നതും, ലോകത്ത് ഇന്നേറ്റവും അധികം ജനത വായിക്കുന്ന മതഗന്ഥങ്ങളിലൊന്നും, ഏറ്റവും വിമർശ്ശന വിധേയവും, ശാസ്ത്രജ്ഞന്മാർ പോലും പല കണ്ട് പിടുത്തങ്ങൾക്കും സഹായകമായി ഉപയോഗിക്കുന്ന ഖുർ ആനിൻറേ തുടക്കം കുറിക്കുന്നതും, ഈ ഇസ്ലാമിക വിജ്ഞാന കോശം ഇരുപത്തി മൂന്ന് കൊല്ലം കൊണ്ടാണു പ്രവാചകനു പല ഘട്ടങ്ങളിലായി ജിബ്രീൽ എന്ന മാലാഖ വഴി പതിപ്പിച്ചത്. അതിൽ വളരെ ഗഹനമായി അതിൻറെ അർത്ഥതലങ്ങളിലേക്ക് ഇറങ്ങിയാൽ ലോകത്തെ എല്ലാം ആ മഹത് ഗ്രഹ്നത്തിലൂടെ നമ്മെ പഠിപ്പിച്ചതായി കാണാം. അതിൻറെ വിശദീകരണങ്ങൾ പ്രവാചകൻറെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുകയും, ആ ചര്യകളിലൂടെ കാണിച്ച് തരികയും ചെയ്തതിനേയാണു ഹദീസ് എന്ന് പറയുന്നത്. ഇതാണു ഇസ്ലാമിൻറേ - മുസ്ലീംങ്ങളുടെ അടിസ്ഥാന ജീവിതമാക്കേണ്ടതും ജീവിത മാർഗ്ഗ രേഖയും, കഴിഞ്ഞ് പോയതും, വരാൻ പോകുന്നതുമായ എല്ലാം അതിലൂടേ നമ്മുക്ക് മനസ്സിലാക്കാൻ കഴിയും.
     പ്രവാചകൻറെ ഈ പ്രവർത്തനം കണ്ട് ജനങ്ങൾ കൂട്ടം കൂട്ടമായി അദ്ദേഹം പ്രചരിപ്പിച്ച തൌഹീദ് ( ഏക ദൈവത്തിലുള്ള വിശ്വാസം) ലേക്ക് വരികയും ചെയ്തപ്പോൾ  ദൈവത്തിൽ വിശ്വസിക്കുന്നെങ്കിലും.. അവൻ ഏകനെന്നതിനു പകരം ചെറിയ കുട്ടി ദൈവങ്ങളേയും ആരാധിച്ചിരുന്ന ഖുറൈശികൾ അത്രയും കാലം അൽ അമീൻ എന്ന് വിളിച്ചിരുന്ന മുഹമ്മദ് അവരുടെ കടുത്ത ശത്രുവായി മാറി, അങ്ങനെ അദ്ദേഹത്തെ വധിക്കാനായി പല പദ്ധതികളും ചെയ്തെങ്കിലും, അദ്ദേഹം അദ്ദേഹത്തിൻറെ 53 ആം വയസ്സിൽ മദീനയിലേക്ക് ജീവരക്ഷാർത്ഥം പാലായനം ചെയ്യേണ്ടി വന്നു. ആ ദിനം മുതലാണു ഹിജറ വർഷം ആരംഭിക്കുന്നത്. അത് കഴിഞ്ഞിട്ട് ഇപ്പോൾ 1433 വർഷം ആയി. അതിനെ ആസ്പദമാക്കിയാനു ഇന്ന് ഇസ്ലാമിക ലോകം ഹിജറ വർഷം കണക്കാക്കുന്നത്. പ്രവാചകൻ ജനിച്ചത് എ.ഡി 570 ആയിരുന്നെങ്കിലും ഏ.ഡി 623 ലായിരുന്നു ഈ ചരിത്ര സംഭവം നടന്നത്.
    പിന്നീട്, മദീനയിൽ അദ്ദേഹത്തെ സ്വീകരിച്ച മദീന നിവാസികൾ ഭൂരിഭാഗവും ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു അവരെ പിന്നീട് മുഹാജിറുകൾ എന്ന പേരിൽ അറിയപ്പെടുന്നു,
     ഈ മഹാനുഭാവൻറെ ഭൌതിക ശരീരം മദീനപള്ളിയിൽ ഇദ്ദേഹം ജീവിച്ചിരുന്ന ഒരു മുറിയിലാണു ഇന്ന് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറേ ഭൌതിക ശരീരത്തിനരികെ അദ്ദേഹത്തിൻറെ പ്രധാന അനുയായികളും വിശ്വസ്ഥരുമായ അബൂബക്കർ സിദ്ധീഖ് (റ) ന്റേയും, ഉമ്മർ ബിൻ ഹത്താബ് (റ) ന്റേയും ഭൌതിക ശരീരങ്ങളും അടക്കം ചെയ്തിരിക്കുന്നു. ഈ ഖബറുകളെ പരിശുദ്ധ ഹജ്ജിനു പോകുന്ന എല്ലാവരും സന്ദർശ്ശിക്കുകയും പ്രവാചകനും, അനുയായികൾക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
 പ്രവാചകൻറെ ഒരു വചനം ഇങ്ങനെ പറയുന്നു” ഹജ്ജിനു വന്നിട്ട് എന്നെ സന്ദർശ്ശിക്കാതെ പോകുന്നവൻ എന്നോട് ശത്രുത പുലർത്തുന്നവനാണെന്ന്”. ഒരു മുസ്ലീമിനും അതിനെതിരിൽ പ്രവർത്തിക്കാൻ കഴിയാത്തതിനാലാണു അദ്ദേഹത്തിൻറെ ജന്മദിനം  ആഘോഷിക്കുന്നതിനെ എതിർക്കുന്ന പുത്തൻ വാദികൾ പോലും ഹജ്ജിനു പോയിട്ട് മദീനയിൽ പോയി അദ്ദേഹത്തിനു അഭിവാദ്യം അർപ്പിക്കുന്നത് പോലും. ഈ ഒറ്റ കാരണം മാത്രം പോരെ ഈ മഹാൻറെ മഹത്വം മനസ്സിലാക്കാൻ എന്നിട്ടും ആ മഹാൻറെ ജന്മദിനത്തിൽ സന്തോഷം പങ്കിടുന്നതിൽ വിമുഖത കാണിക്കുന്നവർ തികച്ചും മൌഢരാണെന്നേ എനിക്ക് പറയാനുള്ളു.
   ഈ കാരുണ്യത്തിനെ പ്രവാചകൻറെ ജന്മദിനമായ റബീഉൽ അവ്വൽ പന്ത്രണ്ടിൽ ഞാൻ സർവ്വശക്തനോട് പ്രത്യേകമായി പ്രാർത്ഥിക്കുന്നു, ഈ മഹാമനുഷ്യനു കൂടുതൽ ഉന്നത സ്ഥാനത്തിനായി. അദ്ദേഹത്തെ ഞാൻ പ്രകീർത്തിക്കുന്നു... ഈ പ്രവാചകനെ ഞാൻ മറ്റെന്തിനേക്കാളും ഉപരി സ്നേഹിക്കുന്നു. അദ്ദേഹത്തിനു കോടി കോടി സലാമിനായി ഞാൻ പ്രാർത്ഥിക്കുന്നു.
    “ യാ നബി സലാം അലൈക്കും... യാ റസൂൽ സലാം അലൈക്കും... സലാവത്തുള്ള അലൈക്കും....”

 എല്ലാ പ്രിയപ്പെട്ടവർക്കും ഈ സുദിനത്തിൽ എൻറെ നബി ദിനാശംസകൾ....
Abk Mandayi Kdr

Create your badge