Monday, January 9, 2012

പൊന്നിൽ കുളിക്കുന്ന വിവാഹങ്ങൾ - ലേഖനം

നാം പത്ര ദൃശ്യ, ശ്രവണ, സൈബർ മാധ്യമങ്ങളിലൂടെ പല പ്രാവശ്യം കാണുകയും, കേൾക്കുകയും, ധാരാളം ചർച്ച ചെയ്യുകയും പലരും പല ശപഥങ്ങൾ വരെ ചെയ്യുകയും ചെയ്ത ഒരു വിഷയമായ വിവാഹ ദൂർത്തെന്ന മാറാവ്യാധിയെ കുറിച്ച് , എന്നിട്ടും, നമ്മുടെ സമൂഹം ഇനിയും ഉണർന്നിട്ടില്ലെന്ന് മാത്രമല്ല പതിന്മടങ്ങ് ആ തീരാശാപം പാവപ്പെട്ടവൻറെ മുഖത്ത് നോക്കി പല്ലിളിച്ചു കൊണ്ടിരിക്കുന്നു.
 പണത്തിനു മുകളിൽ പരുന്തും പറക്കില്ലെന്ന് പറഞ്ഞ പോലെ നമ്മുടേ വിജിലൻസും മറ്റു വിഭാഗങ്ങളും കള്ളപ്പണം അവിടെ പിടിച്ചു, ഇവിടെ പിടിച്ചു എന്നെല്ലാം പത്രദ്വാര നമ്മെ അറിയിച്ചാലും, വമ്പന്മാരായ ഈ ധൂർത്തന്മാർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കില്ലെന്ന് കഴിഞ്ഞ ദിവസം എനിക്കനുഭവപ്പെട്ടു. ആ കഥയല്ല, ആ യാഥാർത്ഥ്യം നിങ്ങളെ ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു.
     സംസ്ക്കാരവും വിദ്യാസമ്പന്നരും, സർവ്വോപരി പാവപ്പെട്ടവർക്കൊപ്പം നിന്നു ലോക ചരിത്രത്തിൽ തന്നെ ആദ്യമായി രഹസ്യ ബാലറ്റിലൂടേ ഒരു കമ്മ്യൂണിസ്റ്റ് കാരനെ ജയിപ്പിച്ച ഒരു നാടായി ഞാൻ ഊറ്റം കൊള്ളുന്ന കൊടുങ്ങല്ലൂരിൻറെ മണ്ണിൽ തന്നെ പാവപ്പെട്ടവരെ വെല്ലു വിളീക്കുന്ന രൂപത്തിൽ ഒരു വിവാഹ നിശ്ചയം, പൊന്നിൽ കുളിപ്പിക്കുന്ന  ഒരു വിവാഹം എന്നും പാവങ്ങളോട് അനുകമ്പ കാട്ടുന്ന ചില നല്ല മനസ്സുകളെ വല്ലാതെ വേദനിപ്പിച്ചതിനാൽ ആ ചടങ്ങിൽ ക്ഷണിക്കപ്പെട്ടിട്ടും പ്രതിക്ഷേധത്താൽ അനേകം വിട്ടു നിന്ന് അവരോട് പ്രതിക്ഷേധം കാണിക്കുകയായിരുന്നു.
      വെറും ബി.ഡി.എസ് ബിരുദധാരിയായ ഒരു പെൺക്കുട്ടിക്ക് അതേ ബിരുദധാരിയായ ഒരു വരൻ , ഇവരുടെ വിവാഹ നിശ്ചയ ച്ചടങ്ങിനു പെൺ വീട്ടുകാർ പച്ച പരവധാനി വിരിക്കാനും, പന്തലൊരുക്കാനും എട്ട് ലക്ഷം രൂപ ചില വഴിപ്പിച്ചപ്പോൾ, ബൊഫേയെന്ന കൂതറ പരിപാടിക്കു ഒരു പ്ലേറ്റിനു ചെലവഴിച്ചത് 800 രൂപയും, ഇനി ബിരുദധാരിക്ക് സ്ത്രീധനമായി കൊടുക്കാനുറപ്പിച്ച പൊന്നിൻറേ തൂക്കം അറിയേണ്ട!!!!പത്ത് കിലോ ( 1250 പവൻ). ഇതിനു പുറമേ എന്തെല്ലാം കൊടുക്കുന്നതെന്ന് അരമന രഹസ്യം. ഇതിലേറേ രസകരമായ മറ്റൊന്ന് കൂടി പറയാതിരിക്കാൻ വയ്യ, ചെറുക്കൻ വീട്ടുകാർ പെൺ വീട്ടിലെത്തി പെൺക്കുട്ടിക്ക് ഒരു മാല ധരിപ്പിക്കുന്നത് ലോകത്തെ വിളിച്ചറിയിച്ചതിനു പതിനായിരങ്ങൾ വില വരുന്ന കരിമരുന്ന് പ്രയോഗത്തിലൂടെ, പ്രദേശത്തെ ആകാശത്തെ കൂരിരുളിൽ ആകാശ വിസ്മയങ്ങൾ ഒരുക്കിയപ്പോൾ തൊട്ട് അയൽ വീടുകളിൽ ഒരു രാത്രി ഭക്ഷിക്കാനില്ലാതെ വയറ് മുറുക്കി കെട്ടിയവരുടെ നാട്, ഈ നാട്ടിൽ പാവങ്ങളോടുള്ള ഈ വെല്ലുവിളികൾ കണ്ട് മനം നൊന്ത ഞാൻ അവർക്കെതിരിരെ ഒന്നും ചെയ്യാൻ കഴിയാതെ നിർന്മേഷനാകേണ്ടി വന്നാലും, ഇങ്ങനെ എൻറെ തൂലികയിലൂടെയെങ്കിലും എൻറെ വികാര വിക്ഷോഭം പ്രകടിപ്പിക്കാതെ വയ്യ. ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ച മറ്റൊരു വികാരം, കഴിഞ്ഞ ദിവസം രാവിൽ ഇത് സംഭവിച്ചെങ്കിൽ അതിനടുത്ത ദിവസം നട്ടുച്ചക്ക് എൻറെ വീട്ടിലേക്ക് സഹായം അഭ്യർത്ഥിച്ച് വന്ന ഒരു പാവം വയസ്സായ സ്ത്രീയുടെ അവസ്ഥ കണ്ട് സത്യത്തിൽ ഞാൻ പൊട്ടിക്കരഞ്ഞില്ലെന്നേയുള്ളു, ആ സ്ത്രീയുടെ മകൾ ഒരു കിഡ്നി തകർന്ന് ആശുപത്രിയിൽ, ഈ വയസ്സായ സ്ത്രീക്കു യൂറിക്കാസിഡ് കൂടിയതിനാൽ നടക്കാൻ വയ്യാതെ അവരും ആശുപത്രിയിൽ , മകളെ ചികിത്സിക്കാൻ വകയില്ലാതെ, ആശുപത്രിയിൽ അഡ്മിറ്റായ ആ അമ്മ മകൾക്ക് വേണ്ടി വേച്ച് വേച്ച് നടന്നു കൊണ്ട് പണം സ്വരൂപിക്കാനായി ആശുപത്രി കിടക്കയിൽ നിന്ന് ഇറങ്ങി നടക്കുന്നത് കണ്ടാൽ ഏത് ഹൃദയമില്ലാത്തവൻറേയും മനസ്സൊന്നുലയും, അവർക്ക് എന്നാൽ, കഴിയുന്ന സഹായം ചെയ്യുന്നതോടൊപ്പം വഴിയെ പോയ മറ്റൊരു സുഹൃത്തിനെ കൊണ്ടും സഹായം നൽകിക്കാൻ എനിക്ക് കഴിഞ്ഞു, ഞാൻ അത് ചെയ്തപ്പോൾ അവർ പൊട്ടിക്കരഞ്ഞ് കൊണ്ട് ഞങ്ങൾക്കായി പ്രാർത്ഥിക്കുകയായിർന്നു. ഇത്തരം സംഭവങ്ങൾ അരങ്ങേറുന്ന ഒരു പ്രദേശത്ത് വെറും വിവാഹത്തിനായി പൊടി പൊടിക്കുന്ന തുകയിൽ ഒരല്പമെങ്കിലും ദാനം നൽകാൻ അവർക്ക് കഴിഞ്ഞില്ലല്ലോയെന്ന് വ്യഥയോടെ ഞാൻ സ്മരിക്കുന്നു. മനുഷ്യർക്കെല്ലാവർക്കും രക്തം ഒരു നിറമായിരുന്നിട്ടും സമൂഹത്തിൽ നടമാടുന്ന ഈ കൂത്ത് കണ്ട് ഒരു നിമിഷമെങ്കിലും സർവ്വശക്തനോട് പക തോന്നിയോ.... ഇല്ല ഞാൻ അങ്ങനെ കരുതുന്നവനല്ല കാരണം, ഞാൻ പഠിച്ച പാഠം അങ്ങനെയല്ലെന്ന് എൻറെ മനസ്സ് പറഞ്ഞു, കാരണം ചിലർക്ക് ദൈവം അവരെ പരീക്ഷിക്കാനായി വാരിക്കോരി നൽകും എങ്ങനെ അവൻ ഭൂമിയിൽ വർത്തിക്കുന്നു എന്നറിയാൻ, മറ്റു ചിലരെ രോഗം കൊണ്ടും, ധനം നൽകാതേയും അവരുടെ ക്ഷമ പരീക്ഷിക്കും അതിൽ വിജയിയാകുന്നവർക്കാണു പരമായ നേട്ടമെന്ന് ഞാൻ മനസ്സിലാക്കിയതിനാൽ, ആ പണക്കാരായ ദൂർത്തന്മാർക്ക് നല്ല ബുദ്ധി തോന്നാനായി ഞാൻ പ്രാർത്ഥിക്കുന്നു. എൻറെ പ്രാർത്ഥന, അല്ല ഒരു കൂട്ടം സുമനസ്സുകളുടെ പ്രാർത്ഥന കൊണ്ടെന്തോ രാത്രിയിലെ ഈ ദൂർത്തിൽ മനം നൊന്ത പലരും പാർട്ടിയിൽ പങ്കെടുക്കാത്തതിനാൽ ഒരുക്കിയ വിഭവങ്ങൾ ധാരാളം ബാക്കി വരികയും അത് റോഡിലൂടെ പാഞ്ഞ് പോകുന്ന വാഹനങ്ങളെ എല്ലാം തടഞ്ഞ് നിർത്തി വിതരണം ചെയ്യേണ്ടി വന്നു, ഒന്നാശ്വസിക്കാം ആ വിഭവങ്ങൾ കുഴിച്ച് മൂടിയില്ലല്ലോയെന്ന്, ഒരു പക്ഷെ ആ ധനികർക്ക് അത് വിഷയമല്ലായിരിക്കാം എന്നാൽ, കാറ്ററിംഗ് തൊഴിലാളികൾ ബാക്കി വന്ന ഭക്ഷണം തിരികെ ചുമക്കേണ്ടി വരുമോയെന്ന് ഭയന്നാകാം അങ്ങനെ നൽകിയതെന്നും അരമന രഹസ്യം അങ്ങാടി പാട്ട്.
   എന്തായിരുന്നാലും, എനിക്കൊരിക്കലും ഈ ദൂർത്തിനോട് യോജിക്കാൻ കഴിയാത്തതിനാൽ ഈ വിവാഹ ക്ഷണം എനിക്ക് വന്നാലും ഞാൻ പങ്കെടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചാണു അന്ന് ഞാൻ ഉറങ്ങിയത്.





















Abk Mandayi Kdr

Create your badge