Thursday, February 10, 2011

എൻറെ ഹൃദയത്തിൻറെ ഡയറിയിലെ താളുകളിൽ നിന്ന്....

ഒരുപാട് ഓർമ്മകൾ നാം നമ്മുടെ ഹൃദയമെന്ന കൂട്ടിൽ അടുക്കി വെക്കുക പതിവാണു. എന്നാൽ അതിൽ ചിലത് ഒരിക്കലും കാലയവനികൾക്കുള്ളിൽ മാഞു പോകാറില്ല. അങ്ങിനെ എൻറെ മനസ്സിൽ അന്നും ഇന്നും നിത്യഹരിതമായി നില നിൽക്കുന്ന പല ഓർമ്മകളിൽ ഒന്ന് ഞാനിവിടെ കുറിക്കട്ടെ.
  ഞാൻ അന്നു എട്ടാം തരത്തിലേക്ക് ജയിച്ചു കയറി സ്കൂൾ തുറന്ന ദിവസങ്ങൾ, എൻറെ വിദ്യാലയത്തിൽ രാവിലെ പ്രാർത്ഥനക്ക് വരിയായി നിൽക്കുന്നത് പടർന്ന് പന്തലിച്ച് വിശാലമായ ഒരു എലിഞി മരത്തിൻറെ ചുവട്ടിലാണു. കൂട്ടത്തിൽ പറയട്ടെ ഈ എലിഞി മരത്തിൻറെ ചുവട്ടിൽ ഇതു പോലെ പ്രാർത്ഥനക്കു നിന്ന് പഠിച്ച് പോയ ഒരു പാട് പ്രഗത്ഭരുണ്ട് അതിൽ ആളുകളിൽ പെട്ട ചിലരാണു അന്തരിച്ച കുഞാലിയെന്ന ബഹദൂർ, സുധീർ എന്നിവർ.  ആ വിശാല എലിഞി മരത്തിനു ഒരു പാട് കഥകൾ പറയാനുണ്ടാകാം. ആ മരച്ചുവട്ടിലെ പ്രാർത്ഥന കഴിഞു വരിവരിയായി അതാത് പഠന മുറിയിലേക്ക് നിർഗ്ഗമിക്കുമ്പോഴാണു  ഞാൻ ആദ്യമായി അവനെ കാണുന്നത്. കറുത്ത് മെലിഞുണങ്ങിയ (ഞാനും വളരെ മെലിഞതാറ്റിരുന്നെന്ന് കൂടി പറയട്ടെ) ഒരു പയ്യൻ കൂടെ അത് പോലെ തന്നെ മെലിഞുണങ്ങിയ അല്പം പ്രായമുള്ള ഒരാൾ മുഖം കണ്ടാലറിയാം ആ പയ്യൻറെ അച്ഛനാണെന്ന്. ഞങ്ങൾ പഠനമുറിയിലേക്കു കയറി അതാത് ബഞ്ചിലിരുന്നു, അധികം വൈകാതെ ഞങ്ങളുടെ അദ്ധ്യാപൻ വരികയും ചെയ്തു. പുറത്ത് കുട്ടിയുമായി നിൽക്കുന്ന ആളോട് അദ്ധ്യാപകൻ കാര്യം തിരക്കി, മറ്റേതോ വിദ്യാലയത്തിൽ നിന്ന് ജയിച്ചപ്പോൾ തുടർന്ന് അവിടെ പഠിക്കാൻ സൌകര്യമില്ലാത്തതിനാൽ ഇവിടെ ചേർത്തിയതാണു. കുട്ടിയെ കയറിയിരിക്കാൻ പറഞ് അദ്ധ്യാപകൻ ഹാജർ വിളിച്ച് തുടങ്ങി, കൂട്ടത്തീൽ അവൻറെ പേരും വിളിച്ച് അവൻ എഴുന്നേറ്റപ്പോഴാണു അവൻറെ പേരുമനസ്സിലായതും, അവൻ നേർത്തെ തന്നെ അവിടെ വന്ന് ചേർന്നിരുന്നതായും മനസ്സിലാക്കിയതു. ദിനങ്ങൾ കഴിയവെ പലരും സഹപാഠികൾ സുഹൃത്തുക്കളായ കൂട്ടത്തിൽ ഞാനും അവനും കൂട്ടുകാരായെങ്കിലും, ഞാൻ ഏറ്റവും മുൻപിലെ ബെഞ്ചിലും അവൻ മൂന്ന് ബെഞ്ച് പിറകിലുമായതിനാൽ കൂടുതൽ അടുപ്പമുണ്ടായില്ല. തന്നെയുമല്ല ഞാൻ എൻറെ ഒന്നാം തരം മുതൽ തന്നെ ഉച്ചക്കു ഭക്ഷണം അല്പം അകലെ (ഏകദേശം ഒരു കിലോ മീറ്റരിൽ അധികം) ആണെങ്കിലും വീട്ടിൽ വന്ന് ഉച്ച ഭക്ഷണം കഴിച്ചാണു തിരിച്ച് വിദ്യാലയത്തിൽ എത്തുക, അവിടെ തിരിച്ച് എത്തുമ്പോഴേക്കും ഒന്നാം മണി അടിക്കുന്നുണ്ടാകും അത് കൊണ്ട് തന്നെ ഭക്ഷണം കൊണ്ട് വന്ന് കഴിക്കുന്ന കുട്ടികളെ പോലെ എനിക്ക് കളിക്കാൻ അവസരം കുറവായിരുന്നു. വൈകീട്ട് വിദ്യാലയം വിട്ടാലും എത്ര്യും പെട്ടെന്ന് വീട്ടിലെത്തണമെന്ന നിഷ്ക്കർഷയുള്ളതിനാൽ വേഗം വീട്ടിലേക്ക് വരികയും ചെയ്യും. ദിവസങ്ങൾ പിന്നെയും കടന്നു പോയി , ഒരു ദിവസം ഞങ്ങൾ കൂട്ടുകാർ കൂടി കടൽ കാണാൻ പോകാൻ പരിപാടിയിടുന്നു. വിദ്യാലയത്തിൽ നിന്നെ ഏകദേശം ഒന്ന്, ഒന്നര കിലോമീറ്ററെ കടലിലേക്കുള്ളു, അത് കൊണ്ട് തന്നെ അവിടെ എത്താൻ പറ്റിയ ദിവസം വെള്ളിയാഴ്ചയാണു കാരണം അന്ന് ഉച്ചക്ക് നേരത്തെ വിടുകയും, രണ്ടര മണിക്കേ മണിയടിക്കുകയുമുള്ളു. ഞങ്ങൾ ഉദ്ദേശിച്ച വെള്ളിയാഴ്ച വന്നണഞു, കൂട്ടുകാരിൽ പലരും അന്ന് ഭക്ഷണം കൊണ്ട് വന്നു, ഞാൻ അന്ന് ഭക്ഷണമില്ലാതെ തന്നെ കടപ്പുറം കാണാനുള്ള ഉത്സാഹം ആയതിനാൽ വിശപ്പ് സഹിക്കാമെന്നു കരുതി. മറ്റുള്ളവർ കഴിച്ച് വരുന്നതും കാത്ത് അക്ഷമയോടെ നിൽക്കുമ്പോഴാണു , പുതിയ കുട്ടിയും തെട്ടടുത്ത് നിൽക്കുന്നതു കണ്ടത്, ഞാൻ അന്വേഷിച്ചു നീ ഭക്ഷണം കഴിക്കുന്നില്ലേയെന്ന് അവൻ പറഞു ഞാൻ ഉച്ചക്കു ഭക്ഷണം കഴിക്കാറില്ല വൈകീട്ട് വീട്ടിൽ ചെന്നാണു കഴിക്കുന്നതെന്ന്, ഞാൻ ചോദിച്ചു അപ്പോൾ വീടെവിടെയെന്ന്, അവൻ പറഞു ഇവിടെ അടുത്തുള്ള പള്ളിക്കു തെക്കു വശമെന്ന്. അതിനിടയിൽ കൂട്ടുകാർ ഭക്ഷണം കഴിച്ച് വന്നതിനാൽ ഞങ്ങളുടെ സംഭാഷണം അവിടെ മുറിഞു. ഞങ്ങൽ എല്ലാവരും ചേർന്ന് കടപ്പുറത്തേക്ക് പോയി. അവിടെയെത്തി എല്ലാവരും തിരകൾ എണ്ണനും, കടലമ്മ ഞങ്ങൾ എഴുതുന്ന ഓരോ അക്ഷരങ്ങളും മത്സരിച്ച് മായിക്കുന്നതു കണ്ട് രസിക്കുകയായിരുന്നതിനിടയിൽ അല്പം വലിയൊരു തിരവന്നതിനാൽ ഞാൻ കാൽ വഴുതി വീണു, എല്ലാവരും ആർത്ത് ചിരിച്ചെങ്കിലും, പുതിയ കുട്ടി ഓടി വന്നെനിക്കു കൈതന്നു എഴുന്നേൽപ്പിക്കുകയും ചെയ്തു. അന്നത്തെ കൈതരൽ ഇന്നും ഞാൻ ഓർക്കുന്നു. ആ ദിവസം മുതൽ ഞാനവനോട് കൂടുതൽ അടുത്ത് തുടങ്ങി. ദിനങ്ങൾ പോകുന്തോറും ഞങ്ങൾ കൂടുതൽ അടുക്കുകയായിരുന്നു. ഒരു ദിവസം ഞാനത് കണ്ടു , അവൻ ഉച്ചക്കു പ്രൈമറി വിദ്യാലത്തെ ലക്ഷ്യമാക്കി പോകുന്നു അവൻറെ അനുജൻ അവിടെയാണു പഠിക്കുന്നതു , ഉച്ചക്കു അവിടെ ഉപ്പ്മാവു കൊടുക്കുക പതിവായിരുന്നു, അതിലൊരു പങ്ക് അനുജൻ ജേഷ്ടനായി മാറ്റി വെക്കും അതായിരുന്ന് അവൻറെ ഉച്ച ഭക്ഷണം. പ്രൈമറിയിലായിരിക്കുമ്പോൾ ഞാനും ചിലപ്പോൾ ഉപ്പ്മാവു വാങ്ങി കഴിക്കാറുണ്ടായിരുന്നു. എന്നാൽ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്കു നൽകുകയുമില്ല. ഇങ്ങിനെ കിട്ടുന്ന ഭക്ഷണം കൊണ്ടാണു അവൻ ദിനങ്ങൾ തള്ളിനീക്കിയതെന്ന് ഞാൻ പത്താം തരത്തിലെത്തിയപ്പോഴാണു മനസ്സിലാക്കിയതു. ഞങ്ങളുടെ സൌഹൃദം ഒമ്പതാം തരത്തിലും, പത്താം തരത്തിലും തുടർന്നു, പത്താം തരത്തിൽ പഠിക്കുമ്പോഴാണു അന്ന് ജൂൺ 26 ആണെന്നാണു എൻറെ ഓർമ്മ , അന്നായിരുന്നു സിനിമാ സം‍വിധായകൻ കുഞ്ചാക്കോ അന്തരിച്ചതു, അന്ന് ഉച്ചക്കുള്ള പ്രാദേശിക വാർത്ത തൊട്ടടുത്തുള്ള വാസുവിൻറെ ചായക്കടയിൽ നിന്ന് വിദ്യാലയം വിടുമ്പോൾ കേട്ട് നിന്ന് സമയം പോയതിനാൽ ഉച്ചക്കു ഭക്ഷണം കഴിക്കാൻ പോയില്ല, അന്നാണു ഞാൻ എൻറെ കൂട്ടുകാരനുമായി അവൻറെ വീട്ടിൽ പോയത്, സത്യത്തിൽ വീടെന്ന് പറയാനൊന്നുമില്ല, ഒരു ഓല കൂര, ഞങ്ങൾ അവിടെയെത്തുമ്പോൾ കളിമണ്ണ് കൊണ്ട് മെഴുകിയ തറയിൽ ഇരുന്ന് അവൻറെ അച്ഛൻ പായ നെയ്യുകയായിരുന്നു. എന്നെ കണ്ട അദ്ദേഹം എനിക്കു മരം കൊണ്ടുണ്ടാക്കിയ ഒരു പലക തന്ന് ഇരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ ഇരുന്നില്ല. എൻറെ സുഹൃത്ത് അകത്ത്പോയി വായനശ്ശാലയിൽ നിന്നെടുത്ത പുസ്തകവുമായി തിരികെ വന്നു. ഞങ്ങൾ വിദ്യാലയത്തിലേക്കു തിരികെ പോയി, ഞാൻ അന്ന് മുതൽ എൻറെ സ്നേഹിതനെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങുകയായിരുന്നു. അവനേയും, അവനേക്കാൾ താഴേ ഒരു സഹോദരി, ഒരനുജൻ എന്നിവരെ  പഠിപ്പിക്കാനും, ഭക്ഷണം നൽകാനുമായി അച്ഛൻ പായനെയ്യുന്നു അതു വിറ്റിട്ടാണു ആ കുടുംബം പുലരുന്നതു. അമ്മ നേരത്തെ മരിച്ച് പോയതിനാൽ അവൻറെ കുഞനുജത്തിയാണു വിദ്യാലയം വിട്ട് വന്നാൽ മറ്റു വീട്ടുപണികൾ ചെയ്യുന്നത്, കൂടെ അച്ഛനും ഉണ്ടാകും. ഇതെല്ലാം കണ്ടിട്ടാണോ എന്നറിയില്ല എന്നിൽ ഇടത് പക്ഷചിന്താഗതി വളരാൻ തുടങ്ങിയതെന്ന് തോന്നുന്നു. അന്ന് അടിയന്തരാവസ്ഥ കാലമായതിനാൽ വിദ്യാലയത്തിൽ തിരഞെടുപ്പ് നിരോധിച്ചിരുന്നതിനാൽ വോട്ട് ചെയ്യൽ ഒമ്പതാം തരത്തോടെ നിന്നിരുന്നു. 
ഒരു ദിവസം എൻറെ സുഹൃത്ത് ക്ലാസ്സിൽ വരാൻ വൈകി, അന്ന് ഞങ്ങളുടെ ക്ലാസ് ടീച്ചർ പഠിപ്പിച്ച് കൊണ്ടിരിക്കെ അവൻ കയറി വന്നു, സാധാരണ ആരു വൈകി വന്നാലും ക്ലാസിൽ കയറ്റാത്ത അദ്ധ്യാപകൻ അവനെ കണ്ട ഉടനെ കയറിയിരിക്കാനും, പറഞു പോയ പാഠത്തിലെ ഭാഗങ്ങൾ ആവർത്തിച്ച് പറയാനും തുടങ്ങി ഞാൻ അതു പ്രത്യേകം മനസ്സിൽ കുറിച്ചു. ഇടനേരമായപ്പോൾ ഞാൻ അവനോട് വൈകിയ കാരണം തിരക്കി, അവൻ പറഞു അച്ഛൻ രണ്ട് ദിവസമായി സുഖമില്ലാതെ കിടക്കുകയാണു , പായ ഒന്നും നെയ്യാൻ കഴിഞില്ല, എൻറെ അയപക്കത്തേക്ക് കുറച്ച് വിറകു കൊണ്ട് വരാൻ പോയി അത് ഇതേ വിദ്യാലയത്തിനു മുൻപിൽ കൂടി ഉന്ത് വണ്ടിയിൽ കൊണ്ട് പോകുന്നതു മാഷ് കണ്ടതിനാലാണു എന്നെ ക്ലാസ്സിൽ കയറ്റിയതെന്നും, ഞാൻ വണ്ടി വലിക്കാൻ പോയത് പരീക്ഷാ ഫീസ് അടക്കാനുമായിരുന്നെന്നും മാഷിനറിയാം. അന്ന് ആറ് രൂപയായിരുന്നു ഫീസെന്നാണു എന്റെ ഓർമ്മ. ഇത്തരം കഥകൾ അവൻ എന്നോടെല്ലാതെ ആരോടും പറയുക പതിവില്ലായിരുന്നു. സത്യത്തിൽ ഞാൻ അവനെ ഇഷ്ടപ്പെടുന്നതിനു പകരം ആദരിക്കാൻ തുടങ്ങി. ഞങ്ങൾ പത്താം തരം ജയിച്ചു. പ്രീഡിഗ്രിക്ക് ഒരേ കോളേജിൽ ചേർന്നു, എന്നാൽ ഞങ്ങൾ വേറേ, വേറേ വിഷയങ്ങൾ തിരഞെടുത്തതിനാൽ രണ്ട് ക്ലാസ്സുകളിലായിരുന്നെങ്കിലും ഉച്ചക്ക് ഒരുമിച്ച് കൂടി, കോളേജു അകലെയായതിനാൽ ഞാൻ ഭക്ഷണം കൊണ്ട് വരാനും തുടങ്ങി, ഞങ്ങൾ പരസ്പരം ഭക്ഷണം പങ്കിട്ടാണു കഴിച്ചിരുന്നത്. ചില ദിവസങ്ങളിൽ ഞങ്ങളെ രണ്ട് പേരേയും പട്ടിണിയിലാക്കി കൊണ്ട് മറ്റ് സുഹൃത്തുക്കൾ ഭക്ഷണം എടുത്ത് കഴിക്കുമായിരുന്നു. ചിലപ്പോൾ ഞങ്ങളും തിരികെ അതേ പ്രവർത്തി ചെയ്ത് പകരം വീട്ടി കൊണ്ടിരുന്നു. അടിയന്തരാവസ്ഥ കഴിഞു ഇന്ധിരാഗാന്ധി തിരഞെടുപ്പിൽ തോറ്റു, മൊറാർജിദേശായി പ്രധാനമന്ത്രിയായി. കോളേജിൽ തിരഞെടുപ്പ് എസ്.എഫ്.ഐ ജയിച്ചു. ഞങ്ങൾക്കും ഏറെ ആഹ്ലാദം .
ഈ ആഹ്ലാദങ്ങൾക്കിടയിലും എൻറെ സുഹൃത്ത് എരിയുകയായിരുന്നെന്ന് ഞാൻ കണ്ടു, അവൻറെ സഹോദരി പഠിപ്പ് നിർത്തി, അവൻറെ അച്ഛനു അസുഖം, അതിനിടയിൽ അവൻറെ സഹോദരൻറെ കണ്ണുകൾക്കു കാഴ്ച ശക്തി നഷ്ടപ്പെടുന്ന അസുഖം നിസ്സഹായനായ അവൻ കൂലിപണിക്ക് പോയെങ്കിലും പഠിപ്പ് നിർത്തിയില്ല. ഞങ്ങൾ പ്രീഡിഗ്രീ കഴിഞു, അവൻ വ്യാപരവിഷയത്തിലേക്കും ഞാൻ സാങ്കേതിക വിദ്യാഭ്യാസത്തിലേക്കും തിരിഞു. എങ്കിലും ഞങ്ങൾ ഞങ്ങളുടെ സൌഹൃദം അനുസ്യൂതം തുടർന്ന്. എങ്കിലും , ഞാൻ മറ്റുസുഹൃത്തുക്കളുമായി വോളിബോളും, മറ്റു കായിക വിനോദങ്ങളിലും ഏർപ്പെട്ടപ്പോൾ അവൻ അവൻറെ വീട്ടിലെ പട്ടിണി അകറ്റാൻ പാടുപെടുകയായിരുന്നു. 
   കാലം കടന്നുപോയി വിദ്യാഭ്യാസം കഴിഞു ഞാൻ പ്രവാസിയായി ഒമാനിലേക്ക് ചേക്കേറി, എൻറെ പ്രിയ സുഹൃത്തിനും നല്ല ജോലിയായി അവനിന്ന് ഒരു കമ്പനിയുടെ മാനേജറായി നല്ല നിലയിൽ ജീവിക്കുന്നു. ഇതിനിടയിൽ അവൻറെ അച്ഛൻ കാലയവനികക്കുള്ളിൽ മറഞു. സഹോദരിയെ നല്ല നിലയിൽ വിവാഹം ചെയ്തയക്കാനും അനുജനു നല്ല ചികിത്സ നൽകാനും അവനു കഴിഞു. 
    പഠിച്ചിരുന്ന കാലത്തുണ്ടായ സുഹൃത്തുക്കളിൽ പരസ്പരം അടുപ്പം മുറിയാതെ കഴിയുന്നവർ ഞങ്ങൾ മാത്രമാണു ബാക്കിയെല്ലാവരും കണ്ടാൽ ഒരു കുശലത്തോടെ വിടപറയുമ്പോൾ ഞങ്ങൾ വിദൂരങ്ങളിലാണെങ്കിലും ആ സ്നേഹം മുറിയാതെ കാത്ത് സൂക്ഷിക്കുന്നു. എങ്കിലും അവനെ കുറിച്ചോർക്കുമ്പോഴെല്ലാം രണ്ട് കാര്യങ്ങളാണു എൻറെ മനസ്സിൽ വന്ന് നിറയുന്നതു, ഒന്ന് പായ നെയ്ത്കൊണ്ടിരിക്കുന്ന മെലിഞുണങ്ങിയ അവൻറെ അച്ഛനെ, പിന്നെ, കടപ്പുറത്ത് എനിക്ക് കൈതന്ന, വണ്ടി വലിക്കുന്ന എൻറെ പ്രിയ സുഹൃത്തിൻറെ ക്ഷീണിച്ച മുഖവും. 
പ്രിയ സുഹൃത്തേ....... എൻറെ ഹൃദയത്തിലെ ഡയറിയുടെ ഏടുകളിൽ നീയെന്നെന്നും തങ്കലിപികളാൽ വിരാചിക്കും.. എൻറെ അന്ത്യശ്വാസം വരേക്കും.