Tuesday, February 14, 2012

മായം... മായിക ലോകമാക്കിയ നാട് - ലേഖനം.

മായം എന്ന് പറഞ്ഞാൽ ഇന്ന് ജനങ്ങൾക്ക് വലിയ അത്ഭുതമുള്ള കാര്യമല്ല, എവിടെയും മായം കലർന്നൊരു മായിക ലോകമാണു നമ്മുടെ നാട്. അത് കഴിക്കാനും, അനുഭവിക്കാനും വിധിക്കപ്പെട്ടവരാണു നമ്മളെന്നാണു നാം മായമാണത്, വാങ്ങരുതെന്നു പറഞ്ഞാലും ജനങ്ങളുടെ മനോഭാവം, ഈ മനോഭാവം മായം ചേർക്കുന്നവരെ കൂടുതൽ മായം ചേർക്കുന്നതിലേക്ക് ആവേശം നൽകുന്നു. ഈ മായം ചേർക്കുന്നവനും അറിയാതെ അവൻറെ മായം കഴിക്കുന്നത് അവൻ അറിയുന്നുണ്ടോ ആവോ !!!
    ഒരിക്കൽ എൻറെ ഒരു സുഹൃത്ത് , അദ്ദേഹം ഒരു പാലക്കാടൻ നെൽ കർഷകനാണു, എന്നോട് പറഞ്ഞു “ ഞങ്ങൾ മായം ചേർത്ത അരി ഭക്ഷണം കഴിക്കാറില്ല കാരണം, ഞങ്ങൾ കീടനാശിനികൾ തളിക്കാത്തതും, മായം ചേർക്കാതെയും നെല്ല് കുത്തി വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നു, ഞങ്ങളുടെ ഭക്ഷണത്തിനു കഴിച്ച് ബാക്കിയുള്ളതിൽ സോർട്ടക്സ് റൈസെന്ന് പറഞ്ഞ് വ്യാപാര കേന്ദ്രങ്ങളിൽ അയക്കുന്നതിൽ മട്ടക്ക് വേണ്ടെത്ര കളർ ചേർത്ത് ആണു ചാക്കിൽ നിറക്കുന്നത്.”  ഈ അരി നമ്മുക്ക് തിരിച്ചറിയാനാകും കഴുകുമ്പോൾ എണ്ണപടരുന്ന പോലേയും, കയ്യിൽ നിറം ഒട്ടിപ്പിടിക്കുന്നതുമായ അരിയാണെങ്കിൽ തീർച്ചയായും അതിൽ മായം ചേർത്തിട്ടുണ്ടാകും. ഇത് പറഞ്ഞ എൻറെ സുഹൃത്ത് അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് മാത്രമല്ല ഭക്ഷണം കഴിക്കുന്നത്, നാടൊട്ടുക്കും പോകുന്ന ഒരു വ്യക്തിക്ക് വീട്ടിൽ നിന്ന് മാത്രമേ ആഹരിക്കൂ എന്ന് വ്യവസ്ഥ വെക്കാൻ കഴിയില്ലല്ലോ, അയാൾ സ്വയം ചേർക്കുന്ന മായം അയാളും കഴിക്കുന്നുണ്ടെന്ന് അവർ ഒരു പക്ഷേ ചിന്തിക്കുന്നുണ്ടാകുമോ ആവോ!!!!!
      മായം കലർന്ന ഭക്ഷണം ലഭിക്കുന്ന ഒരു പ്രധാന കേന്ദ്രമാണു റെയിൽ സ്റ്റേഷനും, ട്രയിനും.  ഞാൻ യാത്രകളിൽ നോൺ വെജിറ്റേറിയൻ കഴിക്കാറില്ലെന്ന് വീമ്പു പറയുന്നവർ കഴിക്കുന്ന വെജിറ്റേറിയനും വൃത്തി ഹീനമായ സാഹചര്യത്തിലാണു ആഹരിക്കുന്നത്, ട്രയിനിലെ കാറ്ററിംഗ്  സർവ്വീസുകാർ കാണുമ്പോൾ കയ്യിൽ ഗൌസെല്ലാം അണിഞ്ഞിരിക്കും എന്നാൽ , ട്രയിനിനകത്ത് അവർ ആ കൈ കൊണ്ട് തന്നെയാണു ജനങ്ങൾ യാത്ര ചെയ്യുന്ന സീറ്റിലും, ടോയ് ലറ്റിൻറെ വാതിലുകളിലും പിടിക്കുന്നത്, ഭക്ഷണം വിതരണം ചെയ്യുമ്പോൾ മാത്രം ഗ്ലൌസ് ധരിക്കുക പ്രായോഗികമല്ലല്ലോ അത്, അതിനും പുറമേ അവർ കൊണ്ട് വരുന്ന മൂടാത്ത ഭക്ഷണസാധനങ്ങളിൽ മഴ ചാറും പോലെ വായിൽ നിന്ന് തുപ്പലുകൾ - ഈ വിളിച്ച് കൂകലിനിടയിൽ തെറിച്ച് വീഴുന്നത് ശ്രദ്ധിച്ചാൽ കാണാവുന്നതാണു. ഇനി പാക്കറ്റിൽ വരുന്ന ഭക്ഷണം വാങ്ങാമെന്ന് കരുതിയാലോ അവിടേയും മായങ്ങളുടെ കലവറയാണു. ട്രയിൻ യാത്രകളിൽ കശുവണ്ടി ഒന്ന് കൊറിക്കാമെന്ന് മോഹിക്കാത്തവർ വിരളം... എങ്കിൽ അറിയുക നിങ്ങൾ വാങ്ങുന്ന കശുവണ്ടി  50 ഉം 75 രൂപക്ക് വാങ്ങുന്ന കശുവണ്ടി പരിപ്പ് കണ്ടാൽ ആരും മോഹിക്കുന്ന ഈ കശുവണ്ടി ഇത് യഥാർത്ഥ കശുവണ്ടിയല്ല പകരം കപ്പലണ്ടി വറുത്ത് പൊടിച്ച് ആധുനിക യന്ത്രങ്ങളുടെ സഹായത്താൽ കശുവണ്ടി ആകൃതിയിലുള്ള മോൾഡുകളിൽ കയറ്റി കശുവണ്ടിയുടെ എസ്സൻസും ചേർത്ത് വാർത്തെടുക്കുന്നതാണു. കണ്ടാൽ ഒന്നാം തരം കശുവണ്ടി തന്നെ മണവും അത് തന്നെ. ലുധിയാനയിൽ നിന്നും, മേഘാലയിൽ നിന്നുമാണിത് വരുന്നത്, നമ്മുടെ കുന്നം കുളവും അതിൽ പൊടുമോ ആവോ...!!!
     ഇനി കശുവണ്ടി പരിപ്പ് മാത്രമാണെന്ന് സമാധാനിക്കാൻ വരട്ടെ... നമ്മൾ പലരും ബിരിയാണി പ്രിയരാണല്ലോ, ബിരിയാണിക്ക് ബസുമതി അരി തന്നെ എല്ലാവർക്കും വേണം.  എന്നാൽ, ഈ ബസുമതി അരിക്കും മായം വന്നു തുടങ്ങി. അറുപതും , അറുപത്തഞ്ചും രൂപക്ക് ബസുമതി അരി വാങ്ങി പുലാവുണ്ടാക്കി ഒരാൾ ചില അരികൾ വേവാതെ കിടക്കുന്നു, ഇത്തരം അരികളും കൃത്രിമമായി അരിയുടെ മോൾഡുകളിൽ നിർമ്മിക്കപ്പെടുന്നു. ബസുമതി അരിയാക്കി രൂപാന്തരം പ്രാപിപ്പിക്കുന്ന അതിൽ മൈദയും, മക്രോണിയും, ബസുമതി അരിയുടെ എസ്സൻസും ചേർത്ത് മോൾഡിൽ വാർത്തെടുക്കുന്നു. ഇത് തിരിച്ചറിയാൻ ഒരു മാർഗ്ഗമുണ്ട് ബസുമതി അരിയിൽ നിന്ന് അല്പമെടുത്ത് അല്പസമയം വെള്ളത്തിലിട്ടാൽ യഥാർത്ഥ അരി നീളം കൂടിയതായി കാണാം.
     കായിക താരങ്ങളും, കടുത്ത ചൂടിൽ ജോലിചെയ്യുന്നവരും ആശ്വസിക്കാൻ വരട്ടെ, അവർ അല്പം ദാഹം തീർക്കാനും ഊർജ്ജം കൂട്ടാനും അല്പം ഗ്ലൂക്കോസ് കുടിക്കാമെന്ന് വെച്ചാലോ... അവിടെയും മായം എന്ന വ്യാജൻ നമ്മുടെ കഴുത്തിനു പിടിക്കുന്നു. പഞ്ചാപിലെ ഫാക്ടറികളിൽ നിന്ന് ടൺ കണക്കിനുല്പാദിപ്പിക്കുന്ന ഗ്
ഗ്ലൂക്കോസ് പാക്കറ്റുകളിലെ ഉല്പന്നം നമ്മുടെ കേരളത്തിൽ നിന്ന് കയറ്റി പോകുന്ന ഉണക്ക കപ്പയുടെ പൊടിയാണെത്രേ...!!!
    ഇനി കുഞ്ഞുങ്ങൾക്ക് അല്പം പാലു നൽകാമെന്ന് ഒരു അമ്മ കരുതിയാലോ , അല്ലെങ്കിൽ ഒരു നല്ല ചായ കുടിക്കാമെന്ന് കരുതിയാലോ അതും അണുവിമുക്തമല്ല, ക്ഷയരോഗം പിടിപ്പെട്ട, ന്യുമോണിയ പിടിച്ച പശുക്കളുടേ പാൽ അതോടൊപ്പം കലർന്നിട്ടുണ്ടാകും, പുറമേ മധുരത്തിനു വേണ്ടി പാലിൽ സാക്കറിനും, കെയിൻ ഷുഗർ ലായനിയും ചേർക്കുന്നു. കൊഴുപ്പു കൂട്ടാൻ അൽബുമിൻ ( മുട്ടയുടെ വെള്ള) ചേർക്കുന്നു. നോൺ വെജിറ്റേറിയൻ കഴിക്കില്ലെന്ന് പറയുന്നവർ ജാഗ്രത പാലിക്കുക.

    ഇനി അല്പം കാപ്പിയാകാമെന്ന് കരുതിയാലോ അവിടേയും മായമെന്ന മായൻറെ കളി കാണാം. കാപ്പിയുടെ  വിലക്കുറക്കാൻ ചിക്കറി ചേർക്കുന്നു, വരട്ടെ... ഈ ചിക്കറിയിലും മായമുണ്ട് , കാപ്പി പൊടിക്കുമ്പോൽ കാപ്പി ക്കുരുവിൻറെ തൊലിയും ചേർക്കുന്നുണ്ട്, നല്ല കാപ്പി ഗ്രീസിയാണു. നല്ല കാപ്പിയാണോന്നറിയാൻ അല്പം കാപ്പി പൊടി പച്ച വെള്ളത്തിൽ കലക്കി കുറച്ച് നേരം വെക്കുക. യഥാർത്ഥ കാപ്പിപ്പൊടി പൊങ്ങി വരും.. ബാക്കി മായങ്ങൾ വെള്ളത്തിനടിൽ കിടക്കും. ദോഷം പറയരുതല്ലോ ചായയിൽ അധികം മായം കാണാറില്ല ഇതിനു കാരണം , പണ്ട് കാലത്ത് ചായ ഉല്പാദനം നടത്തിയിരുന്നത് ഈസ്റ്റ് ഇന്ത്യാ കമ്പനി ആയിരുന്നു അക്കാലത്ത് ഇംഗ്ലീഷുകാർ മദ്യത്തിനു പകരം ചായ ഉപയോഗിച്ചിരുന്നു.
    ബ്രഡ്ഡിലും, എണ്ണയിലും എല്ലാം മായം മാത്രമല്ല, മമ്മായവും ഉണ്ട് .ബ്രഡ്ഡിൽ അമേരിക്കൻ മാവ് ചേർത്ത് അതിനെ പാതി പൊറോട്ടക്ക് പകരമാക്കുന്നു. വെളിച്ചെണ്ണയിൽ പാമോയിൽ ചേർക്കുന്നു. ഗ്മഞ്ഞൾപ്പൊടിയിൽ നിറം കൂട്ടാൻ ഇൻഡിഗോയും, പ്രഷ്യൻ ബ്ലൂവും ചേർക്കുന്നു. അച്ചാറുകൾ കേട് വരാതിരിക്കാൻ കോപ്പർ സോൾട്ട് ചേർക്കുന്നു. മത്സ്യം ഇഷ്ടപ്പെടുന്നവരും ജാഗ്രതൈ മത്സ്യത്തിൽ വേണ്ടുവോളം അമോണിയ ചേർക്കുന്നതിനാൽ വീട്ടിനകത്ത് കയറ്റിയാൽ അമോണിയയുടെ രൂക്ഷഗന്ധം അറിയാം. ആപ്പിൾ കേടുകൂടാതിരിക്കാൻ മെഴുക് പുരട്ടുന്നു.
      ഇത്രയും കാലം മനുഷ്യൻ മാത്രമാണു മായമെന്ന മായൻറെ ഇരയായിരുന്നത് , എന്നാൽ,  മൃഗങ്ങളും സമാധാനിക്കാൻ വരട്ടെ...!! ഇപ്പോൾ കാലിത്തീറ്റയിലും മായമെന്ന മായൻറെ കളി തുടങ്ങി കഴിഞ്ഞു.
      മായം കണ്ട് പിടിക്കാനും ഇല്ലായ്മ ചെയ്യാനും നമ്മുടെ സർക്കാർ വിപുലമായ തയ്യാറെടുപ്പുകളും, സർക്കാർ ഉദ്ധ്യോഗസ്ഥരേയും നിയമിച്ചിട്ടുണ്ടെന്നത് സത്യമാണെങ്കിലും അതെല്ലാം ഒരു പ്രഹസനം മാത്രമായി നിലനിൽക്കുന്നു, ആയിരം സ്ഥലങ്ങളിൽ ഒരിടത്ത് ഒരു ചാക്ക് പരിപ്പിൽ മായം കണ്ടെത്തി പിഴയടപ്പിച്ചു എന്ന് പറയുമ്പോഴും നല്ല പരിപ്പും, മായം ചേർന്ന പരിപ്പും കണ്ടെത്താൻ അറിയാത്ത പാവം ചില്ലറ വ്യാപാരി എന്ത് പിഴച്ചു എങ്കിലും പിഴ അവനായിരിക്കും, ഇതാണു നമ്മുടെ നാട്ടിലെ നീതി, യഥാർത്ഥ കുറ്റവാളികൾ ഉന്നതരുടെ പരിലാളനമേറ്റ് പട്ട് മെത്തയിൽ ഉറങ്ങുന്നു.
മായം... മായിക ലോകമാക്കിയ നാട്ടിൽ മായം മാത്രം കഴിച്ച് ജീവിതം മുന്നോട്ട് തള്ളുവാൻ വിധിക്കപ്പെട്ടവർ നമ്മൾ ... നമ്മുടെ  വിധിയിൽ സമാധാനിക്കുക മാത്രം തരമുള്ളു.


Abk Mandayi Kdr

Create your badge