Friday, December 3, 2010

ഓർമ്മകളിലെ ആ രാവ്

ജീവിതത്തിലെ സുവർണ്ണ കാലഘട്ടങ്ങളിൽ പെട്ടതണെല്ലൊ വിദ്യാഭ്യാസ കാലം. അക്കാലത്ത് നടന്ന രസകരമായ ഒരു സംഭവം ഞാൻ ഇവിടെ കുറിക്കട്ടെ, തനിയെയിരിക്കുമ്പോൾ ഇടക്കിടെ അയവിറക്കാറുള്ള ഒരനുഭവം നിങ്ങളുമായിവിടെ പങ്കുവെക്കുന്നു.
അന്ന് ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം , എന്നേക്കാൾ രണ്ട് വയസ്സ് ഇളയവനായ എൻറെ അമ്മാവൻറെ മകനുമായി കൊടുങ്ങല്ലൂർ താലപ്പൊലി ഉത്സവം കാണാൻ ഞങ്ങൾ പ്ലാനിടുന്നു. അക്കാല ഘട്ടത്തിൽ കൊടുങ്ങല്ലൂർ താലപ്പൊലിയെന്നാൽ നാട്ടുകാർ ജാതി മത , അബാലവൃദ്ധം ജനങ്ങൾ വലിയ ആവേശത്തോടെ പോകുക പതിവായിരുന്നു. മകരം ഒന്നു അഥവാ ജനുവരി പതിനാലിനോ, പതിനഞ്ചിനോ തുടങ്ങി നാലു ദിവസങ്ങളിലായാണു ഉത്സവം , ശബരിമലയിൽ മകരവിളക്ക് ആരംഭിക്കന്ന അന്ന് വൈകീട്ട് മകരവിളക്കു കൊടുങ്ങല്ലൂരും ആരംഭിക്കുന്നു. ഞാൻ എൻറെ ചെറുപ്പകാലം മുതലേ ഈ ആഘോഷം കാണാൻ എൻറെ മുതിർന്ന സഹോദർന്മാരുടെ കൂടെ പോകൽ പതിവുണ്ടെങ്കിലും, പതിവില്ലാതെ ഈ പ്രാവശ്യം അമ്മാവൻറെ മകനുമായി പോകാൻ തീരുമാനിച്ചതിനു പിറകിൽ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു. താലപ്പൊലി സമയങ്ങളിൽ സിനിമാ ശാലകൾ മൂന്നാമത്തെ ഷോകൾ നടത്താറുണ്ട് , ജീവിതത്തിൽ അത് വരെ തേർഡ് ഷോ കാണാത്തതിനാൽ അത് കൂടി നിറവേറുക എന്ന ഗൂഡലക്ഷ്യമാണു തനിയെ പോകാൻ പ്രേരിപ്പിച്ച സംഗതി. ഞങ്ങൾ പ്ലാൻ പ്രകാരം ഉച്ചഭക്ഷണം കഴിഞ ഉടനെ തന്നെ ഞങ്ങൾ വീട്ടിൽ നിന്ന് യാത്ര തിരിച്ചു , ഞങ്ങളുടെ വീട്ടിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ നടന്നാൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്താം അത് കൊണ്ട് തന്നെ ജനങ്ങൾ നടന്നു തന്നെയാണു പോകാറ് പതിവും, തന്നെയുമല്ല ഉത്സവ സമയങ്ങളിൽ വഴി നീളേ ജനങ്ങൾ ഉണ്ടാകുന്നതിനാൽ നടക്കുന്ന പ്രയാസവും അനുഭവപ്പെടാറില്ല. സാധാരണ  ഉച്ചക്കു രണ്ടുമണിയോടെയാണ് ആനയെ എഴുന്നെള്ളിക്കുക പതിവ്. അത് കൊണ്ട് തന്നെ ഉച്ചയോടെയാണു ഉത്സവം കാണാൻ പോകാൻ വീട്ടിൽ നിന്ന് അനുമതിയും നൽകാറ്, സന്ധ്യയാകുന്നതോടെ തിരിച്ച് വീട്ടിലെത്തിയിരിക്കണമെന്ന നിർബന്ധവും വീട്ടുകാർക്കുണ്ട്, സഹോദരങ്ങളുടെ കൂടെ പോയാൽ ഞങ്ങൾ ഉദ്ദേശിച്ച സിനിമ കാണൽ നടക്കില്ലെന്നറിയാവുന്നതിനാലാണു അമ്മാവൻറെ മകനുമായി കരാറുണ്ടാക്കിയതും. അന്നെല്ലാം ഞങ്ങളെ സംബന്ധിച്ചിടെത്തോളം ആനയെ കാണൽ എന്ന കാര്യത്തേക്കാൾ കൌദുകം ഉത്സവ പറമ്പിലെ മറ്റു പരിപാടികൾ കാണുക എന്നതാണു. ആനയെ കാണുകയും, ചെണ്ട കൊട്ടും ഇല താളവും എല്ലാം മുതിർന്നവർ കൊച്ചു കുട്ടികൾകളുമായി നിന്ന് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അവരെ നോക്കി അത്ഭുതം കൂറിയിട്ടുണ്ട്, എന്നാൽ ഞാൻ മുതിർന്നതിനു ശേഷമാണു അതിൻറെ ഭംഗി ശരിക്കും ആസ്വദിച്ചിട്ടുള്ളതു.
ഞങ്ങൾ, ഉത്സവപറമ്പിലെത്തി പതിവു കാഴ്ചകളും ഊഞാൽ ആട്ടവുമായി സന്ധ്യയാക്കി, അതോടെ ഉത്സവം കൊടിയിറങ്ങി ആനകളും ഒഴിഞു അടുത്തത് കലാപരിപാടികളാണു, അതൊന്നും ശ്രദ്ധിക്കാതെ ഞങ്ങൾ മറ്റു പരിപാടികൾ നടക്കുന്ന പന്തലുകളിൽ കറങ്ങി, ആന മയിൽ, ഒട്ടകം കളികൾ, സൂചിയേറുകൾ, അങ്ങിനെ പലതും കണ്ട് സമയം കഴിച്ചു, ഇടക്ക് കരിമ്പിൻ കഷ്ണങ്ങൾ വാങ്ങി വിശപ്പും ദാഹവും അകറ്റി. ഞങ്ങൾ സമയം രാത്രി പന്ത്രണ്ടാക്കി തൊട്ടടുത്ത സിനിമാശാലയായ ശ്രീകാളിശ്വരിക്കു മുൻപിലെത്തി. അന്നെല്ലാം സെക്കൻറ് ഷോ കഴിയുക പന്ത്രണ്ടരയെങ്കിലും ആകും. ഒരു വിധം സമയം കഴിച്ച് സിനിമക്ക് ടിക്കറ്റ് കർസ്ഥമാക്കി. സിനിമ കണ്ടു പുറത്തിറങ്ങുമ്പോൾ സമയം മൂന്ന്. അപ്പോഴാണു വീട്ടിലെത്തിയാൽ കിട്ടുന്ന ചൂരൽ കഷായത്തിൻറെ ഓർമ്മ മനസ്സിൽ തികട്ടി വന്നത്. തന്നെയുമല്ല ഉറങ്ങാതെയുള്ള അലച്ചിലിൽ കലശലായ വിശപ്പും , സിനിമ കണ്ട് കഴിഞപ്പോൾ കീശയിൽ ശേഷിച്ചത് ഒന്നുകിൽ ബസ്സിൽ പോകാനുള്ള തുട്ടുകൾ മാത്രം, കരിമ്പിൻ തുണ്ടുകൾ അകത്താക്കിയാൽ പിന്നെ , വീട്ടിലെത്താൻ നടക്കണം, നടക്കുന്ന കാര്യം ഓർത്തപ്പോഴേ വിറക്കാൻ തുടങ്ങി ലോകത്തുള്ള എല്ലാ വിധ ഭൂതപ്രേതാതികളും മനസ്സിൽ മിന്നി മറയാൻ തുടങ്ങി. അവസാനം ഞങ്ങൾ ബസ്സിൽ തന്നെ പോകാൻ തീരുമാനിച്ചു. അപ്പോൾ സമയം ഏകദേശം മൂന്ന് മണി കഴിഞിരുന്നു, ഉത്സവപറമ്പിൽ നാടകം പൊടിപൊടിക്കുന്നതിനാൽ അധികം ആളുകളും അവിടെ തന്നെയാണു, ഞങ്ങൾ ബസ്സിൽ കയറി എനിക്ക് ഒരു സീറ്റ് മുൻ വശത്ത് കിട്ടിയതിന്നാൽ ഞാൻ ആ സീറ്റ് കയ്യടക്കി, അമ്മാവൻറെ മകൻ പിൻ വശത്തും ഇരുന്നു, അമ്മാവൻറെ മകൻ ഇരുന്ന ഉടനെ ക്ഷീണത്താൽ ഉറക്കം തൂങ്ങുവാനും തുടങ്ങി, ആ സമയം ഞാൻ ചിന്തിച്ചിരുന്നത്, ബസ്സിറങ്ങിയാൽ വീട്ടിലെത്താൻ ഏകദേശം രണ്ട് ഫർലോങ്ങോളം നടന്നാലെ വീട്ടിലെത്താൻ കഴിയൂ (അന്ന് ആ വഴികളെല്ലാം ഇട വഴികളായിരുന്നു, ഇപ്പോൾ അത് തിരിച്ചറിയാനാകാത്ത വിധം ടാരിട്ട റോഡുകളാണു. ) അത്രയും ദൂരം ഞങ്ങൾ എങ്കിനെ താണ്ടും എന്നതായിരുന്നു എന്നെ അലട്ടിയിരുന്നതു അത് കൊണ്ട് തന്നെ എനിക്ക് ഉറക്കച്ചടവുണ്ടെങ്കിലും ഉറങ്ങാൻ കഴിഞില്ല, ഞങ്ങൾക്കിറങ്ങേണ്ടതിനു രണ്ട് സ്റ്റോപ്പ് മുൻപിൽ വണ്ടി നിൽക്കുന്നതു കണ്ടു ആളിറങ്ങുന്നതും ഞാൻ കണ്ട് ബസ്സ് വിടുകയും ചെയ്തു അപ്പോൾ ഞാൻ പിന്നിലേക്കൊന്ന് തിരിഞു നോക്കി അമ്മാവൻറെ മകനെ കാണാനില്ല, ഞാൻ വെപ്രാളത്തോടെ പിറകിലെ ചില്ലിലൂടെ നോക്കിയപ്പോൾ കണ്ടതു അമ്മാവൻറെ മകൻ ബസ്സിനു പിറകെ “നിർത്തടൊ...... ഇറങ്ങടോ എന്ന് ആക്രോശിച്ച് കൊണ്ടോടുന്നവനെയാണു, ബസ്സുകാർ നിറുത്തിയില്ല അവർ ഉത്സവപറമ്പിൽ നാടകം തീരുന്നതിനു മുൻപ് തിരികെയെത്തണം എന്ന ചിന്തയിലുള്ള നെട്ടോട്ടമാണു, ഞാൻ പിറകിലോടി വരുന്നവനെ നോക്കി കൊണ്ടിരിക്കയാണു ബസ്സ് അതിവേഗം മുന്നോട്ട് നീങ്ങുമ്പോൾ അവനും ബസ്സുമായുള്ള അകലം വർദ്ദിച്ച് വരുന്നതിൽ ഞാൻ ആശങ്കാകുലനാണു, ബസ്സു ഞാൻ ഇറങ്ങേണ്ട സ്റ്റോപ്പിൽ എന്നെ ഇറക്കി, ബസ്സ് മുന്നോട്ട് നീങ്ങി ഞാൻ തിരിഞു നോക്കുമ്പോൾ അവിടെ ആരുമില്ല, ഭയം കൊണ്ട് വിറച്ച ഞാനും അമ്മാവൻറെ മകൻ വരുന്ന ദിശ ലക്ഷ്യമാക്കി ഓടാൻ തുടങ്ങി ഏകദേശം നൂറ് വാരയോളം ഞാൻ ഓടിക്കാണില്ല എതിർ ദിശയിൽ നിന്ന് അവൻ ബസ്സിനേക്കാൾ അതിവേഗത്തിൽ എൻറെ അടുത്തെത്തി, അപ്പോഴതാ ഒരു കറുത്ത രൂപം ഞങ്ങളുടെ മുൻപിലെത്തി സൈക്കിളിൽ നിന്നിറങ്ങി അമ്മാവൻറെ മകനോട് ചോദിച്ചു “നീ എന്തിനാ എന്നെ ചീത്ത വിളിച്ച് കൊണ്ട് ഓടിയതെന്ന് “ അവൻ പറഞു പിന്നെ ..... ഇവിടെ പേടിച്ച് നെട്ടോട്ടം ഓടുന്നതിനിടയിലാണോ നിങ്ങൾ ഞാൻ എവിടെക്കാ ഓടുന്നതെന്ന് ചോദിക്കുന്നതു, ഞാൻ കരുതി നിങ്ങൾ പ്രേതമായിരിക്കുമെന്ന് അതു കൊണ്ടാണു ചീത്ത വിളിച്ച് ഓട്ടം തുടർന്നതെന്ന്” . സത്യത്തിൽ അയാൾ ആ റോഡരികിൽ ഉള്ള ഒരു കൊപ്രമില്ലിൽ രാത്രി കൊപ്രയാട്ടിയതു ശേഷം വീട്ടിലേക്കു പോകാൻ ഇറങ്ങുമ്പോഴാണു അയാൾ അറിയുന്ന ഒരു പയ്യൻ ഓടുന്നതു കണ്ടതു. സത്യത്തിൽ ഞാൻ ആയിരുന്നാലും ചീത്ത വിളിക്കുമായിരുന്നേനെ കാരണം, കറുത്തിരുണ്ട് ഒരു തോർത്ത് മുണ്ട് തോളിലിട്ട ഒരു തടിമാടൻ പേടിക്കാതിരിക്കുമോ!!!!  അവസാനം അയാൾ ഞങ്ങളുടെ കുടുംബത്തെ അറിയാവുന്ന ആളായതിനാൽ മക്കൾ പൊയ്ക്കോ...എന്ന് പറഞു സ്ഥലം വിട്ടു. ഞങ്ങൾ വീണ്ടും ഭീതിയുടെ കയത്തിലേക്കെറിയപ്പെട്ടു. വീട്ടിലെത്താൻ ഇനിയും ദൂരം ഏറെ വിശപ്പുണ്ടെങ്കിലും അതെല്ലാം മറന്നു എങ്ങിനെ വീട്ടിലെത്തുമെന്ന ചിന്ത മാത്രമായി, എൻറെ മനസ്സിലേക്ക് ആയിടെ പാമ്പു കടിയേറ്റ് മരിച്ച രാജു, തൂങ്ങി മരിച്ച സുകുമാരൻറെ നാവു പുറത്തേക്കിട്ട തൂങ്ങിയ രൂപം അങ്ങിനെ അനേകം പ്രേതങ്ങളുടെ രൂപങ്ങൾ കടന്ന് വന്നു, ഇവരെല്ലാം മരിച്ച് കിടന്ന വഴികൾ താണ്ടി വേണം വീട്ടിലെത്തണമെങ്കിൽ, ഇതെ ചിന്ത തന്നെയാണു അമ്മാവൻറെ മകനും, അവസാനം ഞങ്ങൾ രണ്ടും കൽപ്പിച്ച് നടക്കാൻ തുടങ്ങി, ഞങ്ങൾ പരസ്പരം അരയിലൂടെ കൈക്കോർത്ത് പിടിച്ച് നടക്കാൻ തുടങ്ങി, ഭയം കൊണ്ട് ഞാൻ കണ്ണടച്ചായിരുന്ന് നടന്നതു , കുറച്ച് ചെന്നപ്പോൾ ഞങ്ങൾ രണ്ടു പേരും ഒരു കൈത ക്കുട്ടിൽ മുള്ളുകൾക്കിടയിൽ വീണു അപ്പോഴാണു ഞാനും അവനും അറിയുന്നത് ഞങ്ങൾ രണ്ടുപേരും കണ്ണടച്ചായിരുന്നു നടന്നിരുന്നതെന്ന്, കൈകാളുകളിൽ മുറിവുകളുമായി ഞങ്ങൾ കെട്ടിപ്പിടിച്ച് നടത്തമാരംഭിച്ചു, കുറച്ച് ദൂരം പോയപ്പോഴാണു പാമ്പ് കടിയേറ്റ് മറിച്ച രാജുവിൻറെ വീടിനടുത്തെത്തിയത് , അവിടെയെത്തിയപ്പോൾ ഞാനായിരുന്നു ആ വീടിൻറെ സൈഡിൽ നടന്നിരുന്നതിനാൽ ഞാൻ സൈഡ് മാറി നടക്കൻ തുടങ്ങി ഭാഗ്യവശാൽ അമ്മാവൻറെ മകൻ അപ്പോൾ അതിനെ കുറിച്ച് ചിന്തിച്ചില്ലായിരുന്നെന്ന് അവൻ പിന്നീടെന്നോട് പറഞത്. ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ വീടണയുമായിരുന്നില്ല. ഒരു വിധത്തിൽ ഞങ്ങൾ വീടണഞു, അപ്പോഴേക്കും നേരം വെളുത്തു തുടങിയിരുന്നു, ഞങ്ങൾ ശബ്ദമുണ്ടാക്കാതെ അകത്ത് കയറിപ്പറ്റി കട്ടിലിൽ അമർന്നു.പിന്നീടൊരിക്കലും മുതിരുന്നത് വരേക്കും ഞാൻ താലപ്പൊലിക്ക് രാത്രി പോയിട്ടില്ല. ഇന്നു പോകാൻ ധൈര്യവും പക്വതയും ആയപ്പോൾ അതിനുള്ള അന്തരീക്ഷം അല്ല , മത വൈര്യങ്ങൾ, പരസ്പര ധാരണയില്ലയ്മകൾ എല്ലാം കൊണ്ടും കലുഷിതം. പിന്നെ , പ്രവാസ ജീവിതത്തിലെ ഊരാക്കുടുക്കുകൾ, കൊടുങ്ങല്ലൂർ താലപ്പൊലി ഇന്ന് വെറും നൊമ്പരപ്പിക്കുന്ന ഓർമ്മകൾ മാത്രം. എങ്കിലും, അനേകായിരം കാതങ്ങൾ അകലെയിരിക്കുമ്പോഴും, മകര സംക്രാന്തിയാകുമ്പോൾ പഴയ ഓർമ്മകൾ എന്നെ ഉത്സവപറമ്പിലെത്തിക്കുന്നു. ഇന്ന് ആ ഇലത്താളങ്ങളും, ആനച്ചന്തവും കാണാൻ മനസ്സ് വെമ്പുന്നു. ഇങ്ങിനെ രസകരങ്ങളായ എത്ര കഥകൾ .... ഇന്നത്തെ പ്രായത്തിലുള്ള കുട്ടികൾക്ക് ലഭിക്കാത്ത ആ ഭയപ്പാടിൻറെ രാവുകൾ , എത്രയെത്ര പ്രേത കഥകൾ ... ഒരുപാടേറേ... ഓർത്ത് ചിരിക്കാൻ അങ്ങിനെയെന്തെല്ലാം, ഇനിയും തുടരാമെന്ന പ്രതീക്ഷയോടെ..... ഓർമ്മയിലെ ആ രാവ് ഇവിടെ ചുരുക്കുന്നു.