Wednesday, September 14, 2011

വൈദ്യുതി കമ്പിയിലൊരു ഭൂതം - അനുഭവ കഥ.

 ഒമാനെന്ന അറബ് രാജ്യം എന്നും എനിക്ക് പോറ്റമ്മയും, ഞാനെന്നും ഇഷ്ടപ്പെടുന്ന സംസ്ക്കാര മുറങ്ങുന്ന പാരമ്പര്യത്തിന്‍‌റെ അത്ഭുത നാടാണു. സാസ്ക്കാരിക തനിമക്ക് മറ്റു അറബ് രാജ്യങ്ങളെ കിടപിടിക്കുന്നതോടൊപ്പം , പ്രകൃതി ഭംഗിയാൽ ഏറെ സൌന്ദര്യവും മുറ്റി നിൽക്കുന്ന പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഉഷ്ണ മേഖലയാണെങ്കിലും സമുദ്ര നിരപ്പിൽ നിന്നു അയ്യായിരവും, ആറായിരവും അടി ഉയർന്ന് നിൽക്കുന്ന പർവ്വതങ്ങൾക്ക് മുകളിൽ സുഖശീതളമായ ജനവാസ യോഗ്യവും, എന്ത് കൃഷിക്കും അനുയോജ്യവുമായ ഭൂപ്രദേശങ്ങൾ. ഇതൊക്കെയാണെങ്കിലും പല ഗോത്രങ്ങൾ തമ്മിൽ അധികാരക്കൊതി മൂത്ത് പരസ്പരം വെട്ടി മരിച്ചിരുന്ന നാട്, ഒമാനിൻറെ പല ഭാഗങ്ങളിലും കാണുന്ന അനേക ലക്ഷം ഖബറിടങ്ങൾ പഴയ കാല ഗോത്രയുദ്ധങ്ങൾക്ക് മൂക സാക്ഷ്യം വഹിച്ചു കൊണ്ട് നമ്മേ പഴയ കാലത്തേക്ക് മാടി വിളിക്കുന്നതായി കാണാം. ഈ പശ്ചാത്തലമാണു ഒമാൻറെ ഭൂരിഭാഗം പ്രദേശങ്ങളിൽ കാണപ്പെടുന്നതു, അതോടോപ്പം ദുർമന്ത്രവാദങ്ങൾ ( ബ്ലാക്ക് മാജിക്കിൻറെ നാടെന്നും നമ്മുക്ക് പറയാം) കൊടികുത്തി വാണിരുന്ന, ഇപ്പോഴും സർക്കാർ അറിയാതെ അത് സജീവമായി നില നിൽക്കുന്ന ഒരു രാജ്യവുമാണു ഒമാൻ. പുതു തലമുറ അതിനെ വിശ്വസിച്ചാലും ഇല്ലെങ്കിലും അനേകം ഇന്നും അതിൽ വിശ്വസിക്കുന്നതായി ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്നാൽ കാണാൻ കഴിയും. ഒമാൻറെ ഭൂരിഭാഗം ഗ്രാമങ്ങളിൽ കയറി നടക്കാനും ഇത്തരം കഥകൾ അറിയാനും ഈയ്യുള്ളവനു കഴിഞ്ഞിട്ടുണ്ട്. അത്തരം ഒരു കഥയാണു ഞാൻ ഇവിടെ വിവരിക്കാൻ പോകുന്നതും, ഇത് എൻറെ അനുഭവത്തിൽ നടന്നതുമാണു. ഞാൻ ഈ ദുർമന്ത്രവാദത്തിൽ ഒരിക്കലും വിശ്വസിക്കുന്ന വ്യക്തിയല്ലെന്ന് കൂടി പ്രിയ വായനക്കാരെ സന്ദർഭോചിതാ ഓർമ്മിപ്പിക്കുന്നെങ്കിലും, എൻറെ അനുഭവത്തിൽ നടന്ന ആ സംഭവം ഇന്നും എനിക്ക് അത്ഭുതമായി തന്നെ നില നിൽക്കുന്നു.
  ഒമാനിൻറെ  വടക്കൻ മേഖലയായ ആദം ജില്ലയിലെ റാസൽ അൽ ജബൽ എന്ന പ്രദേശത്തിനടുത്തുള്ള ഒരു ഗ്രാമത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടി കൊണ്ട് പോകുന്നു. മലകൾ ഇല്ലാതെ ചെമ്മണ്ണും, കളിമണ്ണും നിറഞ്ഞ എന്നാൽ, ഭൂമിക്കടിയിൽ വെളുത്ത കട്ടിയേറിയ ചുണ്ണാമ്പുകള്ളുകളുള്ള പ്രദേശം, കൂറ്റൻ മലകൾ ഇല്ലെങ്കിലും ചൂട് അതികഠിനമായി അനുഭവപ്പെടുന്നതും, ഉഷ്ണ സമയങ്ങളിൽ മനുഷ്യനേയും മൃഗങ്ങളെയും കാർന്ന് തിന്നുന്ന തരത്തിലുള്ള ഒരു തരം ഈച്ചകൾ (വളരെ സൂക്ഷ്മങ്ങളായ പ്രാണികൾ ആണിതു) മനുഷ്യനെ പൊതിയുന്ന സ്ഥലം, പരന്ന് കിടക്കുന്ന പ്രവിശാലമായ ഈ പ്രദേശത്ത് അങ്ങിങ്ങായി അവിടെ അധിവസിക്കുന്ന നാടിൻറെ പുരാതന മനുഷ്യവർഗ്ഗമായ ബദുക്കൾ ( ആദിവാസികൾ) അങ്ങിങ്ങായി പണിത ഒറ്റ മുറിയോ, രണ്ട് മുറികളോടു കൂടിയ സിമൻറ് കെട്ടിട്ടം, അതിനടുത്തായി ഈത്തപ്പന ഓലകൾ കൊണ്ട് നിർമ്മിച്ച കൊച്ച് കുടിലുകൾ , ഈ കുടിലുകളിലാണു ഈ മനുഷ്യർ അന്തിയുറങ്ങുന്നതും വിശ്രമിക്കുന്നതും യാതൊരു വിധ ശീതികരണ സം‍വിധാനങ്ങളോ, എന്തിനേറെ വൈദ്യുതിയോ ഇല്ലാത്ത ഈ കുടിലുകളിൽ കഠിനമായ ചൂടിലും സാധാരണ ഊഷ്മാവിൽ നമ്മുക്ക് വിശ്രമിക്കാമെന്നതാണു ഈ കുടിലിൻറെ പ്രത്യേകത. ഈ കുടിലിനോട് ചേർന്ന് കമ്പി വലകളും, അനേകം ഇരുമ്പ് കുറ്റികളാലും നിർമ്മിച്ച വേലിക്കെട്ടിനകത്ത് നിറയെ ആടുകൾ, ചില സ്ഥലങ്ങളിൽ ഒട്ടകങ്ങൾ എന്നിവയേയും കാണാം. വിശാലമായ ഈ പ്രദേശത്ത് അങ്ങിങ്ങായി പച്ച വിരിയിച്ച് കാറ്റിൽ ആടിയുലയുന്ന വർണ്ണാഭമായ ഈന്തപ്പന തോട്ടങ്ങളും, ചിലയിടങ്ങളിൽ മൃഗങ്ങൾക്ക് നൽകാനായി വയലുകളിൽ പുൽകൃഷിയും , ചില സ്ഥലങ്ങളിൽ പച്ചക്കറി കൃഷിയും കാണാം. ഇവിടെ വൈദ്യുതി എത്തി നോക്കാത്ത സ്ഥലങ്ങളിൽ സർക്കാർ ഈ ബദു വർഗ്ഗക്കാർ എവിടെ പോയി വീട് വെക്കുന്നുവോ അതിനു പിന്നാലെ വൈദ്യുതി വകുപ്പിൻറെ കീഴിൽ നടത്തുന്ന ഞങ്ങളെപോലുള്ള അർദ്ധസർക്കാർ സ്ഥാപനങ്ങൾ സർവ്വേ ഉത്തരവുകളും, പുതിയ വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനും ഓർഡർ നൽകുന്നതോടൊപ്പം , ഒരു നിശ്ചിത തുകക്കുള്ള ഫണ്ടും അനുവദിക്കുന്നു, ഈ ഫണ്ടിൻറെ ലഭ്യതയനുസരിച്ച് ഞങ്ങൾ സർവ്വേ നടത്തുകയും, ഫണ്ടിൻറെ തുക തികയുന്നത് വരേക്കുമുള്ള സ്ഥലങ്ങൾ വൈദ്യുതീകരിക്കുകയും ചെയ്യുകയാണു പതിവു. അങ്ങനെ വരുമ്പോൾ തുക തികയാത്തതിനാൽ വൈദ്യുതി നൽകുന്ന പ്രദേശത്തിനു തെട്ടടുത്തുള്ള വീടുകൾക്കോ, തോട്ടങ്ങൾക്ക് ഫണ്ടില്ലാത്തതിനാൽ വൈദ്യുതി ലഭിക്കാതെ വരും, എന്നിരുന്നാലും, ഈ കാര്യം വൈദ്യുതി വകുപ്പിൽ ഞങ്ങൾ അറിയിച്ച് അധികം വൈകുന്നതിനകം മതിയായ ഫണ്ട് അനുവദിച്ചു കിട്ടുകയും, വിട്ട് പോയ സ്ഥലങ്ങൾ വൈദ്യുതീകരിക്കുകയും ചെയ്യുക പതിവാണു, എന്നാൽ, തെട്ടടുത്ത് വൈദ്യുതി ലഭിച്ചു തനിക്കതു ലഭിച്ചില്ല എന്ത് കൊണ്ട് എന്ന ചോദ്യവുമായി രോക്ഷത്തോടേ ഈ ബദു കൂട്ടങ്ങൾ എന്നെ പലപ്പോഴും ശല്ല്യം ചെയ്തിട്ടുണ്ട്, ചിലരെ പറഞ്ഞ് മനസ്സിലാക്കാൻ കഴിയും, എന്നാൽ ചിലരെ പ്രത്യേകിച്ച് ബദു സ്ത്രീകളെ പറഞ്ഞ് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടും അവരുമായി തർക്കത്തിൽ ഏർപ്പെട്ടാൽ ജയിലിലാകുമെന്ന ഭയത്താലും വളരെ തന്മയത്വത്തോടെ, ക്ഷമാ പൂർവ്വം അവരുമായി സംസാരിക്കുകയും, എന്നിട്ടും വഴങ്ങാത്തവരോട് വൈദ്യുതി മറ്റുള്ളവർക്കൊപ്പം നൽകാമെന്ന് വാഗ്ദാനം നൽകി വൈദ്യുതി വകുപ്പിൻറെ മേലാധികാരിയെ കാണാനുള്ള അനുമതി വാങ്ങിക്കൊടുത്ത് തടിതപ്പുകയെ നിവൃത്തിയൊള്ളു. ഇത്തരം ഒരു സന്ദർഭമാണു കഥയുടെ കഥയുടെ സസ്പെൻസിലേക്ക് നീങ്ങുന്നതു.
  മേൽ വിവരിച്ച പ്രദേശം ഞങ്ങൾ പുതിയ വൈദ്യുതി ലൈനുകൾ സ്ഥാപിച്ചു ട്രാൻസ്ഫോർമറും സ്ഥാപിച്ചു, പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചത് നേരത്തെ ആ വഴി കടന്ന് പോയിരുന്ന 11 കെ.വി വൈദ്യുതി ലൈനിനു താഴെയായതിനാൽ പുതുതായി 11 കെ.വി ലൈൻ വലിക്കേണ്ടതില്ലായിരുന്നു. അതു കൊണ്ട് തന്നെ അധികം ശ്രമകരമല്ലാതെ ഒരു സെറ്റ് ലൈറ്റിംഗ് അറസ്റ്ററും, ഒരു കൂട്ടം ഫ്യൂസും സ്ഥാപിച്ചാൽ ട്രാൻസ്ഫോർമറിൽ വൈദ്യുതി ലഭിക്കും, പിന്നീടങ്ങോട്ട് കുറഞ്ഞ വൈദ്യുതി ചാലകതയുള്ള എൽ.ടി ലൈനുകളും പല തോട്ടങ്ങൾക്കും , കൊച്ചു കൊച്ചു, സിമൻറ് കെട്ടിടങ്ങൾക്കും വലിച്ചു, എന്നാൽ, ഫണ്ട് തീർന്നതിനാൽ ഏകദേശം മുന്നൂറ് മീറ്റർ അകലെയുള്ള ഒരു തോട്ടത്തിനും, അതിലുള്ള ഒരു വീടിനും വൈദ്യുതി നൽകാൻ കഴിഞ്ഞില്ല, അവിടെ തങ്ങിയിരുന്നത് എഴുപത് വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധനായിരുന്നു. അയാൾ, എന്നെ സമീപിച്ചു സ്വതസിദ്ധമായ ഒമാനി സ്റ്റൈലിൽ അഭിവാദ്യം ചെയ്തു, അതിനു ശേഷം “മുഹന്തിസു ലേശ് മാഫി ആത്തി കഹറബ മസ്റഹ മൽ അന ? (എഞ്ചീനീർ എന്ത് കൊണ്ട് എൻറെ തോട്ടത്തിനു മാത്രം വൈദ്യുതി നൽകുന്നില്ല?) ന്യായമായ ആവശ്യം , എന്നാൽ, ഫണ്ടില്ലാത്ത വിവരം പറഞ്ഞാൽ അപ്പോഴും ചോദിക്കും ലേശ് (എന്തുകൊണ്ട്) എന്ന്, ഞാൻ പറഞ്ഞു, ഞങ്ങൾ വൈകാതെ തരാം ക്ഷമിക്കാൻ, കിഴവൻ വിടുന്ന ലക്ഷണമില്ല, പിന്നെ, വെല്ലുവിളികൾ “ നീ മറ്റുള്ളവർക്ക് വൈദ്യുതി നൽകുന്നതൊന്ന് ഞാൻ കാണട്ടെ എന്ന മട്ടിൽ, ഞാൻ അത് വിലക്കേറ്റുത്തില്ല, എല്ലാ പണികളും അവസാനിച്ചു ട്രാൻസ്ഫോർമറിൽ വൈദ്യുതി പ്രസരിപ്പിക്കും മുൻപുള്ള എല്ലാ വിധ ടെസ്റ്റുകളും കഴിഞ്ഞു,  വൈദ്യുതി വകുപ്പിൽ അതു പ്രവർത്തനക്ഷമമാക്കാനുള്ള സാക്ഷിപത്രവും സമർപ്പിക്കപ്പെട്ടു. വൈദ്യുതി വകുപ്പിലെ എഞ്ചിനീയറുടെ പരിശോധനയും കഴിഞ്ഞു, പിറ്റേന്ന് വൈദ്യുതി നൽകാൻ ആയി ഷട്ട്ഡൌണും നൽകി, അടുത്ത ദിവസം വൈദ്യുതി കമ്പികൾ ട്രാൻസ്ഫോർമറിൽ ഘടിപ്പിച്ചു സ്വച്ചുകൾ ഓൺ ആക്കി, ദാ കിടക്കുന്നു ഫ്യൂസുകൾ ഫ്യൂസായി, ഞങ്ങൾ അത്ഭുതപ്പെട്ടു, എല്ലാ ടെസ്റ്റുകളും നേരത്തെ ചെയ്തതാണു എന്നിട്ടും ഇങ്ങനെ ആദ്യ സംഭവം, ഞാനും, വൈദ്യുതി വകുപ്പും പ്രതിക്കൂട്ടിൽ, ഞങ്ങൾ വീണ്ടും ടെസ്റ്റുകൾ നടത്തി തൃപ്തിയായി അടുത്ത ദിവസം വീണ്ടും ഷട്ട് ഡൌൺ ഏർപ്പാടാക്കി. (ഈ ഷട്ട് ഡൌൺ ഏർപ്പാടാക്കാൻ അനേകം കടമ്പകൾ താണ്ടണം, ആദ്യം തെട്ടറ്റുത്ത വൈദ്യുതി നിലയത്തിൽ നിന്ന് അപ്രൂവൽ, പിന്നെ, കലക്ടറുടെ അപ്രൂവൽ, പോലീസ് അപ്രൂവൽ, അതിനെല്ലാം പുറമേ വൈദ്യുതി വകുപ്പിൻറെ 3 സീനീയർ ഓഫീസർമാരുടെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്ക് ശേഷമുള്ള അപ്രൂവൽ ഇതു ഒരിക്കലെടുത്ത് കഴിഞ്ഞാൽ അതെ ആവശ്യത്തിനു വീണ്ടും ചോദിച്ചാൽ ആയിരം ചോദ്യങ്ങൾ ഇങ്ങനെ അനേകായിരം കടമ്പകൾ. ) ഈ കടമ്പകളെല്ലാം ഒരു വിധം താണ്ടി വീണ്ടും ഷട്ട് ഡൌൺ അന്നും വൈദ്യുതിയുമായ് ട്രാൻസ്ഫോർമർ കണക്റ്റ് ചെയ്തപ്പോൾ തഥൈവ വീണ്ടും ട്രിപ്പ് , ഞങ്ങൾ മൂന്ന് , നാലു എഞ്ചിനീയർന്മാർ വിയർക്കാൻ തുടങ്ങി, ഒരു മറുപടിയും നൽകാൻ കഴിയാതെ വൈദ്യുതി വകുപ്പിൻറെ സീനിയർമാർക്ക് മുന്നിൽ തലതാഴ്ത്തി നിന്നു, അവസാനം മൂന്ന് മേലുദ്ധ്യോഗസ്ഥരിൽ ഒരാൾ 4 ദിവസം കഴിഞ്ഞ് വരാമെന്നേറ്റു, അന്നേക്ക് വീണ്ടും ഷട്ട് ഡൌൺ ഏർപ്പാടാക്കി, വരമെന്നേറ്റയാൾ നാലാം ദിനം തെല്ല് അഹങ്കാരത്തൊടെ സൈറ്റിലേക്ക് ഞങ്ങളൊടൊപ്പം വന്ന്, അദ്ദേഹത്തിൻറെ ഓരോ നോട്ടത്തിലും ഞങ്ങൾ ഒന്നുമറിയാത്തവരായി ഗണിക്കപ്പെടുന്നതായി അയാളുടെ ഭാവത്തിൽ കണ്ടു, ഞങ്ങൾ ക്ഷമാപൂർവ്വം എല്ലാ അവഗണനയേയും സഹിച്ചു. സിനിയർ എഞ്ചീനീയർ സൈറ്റിൽ വന്നു ഞങ്ങൾ നേരത്തെ നടത്തിയിരുന്ന എല്ലാ ടെസ്റ്റുകളും നടത്തി തൃപ്തനായതിനു ശേഷം ഷട്ട്ഡൌൺ എടുത്ത് ട്രാൻസ്ഫോർമറിൽ വൈദ്യുതി നൽകി ഫലം പഴയത് തന്നെ സീനിയർ ഞങ്ങൾക്ക് മുന്നിൽ വിയർക്കാൻ തുടങ്ങി, അയാൾ, ഹെഡാഫിസിലേക്ക് വിളിച്ചു വിവരം പറഞ്ഞു, അവരും അത്ഭുതസ്ത്ബധരായി. അവരും അടുത്ത ദിവസം സൈറ്റിൽ വരാമെന്നായി, ഇതിനിടയിൽ വൈദ്യുതി വകുപ്പിൽ ഇതൊരു ചർച്ചാ വിഷയമായി ഇതെന്തൊരു മറിമായം വിദ്യുച്ഛക്തി സാങ്കേതിക വിദ്യയിൽ ഇതുവരെ കാണാത്ത പ്രതിഭാസം കണ്ടവർ കണ്ടവർ എന്നോട് അത്ഭുതം കൂറി, ഇത്രയും പരിചയ സമ്പന്നരായ തങ്കൾക്ക് എങ്ങനെ ഇതു സംഭവിക്കുന്നു എന്ന ചോദ്യമായിരുന്നു പലർക്കും. മറുപടി നൽകാൻ വാക്കുകളില്ലാതെ ഞാൻ നിശബ്ദനായി. മേലുദ്ധ്യോഗ്ഗസ്ഥർ വരാമെന്നേറ്റ ദിനം ഷട്ട്ഡൌൺ അപേക്ഷയുമായി സ്റ്റേഷൻ എഞ്ചീനീയറെ കണ്ടെങ്കിലും അദ്ദേഹം ആകെ ചൂടിൽ “ നിങ്ങൾ എന്ത് കളിക്കുകയാണോ ദിവസവും ഒരേ ഫീഡറിൽ ഷട്ട്ഡൌൺ, ട്രിപ്പ് ഇങ്ങനെയായാൽ അവിടെയുള്ള ബ്രേക്കറിനു തകരാർ സംഭവിക്കുമെന്ന് നിങ്ങളെ ഞാൻ പഠിപ്പിക്കണോ? ഞങ്ങൾ സത്യാവസ്ഥ വിവരിച്ചു. നിജസ്ഥിതിയറിയാൻ അദ്ദേഹം സീനിയർ എഞ്ചീനീയറുമായി സംസാരിച്ചുറപ്പു വരുത്തി. സത്യം മനസ്സിലാക്കിയ അദ്ദേഹം ഇത് അവസാന ഷട്ട്ഡൌൺ എന്ന് പറഞ്ഞ് അപ്രൂവൽ തന്നു.  രണ്ട് നാൽ കഴിഞ്ഞ് ഉദ്ധ്യോഗസ്ഥ വ്രന്ദങ്ങളുടെ ഒരു പട തന്നെ സൈറ്റിൽ, സീനിയർ കൺസ്ട്രക്ഷൻ എഞ്ചിനീർ, ഓപ്പറേഷൻ മെയിൻറനസ് എഞ്ചിനീയർ, ട്രാൻസ്മിഷൻ എഞ്ചീനീയർ, സേഫ്റ്റി എഞ്ചിനീയർ, പ്രോജക്റ്റ് മാനേജർ, ഡിസ്റ്റ്രിബ്യൂഷൻ മാനേജർ മറ്റനേകം ടെക്നീഷ്യൻസും, കൂടെ ഞങ്ങളും, തലേന്ന് വന്ന മിസിറി എഞ്ചീനിർ ഇതിനകം ഞങ്ങളുടെ മുന്നിൽ പത്തി മടക്കിയിരുന്നതിനാൽ ഒരക്ഷരം കമൻറ് പറയാതെ വളരെ സന്തോഷപൂർവ്വമാണു എല്ലാവരും അത്ഭുതത്തോടെ പഴയ പോലെ എല്ലാ ടെസ്റ്റും നടത്തി തൃപ്തിയായതിനു ശേഷം ഷട്ട് ഡൌൺ എടുക്കാൻ പറഞ്ഞു, ട്രാൻസ്ഫോർമർ ഓൺ ചെയ്തു, ഫലം പഴയത് തന്നെ. ഇതോടെ ചില യാഥാസ്ഥിതിക വിശ്വാസികളായ പലരും പറഞ്ഞ് തുടങ്ങി ഇത് ഏതോ ജിന്നിൻറെ (ഭൂതത്തിൻറെ ) പണിയാണെന്ന്, അവർ അതിനായി കണ്ട് പിടിച്ചത് ആ പരിസരത്ത് എന്തോ ചീഞ്ഞു നാറുന്ന മണമാണു, മണത്തിൻറെ ഉറവിടം തേടി നടന്നവരും അല്പം അകലെ കണ്ട തെളിവുകൾ ചീഞ്ഞ് ജീർണ്ണിച്ച കുറേ എല്ലുകൾ ( ജിന്ന് വർഗ്ഗത്തിൻറെ ഭക്ഷണമായി എല്ലിനെ കണക്കാക്കുന്നു) . അതോടെ കൂടുതൽ ആളുകൾ വിശ്വസിച്ചു തുടങ്ങി.
 വൈദ്യുതി കൃത്യസമയത്തിനു നൽകാത്തതിൽ ക്ഷോഭിതരായി ഒരു കൂട്ടം ബദുക്കൾ ഞങ്ങളെ കുറ്റപ്പെടുത്തി മേലുദ്ധ്യോഗസ്ഥർക്ക് പരാതി പറഞ്ഞു കൊണ്ടിരുന്നു. അവർക്ക് കാര്യം അറിയാവുന്നതിനാൽ ഞങ്ങളോട് ഒന്നും ചോദിച്ചില്ല. ഇതിനിടയിൽ വൈദ്യുതി ലൈൻ വലിക്കാതെ ബാക്കി ശേഷീച്ച വയസ്സൻ അവിടെയെത്തി അയാൾ, പ്രോജക്റ്റ് മാനേജറോട് വൈദ്യുതി ലൈൻ വലിക്കാത്ത വിവരം പറഞ്ഞ്, മാനേജർ എന്നോട് കാര്യം തിരക്കി ഞാൻ ഫണ്ടിൻറെ കുറവിനാലാണു അതു ബാകിയായതെന്നും ഈ വിവരം വൈദ്യുതി വകുപ്പിനു അറിയിപ്പ് നൽകിയിട്ടുണ്ടെന്നും പറഞ്ഞു, അദ്ദേഹം ഉടനെ എന്നോട് പറഞ്ഞു, ഏതായാലും ട്രാൻസ്ഫോർമർ ചാർജ്ജ് ചെയ്യും മുൻപ് അതു കൂടി തീർക്കാൻ, വർക്ക് ഓർഡർ അയക്കാമെന്ന വാഗ്ദാനത്തോടേ, ഇത് കേട്ട കിഴവൻ സന്തോഷത്തോടെ മടങ്ങിപ്പോയി.
പിറ്റേന്ന് തന്നെ, ഞങ്ങൾ കിഴവനുള്ള ലൈൻ വലിക്കാൻ തുടങ്ങി, കിഴവൻ ഞങ്ങളുടെ തൊഴിലാളികളെ പഴങ്ങളും, ഈന്തപ്പഴങ്ങൾ കൊണ്ട് സൽക്കരിക്കവേ പറഞ്ഞു, നിങ്ങൾ ഇത്രയും ശ്രമിച്ചിട്ട് മുജമ്മ (ട്രാൻസ്ഫോർമർ) ഓണായില്ലല്ലോ , നിങ്ങൾ ആദ്യം എനിക്ക് വൈദ്യുതി നൽകാമെന്ന് വാഗ്ദാനം നൽകിയാൽ ആ കുഴപ്പം മാറും . ഈ കാര്യം സൈറ്റ് ഫോർമാൻ എന്നെ അറിയിച്ചു, ഈ വിവരം ഞാൻ തമാശ രൂപത്തിൽ വൈദ്യുതി വകുപ്പിലെ എഞ്ചീനീയറോട് പറഞ്ഞപ്പോൾ അയാൾ എന്നോട് പറഞ്ഞ് അത് സത്യമാണു ആ കിഴവൻ ഒരു ദുർമന്ത്രവാദിയാണു, നിയമപരമായി അത് ഇവിടെ പാടില്ലാത്തതിനാലാണു മെലുദ്ധ്യോഗസ്ഥർ ഒന്നും പറയാതെ പോയതെന്നും പിന്നീട്, തന്നെ വിളിച്ച് ഒരു ആടിനെ ബലി നൽകാനും പറഞ്ഞെത്രെ, അത് പ്രകാരം അയാൾ അതു ചെയ്യുകയും ചെയ്തു. ഒരാഴ്ച കഴിഞ്ഞ് ട്രാൻസ്ഫോർമറിൽ വൈദ്യുതി കണക്ഷൻ നൽകും മുൻപ് കിഴവൻറെ വീടിനകത്ത് വരെ നീളുന്ന വൈദ്യുതി ബന്ധം ഏർപ്പാടാക്കി ഷട്ട്ഡൌൺ വാങ്ങി, ട്രാൻസ്ഫോർമർ സ്വിച്ച് ഓൺ ചെയ്തു, യാതൊരു പ്രതിബന്ധങ്ങളുമില്ലാതെ അതു പ്രവർത്തിക്കുകയും ചെയ്തു. വർഷങ്ങൾ മൂന്ന് നാലു കടന്ന് പോയെങ്കിലും എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന ഈ സംഭവം ഇന്നും മായാതെ അത്ഭുതമായ് തന്നെ നില നിൽക്കുന്നു. ദുർമന്ത്രവാദത്തെ വിശ്വസിക്കുന്നവർ ഞാൻ പറയുന്നത് സത്യമാണെന്ന് ആണയിട്ട് പറയുമ്പോൾ എന്നെ പോലെ സാങ്കേതിക വിദഗ്ദ്ധരോട് പറയുമ്പോൾ പറയുന്നതു അതു നിങ്ങൾക്ക് പറ്റിയ ടെക്നിക്കൽ പിഴവാണെന്നു. അങ്ങനെ എനിക്ക് സംഭവിച്ചാലും അനേകം എഞ്ചിനീയർമാർക്ക് ഒരു പോലെ ആ പിഴവു പറ്റുമോ? എന്നെ ഇന്നും ഈ ചോദ്യം കുഴക്കുന്നു. ഒരു മരീചിക പോലെ. ദുർമന്ത്രവാദമുണ്ടെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ടെന്നതിനാലും, അതാരും ചെയ്യരുതെന്ന് നിഷ്ക്കർഷിച്ചതിനാലും ഞാൻ ദുർമന്ത്രവാദം ഉണ്ടെന്ന് തന്നെ വിശ്വസിക്കുന്നു പ്രത്യേകിച്ചും ഈ അനുഭവത്തോടെ.>







Abk Mandayi Kdr

Create your badge

2 comments:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വിശ്വസിച്ചാലും ഇല്ലെങ്കിലും ?????????

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വിശ്വസിച്ചാലും ഇല്ലെങ്കിലും ?????????