താഴെ കൊടുക്കുന്നത് എൻറെ എഴുത്തല്ല, നാമിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഓർമ്മപ്പെടുത്തലിനു വേണ്ട് ഇതിവിടെ കൊടുക്കുന്നു.
കൂട്ടായ്മയിലെ കുരുതി..
വിജയ് :- ദേശാഭിമാനി വെബ് എഡിഷനില്‍ എഴുതിയ ലേഖനം.
ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോള്‍ നഗരങ്ങളില്‍ മാത്രമല്ല; ഗ്രാമങ്ങളില്‍ പോലും സുലഭമാണ്. മനുഷ്യന്റെ അറിവ് നേടാനുള്ള ത്വരയെ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ലോകത്തെ ഒരു കമ്പ്യൂട്ടറിന്റെ "മോസി"ല്‍ ആധുനീക സാങ്കേതികവിദ്യകൊണ്ട് ഒതുക്കാന്‍ നമുക്ക് കഴിഞ്ഞു എന്നതാണ് സത്യം. ഇതോടൊപ്പം വെബ്സൈറ്റിലെ സൗഹൃദ കൂട്ടായ്മകളും ഇന്ന് വളരെയധികം വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യപരമായ സൗഹൃദങ്ങള്‍ വളരുന്നതിനൊപ്പം ഇവയുടെ ദുരുപയോഗവും പടര്‍ന്ന് പന്തലിച്ചുകൊണ്ടിരിക്കുന്നു. ഇവയുടെ ദുരുപയോഗം തടയാന്‍ വിവിധ സൈബര്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും പര്യാപ്തമല്ലാത്ത തരത്തില്‍ ഇത്തരം കൂട്ടായ്മകളുടെ ദുരുപയോഗം വര്‍ധിക്കുകയാണെന്ന് നമുക്ക് അറിയാം. ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു - സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് കൂടുതലും സാങ്കേതിക വിദഗ്ദരാണ് എന്നുളളതാണ്.
തന്റെ നഗ്നചിത്രം ഓര്‍ക്കൂട്ടില്‍ കണ്ട് യുവതി ഞെട്ടി.... ബോധരഹിതയായി വീണ ഈ യുവതിയെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. നഗ്നചിത്രം എത്തിയതെങ്ങനെയെന്ന് അന്വേഷിച്ചപ്പോഴാണ് പ്രണയകഥ പുറത്തുവന്നത്. ദില്ലിക്കാരനുമായി തിരുവനന്തപുരത്തുകാരിയായ ഈ യുവതി പ്രണയത്തിലായിരുന്നു. ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ കാമുകന്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇവരുടെ പ്രണയബന്ധം പൊളിഞ്ഞപ്പോള്‍ പ്രേമനൈരാശ്യത്താല്‍ കാമുകന്‍ കാമുകിയുടെ പേരില്‍ ഒരു സൈറ്റ് നിര്‍മിച്ച് വിവിധ പോസുകളിലുള്ള നഗ്നചിത്രങ്ങളിട്ടു. അടിക്കുറിപ്പുകളോടെയുള്ള ഈ ചിത്രങ്ങള്‍ ഏറെനാള്‍ പ്രചാരത്തിലുണ്ടായിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞാണ് യുവതി വിവരമറിയുന്നത്. ഇതോടെ യുവതിയുടെ മനോനില തെറ്റി. കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഭാര്യയുമായുള്ള വിരോധം തീര്‍ക്കാന്‍ അവരുടെ നഗ്നചിത്രം ഓര്‍ക്കൂട്ടില്‍ ഇട്ട ഭര്‍ത്താവുണ്ട്. ഇയാളെ പൊലീസ് കൈയോടെ പിടികൂടി. ദുബായില്‍ താമസിക്കവേയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വിരോധം തീര്‍ക്കാന്‍ ഭാര്യയുടെ നഗ്നചിത്രം ഇട്ട ശേഷം കോള്‍ഗേളാണെന്ന അടിക്കുറിപ്പും ഫോണ്‍ നമ്പറും ഇട്ടു. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് 17 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. സാമൂഹ്യ വെബ്സൈറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദൈനംദിനം വര്‍ധിക്കുകയാണ്. സൈബര്‍ ക്രൈമുകളില്‍ കൂടുതലും ഇരകളാകുന്നത് സ്ത്രീകളാണ്. മകന്റെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ സൈറ്റില്‍ ഇട്ട വീട്ടമ്മ ഒരാഴ്ച കഴിഞ്ഞ് നോക്കുമ്പോള്‍ തന്റെ ചിത്രങ്ങളെല്ലാം നഗ്നചിത്രങ്ങളായതാണ് കണ്ടത്. ഇവരുടെ ഭര്‍ത്താവ് നാവിക ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ പ്രൊഫൈലില്‍ നിരവധി വനിതാ സുഹൃത്തുക്കളുണ്ട്. ഇതില്‍ അസൂയ തോന്നിയ ഒരു യുവാവാണ് മറ്റൊരു നഗ്നചിത്രം മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ തലയ്ക്കു കീഴെ ചേര്‍ത്തത്. അന്വേഷണത്തില്‍ പ്രതിയെ പിടിച്ചു. തലസ്ഥാനത്തെ ഒരു വനിതാ ഡോക്ടറെ കോള്‍ഗേളാക്കി പ്രൈാഫൈല്‍ ആരംഭിച്ച കോഴിക്കോട്ടുകാരനായ പതിനാറുകാരനെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ കൈയോടെ പിടികൂടി. ലൈംഗിക ആവശ്യത്തിന് പുരുഷന്മാരെ ആവശ്യമുണ്ട് എന്ന പ്രൊഫൈലില്‍ ഡോക്ടറുടെ പേരും ഫോണ്‍ നമ്പരും ഇട്ടു. ഇതു കണ്ട് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഡോക്ടര്‍ക്ക് ഫോണ്‍ വന്നു. പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പതിനാറുകാരനെ പിടിച്ചത്. നാണക്കേടു ഭയന്ന് ഡോക്ടര്‍ പരാതിയുമായി മുന്നോട്ടു പോകാത്തതിനാല്‍ പയ്യന്‍ രക്ഷപ്പെട്ടു. അമ്മയുടെ ഫോട്ടോ പ്രൊഫൈലില്‍ ഇട്ട് കളിച്ച മകനും അമളി പറ്റി. അമ്മയുടെ ഫോട്ടോയ്ക്കു താഴെ വ്യാജ നഗ്നചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒരു വിരുതന്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു. പലരും പറഞ്ഞ് അമ്മ വിവരമറിഞ്ഞപ്പോഴാണ് മകന്റെ വെബ്സൈറ്റ് കളി പുറത്തായത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാല്‍ മേലുദ്യോഗസ്ഥന്‍ ജീവനക്കാരിയുടെ പേരില്‍ അശ്ലീലങ്ങള്‍ എഴുതി സൈറ്റ് ആരംഭിച്ചത് റദ്ദ് ചെയ്യാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടത്് മാസങ്ങള്‍ക്കു മുമ്പാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഇന്റേണല്‍ പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കാത്ത നിയമ അധ്യാപകനെ വിദ്യാര്‍ഥികള്‍ ശിക്ഷിച്ചത് ഓര്‍ക്കൂട്ടിലൂടെയാണ്. അധ്യാപകന്റെ പ്രൊഫൈല്‍ ഹാക്ക്ചെയ്ത് കയറി വനിതാ സുഹൃത്തുക്കള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു. ഇതു കൂടാതെ അധ്യാപകന്റെ പ്രൊഫൈല്‍ ചിത്രം മാറ്റി ഒരു സ്ത്രീയുടെ നഗ്നചിത്രം ഇട്ടു. ഒടുവില്‍ അധ്യാപകന് പ്രൊഫൈല്‍ മാറ്റേണ്ടിവന്നു. തലസ്ഥാനത്ത് വീടിനടുത്തുള്ള യുവാവുമായി ശാരീരികബന്ധത്തില്‍ വീട്ടമ്മ ഏര്‍പ്പെട്ടത് ദുബായിലുള്ള ഭര്‍ത്താവ് അറിഞ്ഞത് നെറ്റിലൂടെയാണ്. വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ എടുത്ത യുവാവ് ഇത് പലര്‍ക്കും കൈമാറി. പലരും ഇത് നെറ്റിലിട്ടപ്പോള്‍ ഭര്‍ത്താവ് ദുബായില്‍വച്ച് കണ്ടു. ഉടനെ നാട്ടിലേക്കു തിരിച്ച ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. യുവാവിനെ പൊലീസ് പിടികൂടി മൊബൈല്‍ കസ്റ്റഡിയിലെടുത്തെങ്കിലും ഇതിനകം ചിത്രങ്ങള്‍ പ്രചാരത്തിലായിരുന്നു.
കേസൊഴിയുന്നു അപമാനഭീതിയില്‍
സൗഹൃദകൂട്ടായ്മ വെബ്സൈറ്റുകളായ "ഓര്‍ക്കൂട്ട്", ഫേസ്ബുക്ക് തുടങ്ങിയ സൈറ്റുകളുടെ ദുരുപയോഗം കുറച്ചുനാളുകളായി വ്യാപകമായിട്ടുണ്ട്. ലക്ഷക്കണക്കിനാളുകള്‍ ദൈനംദിനം ഉപയോഗിക്കുന്ന ഈ സൗഹൃദകൂട്ടായ്മയെ തകര്‍ക്കാനുള്ള ഗൂഢശ്രമവും ഇതിനു പിന്നിലുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ പൊലീസ് ഹൈടെക് ക്രൈം സെല്ലില്‍ ലഭിച്ച പരാതികളുടെ എണ്ണം നൂറില്‍ കൂടുതലുണ്ട്. സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തെന്ന പരാതികളാണ് ഇതില്‍ അധികവുമുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എന്നാല്‍ , അപമാനം ഭയന്ന് ഭൂരിഭാഗം പേരും പരാതിയില്‍നിന്ന് പിന്മാറുന്നു. ആദ്യം പരാതി കൊടുക്കുമെങ്കിലും പ്രതിയെ പിടികൂടുമ്പോള്‍ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ പരാതിക്കാരില്‍ ഭൂരിഭാഗവും തയ്യാറാകുന്നില്ല. ഇതിനാല്‍ പ്രതികള്‍ നിഷ്പ്രയാസം രക്ഷപ്പെടുന്നു. കേസുകളെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം ദുരുപയോഗക്കരുടെ പ്രവണത വര്‍ധിക്കുന്നു. ഗൂഗിളിന്റെ ഓര്‍ക്കൂട്ട് ദുരൂപയോഗം തടയാന്‍ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇത് പാലിക്കുന്നില്ല. പ്രൊഫൈലില്‍ സ്വന്തം ചിത്രം ഇടാതിരുന്നാല്‍ ദുരുപയോഗം ഒരു പരിധിവരെ കുറയുമെന്ന് ഹൈടെക് എന്‍ക്വയറി സെല്‍ അസിസ്റ്റന്റ് കമീഷണര്‍ എന്‍ വിനയകുമാരന്‍നായര്‍ പറയുന്നു. പ്രൊഫൈല്‍ ഫോട്ടോ നിഷ്പ്രയാസം എടുക്കാന്‍ സാധിക്കും. ഭൂരിഭാഗം പേരും സ്വന്തം പ്രൊഫൈല്‍ ലോക്ക് ചെയ്യാറില്ല. ഇതിനാല്‍ ആര്‍ക്കും സ്ക്രാപ്പുകള്‍ നിഷ്പ്രയാസം വായിക്കാനും ആല്‍ബങ്ങളില്‍നിന്ന് ചിത്രങ്ങള്‍ ഹാക്ക് ചെയ്യാനും സാധിക്കും. കുടുംബഫോട്ടോകളും മറ്റും ലോക്ക് ചെയ്ത് അടുത്ത സുഹൃത്തുക്കള്‍ മാത്രം കാണുന്ന രീതിയില്‍ നിയന്ത്രിക്കുക. അപരിചിതരുടെ സൗഹൃദക്ഷണങ്ങളും സ്ക്രാപ്പുകളും സ്വീകരിക്കാതിരിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ വച്ചാല്‍ ഒരു പരിധിവരെ ദുരുപയോഗം കുറയ്ക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറയുന്നു. സാങ്കേതികമായി വൈദഗ്ധ്യം ഉള്ളവരാണ് ഹാക്ക് ചെയ്യുന്നതിനു പിന്നിലുള്ളത്. അതിനാല്‍ നിയന്ത്രണം പാലിക്കാതിരുന്നാല്‍ ദുരുപയോഗം വര്‍ധിക്കും. ഇത്തരം സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. അല്‍പം ശ്രദ്ധയും ഇതുപോലുള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. എന്തും ദുരുപയോഗം ചെയ്യാനുള്ള ചില ആളുകളുടെ സ്വഭാവമാണ് ഇത്തരം സൈറ്റുകളെ പേടിയോടെ വീക്ഷിക്കുന്നതിന് കാരണമാകുന്നത്്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും കോഴിക്കോട് ബസിടിച്ച് പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന പൂര്‍ണിമയ്ക്ക് ഫേയ്സ്ബുക്കിലെ സുഹൃത്തുക്കള്‍വഴി 53 ലക്ഷത്തിലധികം രൂപ ചികിത്സാസഹായം കിട്ടിയത് ഈ അവസരത്തില്‍ വിസ്മരിച്ചുകൂടാ. ഇതില്‍നിന്ന് ഒരു കാര്യം ഉറപ്പാണ് - നൂതന സാങ്കേതിക വിദ്യകള്‍ക്കല്ല കുഴപ്പം, മറിച്ച് അത് ദുരുപയോഗം ചെയ്യുന്നവര്‍ക്കാണ്.
No comments:
Post a Comment