മലയാളനാട് കൂട്ടായ്മയിൽ ഈ അടുത്ത ദിനങ്ങളിലായി കണ്ട് വരുന്ന ഒരു പ്രവണതയാണു, ഒരു ചെറിയ വിഭാഗം അഭിനവ സാഹിത്യകാരന്മാരുടെ പൈങ്കിളി വിളയാട്ടം. അവരുടെ ഭാവം കണ്ടാൽ സാഹിത്യം എന്നാൽ പൈങ്കിളി കുത്തി കലക്കി മാലോകരിലേക്ക് ഇളക്കി വിട്ടാലേ അത് സാഹിത്യം ആകുകയുള്ളു എന്നാണു. അതിനുദാഹരണമായി ചൂണ്ടി കാണിക്കുന്നതോ അതി പ്രശസ്തരായ ചില സാഹിത്യകാരന്മാരേയാണു. പലപ്പോഴും അവരുടെ ഈ എഴുത്തിനെ ചോദ്യം ചെയ്യുമ്പോൾ അവർ പറയുന്നത്, ബഷീറിൻറേയും, വിജയൻറേയും സാഹിത്യങ്ങളിൽ അശ്ലീലം കലർന്നിട്ടുണ്ടല്ലോയെന്നാണു. എന്നാൽ അവരുടെ എഴുത്തുകളിൽ വരുന്നത് സന്ദർഭോചിതമായി ചില ഭാഗങ്ങൾ മാത്രം, അല്ലാതെ ചില നാലാം കിട സാഹിത്യമെഴുതുന്നവരെ പോലെ ഇക്കിളി പടർത്തുന്നതൊന്നും അവരുടെ എഴുത്തുകളിൽ കാണാറില്ല. എന്നാൽ മലയാളനാടിലെ ചിലരുടെ എഴുത്തുകൾ , പണ്ട് കാലങ്ങളിൽ ചില പെട്ടിക്കടകളിൽ തൂക്കിയിടുമായിരുന്ന ഭാരതധ്വനി, തക്കാളി മുതലുള്ള മാസിക, വാരികകളെ ഓർമ്മിപ്പിക്കും തരത്തിലാണു. ഇന്നതെല്ലാം സർക്കാർ നിരോധിച്ചെന്നാണു തോന്നുന്നത്, അതിനു പകരമായാണോ ഇവരുടെ ഈ പുറപ്പാടെന്ന് തോന്നും എഴുതുന്നത് കണ്ടാൽ, ഇതിനെ ചോദ്യം ചെയ്താൽ ചിലർ കൂട്ടമായി ചോദ്യം ചെയ്യുന്നവനെ വിവിധ രൂപത്തിൽ അക്ഷര സർക്കസ്സ് കാണിച്ച് വിരട്ടുന്നത് കാണാറുമുണ്ട്.
ഈ മലയാളനാട് കൂട്ടായ്മയിൽ ഇതിനകം അയ്യായിരത്തോളം അംഗങ്ങൾ ദിനേന വന്ന് പോയി കൊണ്ടിരിക്കുന്നു. മുൻ പെല്ലാം വരുന്ന പലരും വളരെ സജീവമായി അവരുടെ അഭിരുചികൾ എഴുതാറും, മറ്റുള്ളവരുടെ എഴുത്തുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ ഈ കുറച്ച് ദിവസങ്ങൾക്കകം ഈ അയ്യായിരം എന്ന സംഖ്യ ഒരു മാന്ത്രിക സംഖ്യ പോലെ കുറഞുകൊണ്ടിരിക്കുകയും പലപ്പോഴും പല പുതിയവർ വന്ന് തലകാണിച്ച് പോകുകയും ചെയ്യുന്നുണ്ട്. ഇതിനു പ്രധാന കാരണം ഈ അഭിനവ പൈങ്കിളി സാഹിത്യകാരന്മാരുടെ എഴുത്തും, അതോടൊപ്പം വരുന്ന പുതിയ ആളുകളെ കോളേജുകളിൽ മുതിർന്ന വിദ്യാർത്ഥികൾ പുതുതായി വരുന്നവരെ ഒരു തരം തരം താണ റാഗിങ്ങ് നടത്തുകയും വരുന്നവർ തിരികെ മടങ്ങുന്ന കാഴ്ച്ചകൾ ഈയ്യിടെ കൂടിയതായാണു, അയ്യായിരമെന്ന മാന്ത്രിക സംഖ്യയിലെ ചാഞ്ചാട്ടം സൂചിപ്പിക്കുന്നത്. മലയാള നാടെന്ന ഈ കൂട്ടായ്മ തുടങ്ങുമ്പോൾ മുതൽ ഇവിടെ അംഗമായ എന്നെ ഇവിടേക്ക് ആകർഷിച്ച ഒരു പ്രധാന കാരണം മറ്റു കൂട്ടായ്മയിലെ പോലെ ഹായ്, പൂയ് പറയാനുള്ളതല്ല, മറിച്ച് ഒരോർത്തക്ക് സാഹിത്യത്തിലുള്ള നിപുണത, മറ്റു വിവിധ മേഘലകളിലുള്ള നൈപുണ്യം പ്രകടിപ്പിക്കാനുള്ള വേദി ചെറുതായാലും, വലുതായാലുമുള്ള കവിതകൾ, കഥകൾ എന്നിവ ഓരൊരുത്തരുടെ കഴിവനുസരിച്ച് പ്രകടിപ്പിക്കുകയും, അത് വഴി പുതിയ തലമുറയെ കലാസാഹിത്യത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന മഹത് ലക്ഷ്യത്തോട് കൂടിയാണു ഇതിൻറെ അണിയറ പ്രവർത്തകർ അക്ഷീണം പ്രയത്നിച്ചതും, പ്രയത്നിച്ച് കൊണ്ടിരിക്കുന്നതും. അതിനെ തുരങ്കം വെക്കും വിധമുള്ള പ്രവർത്തനങ്ങളെ എതിർക്കപ്പെടേണ്ടതാണു. ഇത്തരം ചിലത് കണ്ടിട്ട് ഇതിൻറെ മേധാവികൾ പലതും മായ്ച്ച് കളഞിട്ടുണ്ട്. ഒരാൾ എഴുതിയത് തുടച്ച് നീക്കപ്പെടുമ്പോൾ അതെഴുതിയ ആൾക്കും, അതിനെതിരെ മറുപടി നൽകിയവർക്കും സ്വാഭാവികമായും വിഷമം ഉണ്ടാകുമെന്നത് സംശയമില്ലാത്ത കാര്യമാണു. നമ്മുടെ കൂട്ടായ്മയിൽ ഏകദേശം മുപ്പത് ശതമാനത്തോളം 20 നും 26 നും മദ്യേയുള്ള അവിവാഹിതരായ ആൺക്കുട്ടികളൂം, പെൺക്കുട്ടികളും ഉണ്ടെന്നാണെൻറെ അനുമാനം, അതിനും പുറമേ നല്ലത് മാത്രം വായിക്കാനാഗ്രഹിക്കുന്ന പല പുരുഷ, വനിതാ അംഗങ്ങളുമുണ്ട് അവർക്ക് ഈ ഇക്കിളി സാഹിത്യം വായിക്കുന്നതിൽ ഒരു താല്പര്യമില്ലെങ്കിലും, ഈ അംഗങ്ങൾ അകത്ത് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണുന്നതു ഈ ഇക്കിളി സാഹിത്യമാണു. അതിനേറ്റ് പിടിച്ച് ചില ഒളിയമ്പുകളും വായനക്കാരെ അലോസരപ്പെടുത്തുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവരോട് മറുചോദ്യം നിങ്ങൾ ഒളിഞ് ചെയ്യുന്നത് അയാൾ നേരിട്ട് പറയുന്നു എന്നാണു. ഇവിടെ വരുന്ന എല്ലാവർക്കും അറിയാം സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ച്, പ്രത്യുൽപ്പാദനത്തിനു അത് ആവശ്യമാണെന്നും, അത് മനുഷ്യനു ജന്മനാ നൽകപ്പെട്ടിട്ടുള്ളതാണെന്നും ഒരാളേയും പഠിപ്പിക്കേണ്ടതില്ല. ഇവരെഴുതുന്ന ഒട്ടു മിക്കതിലും സ്ത്രീ വർഗ്ഗത്തെ ആക്ഷേപിക്കുന്ന രൂപത്തിലും, താൻ ചെയ്ത ദുഷ്കൃത്യങ്ങളെ പൊടിപ്പും തൊങ്ങലും ചേർത്ത് അശ്ലീലം ആവതും മേമ്പൊടി ചേർത്ത് അവതരിപ്പിക്കുന്നു. ഇത് തികച്ചും എതിർക്കപ്പെടേണ്ടതാണു. ഇത്തരം ദുഷ്ചെയ്തികൾ നമ്മുക്ക് , ഈ കൂട്ടായ്മക്ക് ഒരിക്കലും യോജിക്കുമെന്ന് എനിക്ക് പക്ഷമില്ല. അതോടൊപ്പം ചില വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ വാദപ്രതിവാദങ്ങൾ പരസ്പരം ഉണ്ടാകുന്നതു തികച്ചും സ്വാഭാവികം അത്തരം സമയങ്ങളിൽ ഇതിൻറെ മേലാധികാരികൾ ആ വിഷയത്തെ തുടച്ച് നീക്കൽ സത്യം അറിയാൻ ആഗ്രഹിക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനു തുല്ല്യമായിരിക്കും എന്നു കൂടി ഓർമ്മിപ്പിക്കുന്നു. ചില ചൂടേറിയ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ അംഗങ്ങൾക്ക് അറിവു കൂടുകയേ ചെയ്യു അത് എന്നാൽ സഭ്യമായ ഭാഷയിൽ സംസാരിക്കാൻ അംഗങ്ങൾ ശ്രദ്ധിക്കുകയും വേണമെന്നാണു എൻറെ പക്ഷം. പ്രത്യേകിച്ച് വനിതകളോട് വളരെ സൂക്ഷ്മതയോടെ പെരുമാറുകയും വേണം, അവർ തിരിച്ചും. എന്നാൽ പൈങ്കിളി മാത്രം ഉൾക്കൊള്ളൂന്ന വീരേതിഹാസങ്ങൾ രചിക്കുന്നതിനെ തികച്ചും എതിർക്കണം എന്നാണു, ഒരു പഴയകാല അംഗമെന്ന നിലക്ക് ഇതിൻറെ ഭരണകർത്താക്കളോട് അഭ്യർത്ഥിക്കാനുള്ളത്, ഇത് നമ്മുടെ കൂട്ടായ്മക്കു ഒരു മുതൽ കൂട്ടവുകയേ ഒള്ളു, മറിച്ചാണു സംഭവിക്കുന്നതെങ്കിൽ മറ്റു പല കൂട്ടായമയെ പോലെ അകാലത്തിൽ മരണമടയുന്ന കാഴ്ച നാം കാണേണ്ടി വരും. നമ്മിൽ പലരും അത്തരം കൂട്ടായ്മകൾ ചാപിള്ളയായി പോകുന്നത് കണ്ടിട്ടുമുണ്ട്. എൻറെ പ്രിയപ്പെട്ട ഭരണകർത്താക്കൾ ഇത് ഗൌരവത്തോടെ കാണുമെന്ന് ഞാൻ കരുതുന്നു. ഇത് വായിച്ച് ചില കോണുകളിൽ നിന്ന് വരുന്ന ഏത് കൂരമ്പൂകളും നേരിടാൻ ഞാൻ ഒരുക്കവുമാണു.
No comments:
Post a Comment