Monday, September 5, 2011

ഒരു ഓണകാല സ്മരണ - കഥ.


 ഓണക്കാലത്തെ കുറിച്ച് പറയുന്നതും, ഓർക്കുന്നത് തന്നെയും വല്ലാത്ത ഒരു ആനന്ദം നൽകുന്ന ഒന്നാണു, ചെറുപ്പകാലങ്ങളിൽ അത് ആവോളം ആസ്വതിക്കുകയും, ആനന്ദിക്കുകയും ചെയ്തിട്ടുണ്ട്, ചെറുപ്പത്തിൽ ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ ഓണം ദേശീയ ഉത്സവമാണെന്നൊന്നും അറിവില്ലാതിരുന്ന കാലം, മുസ്ലീമായ എനിക്ക് പെരുന്നാളും, അയൽ വാസികളായ ഹൈന്ദവ കുടുംബങ്ങളിലെ കുട്ടികൾക്ക് ഓണവും എന്നായിരുന്നു സങ്കൽപ്പം, അതു തന്നേയായിരുന്നു എന്റെ കൂട്ടുകാരായ കുഞ്ഞുങ്ങൾക്കും, വീട്ടുകാർക്കുമെല്ലാം, എന്നിരുന്നാലും, ജാതി മത സ്പർധകൾ ഒട്ടും തീണ്ടാതിരുന്ന കാലം, അല്പം പട്ടിണിയുള്ള കാലമായിരുന്നെങ്കിലും അന്ന് അയൽ വാസികൾ മത ചിന്തകൾ കൂടാതെ വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്ന ആ വസന്ത കാലം. എൻറെ വീട്ടിൽ ഈദായാൽ അയൽ വീട്ടിലും ഈദിൻറെ ഉത്സാഹം, പരസ്പരം ഭക്ഷണങ്ങൾ പങ്കു വെക്കുക പതിവാണു, മുതിർന്നവർക്ക് വീടുകളിൽ ഭക്ഷണ സാധനങ്ങൾ, മറ്റു പലഹാര വിഭവങ്ങൾ കൊടുക്കുകയും  കുട്ടികൾ വീട്ടിലേക്ക് ക്ഷണിക്കപ്പെടുകയും ഒരുമിച്ചിരുന്നുള്ള ഭക്ഷണങ്ങൾ കഴിക്കൽ അതിനു ശേഷം കളികളിൽ ഏർപ്പെടും അന്നെല്ലാം ചെറിയ പെരുന്നാളും, വലിയ പെരുന്നാളും നാലു ദിവസങ്ങൾ ആയിരുന്നെന്നാണു ഞങ്ങലുടെ സങ്കല്പവും, ഞങ്ങൾ കുട്ടികൾ ആഘോഷിക്കലും, ഇതെ, അവസ്ഥ തന്നേയാണു ഓണം വരുമ്പോഴും ഞങ്ങൾക്ക്, എന്റെ വീട്ടിൽ പൂക്കളമിട്ടില്ലെങ്കിലൂം അയൽ വീട്ടിലെ കുട്ടികളുമായി പൂ പറിക്കാനും, അത് പൂക്കളത്തിൽ അലങ്കരിക്കാനും മത്സരമായിരുന്നു. അത്തം നാളിൽ അമ്മമാർ ചാണകം കൊണ്ട് മെഴുകി, പിന്നെ, തുളസിയിലകൾ കൊണ്ട് അലങ്കരിച്ച് കഴീഞ്ഞാൽ അരി മാവും, കൽപ്പൊടികലും ചേർത്ത് മെഴുകി തട്ടുതട്ടുകളാക്കുന്ന ജോലി ഞങ്ങൾ കുട്ടികൾക്കായിരുന്നു. അതിലും ഞങ്ങൾ മുസ്ലീം, ഹിന്ദു എന്നൊന്നും നോക്കാതെ സ്വരുമയോടെ ചെയ്യുമ്പോൾ പ്രോത്സാഹനവുമായി ആ വീട്ടിലെ അമ്മമാർ  ഞങ്ങൾക്ക് ആ വീട്ടിൽ ഒരുക്കുന്ന ശർക്കര ഉപ്പേരിയും . കായ വറുത്തത്തുമായി പിന്നിൽ വന്ന് നിൽക്കുമായിരുന്നു, കളം മെഴുകി കഴിഞ്ഞാൽ, പിന്നെ, തൃക്കാക്കര അപ്പനെ നിർമ്മിക്കാനും ഞങ്ങൾക്ക് എന്ത് ഉത്സാഹമായിരുന്നെന്നോ, പിന്നെ, ഊഞ്ഞാൽ കെട്ടലും ആടലും എല്ലാം ഇന്നലെ കഴിഞ്ഞ പോലുള്ള മധുരിക്കുന്ന ഓർമ്മകൾ, തിരുവോണ ദിവസം തൃക്കാരയപ്പനു നേദിക്കായി അരി കൊണ്ട് ഉണ്ടാക്കുന്ന അട ഒരു നല്ല അനുഭവമായിരുന്നു, വാഴയിലയിൽ അതു ചുട്ടെടുക്കുമ്പോഴുള്ള ആ നറുമണം ഇന്നും മനസ്സിലും, നാവിലും എന്ത് രസമായിരുന്നു. തിരുവോണ ദിവസം എൻറെ ഉമ്മ ഈ അട തന്നേയാകും വീട്ടിൽ ഉണ്ടാക്കുക, തൃക്കാക്കരയപ്പനു നേദിക്കലൊഴികെ ബാക്കി വീട്ടിലും ഓണം എന്നും ഉത്സവമായിരുന്നു. കൂടാതെ അയൽ വീട്ടിൽ നിന്നുമെത്തുന്ന വറുത്തറ്റിൻറേയും പായസത്തിന്റേയും രുചി ഞങ്ങൾ കുട്ടികൾ അയൽ വീട്ടിൽ നിന്ന് ആവോളം ആസ്വദിച്ചാലും, ആ വീട്ടിലെ കുട്ടികളുമായി എൻറെ വീട്ടിലും വന്ന വീണ്ടും നുണയുന്ന ആ സൌഹാർദ്ദം, ആ സ്നേഹം ഇന്നെങ്ങും കാണാനില്ല. ഇന്നത്തെ കുട്ടികൾക്ക് നഷ്ടമായതും അത് തന്നേയാണു, ഞാൻ ഇന്ന് എൻറെ കുട്ടികൾക്ക് ആ പാരമ്പര്യം പകരാൻ ശ്രമിച്ചാലും മറ്റുള്ള കുട്ടികൾ മത സ്പർധ കാണിക്കുന്നില്ലെങ്കിലും ടിവി ക്കു മുൻപിൽ ആഘോഷിക്കുന്നതിനാൽ ഒന്ന് തൊടിയിലിറങ്ങി ഒരു പൂവ്വെങ്കിലും പറിക്കാൻ വന്നെങ്കിലെന്ന് എൻറെ ഈ പ്രായത്തിലും മോഹിച്ചു പോകുന്നു. അന്യം നിന്നു പോയ ആ സുവർണ്ണ കാലം ഒരിക്കലെങ്കിലും ഒന്ന് നുകരാൻ ആശിച്ചു കുട്ടികളെ വിളിച്ചാൽ പറയുന്നത് നമ്മളെന്തിനു ഈ കൊതുകിൻറേയും, ഉറുമ്പിൻറേയും കടി കൊണ്ട് പൂ പറിക്കണം, അമ്പത് രൂപ കൊടുത്താൽ ഒരു കെട്ട് പൂ നമ്മുക്ക് തമിഴ് നാട്ടിൽ നിന്ന് കൊണ്ട് വരുന്നവർ തരുമല്ലോയെന്ന പല്ലവി, ഹോ... ഈ പല്ലവി എനിക്ക് സഹിക്ക വയ്യ. ഇങ്ങനെ കിട്ടിയാലും പഴയ തുമ്പ പൂവ്വോ, മൂക്കുറ്റിയൊ, എല്ലാം നമ്മുക്ക് കിട്ടുമോ, നന്ത്യാർ വട്ട പൂവ്വിൻറേയും,പാരിജാത മലരിൻറെയും സുഗന്ധം നമ്മുക്ക് ലഭിക്കുമോ?
  ഞാൻ ഇവിടെ കുറിക്കാനിരുന്നത് എൻറെ ഗത കാലത്തിൽ നടന്ന ഒരു രസകരമായ കഥയായിരുന്നെങ്കിലും ഓണത്തെ കുറിച്ച് പറയുമ്പോൾ പല സ്മരണകളും ഇന്നത്തെ അവസ്ഥകളും അയവിറക്കേണ്ടി വന്നു. വായനക്കാർ സദയം ക്ഷമിക്കുക.   
    എൻറെ ചെറുപ്പകാലം ഞങ്ങളുടെ നാട്ടിൽ ഒരു മത്സ്യകച്ചവടക്കാരൻ (മുസ്ലീം ആണു യഥാർത്ഥ പേരു ഞാൻ വെളിപ്പെടുത്തുന്നില്ല കാരണം അദ്ദേഹവും മക്കളും ഇന്നും ജീവിച്ചിരിക്കുന്നതിനാൽ ഞാൻ അദ്ദേഹത്തെ ഉമ്മർ എന്നു വിളീക്കുന്നു) ഉമ്മർ ഉണ്ടായിരുന്നു, അയാൾ ദിവസവും മത്സ്യം വിതരണം ചെയ്യുന്ന വീട് ഓണമടുത്തു പൂക്കളമൊരുങ്ങി തൃക്കാരയപ്പനും തയ്യാറായി , പൊന്നോണ നാളിൽ അട ഉണ്ടാക്കി കളത്തിൽ വെക്കുന്ന കാര്യം ഞാൻ നേരത്തെ സൂചിപ്പിച്ചതാണെല്ലൊ, ഈ കാര്യം മത്സ്യ വിതരണക്കാരനായ ഉമ്മറിനും അറിയാവുന്നതാണു. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ  ഓണ ദിവസങ്ങളിൽ ഹൈന്ദവ കുടുംബങ്ങളിൽ മത്സ്യമോ, മാംസഹാരമോ പാചകം ചെയ്യുന്ന പ്രശ്നമില്ലായിരുന്നു. അന്ന് തൂശനില കിഴോക്കോട്ട് തിരിച്ചിട്ട് ഉപ്പും, നെയ്യും, പരിപ്പും മറ്റ് കാളൻ, ഓലൻ മുതലായ കറികൾക്ക് പകരം കിഴക്കോട്ട് തിരിഞ്ഞിരുന്ന് ഇന്നത്തെ തലമുറ ഓണം ഉണ്ണുന്നത് കാണൽ അപൂർവ്വമാണു. തന്നേയുമല്ല്ല ഇന്നു മീൻ വറുത്തതും, കോഴിയും ഇല്ലാതെ ഓണം ഉണ്ണുന്നവർ കുറവ് അതിനെ കുറിച്ചു പറഞ്ഞാൽ എനിക്കറിയാവുന്ന കാര്യം പോലും ഒരു ഹൈന്ദവ വിശ്വാസിക്ക് അറിയുമോയെന്ന് പോലും സംശയമാണു. അത്രക്ക് ഈ ആചാരങ്ങൾ അന്യം നിന്ന് പോയെന്നു വേണം കരുതാൻ.   ഏതായാലും ഉമ്മറിൻറെ കഥയിലേക്ക് വരാം, ഉമ്മർ തിരുവോണ ദിവസവും മത്സ്യവുമായി ആ വീടിനു മുന്നിലൂടെ കടന്ന് പോകണം. ഉമ്മർ നേരത്തെ തന്നെ ഓണ അടയുടെ രുചിയറിയണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു. അതിനു വീട്ടുകാരി ഉമ്മറത്ത് പൂക്കളത്തിൽ അട സമർപ്പിക്കുന്നതും കാത്ത് ഉമ്മർ മറഞ്ഞ് നിന്നു. വീട്ടമ്മ അട കളത്തിൽ വെച്ച് അകത്തേക്ക് മടങ്ങിയ തക്കത്തിനു അട എടുത്ത് കുട്ടയിലാക്കി നടന്ന് നീങ്ങി. തൃക്കാക്കരയപ്പനു നേദിച്ച അടയെടുക്കാൻ മടങ്ങിയെത്തിയ വീട്ടുകാരി അത്ഭുത സ്തംബ്ധയായി അട കാണുന്നില്ല.വീട്ടുകാരനും മക്കളുമെത്തി അട തിരക്കി എങ്ങും കണ്ടില്ല. ഉമ്മർ അട കൊണ്ട് പോയത് ആരും കണ്ടതുമില്ല. എന്നാൽ, ഉമ്മർ കുറെയപ്പുറം നീങ്ങി കൂട്ടുകാരുമൊത്ത് അട മതി വരുവോളം ആസ്വദിക്കയായിരുന്നു. ഈ രസകരമായ സംഭവം ഉമ്മറിൽ നിന്ന് തന്നെ ശ്രവിച്ച നാട്ടുകാർ ഉമ്മറിനു ഒരു ചെല്ല പേരു നൽകി “ അട ഉമ്മർ “ , ഈ ഇരട്ട പേർ ഇന്നും, അദ്ദേഹത്തിൻറെ മക്കൾക്കും, പേരകുട്ടികൾക്ക് വരെ നിലനിന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ, നടന്ന സംഭവം അറിയാതെ ജനങ്ങൾ അദ്ദേഹത്തെ ആ പേരു വീളിച്ച് ആസ്വദിക്കുകയോ, ഇല്ലെങ്കിൽ അറിയണമെങ്കിൽ അങ്ങനെ വിളിക്കുകയോ വേണ്ടി വന്നിരിക്കുന്നു. അദ്ദേഹത്തിൻറെ മക്കൾ തന്നെ നമ്മേ പരിചയപ്പെടുത്തുന്നത് ഇന്നയാളുടെ മകൻ നമ്മൾ അറിയില്ലെന്നു ഭാവിച്ചാൽ മതി അപ്പോൾ അവർ സ്വയം തിരുത്തും അടയുടെ മകനെന്ന്.
   ഓണത്തെ കുറിച്ചോർക്കുമ്പോൾ ഇങ്ങനെ എത്രയെത്ര കഥകൾ, എല്ലാം ഓർമ്മകളിലൊതുക്കി പ്രവാസിയായ ഞാൻ ഓണത്തിനു ഹോട്ടലിൽ നിന്ന് ലഭിക്കുന്ന ഓണ സദ്യയിൽ എൻറെ ആഘോഷം ഒതുക്കുന്നു.        



Abk Mandayi Kdr

Create your badge

No comments: