Abk Mandayi Kdr
അന്നൊരു വെള്ളിയാഴ്ച , പള്ളിയിലെ ജുമുഅ നമസ്ക്കാരം കഴിഞ്ഞിറങ്ങുമ്പോൾ
പൂമുഖത്ത് കണ്ട സുഹൃത്തിനോട് സലാം ചൊല്ലി പടിയിറങ്ങവെ മെലിഞ്ഞുനങ്ങി ,
തണുത്ത കൈയ്യുള്ള ഒരു കരം എന്നെ സ്പർശ്ശിച്ചു.. സംസാരിച്ച് നിന്നിരുന്ന
സുഹൃത്തിൽ നിന്ന് ആഗതനിലേക്ക് ശ്രദ്ധതിരിച്ചു.
മുടിയും താടിയും
നീട്ടി വളർത്തി പ്രായത്തിലേറെ നര ബാധിച്ച് മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ.
എൻറെ കൈകളിൽ മുറുകെ പിടിച്ച് കൊണ്ട് എന്നോട് ചോദിച്ചു അറിയുമോയെന്ന്.!!!!!!
തെല്ല് അപരിചിതനായി ഞാൻ ആന്ധാളിച്ച് നിൽക്കവെ അദ്ദേഹം എന്നെ
കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു കൊണ്ട് വീണ്ടും ചോദിച്ചു എന്നെ
അറിയില്ലേയെന്നു.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എൻറെ മനോമുകുരത്തിൽ മറ്റൊരു ചിന്തയാണുടലെടുത്തത്. പലരും പലപ്പോഴും അപരിചിതർ
ഇത്തരം ചോദ്യങ്ങളുമായി എന്നെ സമീപിക്കാറുണ്ട് അവർക്കെല്ലാം ഒരേ ഒരു
ലക്ഷ്യമാണുണ്ടാകുക, എന്നിൽ നിന്ന് സാമ്പത്തിക സഹായം മാത്രം
ലക്ഷ്യമാക്കിയുള്ളത്. എന്നാൽ, ഈ മനുഷ്യനിൽ നിന്ന് അത്തരത്തിൽ യാതൊരു
ഭാവവുമില്ലെന്ന് ബോധ്യമായി ഞാൻ അല്പം ചമ്മലോടെ അയാളോട് പറഞ്ഞു “ താങ്കളെ
എനിക്ക് മനസ്സിലായില്ല എന്ന്. “എടാ ഞാൻ അഷറഫാണു..... നമ്മൾ ഏഴാം ക്ലാസ് വരെ
ഒരുമിച്ച് പഠിച്ചിരുന്നു. പിന്നീട്, എൻറെ വീട് മാറിയപ്പോൾ സ്കൂളും
മാറിപ്പോയത് മറന്നുവോ?????
എൻറെ ഗതകാലത്തിലേക്ക് മടങ്ങിയെങ്കിലും
പഴയ അഷറഫുമായി യാതൊരു സാമ്യവുമില്ലാത്ത രീതിയിൽ അവൻ മാറിയെന്നത് ഞാൻ
മറക്കാതെ പറഞ്ഞപ്പോൾ അവൻറെ മറുപടി ഇതായിരുന്നു. നീയൊക്കെയാണു മാറിയത്
നിങ്ങളുടെ വേഷവിതാനങ്ങൾ എല്ലാം വ്യത്യസ്തമായി എനിക്ക് മാറ്റമില്ലെന്ന്
അവൻറെ ന്യായം. ഒരു പക്ഷെ അങ്ങനെയാകാം, കാരണം ഞാൻ പഠിച്ചിരുന്ന കാലത്ത്
മെലിഞ്ഞിരുന്ന ഞാൻ ,ഇപ്പോൾ ആ മെലിച്ചിൽ ഇല്ലെങ്കിലും നരച്ച മുടിയൊന്നും
ക്രിത്രിമമായി കറുത്ത പെയിൻറടിക്കാൻ കുറെ നാളുകളായി ഞാൻ മെനക്കെടാറില്ല.
എന്നിട്ടും അവൻ എന്നിൽ മാറ്റം ശ്രദ്ധിച്ചു.
ഞങ്ങൾ പഠിക്കുന്ന
കാലത്ത് ഇന്ന് എൻറെ മുൻപിൽ നിൽക്കുന്ന അഷറഫല്ലായിരുന്നു അവൻ
സാമാന്യത്തിലധികം തടിയും മസിലും എല്ലാം അവനിലുണ്ടായിരുന്നു. ഈ മസിലുള്ളവൻ
എൻറെ സുഹൃത്താണെന്ന് പറയുന്നതിൽ അന്ന് ഞാനും അഭിമാനിച്ചിരുന്നു.
അന്ന് മനസ്സിലുണ്ടായിരുന്ന ചുവപ്പ് രാഷ്ടീയത്തോടുള്ള അഭികാമ്യം അവനും
എനിക്കുമുണ്ടായിരുന്നു. പണമുള്ളവരെല്ലാം ബൂർഷ്വാസികളാണെന്ന ചിന്ത പണക്കാരെ
ഞങ്ങളുടെ മനസ്സിൽ നിന്ന് അകറ്റിയിരുന്നു. ക്ലാസിലും ചില കുറിപ്പെട്ട
അദ്ധ്യാപകരും അവരോട് അഭികാമ്യം കാണിക്കുമ്പോൾ കൂട്ടത്തിൽ ഒരു അദ്ധ്യാപകൻ
എൻറെ ഒരു ബന്ധക്കാരൻ ആയിരുന്നിട്ട് കൂടി അദ്ദേഹത്തെ മനസ്സ് കൊണ്ട്
വെറുത്തിരുന്നെങ്കിൽ മാതാവിൻറേ ശാസന ഭയന്ന് പുറത്ത്
പ്രകടിപ്പിക്കാറില്ലായിരുന്നു.
ഈ സാമ്യം അല്ലെങ്കിൽ
അടുപ്പം എനിക്ക് അഷറഫിനോടും, അവനു എന്നോടും ഉണ്ടായിരുന്നു. സ്കൂൾ
മാറിയതോടെ അഷറഫുമായുള്ള അടുപ്പം കുറഞ്ഞു അവൻ എസ്,എഫ്,ഐ യുടെ കുട്ടി
നേതാവായി പോയ സ്കൂളിൽ തുടർന്നു. പത്ത് വരെ പഠിച്ചു, കുടുംബ പ്രാരാബ്ധത്താൽ
പഠിത്തം അവസാനിപ്പിച്ച് മുബൈയിലേക്ക് വണ്ടി കയറി കാലങ്ങൾ മുബൈയിൽ കിട്ടിയ
തൊഴിലുകളിൽ ഏർപ്പെട്ട്, മദ്യത്തിനും, മയക്ക് മരുന്നിനും അടിമയായി കുറെ
കാലങ്ങൾ. ഇപ്പോൾ എല്ലാം വലിച്ചെറിഞ്ഞ് മുബൈയിൽ നിന്ന്
കച്ചവടത്തിലൂടെയുണ്ടാക്കിയ ചെറിയ തുകയുമായി നാട്ടിൽ വന്ന് കുടുംബവും ആത്മീയ
ചിന്തകളുമായി കഴിയുന്നു. ഇന്നദ്ദേഹത്തിനു മദ്യത്തേയും, മയക്ക്
മരുന്നിണോടും വെറുപ്പാണു.എങ്കിലും, നേരത്തെ ഉപയോഗിച്ച മയക്ക് മരുന്നിൻറേയയം
മദ്യത്തിൻറേ ക്ഷീണം മുഖത്തും ശരീരത്തിലും കാണിക്കുണ്ട് അതാണു അവനെ
തിരിച്ചറിയാൻ എനിക്ക് കഴിയാതിരുന്നത്.
ഞങ്ങൾ പള്ളിയിൽ നിന്ന്
പിരിയുമ്പോൾ ഫോൺ നമ്പർ തരാൻ ആവശ്യപ്പെട്ടപ്പോൾ അത് ഉപയോഗിക്കാറില്ലെന്ന
മറുപടിയാണു കിട്ടിയത്. പള്ളിയിൽ പോകുമ്പോൾ മോബൈൽ ഫോൺ കയ്യിൽ
വെക്കാതിരിക്കുന്ന എനിക്ക് അഷറഫിൻറെ ഒരു ഫോട്ടോ പോലും എടുക്കാൻ കഴിഞ്ഞില്ല.
എങ്കിലും ഇനിയും ആളെ കണ്ടെത്താമല്ലൊ എന്ന സന്തോഷത്താൽ ആലിംഗനം ചെയ്തു
പിരിഞ്ഞു.
Create your badge
No comments:
Post a Comment