Monday, June 25, 2012

ഞാൻ വായിച്ചറിഞ്ഞ മാധവിക്കുട്ടി - ലേഖനം

 ഞാൻ മാധവിക്കുട്ടിയെന്ന സാഹിത്യകാരിയെ അറിയാൻ തുടങ്ങിയത്, ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് എൻറെ ഒരു സുഹൃത്തായ മോഹൻ ദാസും, ഞാനും കൂടി കുട്ടികൾക്കായൊരു കയ്യെഴുത്ത് മാസിക രൂപം നൽകിയ കാലത്തായിരുന്നു. അന്ന് മോഹൻ ദാസ് സമകാലിക വിവരങ്ങൾ ശേഖരിക്കുകയും അവൻ അതെഴുതി തയ്യാറാക്കുമ്പോൾ എൻറെ കർത്തവ്യം ചില ചെറു കഥകളും, ഒറ്റ പ്പെട്ട കഥകളും കവിതകളും തയ്യാറാക്കുകയെന്ന ഭാരിച്ച ചുമതയലയായിരുന്നു. അക്കാലത്ത് കഥയെന്തെന്നോ, കവിതയെന്തെന്നോ ഒന്നും അറിയാതിരുന്ന കാലം. കവിതയെന്നാൽ അതെഴുതുന്ന വ്യക്തി സാഹിത്യത്തിൽ അപാര ജ്ഞാനം വേണമെന്ന മൂഢമായ വിശ്വാസമായിരുന്നെനിക്ക്. ജ്ഞാനം വേണമെന്ന് മാത്രമല്ല വൃത്തവും, പ്രാസവും ഒത്തിണങ്ങാതെ ഒരു കവിതയുണ്ടാക്കുക അസംഭവ്യമായി കണക്കാക്കിയിരുന്ന കാലം. ഇന്നും അങ്ങനെ തന്നെ വേണമെന്നാണു എൻറെ മോഹം, എന്നിരുന്നാലും ആധുനിക കവിതകൾ ഒട്ടു മിക്കതും ഈ വൃത്തവും, പ്രാസവും, സമാസവും ഒത്തിണങ്ങിയത് കാണുക വിരളം. എങ്കിലും കുട്ടികളെഴുതുന്നുവെന്ന തിരിച്ചറിവിനാലും, അക്കാലത്ത് അത് വായനക്കാരായി വിരലിലെണ്ണാവുന്നവരെ കാണു എന്ന ആശ്വാവുമായിരുന്നു ആ സാഹസത്തിനു എന്നെ മുതിരാൻ പ്രേരിപ്പിച്ചത്.
   അതിനെല്ലാം പുറമേ ദരിദ്രരായ ഒരു കൂട്ടം കുട്ടികൾ ഞങ്ങൾ ഒരു കയ്യെഴുത്ത് മാസികയുണ്ടാക്കാനായി ചുരുങ്ങിയത് ഒരു രൂപയെങ്കിലും ഒരു മാസം മുടക്കണമായിരുന്നു. കുറച്ച് വരയിട്ട പേപ്പർ, പിന്നെ ഒന്ന് രണ്ട് തരം മഷികളുള്ള പേന. അതിനു തക്ക വരുമാനം ഞങ്ങൾക്കുണ്ടായിരുന്നില്ലെങ്കിലും എഴുതണമെന്ന കമ്പം മനസ്സിൽ കയറിയപ്പോൾ , എല്ലാ ബുധനാഴ്ചകളിലും സാഹിത്യ സമാജം എന്ന കലാ പരിപാടി സംഘടിപ്പിക്കുന്ന മാഷിൻറെ പ്രേരണയാൽ കയ്യെഴുത്ത് മാസികക്ക് ഞാനും, മോഹൻ ദാസും തുടക്കമിടുകയായിരുന്നു.
    എന്തെങ്കിലും എഴുതണമെങ്കിൽ പുസ്തകങ്ങൾ വായിക്കണമെന്ന തിരിച്ചറിവുണ്ടായി. അങ്ങനെയാണു വായനാ ലോകത്തേക്ക് കടന്നത്. അക്കാലത്ത് സ്കൂൾ ലൈബ്രറിയിൽ 15 പൈസ മാസം നൽകിയാൽ ഒരു മാസം പുസ്തകം വായിക്കാമായിരുന്നു. സ്കൂളിൽ ഏഴാം ക്ലാസ് മുതൽ ലൈബ്രറിയിൽ ചേരൽ നിർബ്ബന്ധമായിരുന്നെങ്കിലും , പുസ്തകം എടുക്കൽ അത്ര കർക്കശമല്ലെങ്കിലും, വായനാ  പ്രിയരല്ലാത്ത കുട്ടികളെ ഞങ്ങൾ വായിക്കാൻ ഇഷ്ടമുള്ളവർ പറഞ്ഞ് അവരെ കൊണ്ടും പുസ്തകം എടുപ്പിക്കുമായിരുന്നു. എന്നാൽ, ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കാൻ വാരത്തിൽ ഒരു ദിവസം മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു. അതിനാൽ ആ ദിവസം ഞങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നവർ ഞങ്ങളുടെ ഒരു ബുക്കിനു പുറമേ മറ്റുള്ളവരെ പ്രേരിപ്പിച്ച് മൂന്നോ നാലോ പുസ്തകങ്ങൾ സംഘടിപ്പിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ ചിലർ സാഹിത്യ ലോകത്തേക്ക് കടന്ന് കൂടി.
     ആദ്യകാല വായനകൾ പലതും നോവലുകളിലെ ( പൈങ്കിളി)  മിന്നി തിളങ്ങി നിന്നിരുന്ന കാനത്തിൻറേയും, മുട്ടത്ത് വർക്കിയുടേതുമായിരുന്നു, ക്രമേണ അത് ക്രൈം നോവലുകളായ കോട്ടയം പുഷ്പനാഥിൻറേതിലേക്ക് മാറിയെങ്കിലും, കയ്യെഴുത്ത് മാസികക്ക് പറ്റിയത് ഇതൊന്നുമല്ലെന്ന് തിരിച്ചറിയാൻ തുടങ്ങി അങ്ങനെ ബഷീർ സാഹിത്യവും, പൊറ്റക്കാടിൻറെ യാത്രാ വിവരണങ്ങളും, മലയാറ്റൂരിൻറെ യന്ത്രവും എല്ലാം വായിക്കാൻ തുടങ്ങി.
     അക്കാലത്ത് മാധവിക്കുട്ടിയെന്ന സാഹിത്യകാരിയുടെ ചില പുസ്തകങ്ങളിലെ അവരുടെ അല്പം ശ്ലീലവും, അശ്ലീലചുവയുമുള്ള പല നോവലുകളെ കുറിച്ച് ക്ലാസിൽ ചർച്ചയുണ്ടായതോടെ അവരുടെ നോവലുകൾ വായിക്കണമെന്ന് മോഹമായി. അങ്ങനെ മാധവിക്കുട്ടിയുടെ വായനക്കാരനായി. അവരുടെ പല നോവലുകളും വായിച്ചിട്ടും അങ്ങനെ അശ്ലീലമായ ഒരു അനുഭവവും എനിക്കുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവരുടെ ഒട്ടുമിക്ക നോവലുകളും വായിക്കണമെന്ന് കമ്പവുമുണ്ടായി. അങ്ങനെ ഞാൻ വായിച്ച ചിലത് ഇവയാണു. ബാല്യകാല സ്മരണകൾ, തണുപ്പ്, വർഷങ്ങൾക്ക് മുൻപ്, നഷ്ടപ്പെട്ട നീലാബരി,  നരിച്ചീറുകൾ പറക്കുമ്പോൾ അങ്ങനെ പലതും സ്കൂൾ ജീവിത കാലങ്ങളിൽ വായിച്ചവ, പിന്നീട്, ഉയർന്ന വിദ്യാഭ്യാസത്തിലേക്ക് പോകവേ വീണു കിട്ടിയ അവസരങ്ങളിൽ മാധവിക്കുട്ടിയുടെ വായിച്ച സാഹിത്യ കൃതികൾ. എൻറെ കഥ (അത് അവരുടെ ആത്മകഥയാണെങ്കിലും) ഞാനത് രണ്ട് മൂന്ന് പ്രാവശ്യം വായിച്ചതിൽ പെടുന്നു. അത്രക്കും തുറന്ന ഒരെഴുത്തായിരുന്നു. അവർ സമൂഹത്തെ ഒരിക്കലും ഭയന്ന് കൊണ്ട് ഒന്നും എഴുതിയില്ലെന്നതാണു സത്യം. പിന്നീട്, ഞാൻ വായിച്ചവകൾ മനോമി,വീണ്ടും ചില കഥകൾ, മാധവിക്കുട്ടിയും അവരുടെ സഹോദരി സുലോചനയും ചേർന്നെഴുതിയ കവാടം, ഒറ്റയടിപാത. ഇതിൽ നിന്നെല്ലാം എന്നെ ഏറ്റവും ആകർഷിച്ച ഒന്നായിരുന്നു നീർ മാതളം പൂത്ത കാലം.
    കാലങ്ങൾ പോയി മറയവേ 1999 ല് ഇസ്ലാം മതം ആശ്ലേഷിച്ചിട്ടും തൻറെ തൂലികക്ക് ഒരു ഭംഗവും വരുത്താതെ 2009 വരേക്കും ഒരു സാഹിത്യകാരിയെന്ന് നിലക്ക് അവർ അവരുടെ ഭാഗം ഭംഗിയാക്കിയെന്ന് തന്നെ വേണം കരുതാൻ. ഒരു പക്ഷേ, മതം മാറിയില്ലായിരുന്നുവെങ്കിൽ അവരിൽ നിന്ന് ഇതിൽ കൂടുതൽ മലയാള സാഹിത്യ ലോകത്തിനു ലഭിക്കുമായിരുന്നെന്ന് വേണം കരുതാൻ.
    നഷ്ടപ്പെട്ട ആ മലയാളത്തിൻറെ സാഹിത്യകാരി ആമി- മാധവിക്കുട്ടിയുടെ ഇടതൂർന്ന കാർക്കൂന്തൽ ഭംഗിയും, നെറ്റിയിലെ വലിയ പൊട്ടും എന്നെന്നേക്കുമായി മലയാളിക്ക് നഷ്ടമായിട്ടും എൻറെ മനസ്സിലെന്നും മാധവിക്കുട്ടി എന്ന സാഹിത്യകാരി മങ്ങാതെ ജീവിക്കുന്നു.





























Abk Mandayi Kdr


Create your badge

1 comment:

ajith said...

ഒരു നീര്‍മാതളത്തണല്‍..