എൻറെ പ്രവാസ ജീവിതത്തിലെ ഒരു അവധിക്കാല സുപ്രഭാതം, ഞാൻ എൻറെ പതിവു ദിനം തുടങ്ങുന്നത് തന്നെ കിഴക്ക് വെള്ളകീറുന്നതിനു മുൻപേയായിരിക്കണം എന്ന നിർബന്ധമുള്ളതിനാൽ നാട്ടിലായാലും , വിദേശത്തായാലും എൻറെ പ്രഭാത പ്രാർത്ഥനകൾക്കു ശേഷം യോഗമുറകൾക്കു ശേഷം വിയർപ്പ് മാറുന്നത് വരേക്കും പത്രവായനയാണു മുഖ്യകർമ്മം. പതിവുപോലെ പത്രവുമായി ഞാൻ ചാരുകസേരയിലമർന്നു. തൊട്ടടുത്ത് എൻറെ എട്ട് വയസ്സുകാരൻ മകൻ അന്ന് വന്ന ബാലരമയിലെ ചിത്രകഥ ആർത്തിയോടെ വായിച്ച് കൊണ്ടിരിക്കുന്നു. അപ്പോഴാണു അയൽ പക്കത്തെ ചന്ദ്രേട്ടൻറെ വളപ്പിൽ നിന്ന് മരം മുറിക്കുന്നതിൻറെ ശബ്ദം, ഞാൻ മെല്ലെ എഴുന്നേറ്റ് അത് കാണാനായി പുറത്തേക്കിറങ്ങി, കൂടെ വിരലിൽ തൂങ്ങി മകനും. പുറത്തിറങ്ങിയ ഞങ്ങൾ കണ്ടതു, എൻറെ മതിലിനോട് ചേന്ന് നിൽക്കുന്ന കൂറ്റൻ ആഞിലി മരത്തിൻറെ കൊമ്പുകൾ അറ്റു വീഴുന്നതാണു. ഒരോ കൊമ്പുകൾ അടർന്ന് വീഴുമ്പോഴും അതിൽ കൂടുക്കൂട്ടിയിരുന്ന കാക്കകൾ ബഹളം കൂട്ടി പറന്നുയരാൻ തുടങ്ങി. സത്യത്തിൽ എന്നേയും കുടുംബത്തേയും പ്രഭാതം പൊട്ടിവിടരുന്നതിനു മുൻപേ വിളിച്ചുണർത്തുന്ന പറവകൾ കൂട്ടമായി ചേക്കേറിയിരുന്നത് ആ കൂറ്റൻ ആഞിലിയിലായിരുന്നു. ചില രാവുകളിൽ ഞങ്ങൾക്ക് ഒരു സംഗീതം പോലെ ആസ്വദിച്ചുറങ്ങാൻ പോലും കഴിഞിരുന്നത് അതിൽ ചേക്കേറിയ പക്ഷികളുടെ കുനു , കുനു ശബ്ദങ്ങളായിരുന്നു, രാവിൽ വീശിയടിക്കുന്ന പടിഞാറൻ കാറ്റിലെ തണുപ്പിൽ കുഞുങ്ങൾ അമ്മക്കിളിയുടെ ചിറകിനുള്ളിൽ കയറിക്കൂടാനുള്ള തിക്കും തിരക്കിൻറേയും ആ ശബ്ദം എനിക്കും എൻറെ കുടുംബത്തിനും ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. ആ മരമാണു എന്നെന്നേക്കുമായി അയൽക്കാരൻ ചന്ദ്രേട്ടൻ മരം മുറിക്കാരൻ ദാസനെ കൊണ്ട് മുറിപ്പിക്കുന്നതു.
ഇത് കണ്ട് എൻറെ മകൻ വിഷമത്തൊടെ എന്നോട് ചോദ്യമാരംഭിച്ചു, “ ബാപ്പ ... ഈ മരം മുറിച്ചാൽ അതിൽ താമസിക്കുന്ന പക്ഷികൾക്കു വീട് നഷ്ടമാകില്ലെ? കിളികൾ പോയാൽ നാം എങ്ങിനെ രാവിലെ ഉണരും, അങ്ങിനെ അനവധി ചോദ്യ ശരങ്ങൾ . കുഞുങ്ങളുടെ ചോദ്യങ്ങൾ അതെന്തായാലും അതിനു കൃത്യമായി ഉത്തരം പറഞു കൊടുക്കണമെന്ന മനശാസ്ത്രപരമായ അറിവ് ഒരളവോളം ക്ഷമയോടെ അവൻറെ ചോദ്യങ്ങൾ ഉത്തരം നൽകാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. ഇതൊന്നുമറിയാതെ മരം മുറിക്കാരൻ ദാസൻ തൻറെ തടി മുറിക്കൽ തുടർന്ന് കൊണ്ടേയിരുന്നു. എൻറെ മകൻ വിഷമത്തോടെ വീട്ടിലേക്ക് മടങ്ങുമ്പോഴും എന്നോട് ചോദിച്ച് കൊണ്ടിരുന്നു ആ മരത്തിനു വേദനിക്കില്ലെ, അത് എങ്ങിനെയാണു കരയുന്നതെന്ന്, എല്ലാത്തിനും മറുപടി നൽകിക്കൊണ്ടിരിക്കുമ്പോഴും എൻറെ മനസ്സ് വർഷങ്ങൾക്കു മുൻപ് ഒരു എട്ട് വയസ്സുകാരൻ ചോദിച്ച അതേ ചോദ്യം വീണ്ടും ആവർത്തിക്കുന്നല്ലോ എന്ന ചിന്ത എന്നെ ഗതകാലത്തിലേക്കു മാടി വിളിച്ചു കൊണ്ടിരുന്നു.
അന്ന്.... വർഷങ്ങൾക്കു മുൻപ് ഞങ്ങൾ താമസിച്ചിരുന്ന , ഇന്ന് തറവാട് പറമ്പെന്നറിയപ്പെടുന്ന കേരവൃക്ഷങ്ങളാൽ സമൃതമായ പറമ്പിൻറെ മൂലയിൽ നില നിന്നിരുന്ന ഒരു കൂറ്റൻ ആഞിലി ( ഞങ്ങളുടെ പ്രാദേശിക ഭാഷയിൽ പറഞാൽ ഐനി മരം) വേലുവെന്ന വെട്ടുകാരൻ വെട്ടിയിടുന്നതു ടൌസർ ധാരിയായ വെളുത്ത് മെലിഞ ഒരു പയ്യൻ വേദനയോടെ നോക്കി നിന്നു കൊണ്ട് വേലുവിനോട് ചോദിച്ചു ‘“ ഇത് എന്തിനാ മുറിക്കുന്നതെന്ന്? വേലുവിന്റെ മറുപടി “ അത് തമ്പ്രാൻ പറഞിട്ട് “ പയ്യൻ വിടാനുള്ള ഉദ്ദേശമില്ല ചോദ്യം വീണ്ടും “ ഇതു മുറിച്ചാൽ മരത്തിനു വേദനിക്കില്ലേ? വേലു.. “ വേദനിക്കും അത് കരയുന്നതാണു ഈ തടിയിൽ നിന്ന് വരുന്ന വെള്ളം, മരം മുറിക്കുമ്പോൾ ഇറ്റു വീഴുന്ന തടിയിലെ കൊഴുത്ത ദ്രാവകത്തെ ചൂണ്ടി വേലു ആവർത്തിച്ചു. അന്നും മരത്തിൽ കൂടു കൂട്ടിയിരുന്ന കാക്കകളും കിളികളും വാവിട്ട് കരഞുകൊണ്ട് ഏതോ ദിക്കുകൾ ലക്ഷ്യമാക്കി പറന്നു പോയി. എന്നാൽ ദിനവും മരത്തിൽ വന്ന് ചക്ക ഭക്ഷിച്ചിരുന്ന അണ്ണാൻ സഹിക്ക വയ്യാതെ ചിൽ ചിൽ എന്ന് ചിലച്ച് കൊണ്ട് വേലുവിനെ ശപിച്ചു കൊണ്ടിരുന്നു. അന്ന് ആ എട്ട് വയസ്സുകാരൻ മുറിച്ചു കൊണ്ടിരിക്കുന്ന മരത്തിൽ നിന്ന് വീണ ചക്കയിൽ നിന്ന് മുളച്ചുവന്ന ഒരു തൈ പറിച്ച് കുറച്ച് ദൂരെ മാറി നട്ടു. ഇന്ന് വേലുവുമില്ല , തമ്പ്രാൻ എന്ന് വേലു വിളിച്ചിരുന്ന എൻറെ വന്ദ്യ പിതാവുമില്ല. എങ്കിലും, എനിക്കഭിമാനിക്കാൻ കഴിയും വിധം ഞാൻ അന്ന് നട്ട ആഞിലി തലയുയർത്തി എന്നേ നോക്കി പുഞ്ചിരിക്കുന്നത് എനിക്ക് കാണാൻ കഴിയുന്നു. ഇന്നതു നിൽക്കുന്നതു എൻറെ സഹോദരറെ കൈവശം ആണെന്ന വ്യത്യാസമേയുള്ളു. അന്ന് മുറിച്ചു ആ അഞിലികൊണ്ടുണ്ടാക്കിയ വീടുമില്ല ആ മരത്തിൻറെ ഒരു തരി പോലും അവശേഷിക്കുന്നില്ല. എങ്കിലും, ഞാൻ എൻറെ മകനുമായി നടക്കാനിറങ്ങുമ്പോൾ അഭിമാന പൂർവ്വം ഞാൻ നട്ട ആഞിലി മരത്തെ കുറിച്ചും , അന്നത്തെ വെളുത്ത് മെലിഞ എട്ട് വയസ്സുകാരനെ കുറിച്ചും അവനു പറഞു കൊടുത്തു. നാളെ എൻറെ മകനും ഒരു വൃക്ഷതൈ നടട്ടെയെന്ന സന്ദേശത്തോടെ.... അങ്ങിനെ തലമുറകൾ പഴയത് ആവർത്തിക്കുമെന്ന മോഹത്തോടെ.........................
1 comment:
Manassukalude marakkan kaziyatha ormakal vedanayodeyanenkilum nam orkunnu. pozinju veezunnath maramanakilum manushyananakilum...
warthamanakalathilum nadakkunna pozinjupokku vedana niranjathanu
ente kochu manassum thangalude nashta marathinte pozinju pokkine orthu vishamikkunnu
yours
apakader arakkal
Post a Comment