Saturday, February 11, 2012

മരണമൊന്ന് വന്നെങ്കിൽ !!!!!!!!! - അനുഭവങ്ങളിലൂടെ

കുറേ കാലങ്ങൾക്ക് ശേഷമാണു ഞാൻ ഇന്നലെ ഒരു കാൻസർ രോഗിയെ കാണുന്നത്, പല കാൻസർ രോഗികളെ ഞാൻ കാണാറുണ്ടെങ്കിലും അവരുടെ വേദനകൾ പലപ്പോഴും ആഴങ്ങളിലേക്കിറങ്ങി ചെന്ന് കാണാറില്ല, തന്നെയുമല്ല ഇത്തരം രോഗികൾക്ക് കുറേ കാലങ്ങളായി ഡോക്ടർന്മാർ നല്ല പോലെ വേദന സംഹാരികൾ നൽകാറുണ്ടെന്നതാണു സത്യം. ജീവനിൽ പ്രതീക്ഷകളില്ലെങ്കിലും  വേദന അധികമില്ലാത്തതിനാൽ അവർ  നമ്മോട് പലപ്പോഴും പുഞ്ചിരിച്ച് കൊണ്ട് സംസാരിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഒന്ന് രണ്ട് സം‍വത്സരങ്ങളായി കാണുന്ന കാൻസർ രോഗികൾ ഒരു സുപ്രഭാതത്തിൽ കാലയവനികയിൽ മറയുന്ന കാഴ്ചയാണു കാണുന്നതും, ആ വിരഹം ഒന്നോ രണ്ടോ ദിനങ്ങളിലൊതുങ്ങുന്നതുമാണു അനുഭവം. എന്നാൽ, മൂന്ന് പതിറ്റാണ്ട് മുൻപ് ഞാൻ കണ്ട ഒരു കാൻസർ രോഗിയെ കുറിച്ച് ഇന്നലെ എന്ത് കൊണ്ടോ ഞാൻ കണ്ട കാൻസർ രോഗിയെ കണ്ടപ്പോൾ മനസ്സിൽ തികട്ടി വന്നു. അതും യുവത്വത്തിലേക്ക് കാലുകുത്തിയ ഒരാളുടേതാകുമ്പോൾ കൂടുതൽ മനോവിഷമത്തിനു ഹേതുവാകുമല്ലോ!!!...
    ഞാൻ പഠനകാലം കഴിഞ്ഞ് ട്രൈനിംങ്ങിനായി ഒരുങ്ങുന്ന കാലം, എൻറെ ഒരു സുഹൃത്ത് , ( അദ്ദേഹവും കാൻസർ ബാധിച്ച് 2010 ല് മരണമടഞ്ഞിരുന്നു) ഞങ്ങൾ ഒരു യാത്രാമധ്യേ, അവൻറെ സുഹൃത്തായ ആനന്ദ് ആശുപത്രിയിൽ പനി ബാധിതനായി കിടക്കുന്നെന്ന് പറഞ്ഞതിനാലാണു  ആസുപ്രത്രിയിൽ കയറിയത് . സുഹൃദ് സംഭാഷണത്തിനിടയിൽ ഞാനും ആനന്ദുമായി സൌഹൃദമായി, ആനന്ദ് പറഞ്ഞു, ഇടക്കിടെ പനി വരുന്നു, അതു കൊണ്ട് ഒരു ചെക്കപ്പിനായാണു ആശുപത്രിയിൽ ചേർന്നതെന്നും, സാമ്പത്തികമായി പിന്നോക്കമായതിനാൽ ഉയർന്ന് വിദ്യാഭ്യാസത്തിനു പോകാൻ കഴിയാതെ, ഇപ്പോൽ വീട്ടിലിരിപ്പാണെന്നും, ജോലിക്കായി ശ്രമിക്കുന്നെന്നുമെല്ലാം പറഞ്ഞു.
     ഞാനും വിദ്യാഭ്യാസം കഴിഞ്ഞു വറുതിയുടെ കാലമായതിനാൽ ആനന്ദിനെ സാമ്പത്തികമായി സഹായിക്കാൻ ത്രാണിയില്ലെങ്കിലും ഞങ്ങൾ ഇടക്കിടെ പരസ്പരം കാണുമായിരുന്നു, മറ്റേ സുഹൃത്തിനെ പോലെ തന്നെ ഞങ്ങളും സൌഹൃദം പങ്കിടുവാൻ തുടങ്ങി. മാസത്തിലൊരിക്കലോ മറ്റോ എൻറെ സമയമനുസരിച്ച് പരിചയം പുതുക്കാനും മറന്നില്ല.
      ആയിടക്ക് ഞാൻ ഒരിടത്ത് ട്രൈനിയായി ജോലി തുടങ്ങിയതിനാൽ പിന്നീട്, മൂന്ന് നാലു മാസത്തേക്ക് കാണുവാൻ കഴിഞ്ഞില്ല. അന്ന് ഇന്നത്തെ പോലെ ആശയവിനിമയത്തിനായി ലാൻറ് ഫോണുകൾ പോലും ഞങ്ങൾക്കില്ലാത്ത കാലം. ഞാൻ ഒരു ദിവസം ആദ്യസുഹൃത്തുമായി കാണുകയും ആനന്ദിനു സുഖമില്ലാതെ വീട്ടിൽ കിടപ്പിലാണെന്നും പറഞ്ഞു ഞങ്ങൾ ആനന്ദിൻറെ വീട്ടിൽ പോയി, ഞങ്ങളെ കണ്ട ഉടനെ കട്ടിലിൽ നിന്ന് തലയിണയിലേക്ക് അല്പം ചാരി വിളറിയ മുഖവുമായി ഇരിക്കുന്ന ആനന്ദ് വായിച്ചിരുന്ന പുസ്തകം മടക്കി വെച്ച് കൊണ്ട് ഞങ്ങളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.
     ഞങ്ങൾ സൌഹൃദമായതിനു ശേഷം ഞങ്ങളെ പലപ്പോഴും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ചിരുന്ന ആനന്ദിനെയല്ല അന്ന് കണ്ടത്. അവൻ വല്ലാതെ ക്ഷീണിതനാണു. കാരണം തിരക്കിയപ്പോൾ, മുൻപ് ആശുപത്രിയിൽ കിടന്നപ്പോൾ പല ടെസ്റ്റുകളും ചെയ്ത കൂട്ടത്തിൻറേ തൻറെ അസുഖം ആമാശയ കാൻസർ ആണെന്ന് ഡോക്ടർന്മാർ വിധിയെഴുതിയിരുന്നുവത്രേ.... ! ഞങ്ങൾ അന്ന് യാത്ര പറഞ്ഞ് മടങ്ങുമ്പോൾ എല്ലാം ഭേദമാകുമെന്ന് പറഞ്ഞാണു ഇറങ്ങിയത്.
 പിന്നീട് ഞാൻ , ആനന്ദിനെ കാണുന്നത് ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷമാണു. അന്ന് ഞാൻ മുംബൈയിലേക്ക് പോകുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു യാത്ര ചോദിക്കൽ കൂടിയാകാമെന്ന് കരുതിയാണു അവൻറെ വീട്ടിലെത്തിയത്, വരാന്തയിൽ വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന അവൻറെ അമ്മ , എന്നെ കണ്ടപ്പോൾ കണ്ണിൽ അശ്രുക്കൾ പൊടിഞ്ഞു , വേദനയോടെ ആ അമ്മ പറഞ്ഞു, ആനന്ദിൻറെ മുറിയിലേക്ക് കയറേണ്ട അവനെ കാണണമെങ്കിൽ തൊട്ടടുത്ത ജനലിലൂടെ കാണുക. ഞാൻ ചോദ്യരൂപേണ ആ അമ്മയുടെ മുഖത്തേക്ക് നോക്കി, വിങ്ങികൊണ്ടവർ പറഞ്ഞു, ആ മുറിയാകെ അഴുകിയ രൂക്ഷഗന്ധമുണ്ട് മക്കൾക്കത് സഹിക്കാൻ പറ്റില്ല. അത് കൊണ്ടാണു കടക്കരുതെന്ന് പറഞ്ഞത്. അത് കാര്യമാക്കതെ ഞാൻ ആനന്ദിൻറെ മുറിയിലേക്ക് കടന്നു, അമ്മ പറഞ്ഞത് അത്രയും സത്യം തന്നെയായിരുന്നു. ആനന്ദ് തീരെ അവശനാണു, കണ്ണുകൾ പൂട്ടിയടച്ചിരിക്കുന്നു, വല്ലാതെ അവൻ വേദന അനുഭവിക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി, അല്പസമയം ഞാൻ അവനരുകിലേക്ക് നീങ്ങി നിന്ന് നെറ്റിയിൽ തലോടി, വയറിൻറെ ഭാഗത്ത് നിന്ന് പഴുപ്പ് വല്ലാതെ ചാടുന്നു രൂക്ഷഗന്ധവുമുണ്ട്, ഈ ഗന്ധം നിമിത്തം പലരും മുറിയിലേക്ക് അടുക്കുന്നുമില്ല. അവൻറെ അമ്മ മാത്രമാണു അവനെ പരിചരിക്കുന്നത്.
     ഒരു അമ്മയുടെ വാത്സല്യം എത്ര വലുതാണെന്ന് ഞാൻ കൂടുതൽ അറിഞ്ഞത് അവരുടെ പ്രവർത്തിയിലൂടെയാണു. അവരുടെ ഹൃദയം നുറുങ്ങിയായിരിക്കാം എന്നോടവർ സ്വന്തം മകൻറെ മുറിയിൽ കയറരുതെന്ന് വിലക്കിയത്. ആനന്ദിൻറെ വിളറിയ മുഖം എന്നും എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നു. മുബൈയിലേക്ക് പോകുന്നന്ന വിവരം പറയാതെയാണു ഞാൻ അവിടെ നിന്നിറങ്ങിയത്. അന്ന് ഞാൻ ദൈവത്തോട് അകമഴിഞ്ഞ് പ്രാർത്ഥിച്ചു ആനന്ദിനെ ഈ ദുരിതത്തിൽ നിന്ന് കരകയറ്റണമെന്ന്, അത് കേട്ടതിനാലാണാവോ, രണ്ടാം ദിനം എൻറെ സുഹൃത്തെ എന്നെ വിളിച്ചുണർത്തിയത് അവൻറെ മരണവാർത്തയുമായാണു. സത്യത്തിൽ ഞാൻ ആദ്യമായി ഒരാൾ മരിച്ചതിൽ സന്തോഷിച്ചത് അന്നാദ്യമായിരുന്നു. (പിന്നീട് പലപ്പോഴും ഉണ്ടായിട്ടുണ്ട്) . ആനന്ദ് വേദനകളില്ലാത്ത ഒരു ലോകത്ത് എത്തിയതിൽ അവൻറെ അമ്മയും മനസ്സാ സന്തോഷിച്ചിരിക്കാം...
     ആ സംഭവം നടന്നിട്ട് മുപ്പത് വർഷം തികഞ്ഞിരിക്കുന്നു, ആ സന്ദർഭത്തിലാണു ഇന്നലെ ഞാൻ വേദന തിന്നുന്ന മറ്റൊരു കാൻസർ രോഗിയെ അടുത്തറിയുന്നത്. എങ്കിലും, മുപ്പത് കൊല്ലം മുൻപ് ആനന്ദ് അനുഭവിച്ച വേദന ഇയാൾക്കുണ്ടോയെന്നറിയില്ലെങ്കിലും എന്നെ വല്ലാതെ അത് നൊമ്പരപ്പെടുത്തി.
    അന്നും, ഇന്നും എൻറേ പ്രാർത്ഥനകൾ ഇത്തരം വേദനകൾ തിന്നുന്നവരെ അധികം ജീവൻ നീട്ടി വെക്കാതെ അങ്ങ് വിളിക്കണമേയെന്നാണു. എന്നാൽ, എന്നെ പോലുള്ളവർക്ക് ചിന്തിക്കാൻ ഏറെ അവസരം നൽകാനായിരിക്കാം ദൈവം അവർക്ക് ജീവനു ദൈർഘ്യം നൽകുന്നത്.








Abk Mandayi Kdr

Create your badge

Tuesday, February 7, 2012

ചില കുടുംബജീവിത വൈരുദ്ധ്യങ്ങൾ - ലേഖനം

ഞാനീ കുറിപ്പെഴുതുമ്പോൾ ഫെമിനിസ്റ്റുകളായ സ്ത്രീ രത്നങ്ങൾ എന്നെ മുഴുവനോടെ പിടിച്ച് വിഴുങ്ങരുതെന്ന് ജാമ്യം സമർപ്പിക്കുന്നു.
    നമ്മുടെ നാട്ടിൽ ചിലയിടങ്ങളിലെങ്കിലും കണ്ട് വരുന്ന ഒരു പ്രവണതയാണു, പുരുഷനു മേൽ ആധിപത്യം സ്ഥാപിച്ച് കൊണ്ട് വീടിൻറേ പരമാധികാരം കുടുംബിനി ഏറ്റെടുക്കുകയും, പുരുഷനെ തൻറെ വളർത്ത് നായയുടെ സ്ഥാനം പോലും കൽപ്പിക്കാതെ ഉഴുന്നാട്ടുന്ന, യന്ത്രവും, കുട്ടികളെ നോക്കി കുടുംബത്തിരിക്കുന്ന ചില ഭർത്താക്കന്മാരെ കാണാം.
   ഒരു സ്ത്രീയുടെ അഴക്, അല്ലെങ്കിൽ പ്രൌഢ്യത എന്നും നല്ല കുടുംബിനിയായും, ഭർത്താവിനു താങ്ങായും, അയാളോട് ഒട്ടി നിന്ന് പരസ്പരം സഹകരണത്തോടെ കുടുംബം നയിക്കുകയെന്നതാണു യഥാർത്ഥമായ കേരളീയ സംസ്ക്കാരം. പകരം, ഭർത്താവു വീട്ടിൽ ചടഞ്ഞിരിക്കുകയും, ഭാര്യ സ്വയം ഡ്രൈവ് ചെയ്ത് ക്ലബ്ബിൽ പോകുമ്പോൾ കൂടെ കൂട്ടുന്നത് വളർത്ത് നായയെ എന്നത് ഒരു ഭർത്താവിനേൽക്കുന്ന ഏറ്റവും വലിയ പ്രഹരമാണു, എന്നിട്ടും ഇതെല്ലാം ചില ഭർത്താക്കന്മാർ സഹിച്ച് കൊണ്ട് കഴിയുന്നതെന്ത് കൊണ്ടാണെന്ന് പലപ്പോഴും മനസ്സിലാകുന്നില്ല.
     ഇത് പറയുന്നെന്ന് കരുതി, ഭർത്താവെന്നാൽ, ഭാര്യ കുടുംബത്തെ സകല ജോലികളും ചെയ്ത് ഭർത്താവിൻറെ അടിമയായി ജീവിക്കണമെന്നല്ല, മറിച്ച് സമൂഹത്തിൽ സ്ത്രീകൾക്ക് ചില നല്ല സ്ഥാനമാനങ്ങൾ വകവെച്ച് കൊണ്ടും, അവളെ ബഹുമാനിച്ചുകൊണ്ടും, അവൾക്ക് വേണ്ട ലാളനകൾ, കുടുംബത്തിലെ കുട്ടികളെ നന്നായി വളർത്താനും, അവരെ വേണ്ട അദ്ധ്യാപനങ്ങൾ നൽകി നല്ല പൌരന്മാരാക്കാനും എന്ത് കൊണ്ടും ഒരു അമ്മക്ക് കഴിയുന്നത്ര ഒരു അച്ഛനു കഴിഞ്ഞെന്ന് വരില്ല. അത് കൊണ്ടാണു ഭർത്താവിനു പുറമേയുള്ള കാര്യങ്ങൾക്കധികാരവും, ഭാര്യക്ക് വീട്ടിനകത്തെ അഭ്യന്തര ഭരണപഥവും നൽകി പഴമക്കാർ അവരെ വാഴിച്ചത്. അതിനു പകരം പുരുഷനെ തൻറെ കാൽ കീഴിൽ ആക്കി ഭരണം നടത്തുകയും, സ്വന്തം ഭർത്താവിനെ അന്യരുടേയും, സ്വന്തം മക്കളുടെ മുൻപിലും വെറും പാഴ് വസ്തുവായി ചിത്രീകരിക്കുന്നത് ഒരിക്കലും ഒരു നല്ല കുടുംബത്തിനു യോജിച്ചതല്ല.
    തീർച്ചയായും നല്ലൊരു കുടുംബം എന്നാൽ, കുടുംബവിഷയങ്ങൾ പരസ്പര ധാരണയോടെ ചർച്ച ചെയ്യുകയും പുരുഷൻ ചെയ്യേണ്ടത് പുരുഷനും, സ്ത്രീ ചെയ്യേണ്ടത് സ്ത്രീയും ചെയ്യുമ്പോഴെ അത് പൂർണ്ണമായ ഒരു കുടുംബമാകുകയുള്ളു.
    സ്ത്രീ ഭരണത്തിനു ഹേതുവാകുന്ന പ്രധാന കാരണം ഒന്നുകിൽ ഭർത്താവിനു ജോലി കാണില്ല, ഇല്ലെങ്കിൽ ഭർത്താവ് ചെയ്യേണ്ട പലകാര്യങ്ങളും കാര്യപ്രാപ്തിയോടെ ചെയ്യാൻ ഭർത്താവ് സന്നദ്ധമാകാതിരിക്കുകയോ , ഇല്ലെങ്കിൽ അതിനുള്ള കഴിവു കാണിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണു അവർ ഭാര്യക്ക് മുൻപിൽ വെറും പോഴനാകുന്നത്. പുരുഷനു സ്ത്രൈണത ഒരിക്കലും യോജിച്ചതല്ല, മറിച്ച് പൌരുഷം നിർബ്ബന്ധവുമാണു. ഇത് നഷ്ടപ്പെട്ടാൽ പിന്നെ, അവർ പെണ്ണന്മാരായി ജീവിതം തള്ളി നീക്കേണ്ടതായി വരും.
    ഭർത്താക്കന്മാരെ ഭരിക്കുന്ന സ്ത്രീകളെ ചില സമയങ്ങളിൽ നിലക്ക് നിർത്താൻ ഒരു പക്ഷേ ഒരു അടിയുടെ കാര്യം മാത്രമേ കാണു, എന്നാൽ, അതിനുള്ള ധൈര്യവും ഈ പുരുഷനു ഉണ്ടാകില്ലെന്നതാണു സത്യം.
   ചില പുരുഷന്മാർ സമൂഹത്തിൽ വലിയ സ്ഥാനമുള്ളവരായിരിക്കും എന്നാൽ, വീട്ടിൽ വന്നാൽ പൂച്ചക്ക് മുൻപിലെ എലിക്ക് സമമാകും അതിനു മറ്റു ചില കാരണങ്ങൾ ഉണ്ട്, ഭാര്യക്ക് അറിയാവുന്ന ചില വൻ തെറ്റുകൾ ഇയാൾ ചെയ്തിരിക്കാം, അതിനെ ന്യായീകരിക്കാൻ കഴിയാത്ത വിധം ഇയാൾ നിശ്ബ്ദനായിരിക്കും ഈ സന്ദർഭങ്ങളിലും ഭാര്യ ഇയാളെ ഭരിക്കുമ്പോൾ ഈ വ്യക്തി സഹിക്കേണ്ടി വരും.
    മറ്റൊരു സ്ത്രീകൂട്ടമുണ്ട് പുറത്ത് ഏത് പുരുഷനോടും വളരെ ബഹുമാനത്തോടെ പെരുമാരുകയും വീട്ടിലെത്തിയാൽ തനിഗുണം കാണിക്കുന്നവരും കാണും.
     ഇനിയും ചില സ്ത്രീവർഗ്ഗങ്ങളുണ്ട് അത് കാണപ്പെടുന്നത് പുതുതലമുറകളിലെ ചില വനിതകളിലാണു, അല്പം വിദ്യാഭ്യാസം ലഭിച്ചാലുടനെ എല്ലാമായി എന്ന മിഥ്യാധാരണയാൽ പുരുഷന്മാരെ ഒരാളേയും അംഗീകരിക്കാൻ തയ്യാറാകാത്ത ചിലർ അത്തരക്കാർക്ക് പുരുഷൻ എന്ത് പറഞ്ഞാലും അതിനെ പ്രതിരോധിക്കുകയും അതിനെ എതിർത്ത് കൊണ്ട് സ്ത്രീകൾക്ക് മാത്രം സപ്പോർട്ട് ചെയ്യുന്നവർ അതോടൊപ്പം വനിതകൾ എന്ത് തെറ്റ് ചെയ്താലും അവർ അതിനെ വളച്ചൊടിച്ച് ന്യായങ്ങൾ നിരത്തുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളാണു കുടുംബജീവിതം ആരംഭിക്കുന്നതോടെ പുരുഷനെ അടിമയാക്കുന്നതും അതിനു വഴങ്ങാത്ത പുരുഷന്മാർ വിവാഹമോചനം നടത്തുന്നതും.
    സത്യത്തിൽ നല്ല കുടുംബമാകാൻ പുരുഷമേധാവിത്വവും വേണ്ട സ്ത്രീ മേധാവിത്വവും വേണ്ട പകരം, പുരുഷനും സ്ത്രീക്കും പ്രകൃതിയാൽ നൽകിയ പരിമിതികൾ മനസ്സിലാക്കി പരസ്പരധാരണയോടെ ജീവിച്ചാൽ കുടുംബം സ്വർഗ്ഗമാക്കാം.












Abk Mandayi Kdr

Create your badge