ഈ കഥ തുടങ്ങുന്നത് 1980 കളിലാണു, ഗൾഫിലേക്കുള്ള ഒഴുക്കുകൾ രൂക്ഷമായിരുന്ന കാലം, മലയാളികൾ തമാശ രൂപേണ ഇക്കാലത്ത് പറഞു ചിരിക്കുന്ന കള്ളിപ്പെട്ടികളുടെ കാലം, വിഡ്ഡിപ്പെട്ടികൾ കേരളത്തിലെത്തിപ്പെട്ടു തുടങ്ങുന്ന കാലം. ടേപ്പ് റെക്കോർഡറുകൾ വിളയിൽ വത്സല, വി.എം.കുട്ടിമാരുടെ കത്ത് പാട്ടുകളാൽ കൊടികുത്തി വാഴുന്ന കാലം, ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ട് വരുന്ന പള പളാ തിളങ്ങുന്ന ലുങ്കികളുടെ കാലം.
നാട്ടിൽ ഒരു വിധം നന്നായി ജോലിയെടുത്ത് സന്തുഷ്ടകുടുംബം പോറ്റിയിരുന്ന പ്രദീപിനും തോന്നിയൊരു മോഹം ഗൾഫിലെന്നു പോയാലൊ എന്ന്, അവൻ തനിക്കു കയറി കിടക്കാനുണ്ടായിരുന്ന ചെറിയ രണ്ട് മുറികളുള്ള ഓട് മേഞതാണെങ്കിലും ഒരു കൊച്ച് വീടും, അത് നിലനിൽക്കുന്ന ഏഴ് സെൻറ് സ്ഥലവും വർഗ്ഗീസിനു പണയപ്പെടുത്തിയാണു നാട്ടിൽ ഒരു വിധം കാശുകാരനായ ഗൾഫിലുള്ള മോഹനനിൽ നിന്നു ഒരു വിസ ശരിപ്പെടുത്തിയതു.
വിസ കയ്യിൽ കിട്ടിയ നാൾ മുതൽ പ്രദീപൊരു സ്വപ്ന ജീവിയായ് മാറുകയായിരുന്നു. ഉണ്ടായിരുന്ന ജോലി എന്നെന്നേക്കുമായ് ഉപേക്ഷിച്ചു. സ്നേഹമയിയായ ഭാര്യ ശ്രീദേവി, തൻറെ വിരലിൽ തൂങ്ങി എപ്പോഴും നിറുത്താതെ അച്ഛനോട് സംസാരിച്ചിരുന്ന മകൾ മിനിക്കുട്ടി എന്നിവരെയെല്ലാം മറന്നു പോയ രൂപത്തിലായിരുന്നു പ്രദീപ് , അവൻ മനഃപൂർവ്വം അങ്ങിനെ ചെയ്യുന്നതാണെന്ന വിശ്വാസം ശ്രീദേവിക്കോ, നാലു വയസ്സുകാരി മിനിക്കുട്ടിക്കോ ഇല്ലെങ്കിലും പ്രദീപിനുണ്ടായ ആ മാറ്റത്തിൽ മകളും , ഭാര്യയും അല്പം ദുഃഖത്തിലാണു.
പ്രദീപ് യാത്ര തിരിക്കേണ്ട നാൾ വന്നു, വീടിനു മുൻപിൽ അശോകൻറെ അംബാസിഡർ കാറിൻറെ ഹോണടി കേട്ട് പ്രദീപ് തൻറെ ബാഗുമായി ധൃതിയിൽ പടിയിറങ്ങുമ്പോഴും അവനൊരു യാന്ത്രിക മനുഷ്യനെ പോൽ യാത്ര പറഞു കാറിൽ കയറി, മിനിക്കുട്ടി അച്ഛൻറെ കൂടെ വരുന്നെന്ന് വാശിപ്പിടിച്ചു കരയാൻ തുടങ്ങി, ശ്രീദേവി ആളുകൾ കാണാതെ സാരി ത്തുമ്പാൽ കണ്ണീരൊപ്പി, കാറിൻറെ പിൻ സീറ്റിലിരുന്ന പ്രദീപ് ഏതോ മായിക ലോകത്തിലെന്ന പോലെ എണ്ണ വിളയുന്ന നാട്ടിൽ വിഹരിക്കുകയായിരുന്നു.
വിമാനത്തിലേറിയിട്ടും , അവൻറെ ചിന്ത സ്വപ്നഭൂവിൽ തന്നെ ഉടക്കി നിന്നു. എയർഹോസ്റ്റസ് നൽകിയ ഭക്ഷണം ഒരല്പം കഴിച്ചെന്ന് വരുത്തി അവൻ മെല്ലെ സീറ്റിലേക്കു ചാഞു അമർന്നിരുന്നു കൊണ്ട് വിമാനം മേഘപാളികളെ കീറി മുറിച്ചു കൊണ്ട് അധിവേഗം ലക്ഷ്യത്തിലേക്കു കുതിക്കുമ്പോഴും വിമാനത്തിനു വേഗത കുറവാണോയെന്നായിരുന്നു പ്രദീപ് ചിന്തിച്ചത്.
വിമാനം താഴെ ഇറങ്ങാൻ പോകുന്നെന്നറിയിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് വന്നപ്പോഴാണു അവൻ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നതു. അവൻ വിമാനത്തിൻറെ ചില്ലു ജാലകത്തിലൂടെ താഴേക്കു നോക്കി , ഇടതൂർന്ന പാറക്കെട്ടുകൾ നിറഞ , ഇടക്കിടെ മണൽ കാടുകൾ ഉള്ള ഒമാനിലെ വിസ്തൃതമാം മരുഭൂമിക്കു മുകളിലൂടെ യാത്ര ചെയ്ത് വിമാനം സീബ് അന്താ രാഷ്ടവിമാനത്താവളത്തിലിറങ്ങി. പ്രദീപ് കയ്യിൽ കരുതിയ ഒരു ബാഗുമായി പുറത്തിറങ്ങാനായി വിമാനത്തിൻറെ ഗോവണിയിലെത്തി , ജൂലായ് മാസത്തിലെ കടുത്ത ചൂടിൽ ചൂഴറ്റിയടിക്കുന്ന കാറ്റ് അവൻറെ മുഖത്തടിച്ചപ്പോൾ അവനെന്നമ്പരന്നു. ഇതാണോ താൻ ഇത്രയും സമയം സ്വപ്നം കണ്ട സ്വർഗ്ഗഭൂമി !!!! അവൻ എമിഗ്രേഷനിലേക്കാനയിക്കപ്പെട്ടു, അവിടെ വിമാനത്തിലെ പോലെ തന്നെ ശീതികരിച്ച സ്ഥലമായതിനാൽ അവൻ ആശ്വസിച്ചു, വിസ പാസ്പോട്ടിൽ മുദ്ര പതിപ്പിച്ചു പുറത്ത് വരുമ്പോൾ തന്നെ കാത്ത് വിസ തരപ്പെടുത്തിയ മോഹനേട്ടൻറെ ആൾ വന്നു കയ്യിൽ പിടിച്ചു. പിക്കപ്പ് വാഹനത്തിൽ എത്ര ദൂരം ഓടിയെന്നറിയില്ല വാഹനം ഇരച്ച് നിന്നപ്പോഴാണു അവൻ പാതി മയക്കത്തിൽ നിന്നുണർന്നതു, കൂടെ വന്നയാൾ പറഞു നമ്മൾ റൂമിലെത്തി , പ്രദീപ് ചുറ്റും നോക്കി, എവിടെ നോക്കിയാലും മിന്നി നിൽക്കുന്ന പ്രഭയേറിയ ബൾബുകൾ , അവൻ പെട്ടെന്ന് കയ്തണ്ടയിലേക്കു നോക്കുന്നതു കണ്ട സഹയാത്രികൻ പറഞു വാച്ച് നാട്ടിൽ വെച്ചു അല്ലേ, അവനൊന്നും പറഞില്ലെങ്കിലും സഹയാത്രികൻ പറഞു സമയം ഒമ്പത് കഴിഞു നമ്മൾ എയർപ്പോർട്ടിൽ നിന്ന് നാലു മണിക്കൂർ യാത്ര ചെയ്തു. ഇപ്പോൾ നമ്മൾ സൂർ എന്ന സ്ഥലത്തെത്തി.
ചാരിയിരുന്ന മരവാതിലിൻറെ മുകളിലൂടെ കയ്യെത്തിച്ച് കുളത്തെടുത്തുകൊണ്ട് സഹയാത്രികൻ പ്രദീപിനെ അകത്തേക്കു ക്ഷണിച്ചു, അവൻ കരുതിയിരുന്ന ബാഗുമായി മെല്ലെ ഉള്ളിൽ കടന്നു,
കടന്നു കയറുന്ന ഒരു തളം, മേലെ ആകാശത്ത് നക്ഷത്രങ്ങൾ കാണാം, പിന്നെ ഒരു നീളത്തിള്ള വരാന്ത, വരാന്ത ഏകദേശം 4 അടി വീതി കാണും , വരാന്തയുടെ അറ്റത്തായി ഒരു പഴയ ഫ്രിഡ്ജിൻ മുകളിലായി ഒരു 14“ ടെലിവിഷൻ അതിലൂടെ തലയിൽ തുണി ചുറ്റിയ ഒരാളിരുന്ന് എന്തോ പറയുന്നു, പ്രദീപിനൊന്നും മനസ്സിലായില്ലെങ്കിലും, നാട്ടിൽ തൻറെ സുഹൃത്ത് സമദിൻറെ വീട്ടിൽ പോയപ്പോൾ അവൻറെ ബാപ്പ ഉറക്കെ വായിച്ചിരുന്ന ഭാഷ അവൻ കേട്ട് പരിചയമായതിനാൽ അത് അറബ് ആണെന്ന് മനസ്സിലായി. വരാന്തയുടെ മധ്യത്തിൽ തലയിൽ ഒരു തോർത്തും ചുറ്റി ചുണ്ടിൽ എരിയുന്ന സിഗററ്റുമായി, കുടവയറുമായൊരാൾ സ്റ്റൂളിൽ ഇരിക്കുന്നു, ആൾ സ്വയം പരിചയപ്പെടുത്തി ഞാനാണു മോഹനൻ. ഗൾഫ് മോഹനേട്ടൻ എന്ന് പറഞു കേട്ടതല്ലാതെ പ്രദീപ് അപ്പോഴാണു ആളെ കാണുന്നതു. അയാൾ പ്രദീപിനോട് പറഞു, യാത്ര കഴിഞു വന്നതല്ലെ , ബാഗ് മുറിയിലേക്കു വെച്ചോളു,നാട്ടുകാർ കൊടുത്ത് വിട്ട കത്തുകളെല്ലാം നമ്മുക്കു നാളെ പോസ്റ്റ് ചെയ്യാം, ആളുകൾ എത്തും മുൻപ് ഒന്നു കുളിച്ചോളു, അയാൾ മുറിയിലേക്ക് പ്രദീപിനെ ക്ഷണിച്ചു, അകത്തോട്ട് നോക്കിയ പ്രദീപൊന്ന് ഞെട്ടി, മുറിയിൽ നാലു മൂലയിലും ഓരോ കട്ടിലുകൾ , ഓരോ കട്ടിലിനു ചുവട്ടിലും, പെട്ടികൾ, പ്ലാസ്റ്റിക്ക് ബാഗുകളിൽ കുത്തി നിറച്ച സാധനങ്ങൾ, ബാക്കി ശേഷിച്ച സ്ഥലത്ത് നാലു കിടക്കകൾ, കിടക്കകൾ എന്ന് പറയാനില്ല, എല്ലാം ഉണങ്ങിയ മാന്തൾ മത്സ്യം കണക്കെ പതിഞ രൂപത്തിലും, അഴുക്കു പുരണ്ടതുമായിരുന്നു, ഭിത്തിയിൽ നിറയെ വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു, മോഹനേട്ടൻ പറഞു തൽക്കാലം ഇന്ന് നിലത്ത് ഒരു വിരി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുക, നാളെ ഇവിടെ നിന്നു ഒരാൾ നാട്ടിൽ പോകും അപ്പോൾ ആ സീറ്റ് നമുക്ക് തരപ്പെടുത്താം.
പ്രദീപ് ഓർക്കുകയായിരുന്നു , നാട്ടിൽ ചെറുതെങ്കിലും വൃത്തിയും വെടിപ്പുമുള്ള മുറികൾ അവനൊന്നു കരയണമെന്ന് തോന്നിയെങ്കിലും കടിച്ചമർത്തി. നിർന്മേഷനായ് നിൽക്കുന്ന പ്രദീപിനെ നോക്കി മോഹനേട്ടൻ പറഞു, നീ വിഷമിക്കേണ്ട രണ്ട് ദിവസം കൊണ്ട് നിനക്കിതു പരിചയമാകും, അവൻ, ആലോചിച്ച് പോയി നാട്ടിൽ ലക്ഷപ്രഭു എന്നു പറയുന്ന മോഹനേട്ടനാണോ ഈ അഴുക്ക് പുരണ്ട മുറിയുടെ മൂലയിൽ ചുരുണ്ട് കൂടുന്നതു. ഇതാണോ നാട്ടിൽ പള പള നടക്കുന്ന ഗൾഫ്കാർ !!!!
പ്രദീപ് ബാഗിൽ നിന്ന് തൻറെ കൈലിയും തോർത്തുമെടുത്ത് പുറത്തിറങ്ങി , തൊട്ടടുത്ത മുറിയുടെ വാതിൽ തുറന്ന് ഒരാൾ പുറത്തിറങ്ങുമ്പോൾ പാതി തുറന്ന വാതിൽ പഴുതിലൂടെ അവൻ കണ്ടു, താൻ കണ്ട മുറിയുടെ അതേ വലുപ്പത്തിലും, അത് പോലെ കട്ടിലുകളും ഇട്ട മറ്റൊരു മുറി, അതിലൊരാൾ അർദ്ധ നഗ്നനായ് കിടന്നുറങ്ങുന്നു. അവൻ മെല്ലെ കുളി മുറിയെ ലക്ഷ്യമാക്കി നടന്നു, ഒരു കുളി മുറിയും, ഒരു കക്കൂസും പ്രത്യേകം സജ്ജീകരിച്ചതാണവിടത്തെ 16 പേർക്കുള്ള ശൌച്യാലയം. അവൻ ബാത്ത് റൂമിലേക്ക് കയറാൻ നോക്കിയപ്പോൾ മുറിയിൽ നിറയെ വെള്ളം കെട്ടി നിൽക്കുന്ന്, അവൻ അറപ്പോടെ നിൽക്കുന്നതു കണ്ട് മോഹനേട്ടൻ പറഞു വേഗം കുളിച്ചോളു, ആക്കുകളെല്ലാം ഇപ്പോൾ വരാൻ തുടങ്ങും അവർ വന്നാൽ പിന്നെ ക്കുളിയെല്ലാം രാത്രി പന്ത്രണ്ടെങ്കിലുമാകും. ഇന്നാണെങ്കിൽ സ്വീവേജ് ടാങ്കർ വന്ന് വേസ്റ്റ് എടുത്തിട്ടുമില്ല, ഇന്നിവിടെ വെള്ളപ്പൊക്കമായിരിക്കും, മോഹനേട്ടൻ പിറുപിറുത്ത് കൊണ്ട് അടുത്ത സിഗരറ്റിനു തിരി കൊളുത്തി.
പ്രദീപ് ഒരു വിധം കുളിച്ചെന്ന് വരുത്തി കുളി മുറിയിൽ നിന്നു പുറത്ത് കടന്നു. ആളുകൾ വരാൻ തുടങ്ങി, അടുത്ത മുറിയിൽ താമസിക്കുന്നവരെല്ലാം തയ്യൽക്കാരാണെന്ന് പ്രദീപിനവരുടെ സംഭാഷണത്തിൽ നിന്നു മനസ്സിലായി. ടെലിവിഷന് അടുത്തായി അടുക്കളയാണു, അവിടെയും രാത്രിക്കുള്ള ഭക്ഷണം പാകം ചെയ്യുന്ന തിരക്കു, തയ്യൽക്കാരെല്ലവരും ഹോട്ടൽ ഭക്ഷണമാണെത്രേ, ചിലർ പാർസലുമായി വരുന്നു, ചിലർ ഹോട്ടലിൽ തന്നെ കഴിച്ച് വരുന്നു, മോഹനേട്ടൻറെ മുറിയിലുള്ളവരെല്ലാം പാചകം ചെയ്താണു കഴിക്കുന്നത്. ടെലിവിഷനു താഴെ പാളിപോയ ഫ്രിഡ്ജിനകത്തായി ഒരു വി.സി.ആർ പൊടി പിടിച്ചിരിക്കുന്നതിൽ ഒരാൾ ഒരു ജയൻ സിനിമകാസറ്റ് കൊണ്ടിട്ടു റീവൈൻഡ് ചെയ്യാൻ തുടങ്ങി, ആളുകൾ വരാന്തയിൽ കൂട്ടമയിരുന്നു സിനിമ കാണാൻ തുടങ്ങി, അടുക്കളയിൽ പാചകത്തിൻറെ ബഹളം, ചിലർ മുഷിഞ വസ്ത്രങ്ങൾ അലക്കാൻ തുടങ്ങി, വേറെ ചിലർ മുറിയിലെതുങ്ങി അല്പം മദ്യം അകത്താക്കി ഉറങ്ങാൻ തുടങ്ങി.
പ്രദീപ് വിഷണ്ണനായി ഒരു മൂലയിലെതുങ്ങാൻ ശ്രമിക്കവേ അവനെ സ്വകാര്യമായ് വിളിച്ച് നേരത്തെ വാങ്ങി വെച്ച ഗുബുസും ( റൊട്ടി) ഉച്ചക്കു വെച്ച മത്സ്യക്കറിയുടെ ബാക്കിയും നൽകി അവനു നന്നേ വിശക്കുന്നുണ്ടായിരുന്നു. അവനതകത്താക്കി, എല്ലാവരും ജയൻറെ സിനിമയിൽ ലയിച്ചിരിക്കുന്നു, മോഹനേട്ടൻ പറഞു പ്രദീപ് കിടന്നോളു, നാളെ രാവിലെ അറബിയെ കാണാൻ പോകണം എന്നിട്ട് വേണം ജോലിയിൽ കയറാൻ. അവൻ മെല്ലെ മുറിയിലേക്ക് കടന്നു, ഇതിനകം മുറിയിലെ വിളക്കണഞിരുന്നു, താഴേ രണ്ട് പേർ ഇതിനകം ഉറക്കം പിടിച്ചിരുന്ന്, അവർക്ക് പുറത്ത് നടക്കുന്ന സിനിമയോ, ബഹളമോ ഒരു പ്രശ്നമായി തോന്നിയില്ല. അവൻ മെല്ലെ താഴെ മോഹനേട്ടൻ കൊടുത്ത വിരിപ്പു വിരിച്ചു, കിടന്നെങ്കിലും ഉറക്കം വന്നില്ല, നാടിനേ കുറിച്ചുള്ള ഓർമ്മകൾ അവനെ തേടിയെത്തി, തൻറെ മകൾ, ശ്രീദേവി അവൻറെ മനസ് അസ്വസ്തമായി , താൻ സ്വപ്ന ഭൂമിയാണെന്ന് കരുതി വന്നെത്തിപ്പെട്ടതു നരകത്തിലാണോ? അവൻ തിരിഞും മറിഞും കിടന്നു, തൊട്ടടുത്ത് കിടക്കുന്നയാൾ കൊടും മല കയറുന്ന ഊക്കത്തിൽ കൂർക്കം വലിക്കാൻ തുടങ്ങി, അവൻ കണ്ണിറുക്കി കിടന്നു, മെല്ലെ ഉറക്കം അവനെ തഴുകി തുടങ്ങി അപ്പോഴാണതു സംഭവിച്ചത്, പലയിടത്ത് നിന്നും രക്തദാഹികളായ ഒരു പറ്റം മൂട്ടകൾ അവനെ ആക്രമിക്കാൻ തുടങ്ങി, അവൻ മെല്ലെ മുറിയിൽ നിന്ന് പുറത്തിറങ്ങി, സിനിമ കണ്ട് കൊണ്ടിരുന്നയാൾ ചിരിച്ച് കൊണ്ട് ചോദിച്ച് ഉറങ്ങിയില്ല അല്ലെ? അവൻ ഒന്നും മിണ്ടിയില്ല .
മോഹനേട്ടൻ ദൂരെ ഒരു കസേരയിൽ അന്നത്തെ ക്വാട്ട അകത്താക്കി ചാരിയിരുന്നുറക്കമാണു, അവൻ ഒരാളുടെ വാച്ചിലേക്കെത്തി നോക്കി, സമയം 2.30 . നാലു മണിക്കെങ്കിലും ബാത്ത് റൂമിൽ കയറിയാലെ സമയത്ത് കാര്യങ്ങൾ നടക്കു എന്ന മോഹനേട്ടൻറെ ഓരമ്മപ്പെടുത്തൽ അവനെ അസ്വസ്തമാക്കി. സിനിമ അവസാനിച്ച് ഒരൊരുത്തരായി മുറിയിലെക്ക് മടങ്ങി തുടങ്ങി ചിലർ അപ്പോഴും വസ്ത്രങ്ങൾ അലക്കി കൊണ്ടിരുന്നു, വരാന്തയിലെ ട്യൂബ് ലൈറ്റ് അണഞു പകരം സീറോ ബൾബ് എരിയാൻ തുടങ്ങി, മോഹനേട്ടൻ കസേരയിൽ ചരിഞിരുന്നു കൂർക്കം വലി തുടങ്ങി, ഒരാൾ പ്രദീപിനെ നോക്കി ചിരിച്ചു കൊണ്ട് പറഞു, മോഹനേട്ടൻ എന്നും ഇങ്ങനെയാണു മൂപ്പർക്കു റൂമിൽ കട്ടിലുണ്ടെങ്കിലും അതിൽ മിക്കപ്പോഴും കിടക്കാറില്ല, എന്നും ഈ സമയത്ത് 3,4 അകത്താക്കി കിടക്കും, ഹും.... മുറിയിൽ പോയി കിടക്കാനും പറ്റില്ല, അത്രക്കു മൂട്ടയാണു.സ്വബോധത്തോടെ പലരും കിടക്കാറില്ല, അയാൾ പിറുപിറുത്തുകൊണ്ട്, മുറിയിലേക്കു കയറി, പ്രദീപ് മെല്ലെ തൊട്ടടുത്ത ഒഴിഞ കസേരയിൽ സ്ഥാനം പിടിച്ചു.
ശരീരത്തിൽ ആരോ പിടിച്ചുലച്ചെന്ന് തോന്നി ഞെട്ടിയുണർന്നപ്പോൾ തൊട്ടടുത്ത് മോഹനേട്ടൻ , അദ്ദേഹം പറഞു സമയം നാലുമണി എത്രയും പെട്ടെന്ന് കുളിച്ച് റെഡിയായില്ലെങ്കിൽ പിന്നെ ബാത്ത് റൂം ഒമ്പതു മണിക്കു ശേഷമേ കാലിയാകൂ, അവൻ , കണ്ണ് തിരുമ്മി ചാടിയെഴുന്നെറ്റു, ആളുകളെല്ലാം ഉണർന്നു തുടങ്ങിയിരിക്കുന്നു, താൻ അപ്പോൾ ഏകദേശം രണ്ട് മണിക്കൂറോളം കസേരയിൽ ഇരുന്നുറങ്ങിയെന്ന് അവനു മനസ്സിലായി, ബ്രഷ് വായിൽ തിരുകി, ബാത്ത് റൂമിലേക്കോടവേ ഒരാൾ തടുത്തു ആങ്യഭാഷയിൽ ക്യൂ പാലിക്കാൻ, അത് കേട്ട് മോഹനേട്ടൻ ഇടപെട്ടു, വിട്ടേക്കടാ ശശി അയാൾ പുതിയതാണു ഇവിടത്തെ ചിട്ടകൾ അറിയില്ലല്ലോ, അത് കേട്ട അയാൾ പ്രദീപിനെ ചുഴുഞെന്ന് നോക്കി കൊണ്ട് പറഞു ഇന്നത്തേക്കു വിടുന്നു, നാളെ മുതൽ ക്യൂവിൻറെ കാര്യം മറക്കേണ്ട, അയാൾ കുളി മുറിയുടെ വാതിൽ നിന്നൊഴിഞു കൊടുത്തു. ശരീരത്തിൽ ചൂട് വെള്ളം വീണപ്പോൾ പ്രദീപൊന്ന് പിടഞു, ജൂലൈ മാസത്തിലെ കടുത്ത ചൂടിൽ ടാങ്കിലെ വെള്ളമെല്ലാം തിളച്ച് കിടക്കുന്ന കാര്യം അവനറിയില്ലല്ലോ, അപ്പോഴാണു അവൻ പുറത്ത് ധാരാളം ബക്കറ്റുകളിൽ വെള്ളം നിറച്ച് വെച്ചിരിക്കുന്നഹ്റ്റിൻറെ പൊരുൾ മനസ്സിലാക്കിയതു, കുളിമുറിയുടെ വാതിൽ തുറന്നു മെല്ലെ തല വെളിയിലേക്കിട്ടു, അപ്പോൾ നേരത്തെ തന്നെ തടുത്തയാൽ ചിരിച്ചുകൊണ്ട് ഒരു ബക്കറ്റ് തണുത്ത വെള്ളം അവനു കൊടുത്ത് കൊണ്ട് പറഞു, കുളി കഴിഞാൽ വെള്ളം നിറച്ച് പുറത്ത് വെച്ചോള്ളു, അത് രാവിലെ എട്ട് മണിക്കു കുളിക്കുന്ന ആളുടേതാണു, അയാൾ അറിയേണ്ട.
പ്രദീപ് വേഗം കുളിച്ചു പുറത്തിറങ്ങി, ബക്കറ്റിൽ വെള്ളം നിറച്ചതു യഥാസ്ഥാനത്ത് വെച്ചു, ബാഗിൽ നിന്ന് വസ്ത്രം എടുത്തണ്ഞു. പഴയത് ബാഗിൽ തന്നെ തിരുകുമ്പോഴാണു നാട്ടിൽ നിന്ന് കൊണ്ടുവന്ന കത്തുകളെ കുറിച്ചോർത്തത്, അതെല്ലാം ഇനി പോസ്റ്റ് ചെയ്യണം, പലരും കത്ത് തരുമ്പോൾ പറഞതാണു ചെന്ന ഉടനെ പോസ്റ്റ് ചെയ്യുകയോ ആളെ നേരിൽ കണ്ട് കൊടുക്കകയോ വേണമെന്ന്, നാട്ടിലുള്ള പലരുടേയും വിചാരം, എല്ലാവരേയും കാണാമെന്നാണു, പോസ്റ്റ് ചെയ്യാനാണെങ്കിൽ കാശ് മോഹനേട്ടനോടിരക്കണം, തനിക്കും വീട്ടിലേക്കു കത്തയക്കണം. (അന്ന് ഇപ്പോഴത്തെ പോലെ ഫോണൊന്നും ഇല്ലാതിരുന്ന കാലമാണെന്ന് വായനക്കാർ പ്രത്യേകം ഓർക്കുക) . അവൻ കത്തുകളുമായി ചിന്തിച്ച് നിൽക്കുന്നതു സുലൈമാനിയുമായി വന്ന മോഹനേട്ടൻ കണ്ടു, അയാൾ പറഞു, നീ കത്തെല്ലാം അവിടെ വെക്കൂ, കട്ടൻ ചായ കുടിക്ക് കത്തെല്ലാം പോസ്റ്റ് ചെയ്യാൻ നമുക്കു വഴിയുണ്ടാക്കാം.
പ്രദീപ് ചിന്തിച്ചു, നാട്ടിൽ ഗൾഫ് മോഹൻ എന്നറിയപ്പെടുന്ന ഇദ്ദേഹം തനിക്കു തരുന്ന ഈ സൌകര്യങ്ങൾക്ക് കൂടിയാണോ കാശ് വാങ്ങിയതു. താൻ അന്ന് ഇയാളുടെ ബന്ധുവിൻറെ കയ്യിൽ കാശ് കൊടുക്കുമ്പോൾ മനം നൊന്തിരുന്നു, കിടപ്പാടം പണയപ്പെടുത്തിയ കാശ് , വിസ കിട്ടിയില്ലെങ്കിൽ അത്മഹത്യയേ നിവൃത്തിയൊള്ളെന്ന്. എന്നാൽ, ഇന്നാ മനുഷ്യനാണു തൻറെ മുൻപിൽ കട്ടൻ ചായയുമായി നിൽക്കുന്നത്. അവൻ ചായ കുടിച്ചെന്ന് വരുത്തി, “ നാട്ടിലാണെങ്കിൽ രാവിലെ ശ്രീദേവി നൽക്കുന്ന ഒരു കപ്പ് ചായക്കു പുറമേ, ജോലിക്ക് പുറപ്പെടുമ്പോൾ തൊട്ടടുത്ത് ശ്രീധരേട്ടൻറെ കടയിൽ നിന്ന് മറ്റൊരു കടുപ്പമുള്ള ചായ ക്കൂടി പതിവുണ്ട്. തൻറെ എല്ലാ ചിട്ടകളും മാറുന്നതായി അവനു തോന്നി, അവൻ സ്വയം ആശ്വസിച്ചു, എന്തായാലും ജോലി തുടങ്ങിയാൽ തൻറെ ചിട്ടകളെല്ലാം കൊണ്ട് വരാം എന്ന് മനസ്സിൽ കുറിച്ചു.
മോഹനേട്ടൻ തയ്യാറായിറങ്ങിക്കൊണ്ട് പറഞു, നമ്മുക്ക് വേഗം അറബിയെ കാണണം, അയാൾ, ഏഴ് മണിക്കു ജോലിക്കു പോകും മുൻപു അയാളെ കണ്ട് നിൻറെ പാസ്പോർട്ട് കൊടുക്കണം, പിന്നെ ജോലിനടക്കുന്ന സൈറ്റിലെ ഫോർമാനേയും കണ്ട് നിന്നെ കൂട്ടീയേൽപ്പിക്കണം, അവർ നിൻറെ ലേബർ കാർഡെല്ലാം ശരിയാക്കി തരും. സമയം അഞ്ചരയാകുന്നുള്ളുവെങ്കിലും, അന്തരീക്ഷത്തിൽ കടുത്ത ചൂടനുഭവപ്പെടാൻ തുടങ്ങി, മോഹനേട്ടൻ നന്നേ വിയർക്കുന്നുണ്ടെന്നു ഇട്ടിരിക്കുന്ന ഷർട്ടിൽ നിന്നൊഴുകുന്ന വിയർപ്പ് കണ്ടാലറിയാം എന്നാലും അദ്ദേഹം കൂസലില്ലാതെ നടക്കുന്നു, അവനാണെങ്കിൽ തൊണ്ടയെല്ലാം വരളാൻ തുടങ്ങി ഒരു തുള്ളി വെള്ളം കിട്ടിയെങ്കിൽ അവൻ ആശിച്ചു, തൻറെ മനം മനസ്സിലാകിയ പോലെ മോഹനേട്ടൻ തൊട്ടടുത്ത കടയിൽ നിന്ന് ഒരു മൌൻഡൻ ഡ്യൂ വാങ്ങിയവനു വെച്ചു നീട്ടി, പ്രദീപ് മോഹനേട്ടനെ നോക്കി, മോഹനേട്ടൻ പറഞു, എനിക്കു വേണ്ട, നിനക്കാണിതു വാങ്ങിയതു, അതു പറഞു അയാൾ ചുണ്ടിലേക്ക് ഒരു സിഗററ്റ് വെച്ചു. കടക്കാരനോട് എന്തോ പറഞു, സംസാരത്തിൽ നിന്ന് ഏതോ കാശിൻറെ കാര്യം ആണെന്ന് തോന്നി. അവർ അറബിയുടെ വീടിനെ ലക്ഷ്യമാക്കി നടന്നു, അധികം നടക്കേണ്ടി വന്നില്ല ഒരു കറുത്ത ഗൈറ്റിനു മുന്നിലെത്തി മോഹനേട്ടൻ കാളിംഗ് ബല്ലിൽ അമർത്തി. അല്പ നിമിഷത്തിനുള്ളിൽ ഒരല്പം തടിച്ചൊരാൾ ഗൈറ്റ് തുറന്നു അവരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, തലേന്നാൾ ടെലിവിഷനിൽ കണ്ട വേഷം വൃത്തിയായ വസ്ത്രധാരണം, കാണാൻ നല്ല അഴകേറിയ വട്ടമുഖം, അദ്ദേഹം അവരെ അഭിവാദ്യം ചെയ്ത് അകത്തേക്കാനായിച്ച്, മോഹനേട്ടൻ, പ്രദീപിനെ ചൂണ്ടി എന്തോ പറഞു, അവർ പറയുന്നതൊന്നും പ്രദീപിനു മനസ്സിലായില്ലെങ്കിലും, തന്നെ കുറിച്ചാണു അവർ സംസാരിക്കുന്നതെന്ന് അവനു മനസ്സിലായി, ആ മനുഷ്യൻ അവരെ വിശാലമായ ഒരു ഹാളിലേക്കാനയിച്ചു, വളരെ നന്നായി കാർപ്പെറ്റിനാൽ അലങ്കരിച്ച് ചുറ്റും കുഷ്യനുകളാൽ നിറഞ വിശാലമായ മുറി, അവർ പാദർക്ഷകൾ പുറത്തഴിച്ച് വെച്ച് മുറിക്കുള്ളിൽ പ്രവേശിച്ചു, ആദിഥേയൻ ഞങ്ങളെ ആനയിച്ചിരുത്തി അകത്തേക്കു കടന്നു പോയി. മോഹനേട്ടൻ പറഞു “ അതാണു നിൻറെ സ്പോൺസർ, നല്ല മനുഷ്യനാണു നന്നായി നിന്നാൽ നിനക്കുയരാൻ കഴിയും, അദ്ദേഹത്തിൻറെ ആദ്യപെരുമാറ്റത്തിലും അത് അവനു മനസ്സിലായിരുന്നു, അവനോർത്തു, തൻറെ നാട്ടിലായിരുന്നെങ്കിൽ ജോലി നൽകുന്ന മുതലാളിയുടെ വീട്ടിനകത്ത് ഒന്നു കടന്നിരിക്കാനോ, തന്നെ കൈപിടിച്ച് വീട്ടിനകത്ത് ആതിഥേയത്വം നൽകാനോ മുതിരില്ല, ഏതായാലും ഇവരുടെ സംസ്ക്കാരം, നാട്ടിൽ സിനിമയിൽ കണ്ടതിനു തിക്കച്ചും കടകവിരുദ്ധമായി പ്രദീപിനു തോന്നി.
അകത്തേക്കു കടന്നു പോയ അറബി വലിയൊരു താലവുമായി കടന്നു വന്നു, അവരോടൊപ്പം ഇരുന്നുകൊണ്ട്, താലത്തിലിരുന്ന പഴങ്ങൾ മുറിക്കാനും, മറ്റൊരു പാത്രത്തിൽ അടച്ച് വെച്ചിരുന്ന ഈന്ത പഴം കഴിക്കാൻ ആംഗ്യം കാണിച്ചു, മോഹനേട്ടൻ പ്രദീപിനോട് കണ്ണ്കാണിച്ച് കഴിച്ചോളാൻ, അവൻ ഒരു പഴം രുചിച്ച് നോക്കി, താൻ ഇതു കഴിക്കാറ് നാട്ടിൽ ഉത്സവപറമ്പുകളിൽ പനയോലയിൽ പൊതിഞ ചാക്കുകളിൽ പെടിയും, ഈച്ചയും ആർക്കുന്ന രൂപത്തിനായതിനാൽ അപൂർവ്വമായേ കഴിക്കാറുണ്ടായിരുന്നുള്ളു, മടിച്ച് മടിച്ച് കഴിക്കുന്നത് കണ്ട മോഹനേട്ടൻ പറഞു” ധൈര്യമായി കഴിക്കാം ഇതിവരുടെ പഥ്യാഹാരമായതിനാൽ വളരെ വൃത്തിയായി തന്നെ ഇതു സൂക്ഷിക്കുന്നു. പ്രദീപു ഒന്ന്, രണ്ടെണ്ണം കൂടി അകത്താക്കി, ഇതിനിടയിൽ മോഹനേട്ടൻ, അറബിയുമായി വാതൊരാതെ സംസാരിച്ചു കൊണ്ടിരുന്നു, പ്രദീപ് അത്ഭുതത്തോടെ നോക്കിയിരുന്നു, എങ്ങിനെ മോഹനേട്ടനു ഈ ഭാഷ ഇത്ര ഭംഗിയായി കൈക്കാര്യം ചെയ്യാൻ പറ്റുന്നതെന്ന് അസൂയയോടെ ഓർത്തു. ഇതിനിടെ അകത്ത് നിന്ന് പത്ത് വയസ്സോളം പ്രായമായ ഒരു ആൺക്കുട്ടി അകത്തേക്കു കടന്നു വന്ന് നല്ല ആകർഷകമായ വസ്തധാരണം, വന്നയുടനെ കുട്ടി ഞങ്ങൾ കൈതന്നു, താഴെ ഇരുന്ന് കൊണ്ട് മറ്റൊരു പാത്രത്തിലിരുന്ന വളരെ ചെറിയ കപ്പുകൾ വെള്ളത്തിലിട്ടിരുന്നതെടുത്ത് ഒരു ഫ്ലാസ്ക്കിൽ ഇന്നു ആ കപ്പുകളിലേക്കു ചായപോലുള്ളതൊന്ന് പകർത്താൻ തുടങ്ങി, പ്രദീപ് ആലോചിച്ചു, ഇവരെങ്ങിനെ ഈ വളരെ ചെറിയ കപ്പിൽ ചായ കുടിക്കുന്നത് !!!! നാട്ടിൽ രാവിലെ ചായ കുടിക്കുന്നത് ഒരു ഗ്ലാസ്സ് നിറയെയാണ്. കുട്ടി കപ്പുകൾ ഓരോന്നായ് നിറച്ച് ആദ്യം വലതു വശത്തിരിക്കുന്ന അറബിക്ക് നീട്ടി അദ്ദേഹം ആംഗ്യത്തിൽ മോഹനേട്ടനെ കാണിച്ചു, പയ്യൻ മോഹനേട്ടനു നേരെ നീട്ടിയെങ്കിലും, മോഹനേട്ടൻ പയ്യനോട് പറഞു, ആദ്യം വലതു വശം എന്ന് പയ്യൻ തിരികെ അറബിക്കു തന്നെ കൊടുത്തു, അദ്ദേഹം അതു വാങ്ങി, പിന്നെ, അടുത്തത് മോഹനേട്ടനു കൊടുത്ത് അടുത്തതു, പ്രദീപിനു നേർക്കു നീട്ടി, അവൻ അതു വാങ്ങി വായിലേക്കു ഒഴിച്ചതേയുള്ളു, കയ്പ്പിനാൽ അവനു ഛർദ്ദിക്കാൻ വന്ന്, അത് മനസ്സിലാക്കിയ മോഹനേട്ടൻ അവൻറെ കാലിൽ ശക്തിയായ് അമർത്തിക്കൊണ്ട് ശബ്ദം താഴ്ത്തികൊണ്ട് പറഞു, ഇത് കാഹ്വ്വ എന്ന സാധനമാണു ചായയല്ല ഇതിൽ മധുരം ഇടില്ല, നാം കഴിക്കുന്ന ഈന്ത പഴത്തിൻറെ അധിമധുരത്തെ അല്പം ശമിപ്പിക്കാനാണു ഇതു കഴിക്കുന്നത്, ഇതു അറബികളുടെ ശീലമാണു. നിനക്ക് കൈപ്പ് കൂടുതൽ തോന്നുന്നെങ്കിൽ ഒരു ഈത്തപ്പഴം എടുത്ത് വായിൽ വെച്ചോള്ളു, അവൻ ഒരു ഈത്തപ്പഴം എടുത്ത് വായിലിട്ടതു കണ്ട്, അറബി ചിരിച്ച് കൊണ്ട് മോഹനേട്ടനോടെന്തോ പറഞു, അവർ വീണ്ടും ആ പാനിയം ഒന്ന് രണ്ട് പ്രാവശ്യം കൂടി നുണഞു, പയ്യൻ പ്രദീപിനെ നോക്കി വീണ്ടും ഒഴിക്കാൻ ആംഗ്യം കാണിച്ചു, പിതാവു മകനെ മുടക്കി പയ്യൻ താലവുമായി അകത്തേക്കു പോയി.
അറബി മോഹനേട്ടനിൽ നിന്ന് തൻറെ പാസ്പോർട്ട് വാങ്ങി എന്തെല്ലാമൊ പറഞു, അറബി അവർക്ക് വീണ്ടും കൈത്തന്നു. പ്രദീപും, മോഹനേട്ടനും അവിടെ നിന്നിറങ്ങി നേരെ പോയത് കുറച്ചകലെ നടക്കുന്ന കെട്ടിട നിർമ്മാണസ്ഥലത്തെക്കാണു, മോഹനേട്ടൻ പറഞു അവിടത്തെ ഫോർമാൻ, മലയാളി അല്ല കേട്ടോ അയാൾ ഒരു രാജസ്ഥാനിയാണു എന്നു വെച്ച് പേടിക്കേണ്ട അവിടെ മലയാളികളുണ്ട് നീ ഭാഷ പഠിക്കുന്നത് വരേക്കും അവരോട് കാര്യങ്ങൾ പറഞാൽ അവർ അയാളോട് പറയും.
മോഹനേട്ടൻ, രാജസ്ഥാനിക്കു പ്രദീപിനെ പരിചയപ്പെടുത്തി , അയാൾ ചിരിച്ചുകൊണ്ട് അവനു കൈകൊടുത്തു.
പിന്നീടവർ പോയതു നേരെ തൊട്ടടുത്തുള്ള പോസ്റ്റാഫീസിലേക്കാണു അവൻ കൊണ്ടു വന്ന കത്തുകളെല്ലാം സ്റ്റാമ്പ് വാങ്ങി ഒട്ടിച്ച് പോസ്റ്റ് ചെയ്തു, കൂട്ടത്തിൽ കുറച്ച് സ്റ്റാമ്പ് വാങ്ങി അവനു കൊടുത്ത് കൊണ്ട് പറഞു ഇതു ഓരോന്നും നാട്ടിലേക്ക് കത്തയക്കുമ്പോൾ ഒട്ടിക്കുക. ഇതു നൂറ് ബൈസ വരുന്നതാണു. (ആയിരം ബൈസ ചേർന്നതാണു ഒമാനിൽ ഒരു റിയാൽ എന്നറിയപ്പെടുന്നതു). തൊട്ടടുത്ത കടയിൽ നിന്ന് ഒരു ലെറ്റർ ഹെഡും, ഒരു പാക്കറ്റ് കവറും വാങ്ങി തന്നു കൊണ്ട് വീണ്ടും അവർ താമസിക്കുന്ന മുറിയിൽ എത്തി, താമസിക്കുന്നിടത്തെ ബഹളം എല്ലാം ഒഴിഞതായി തോന്നി, ഒന്ന് രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ജോലിക്ക് പോയി കഴിഞിരുന്നു, മോഹനേട്ടൻ , പറഞു, നാട്ടിലേക്കു നീ കത്തെഴുതിക്കോള്ളൂ, ആരെങ്കിലും നാട്ടിൽ പോകുന്നവരുണ്ടോയെന്ന് ഞാൻ നോക്കട്ടെ ഇല്ലെങ്കിൽ നമ്മുക്കു കത്ത് പോസ്റ്റ് തന്നെ ചെയ്യാം. പ്രദീപ് കത്തെഴുതാനായ് ഒരു മൂലയിലേക്കൊതുങ്ങി. മോഹനേട്ടൻ ഒരു നോട്ടുബുക്കുമായ് പുറത്തക്കിറങ്ങി.
പ്രദീപ് അടുത്ത ദിവസം മുതൽ ജോലിക്ക് പോകാൻ തുടങ്ങി, ഒരാഴ്ചക്കുള്ളിൽ അവൻ പണി നടക്കുന്ന കെട്ടിടത്തിനടുത്ത് താൽക്കാലികമായ് ഉണ്ടാക്കിയ പ്ലൈവുഡ് ഷേഡ്ഡിലേക്ക് സ്ഥലം മാറി, അവിടെ യുള്ള മലയാളികളുമായി ചങ്ങാത്തിലായി. മോഹനേട്ടൻ ഇടക്കിടെ വന്ന് തന്നെ ക്കുറിച്ച് തിരക്കി പോകും.
നാളുകൾ പൊഴിഞു കൊണ്ടിരുന്നു, ഗൾഫിലെ സ്വർണ്ണം വിളയുന്ന നാടെന്ന തൻറെ മനസ്സിലെ സ്വപ്നം ഒന്നൊന്നായി പൊലിഞു കൊണ്ടിരുന്നതു അവനറിഞു, എന്നാൽ അവനെല്ലാം മനസ്സിലെതുക്കി, കത്തെഴുതുമ്പോൾ തനിക്ക് പരമ സുഖമാണെന്ന് മാത്രം ശ്രീദേവിക്കെഴുതി, താൻ കടുത്ത ചൂടിൽ പ്ലൈവുഡ് ഷെഡ്ഡിൽ രാവും പകലും, വിയർപ്പിൽ കുളിച്ച്, രാത്രിയിൽ അല്പം കാറ്റേറ്റ് ചൂടുള്ളതാണെങ്കിലും ഉറങ്ങാൻ തുടങ്ങുമ്പോൾ മൂളി പാട്ടുമായെത്തുന്ന കൊതുകളുടെ ഇടയിൽ രാവുകൾ ശരിയായ ഉറക്കമില്ലാത്തതാക്കുമ്പോൾ തൻറെ കൂടെ പണി ചെയ്യുന്ന പലരും , ചെറിയ കുപ്പികളിൽ ലഭിക്കുന്ന മാരക വിഷം കലർന്ന വില കുറഞ മദ്യം അകത്താക്കി ബോധമറ്റുറങ്ങുമ്പോൾ , ഒരിക്കലും മദ്യമോ , പുകവലിയോ ശീലിച്ചിട്ടില്ലാത്ത അവനും ഓർത്ത് പോയി തനിക്കും അവരെ പോലെ ഉറങ്ങണമെങ്കിൽ ഇവരെ പോലെ ആകേണ്ടി വരുമോയെന്ന് വ്യാകുലപ്പെട്ടു.
പ്രദീപെത്തിയിട്ട് ഇപ്പോൾ ആറു മാസത്തിലേറെയായി, അവൻ നല്ല ജോലിക്കരനാണെന്ന് അറബിക്കും മനസ്സിലായി, ആയിടെയാണു രാജസ്ഥാനി ഫോർമാൻ നാട്ടിൽ അവധിക്കു പോയതു, പ്രദീപിനെ പണി സ്ഥലത്തെ മേധാവിയായ് വാഴിച്ചു, അവൻ മെല്ലെ മാറുകയായിരുന്നു, അവനും ഗൾഫ് ജീവിത ശീലങ്ങളിലേക്കു വഴുതി മാറി കൊണ്ടിരുന്നു, ഇപ്പോൾ പുതിയ സൈറ്റു തുടങ്ങി, അവർക്ക് താമസിക്കാൻ ഏസിയൊന്നുമില്ലെങ്കിലും, പ്ലൈവുഡിനു പകരം താബൂക്കിനാൽ ( സിമൻറ് കട്ട) നിർമ്മിച്ച രണ്ട് മുറിയും, ഒരടുക്കളയും, ഒരു കക്കൂസും, കുളിമുറിയോട് കൂടിയ വിശാലമായ കോമ്പൌണ്ടോടുക്കൂടിയ ഒരു വീട് ശരിപ്പെറ്റുത്തി കൊടുത്തു അറബി. രാവിലെ ആറ് മണിക്കു ഒരു ചായയുടെ ബലത്തിൽ പണിസ്ഥലത്തെക്കു പോകുന്നു, പത്ത് പത്തരയോടെ തൊട്ടടുത്ത കടയിൽ നിന്ന് ഒരു പെപ്സിയും, കേക്കും, മൂന്ന് മണിക്ക് പണി കഴിഞു വരുമ്പോൾ കുറച്ച് തൈരുമായി വരികയും, വന്നയുടനെ ചോറു പാകം ചെയ്യുന്നതൊടൊപ്പം ഫ്രീസറിൽ മരവിച്ചിരിക്കുന്ന മത്തി അരിഞ് വൃത്തിയാക്കി വറചട്ടിയിലേക്കെറിയുന്നു, മത്തി വറുത്തതും, ഉപ്പു ചേർത്ത് തൈരുമായ് ഉച്ച ഭക്ഷണം , പിന്നെ, വിശാലമായ ഉറക്കം, ഏഴുമണിക്ക് ഉറക്കമുണർന്നാൽ , നേർത്തെ ഫ്രിഡ്ജിൽ കരുതിയ ഒരു കോഴിയോ, ബീഫോ പാകം ചെയ്യുന്നു, (കൂടെയുള്ള ചിലർ മെസ്സിൽ ഉള്ളതിനാൽ ഓരോ ദിവസങ്ങൾ മാറിമാറിയാണു പാചക ചുമതല) പിന്നെ, പുറത്തേക്കു ഒരു കറക്കം, തിരികെ വരുമ്പോൾ അവന്റെ കയ്യിൽ ഒരു പെപ്സി, ഒരു ചെറിയ കുപ്പി, രാത്രി കഴിക്കാനുള്ള ലെബനാൻ റൊട്ടി, ഒരു പാക്കറ്റ് ഗോൾഡ് ലീഫ് സിഗററ്റ്, കർണ്ണാടകയിൽ ഉല്പാദിപ്പിക്കുന്ന മുപ്പത്തിമൂന്നാം നമ്പർ ബീഡി, പിന്നെ ഒരു വീഡിയോ കാസറ്റ്.
മുറിയിലെത്തിയാൽ ആദ്യം സിനിമ കാണുന്നു, അതിനിടെ ഭക്ഷണം, ക്കുടെ ചെറിയ കുപ്പിയിലെ വിഷദ്രാവകവും പെപ്സിയിൽ ചേർത്ത് മോന്തുന്നു, ചൂട് കാലാവസ്ഥയാണെങ്കിൽ പുറത്തേക്ക് വിശാലമായ കോമ്പൌണ്ടിനുള്ളിൽ നിരത്തിയിട്ടിരിക്കുന്ന കട്ടിലിലേക്കു വീഴുന്നു, ചൂട്കാറ്റിൻറെ കാഠിന്യമറിയില്ല, മൂളിപ്പാട്ടുമായടുക്കുന്ന കൊതുകിൻറെ ആരവങ്ങളറിയില്ല, ഒന്നുമറിയാതുള്ള ഉറക്കം, അവനറിയാതെ അവനിലേക്കു മാരകമായ രോഗം ഇഴഞു കയറുന്നതവനറിയാതെ കാലം അതിൻറെ പാച്ചിൽ തുടരുകായിരുന്നു.
പ്രദീപ് പല പ്രാവശ്യം നാട്ടിൽ പോയി മടങ്ങി, ഓരൊ പ്രാവശ്യം അവൻ നാട്ടിലെത്തുമ്പോഴും, ശ്രീദേവിക്കും, കുട്ടികൾക്കും (ഇന്നവനു മക്കൾ രണ്ട് പേർ, മിനിക്കുട്ടി വളർന്നു അവൾ പ്ലസ് ടൂവിനു പഠിക്കുന്നു, ഇളയ പുത്രൻ ആറിലും) നല്ല വസ്ത്രങ്ങൾ സമ്മാനിച്ചെങ്കിലും, അവർ സംതൃപ്തരല്ല, കാരണം, പ്രദീപിലെ പുതിയ മാറ്റങ്ങൾ, നിറുത്താതെയുള്ള പുകവലി ശീലം, കൂടെ മദ്യപാനം, ഗൾഫിൽ നിന്ന് ആദ്യമെല്ലാം വരുമ്പോൾ വൈകുന്നേരങ്ങളിൽ പുറത്ത് പോയി കുടിച്ചു വരുമായിരുന്ന ആൾ , ഈയ്യിടെയായി, വീട്ടിലും മദ്യപാനം ആരംഭിച്ചു, അതും മിക്കവാറും എല്ലായിപ്പോഴും. പഴയ ഉണ്മേഷമില്ലായ്മ ആളെ ആകെ മാറ്റി മറിച്ചു.
ഇപ്രാവശ്യം നാട്ടിൽ നിന്നവൻ മടങ്ങിയെത്തിയതു വല്ലാത്ത ശാരീരിക തളർച്ചയോടെയായിരുന്നു ജോലിയിലുള്ള പഴയ താല്പര്യം ഇല്ലാത്തതിനാലും, എപ്പോഴും മദ്യപാനിയായതിനാലും, അറബിക്ക് അവനിലുണ്ടായിരുന്ന പ്രീതിയും കുറഞുവന്നു. ഇപ്പോൾ മറ്റൊരു ഫോർമാൻ കൂടി അവനു പകരമായെത്തുകയും ചെയ്തു, അവനതോടെ മദ്യപാനം കൂടുകയും ചെയ്തു.
മറുഭാഗത്ത്, പ്രദീപിനെ കൊണ്ടുവന്ന മോഹനേട്ടനും മറിച്ചല്ലായിരുന്നു, അയാളും, മദ്യത്തിനു കീഴ്പ്പെട്ടിരുന്നു, അയാൾ നടത്തിയിരുന്ന സ്ഥാപനവും, നാശത്തിലേക്കു കൂപ്പ് കുത്തി തന്നെയുമല്ല അയാൾക്ക് മലയാളികൾക്കിടയിൽ നടത്തിയിരുന്ന കുറിയും, പലിശക്കു കൊടുത്തിരുന്ന പല ഇടപാടുകളും പൊളിഞു, അയാൾ ഇന്നേറെ കടക്കാരനാണു, നാട്ടിലും, ഗൾഫിലും, പഴയ ഗൾഫ് മോഹനനെന്ന പേരെല്ലാം അവസാനിച്ചു.
ഒരു നാൾ പ്രദീപിനെ അറബി പായ്ക്ക് ചെയ്തു. ഇന്നയാൾ മുഴുക്കുടിയനായ് , ജോലിയൊന്നും ചെയ്യാനാകാത്ത വിധം അവശനും, കരൾ രോഗത്താൽ രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയിലാണു, മകളുടെ പഠിപ്പ് ഇടക്കു വെച്ച് നിറുത്തി മകൻ സർക്കാർ കാരുണ്യത്താൽ പഠിക്കുന്നു. ശ്രീദേവി സ്ത്രീശക്തി വഴി കിട്ടിയ ചെറിയ ജോലിയാൽ കുടുംബത്തെ പട്ടിണിയില്ലാതെ തള്ളി നീക്കുന്നു.
****** ഗൾഫ് കാരായ പലരുടേയും കഥ ഇവിടെ തീരുന്നില്ല.... അതു തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇതിലെ പ്രദീപും, മോഹനേട്ടനും (പേരുകൾ എല്ലാം സാങ്കൽപ്പികമാണെങ്കിലും, ) ഈ രണ്ട് വ്യക്തികളും യാഥാർത്ഥ്യമാണു, ഇതിൽ മോഹനേട്ടനെന്ന് ഞാൻ പറഞ വ്യക്തി ജീവിതത്തിലെ കടഭാരത്താലും, അമിതമദ്യപാനം നൽകിയ മാനസിക വിഭ്രാന്തിയാലും ഒരു നാൾ ഒമാനിൽ തന്നെ തൻറെ മുറിയിൽ ഫാനിൽ ജീവിതം ഹോമിച്ചു.
പ്രദീപെന്ന കഥാപാത്രം (പേരു വേറേയാണു) തെരുവിൽ ഒരു തുള്ളി മദ്യം വാങ്ങാനായി ജനങ്ങളോടിരക്കുന്നു. ഇതു പോലെ എത്ര പ്രദീപുമാർ പ്രവാസികൾക്കിടയിൽ ജീവിക്കുന്നു, എന്നിട്ടും മദ്യപാനം നല്ലതാണെന്ന് വാദിക്കുന്നവരുടെ മുൻപിലേക്കു ഞാൻ കഥ സമർപ്പിക്കുന്നു. ഇനിയെങ്കിലും നിങ്ങൾ തീരൂമാനിക്കു മദ്യം നന്മയോ , ദോഷമോ?
2 comments:
Dear kuttikka
congratulation
i dont think you are a writer ,like this.
dont stop your writing.
wish you good luck
your
apa kader arakkal
thank you my dear
Post a Comment