Monday, January 9, 2012

പൊന്നിൽ കുളിക്കുന്ന വിവാഹങ്ങൾ - ലേഖനം

നാം പത്ര ദൃശ്യ, ശ്രവണ, സൈബർ മാധ്യമങ്ങളിലൂടെ പല പ്രാവശ്യം കാണുകയും, കേൾക്കുകയും, ധാരാളം ചർച്ച ചെയ്യുകയും പലരും പല ശപഥങ്ങൾ വരെ ചെയ്യുകയും ചെയ്ത ഒരു വിഷയമായ വിവാഹ ദൂർത്തെന്ന മാറാവ്യാധിയെ കുറിച്ച് , എന്നിട്ടും, നമ്മുടെ സമൂഹം ഇനിയും ഉണർന്നിട്ടില്ലെന്ന് മാത്രമല്ല പതിന്മടങ്ങ് ആ തീരാശാപം പാവപ്പെട്ടവൻറെ മുഖത്ത് നോക്കി പല്ലിളിച്ചു കൊണ്ടിരിക്കുന്നു.
 പണത്തിനു മുകളിൽ പരുന്തും പറക്കില്ലെന്ന് പറഞ്ഞ പോലെ നമ്മുടേ വിജിലൻസും മറ്റു വിഭാഗങ്ങളും കള്ളപ്പണം അവിടെ പിടിച്ചു, ഇവിടെ പിടിച്ചു എന്നെല്ലാം പത്രദ്വാര നമ്മെ അറിയിച്ചാലും, വമ്പന്മാരായ ഈ ധൂർത്തന്മാർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കില്ലെന്ന് കഴിഞ്ഞ ദിവസം എനിക്കനുഭവപ്പെട്ടു. ആ കഥയല്ല, ആ യാഥാർത്ഥ്യം നിങ്ങളെ ഞാൻ അറിയിക്കാൻ ആഗ്രഹിക്കുന്നു.
     സംസ്ക്കാരവും വിദ്യാസമ്പന്നരും, സർവ്വോപരി പാവപ്പെട്ടവർക്കൊപ്പം നിന്നു ലോക ചരിത്രത്തിൽ തന്നെ ആദ്യമായി രഹസ്യ ബാലറ്റിലൂടേ ഒരു കമ്മ്യൂണിസ്റ്റ് കാരനെ ജയിപ്പിച്ച ഒരു നാടായി ഞാൻ ഊറ്റം കൊള്ളുന്ന കൊടുങ്ങല്ലൂരിൻറെ മണ്ണിൽ തന്നെ പാവപ്പെട്ടവരെ വെല്ലു വിളീക്കുന്ന രൂപത്തിൽ ഒരു വിവാഹ നിശ്ചയം, പൊന്നിൽ കുളിപ്പിക്കുന്ന  ഒരു വിവാഹം എന്നും പാവങ്ങളോട് അനുകമ്പ കാട്ടുന്ന ചില നല്ല മനസ്സുകളെ വല്ലാതെ വേദനിപ്പിച്ചതിനാൽ ആ ചടങ്ങിൽ ക്ഷണിക്കപ്പെട്ടിട്ടും പ്രതിക്ഷേധത്താൽ അനേകം വിട്ടു നിന്ന് അവരോട് പ്രതിക്ഷേധം കാണിക്കുകയായിരുന്നു.
      വെറും ബി.ഡി.എസ് ബിരുദധാരിയായ ഒരു പെൺക്കുട്ടിക്ക് അതേ ബിരുദധാരിയായ ഒരു വരൻ , ഇവരുടെ വിവാഹ നിശ്ചയ ച്ചടങ്ങിനു പെൺ വീട്ടുകാർ പച്ച പരവധാനി വിരിക്കാനും, പന്തലൊരുക്കാനും എട്ട് ലക്ഷം രൂപ ചില വഴിപ്പിച്ചപ്പോൾ, ബൊഫേയെന്ന കൂതറ പരിപാടിക്കു ഒരു പ്ലേറ്റിനു ചെലവഴിച്ചത് 800 രൂപയും, ഇനി ബിരുദധാരിക്ക് സ്ത്രീധനമായി കൊടുക്കാനുറപ്പിച്ച പൊന്നിൻറേ തൂക്കം അറിയേണ്ട!!!!പത്ത് കിലോ ( 1250 പവൻ). ഇതിനു പുറമേ എന്തെല്ലാം കൊടുക്കുന്നതെന്ന് അരമന രഹസ്യം. ഇതിലേറേ രസകരമായ മറ്റൊന്ന് കൂടി പറയാതിരിക്കാൻ വയ്യ, ചെറുക്കൻ വീട്ടുകാർ പെൺ വീട്ടിലെത്തി പെൺക്കുട്ടിക്ക് ഒരു മാല ധരിപ്പിക്കുന്നത് ലോകത്തെ വിളിച്ചറിയിച്ചതിനു പതിനായിരങ്ങൾ വില വരുന്ന കരിമരുന്ന് പ്രയോഗത്തിലൂടെ, പ്രദേശത്തെ ആകാശത്തെ കൂരിരുളിൽ ആകാശ വിസ്മയങ്ങൾ ഒരുക്കിയപ്പോൾ തൊട്ട് അയൽ വീടുകളിൽ ഒരു രാത്രി ഭക്ഷിക്കാനില്ലാതെ വയറ് മുറുക്കി കെട്ടിയവരുടെ നാട്, ഈ നാട്ടിൽ പാവങ്ങളോടുള്ള ഈ വെല്ലുവിളികൾ കണ്ട് മനം നൊന്ത ഞാൻ അവർക്കെതിരിരെ ഒന്നും ചെയ്യാൻ കഴിയാതെ നിർന്മേഷനാകേണ്ടി വന്നാലും, ഇങ്ങനെ എൻറെ തൂലികയിലൂടെയെങ്കിലും എൻറെ വികാര വിക്ഷോഭം പ്രകടിപ്പിക്കാതെ വയ്യ. ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ച മറ്റൊരു വികാരം, കഴിഞ്ഞ ദിവസം രാവിൽ ഇത് സംഭവിച്ചെങ്കിൽ അതിനടുത്ത ദിവസം നട്ടുച്ചക്ക് എൻറെ വീട്ടിലേക്ക് സഹായം അഭ്യർത്ഥിച്ച് വന്ന ഒരു പാവം വയസ്സായ സ്ത്രീയുടെ അവസ്ഥ കണ്ട് സത്യത്തിൽ ഞാൻ പൊട്ടിക്കരഞ്ഞില്ലെന്നേയുള്ളു, ആ സ്ത്രീയുടെ മകൾ ഒരു കിഡ്നി തകർന്ന് ആശുപത്രിയിൽ, ഈ വയസ്സായ സ്ത്രീക്കു യൂറിക്കാസിഡ് കൂടിയതിനാൽ നടക്കാൻ വയ്യാതെ അവരും ആശുപത്രിയിൽ , മകളെ ചികിത്സിക്കാൻ വകയില്ലാതെ, ആശുപത്രിയിൽ അഡ്മിറ്റായ ആ അമ്മ മകൾക്ക് വേണ്ടി വേച്ച് വേച്ച് നടന്നു കൊണ്ട് പണം സ്വരൂപിക്കാനായി ആശുപത്രി കിടക്കയിൽ നിന്ന് ഇറങ്ങി നടക്കുന്നത് കണ്ടാൽ ഏത് ഹൃദയമില്ലാത്തവൻറേയും മനസ്സൊന്നുലയും, അവർക്ക് എന്നാൽ, കഴിയുന്ന സഹായം ചെയ്യുന്നതോടൊപ്പം വഴിയെ പോയ മറ്റൊരു സുഹൃത്തിനെ കൊണ്ടും സഹായം നൽകിക്കാൻ എനിക്ക് കഴിഞ്ഞു, ഞാൻ അത് ചെയ്തപ്പോൾ അവർ പൊട്ടിക്കരഞ്ഞ് കൊണ്ട് ഞങ്ങൾക്കായി പ്രാർത്ഥിക്കുകയായിർന്നു. ഇത്തരം സംഭവങ്ങൾ അരങ്ങേറുന്ന ഒരു പ്രദേശത്ത് വെറും വിവാഹത്തിനായി പൊടി പൊടിക്കുന്ന തുകയിൽ ഒരല്പമെങ്കിലും ദാനം നൽകാൻ അവർക്ക് കഴിഞ്ഞില്ലല്ലോയെന്ന് വ്യഥയോടെ ഞാൻ സ്മരിക്കുന്നു. മനുഷ്യർക്കെല്ലാവർക്കും രക്തം ഒരു നിറമായിരുന്നിട്ടും സമൂഹത്തിൽ നടമാടുന്ന ഈ കൂത്ത് കണ്ട് ഒരു നിമിഷമെങ്കിലും സർവ്വശക്തനോട് പക തോന്നിയോ.... ഇല്ല ഞാൻ അങ്ങനെ കരുതുന്നവനല്ല കാരണം, ഞാൻ പഠിച്ച പാഠം അങ്ങനെയല്ലെന്ന് എൻറെ മനസ്സ് പറഞ്ഞു, കാരണം ചിലർക്ക് ദൈവം അവരെ പരീക്ഷിക്കാനായി വാരിക്കോരി നൽകും എങ്ങനെ അവൻ ഭൂമിയിൽ വർത്തിക്കുന്നു എന്നറിയാൻ, മറ്റു ചിലരെ രോഗം കൊണ്ടും, ധനം നൽകാതേയും അവരുടെ ക്ഷമ പരീക്ഷിക്കും അതിൽ വിജയിയാകുന്നവർക്കാണു പരമായ നേട്ടമെന്ന് ഞാൻ മനസ്സിലാക്കിയതിനാൽ, ആ പണക്കാരായ ദൂർത്തന്മാർക്ക് നല്ല ബുദ്ധി തോന്നാനായി ഞാൻ പ്രാർത്ഥിക്കുന്നു. എൻറെ പ്രാർത്ഥന, അല്ല ഒരു കൂട്ടം സുമനസ്സുകളുടെ പ്രാർത്ഥന കൊണ്ടെന്തോ രാത്രിയിലെ ഈ ദൂർത്തിൽ മനം നൊന്ത പലരും പാർട്ടിയിൽ പങ്കെടുക്കാത്തതിനാൽ ഒരുക്കിയ വിഭവങ്ങൾ ധാരാളം ബാക്കി വരികയും അത് റോഡിലൂടെ പാഞ്ഞ് പോകുന്ന വാഹനങ്ങളെ എല്ലാം തടഞ്ഞ് നിർത്തി വിതരണം ചെയ്യേണ്ടി വന്നു, ഒന്നാശ്വസിക്കാം ആ വിഭവങ്ങൾ കുഴിച്ച് മൂടിയില്ലല്ലോയെന്ന്, ഒരു പക്ഷെ ആ ധനികർക്ക് അത് വിഷയമല്ലായിരിക്കാം എന്നാൽ, കാറ്ററിംഗ് തൊഴിലാളികൾ ബാക്കി വന്ന ഭക്ഷണം തിരികെ ചുമക്കേണ്ടി വരുമോയെന്ന് ഭയന്നാകാം അങ്ങനെ നൽകിയതെന്നും അരമന രഹസ്യം അങ്ങാടി പാട്ട്.
   എന്തായിരുന്നാലും, എനിക്കൊരിക്കലും ഈ ദൂർത്തിനോട് യോജിക്കാൻ കഴിയാത്തതിനാൽ ഈ വിവാഹ ക്ഷണം എനിക്ക് വന്നാലും ഞാൻ പങ്കെടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചാണു അന്ന് ഞാൻ ഉറങ്ങിയത്.





















Abk Mandayi Kdr

Create your badge

Tuesday, January 3, 2012

ആദർശ്ശങ്ങൾ ശരിയും തെറ്റും - ലേഖനം

ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത് കഴിഞ്ഞ ഡിസം മ്പർ 28 - 2011 നു മാധ്യമം തൃശ്ശൂർ എഡിഷനിൽ വന്ന ഒരു വാർത്തയാണു. വാർത്തയുടെ രത്നചുരുക്കം ഇതാണു മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി എന്നാൽ, പെൺക്കുട്ടിയുടെ വിദ്യാഭ്യാസം കഴിയുന്നത് വരേക്കും വിവാഹം കഴിക്കാതെ പെൺക്കുട്ടിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്ന മഹാൻ ഒരു സുപ്രഭാതത്തിൽ മറ്റൊരുവളെ വിവാഹത്തിനൊരുങ്ങിയെന്നാണു പത്രവിവരണം.
        നമ്മുടെ നാട്ടിൽ കുറച്ച് കാലങ്ങളായി തുടരുന്ന ഒരു കീഴ്വഴക്കമാണു, വിവാഹാലോചനകൾ തുടങ്ങി പെൺക്കുട്ടിയും, ചെറുക്കനും കണ്ടിഷ്ടപ്പെട്ട് തുടങ്ങുന്നതിൻറെ പിറ്റേന്ന് മുതൽ പരസ്പരം പരിചയപ്പെടുകയെന്ന ഓമന പേരിൽ ടെലഫോൺ സംഭാഷണങ്ങൾ ആരംഭിക്കുകയായി, വെറും ഒരു പരിചയപ്പെടലെന്ന് മാതാപിതാക്കൾ കരുതുന്ന ഈ ഫോൺ സല്ലാപങ്ങൾ പലപ്പോഴും രാവിൻറെ ഏകാന്തതയിൽ മണിക്കൂറുകളോളം നീളുന്നത് പല മാതാപിതാക്കളും ഉറക്കത്തിൻറേ അഗാധതയിൽ അറിയുന്നില്ല, അല്ലെങ്കിൽ അറിഞ്ഞും അറിഞ്ഞില്ല എന്ന് നടിക്കുന്നു, ഇവരുടെ സങ്കൽപ്പത്തിൽ വിവാഹം ഉറപ്പിച്ച കുട്ടികളുടെ സംഭാഷണത്തിൽ ഒരു കട്ടുറുമ്പാകേണ്ടയെന്ന സദുദ്ദേശമായിരിക്കാം. എന്നാൽ, ഇവർ മറന്ന് പോകുന്ന ഒരു പ്രധാന കാര്യമുണ്ട് ആധുനിക കാലഘട്ടത്തിൽ പരസ്പരം നൽകുന്ന പല വാക്കുകളും ലംഘിക്കപ്പെടുന്നു, അതിനു ന്യായീകരണങ്ങൾ പലതും നിരത്തി വാക്ക് പറഞ്ഞുറപ്പിച്ച പല ബന്ധങ്ങളും ഇല്ലാതാവുന്നത് നാം പലരും കണ്ട് കൊണ്ടിരിക്കുന്നു.
    പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരാകാൻ സന്നദ്ധരാകുന്നവർ ഫോണിലൂടെ അല്പം പരിചയപ്പെട്ടാൽ ആകാശമൊന്നും ഇടിഞ്ഞു വീഴില്ലെന്നും, പുതുയുഗത്തിൽ വിവാഹിതരാകാൻ പോകുന്നവർ പരസ്പരം അറിഞ്ഞതിനു ശേഷം വിവാഹം കഴിക്കുന്നതാണു ഉത്തമമെന്നും, അതിനെതിരു നിൽക്കുന്നവർ പിന്തിരിപ്പന്മാരെന്നും പറയുന്നവർ ധാരാളം കാണുന്നുണ്ട്. അത് കേട്ട് തലകുലുക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ധാരാളം. എന്നാൽ, ഇതിനെ അനുകൂലിക്കുന്നവർ ഇത്തരം ടെലിഫോൺ സംഭാഷണങ്ങൾ കഴിഞ്ഞു ഒരു സുപ്രഭാതത്തിൽ വിവാഹിതനാകാൻ ഉദ്ദേശിച്ച യുവാവോ/യുവതിയോ കൊടുത്ത വാക്കിൽ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്യുന്നു. അപ്പോൾ ഇത്രയും കാലം രാവിൻറേ ഏകാന്തതയിൽ അവർ പരസ്പരം പങ്ക് വെച്ച സ്വകാര്യ സംഭാഷണങ്ങൾ യവനികക്ക് പുറത്ത് വരികയും, അവയിൽ ചിലത് യുവതിക്ക് പ്രതികൂലമായി പ്രയോഗിക്കാൻ കൂടി ചില വിരുതന്മാർ തയ്യാറാവുകയും ചെയ്യുന്നു. ഇത്തരം ഫോൺ സംഭാഷണങ്ങൾക്ക് ഇരയായി വിവാഹം ഉപേക്ഷിക്കപ്പെട്ട നിരവധി സംഭവങ്ങൾ നമ്മുക്ക് ചുറ്റും ഉണ്ട്. ഒരുദാഹരണം പറയാം. ഞാൻ അറിയുന്ന ഒരു വ്യക്തിയുടെ മകൾക്ക് വിവാഹം പരസ്പരം കണ്ടുറപ്പിച്ചതിൻറെ പിറ്റേന്ന് ചെറുക്കൻ പെൺക്കുട്ടിക്ക് ഒരു മോബൈൽ ഫോൺ സമ്മാനമായി കൊടുത്തയക്കുന്നു, നിഷ്ക്കളങ്കരായ മാതാപിതാക്കൾ അത് മകൾ ക്ക് ഭാവി വരൻ നൽകുന്ന ഒരു ഉപഹാരമായി മാത്രം കരുതി മകളെ ഏല്പിക്കുന്നു. പെൺക്കുട്ടി കോളേജ് വിദ്യാർത്ഥിനി.. ഭാവി വരനോ പ്രവാസ ജീവിതം നയിക്കുന്നവൻ , പരസ്പരം മനസ്സിലാക്കൽ സംഭാഷണങ്ങളിൽ നിന്ന് ആരംഭിക്കുന്ന സല്ലാപങ്ങൾ രാവുകളിൽ തുടരുന്നു, പഠിക്കുന്ന പെൺക്കുട്ടിയല്ലേ എന്ന് കരുതി മകളുടെ മുറിയിലെ അണക്കാത്ത വെളിച്ചം കണ്ട് സംശയിച്ചില്ല, സല്ലാപങ്ങൾ തുടരുന്നു വെളുക്കുവോളം, പെൺക്കുട്ടി രാവിലെ ഉറക്കച്ചടവോടെ കോളേജിൽ പോയി കൊണ്ടിരുന്നു, പഠന നിലവാരം താഴ്ന്നത് മാതാപിതാക്കൾ കണ്ടില്ല, ഫോൺ വിളികൾ തുടർന്നു, പരസ്പരം വാചകമടികൾ വർദ്ധിച്ചു, ഒരു നാൾ ഭാവി വരൻറെ വീട്ടിൽ നിന്ന് ഒരു ഫോൺ പെൺക്കുട്ടിയുടെ പിതാവിനു, അഞ്ച് ലക്ഷം രൂപ പണമായി ഉടനെ നൽകണമെന്ന്. നേരത്തെ ഒറ്റ നയാ പൈസ പോലും സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ കൂട്ടരിൽ നിന്ന് ഇത് കേട്ട പെൺക്കുട്ടിയുടെ പിതാവ് ഞെട്ടി, വിവാഹം വേണ്ടെന്ന് വെക്കപ്പെട്ടു. ഏകദേശം നാലു മാസ ക്കാലത്തോളം പെൺക്കുട്ടിയും, ഭാവി വരനും രാവുകളിൽ നടത്തിയ സംഭാഷണങ്ങൾ ഒരു പക്ഷേ, കേവലം ഒരു പൊങ്ങച്ചത്തിൻറെ പേരിൽ വായുവിൽ ലയിച്ച് പോയതെങ്കിൽ ഇത്തരം പരിചയപ്പെടലുകൊണ്ട് എന്ത് നേട്ടമാണു അവർക്കും, അവരുടെ കുടുംബത്തിനും , സമൂഹത്തിനും ഒരു നന്മയായി ചൂണ്ടിക്കാണിക്കാനുള്ളത്?
   മറ്റൊരു ദുരന്തമിങ്ങനെ... ഒമ്പത് മാസങ്ങൾക്ക് മുൻപ് വിവാഹം ഉറപ്പിച്ചു , ഭാവി വരൻ ഗൾഫിൽ നിന്ന് ഫോൺ ചെയ്തുകൊണ്ടിരുന്നു. പരസ്പരം പിരിയില്ലെന്ന് വാഗ്ദാനങ്ങൾ, ശരിക്കും വിവാഹിതരായ പ്രതീതി നാടെങ്ങും, പെൺക്കുട്ടി പഠിക്കുന്നതിനാൽ മാതാവ് ഭർത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോയപ്പോൾ മകളുടെ സുരക്ഷക്കായി സഹോദരൻറേ വീട്ടിലാക്കി, ഭാവി വരൻ പെൺക്കുട്ടിക്ക് ഫോൺ ചെയ്തപ്പോൾ പെൺക്കുട്ടി മറ്റൊരു വീട്ടിൽ, പെൺക്കുട്ടികൾ ഏറ്റവും സുരക്ഷിതരായിരിക്കണമെന്ന മാതാപിതാക്കളുടെ മോഹം ഒരു വശത്ത്, വിവാഹം ഉറപ്പിച്ച പെൺക്കുട്ടിയെ തനിച്ചാക്കി മാതാവ് വിദേശത്ത് പോയതിൽ കെറുവിച്ച് ഭാവി വരൻ പെൺക്കുട്ടിയോട് മാതാവിൻറെ ഈ ചെയ്തിയെ വിമർശ്ശിക്കുന്നു. പെൺക്കുട്ടി മാതാവിനെ അറിയിക്കുന്നതോടെ ഒമ്പത് മാസക്കാലം നടത്തിയ ഫോൺ സംഭാഷണങ്ങൾക്ക് വിരാമമായി, കല്ല്യാണ ക്ഷണക്കത്തിൻറെ മാറ്റർ പ്രസ്സിൽ നിന്ന് പിൻ വലിക്കപ്പെട്ടു, വിവാഹം മുടങ്ങി പിന്തിരിപ്പനായ ചെറുക്കനെ വേണ്ടെന്ന് പിടി വാശിയിൽ മാതാവ്. മകൾക്ക് അയാളെ പിരിയാൻ വയ്യെന്ന് പെൺക്കുട്ടി ... അവസാനം മാതാവിൻറെ വാശി ജയിച്ചു, വിവാഹം വേണ്ടെന്ന് വെച്ചു.
     പുരോഗമനം എന്ന് പറയുന്ന ഇത്തരം പൊള്ളയായ കീഴ്വഴക്കങ്ങൾ ഗുണത്തേക്കാളേറെ ദോഷം വരുത്തി വെക്കുന്നു. വിവാഹിതരാകാൻ പോകുന്നവർ തമ്മിൽ പരസ്പരം അടുത്തറിയണമെന്ന് പറയുന്ന മനഃശാസ്ത്രജ്ഞന്മാരെ പോലും ഞെട്ടിക്കുന്ന തരത്തിലാണു അവരുടെ പേരിൽ സമൂഹം പറയുന്ന ഈ പരിചയപ്പെടലുകൾ. പഴയ കാലങ്ങളിൽ പെണ്ണും ചെറുക്കനും കണ്ട് ഒന്ന് രണ്ട് വാക്കുകളിൽ അവസാനിച്ചിരുന്ന സംഭാഷണങ്ങളും ഇഷ്ടപ്പെടലുകളും, പിന്നെ, മധുരമായ കുറച്ച് കാത്തിരിപ്പിനു ശേഷം വിവാഹിതരാകുമ്പോൾ ലഭിച്ചിരുന്ന ആ അനുഭൂതി ഇന്നത്തെ പരിചയപ്പെടലുകൾക്ക് ശേഷം ഒരു ദിവസം വിവാഹമെന്ന നിയമകുരുക്കിനു മാത്രം ഒതുങ്ങിപോകുന്ന കാഴ്ചയാണു നാം കാണുന്നത്. ദിനവും സരസ സല്ലാപങ്ങൾ നടത്തിയിരുന്നത് നേരിൽ കാണുന്നതോടെ നഷ്ടമാകുന്നു, മണിക്കൂറുകളോളം സംസാരിച്ചിരുന്നവർക്ക് സംസാരിക്കാൻ വിഷയം നഷ്ടമാകുന്നു, രാവുകൾ ചിലപ്പോൾ വെറും ശാരീരിക ബന്ധത്തിൽ മാത്രം ഒതുങ്ങുന്നു. പിന്നെ, ക്രമേണ പഴയ രസം കൊല്ലി സംഭാഷണങ്ങൾ നഷ്ടമാകുന്നതോടെ വിരസമാകുന്ന ദിനരാത്രങ്ങൾ. ഇതു ഒരു പക്ഷേ, നല്ലൊരു ദാമ്പത്യത്തിൻറെ അവസാനത്തിലേക്ക് തന്നെ വഴിവെക്കുന്ന ദാരുണ കാഴ്ചകളാണു നമ്മുക്ക് ചുറ്റും.
     ഈ ചുറ്റുപാടിലാണു ഞാൻ എൻറെതായ ചില ആശയങ്ങളിലും , ആദർശ്ശങ്ങലിലും നിഷ്ക്കർഷത പാലിക്കണമെന്ന് തോന്നി തുടങ്ങിയതും, നടപ്പാക്കാൻ തുടങ്ങിയതും, മറ്റുള്ളവരിൽ എനിക്ക് അടിച്ചേൽപ്പിക്കാൻ കഴിയാത്ത കാര്യങ്ങൾ എനിക്കെന്നിൽ പ്രയോഗിക്കാൻ പൂർണ്ണ അവകാശമുള്ളതിനാൽ എൻറെ പ്രായോഗിക ജീവിതത്തിൽ ഞാൻ അത് നടപ്പിലാക്കാൻ തീരുമാനിച്ചു.  എൻറെ മകളുടെ വിവാഹാലോചന വന്നപ്പോഴെ എൻറേ നിർദ്ദേശം വരൻ വീട്ടുകാരെ അറിയിക്കുകയും അവർ പരിപൂർണ്ണമായും എൻറെ നിർദ്ദേശങ്ങളെ അംഗീകരിക്കുകയും ചെയ്തു, നാളിത് വരെ ആ നിബന്ധന അനുസരിച്ച് ഭാവി വരൻ പാലിക്കുകയും ചെയ്യുന്നു. എങ്കിലും ചില വിട്ട് വീഴ്ചകൾക്കു ഞാൻ സ്വയം വിധേയനാകുന്നു, അതും എൻറെ മതവിശ്വാസങ്ങൾക്ക് മാത്രം വിധേയമായി കൊണ്ട് മാത്രം, എൻറെ മക്കൾ ദീർഘമായ ഒരു കാത്തിരിപ്പിനു വിധേയമാകേണ്ടതില്ലെന്ന് കരുതി തന്നെ, മുസ്ലീം മതാചാരപ്രകാരമുള്ള വിവാഹത്തിൻറെ അതിപ്രധാന ചടങ്ങായ നിക്കാഹ് (ഇണകളെ കൂട്ടി ചേർക്കൽ ) നടത്താൻ നിശ്ചയിച്ചു അത് നടപ്പാക്കുന്നു. നിയമപ്രകാരമുള്ള ഈ കൂട്ടിയിണക്കലിനു ശേഷം എത്ര ഫോൺ വിളികളായാലും യാതൊരു നിയമ തടസ്സങ്ങളില്ലാത്തതും, സുദീർഘങ്ങളായ രാത്രി സംഭാഷണങ്ങൾക്ക് വിരാമമാകുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു. കാരണം, നിയമങ്ങൾക്ക് വിധേയരാകുന്ന നവദമ്പതികൾ തങ്ങൾ മതപരമായും, സർക്കാർ നിയമങ്ങൾക്കും വിധേയമാണെന്ന സ്വയം ബോധം ഉടലെടുക്കുകയും, തന്നിമിത്തം, വാക്ക് ലംഘനങ്ങൾ നടത്തിയാൽ നിയമം പിടികൂടുമെന്ന ബോധവും ഇവർക്ക് ലഭിക്കും അങ്ങനെ അനാവശ്യമായ വേണ്ടെന്ന് വെക്കലിനെ കുറക്കാനും ഇതുപരിക്കുമെന്നു, ഞാൻ പരിപൂർണ്ണമായും വിശ്വസിക്കുന്നു. എൻറെ ഈ ചിന്തകളെ പലർക്കും വിമർശ്ശിക്കാം, അനുകൂലിക്കാം, അവരോടെല്ലാം എനിക്ക് ഒരു വാക്കേ പറയാനുള്ളു, ചുരുങ്ങിയത് എൻറെ ജീവിതത്തിലെങ്കിലും എൻറെ ആശയങ്ങളൾക്കും, ആദർശ്ശങ്ങൾക്കും വിധേയമായി എനിക്ക് ജീവിക്കാൻ അവകാശം നൽകുക, അന്യരുടെ ജീവിതത്തിൽ കൈകടത്താൻ എനിക്ക് അവകാശമില്ലെങ്കിലും, എൻറെ ഈ പ്രവർത്തനം കണ്ട് നന്മകാണുന്നവർക്ക് എന്നെ പിൻ പറ്റാം... സമൂഹത്തിൽ നോക്കി അനുഭവം ഗുരുവാക്കാം.... അതല്ല മറിച്ച് പ്രവർത്തിക്കാൻ ആണു താല്പര്യമെങ്കിൽ അതുമാകാം... ഒന്നേ എനിക്കു പറയാനുള്ളു... നവദമ്പതികളാകാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കളുടെ ദാമ്പത്യം നീണാൾ വാഴണമെന്ന് മാത്രം... അത് ഒരല്പ സുഖത്തിനായുള്ള ടെലഫോൺ സംഭാഷണങ്ങളിലൂടെ നശിപ്പിക്കരുതേ എന്ന പ്രാർത്ഥന മാത്രം.




















Abk Mandayi Kdr

Create your badge